മഹാവീര്യരിലെ വീരന്മാർ

Trivia

എബ്രിഡ് ഷൈനിന്റെ സംവിധാനത്തിലിറങ്ങുന്ന അഞ്ചാമത്തെ ചിത്രം മഹാവീര്യർ നാളെ റിലീസാവുകയാണ്. ഇതിനോടകം പുറത്തുവന്നിട്ടുള്ള ട്രെയിലറും പോസ്റ്ററുകളും സ്റ്റില്ലുകളുമെല്ലാം ആകാംക്ഷ ജനിപ്പിക്കുകയും ഒരു ടൈം ട്രാവലറിന്റെയും കോർട്ട് റും ഡ്രാമയുടെയുമൊക്കെ ഫ്ലേവറുകൾ തരുകയും ചെയ്യുമ്പോഴും ചിത്രത്തിന്റെ ഉള്ളടക്കത്തെ ഗോപ്യമായിത്തന്നെ നിലനിർത്തുന്നുണ്ട്.
 
 മഹാവീര്യരുടെ ക്യാരക്ടർ പോസ്റ്ററുകളിൽ കഥാപാത്രങ്ങളുടെ പേര് ശ്രദ്ധിച്ചപ്പോൾ കണ്ടൊരു കൗതുകം, 'വീര' എന്ന പദം ഉൾക്കൊള്ളുന്ന നാമധേയം പേറുന്നവരാണ് ഇവരിൽ പലരും എന്നതാണ്. അത് ശ്രദ്ധിക്കപ്പെടത്തക്കവണ്ണം പോസ്റ്ററിൽ ഹൈലൈറ്റ് ചെയ്തിട്ടുമുണ്ട്. പടം കാണുമ്പോഴറിയാം ഈ 'വീര'യുടെ പിന്നിലെന്തെങ്കിലും ഗുട്ടൻസോ ബ്രില്യൻസോ ഉണ്ടോയെന്ന്. (ചിത്രത്തിന് നിദാനമായ എം മുകുന്ദന്റെ കഥ വായിച്ചിട്ടുള്ളവർക്ക് ചിലപ്പോൾ എന്തെങ്കിലും ധാരണ കണ്ടേക്കാം.)
 

പേരിൽ വീരത്വമുള്ള ഈ കഥാപാത്രങ്ങൾ ആരൊക്കെയെന്ന് നോക്കാം.      

ആസിഫ് അലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് വീരഭദ്രനെന്നാണ്.

      
വീരേന്ദ്രകുമാർ എം.എം എന്ന മജിസ്ട്രേട്ടിന്റെ വേഷത്തിൽ സിദ്ധിഖ് എത്തുന്നു.
 
വക്കീൽ കുപ്പായത്തിൽ വീരസിംഹൻ എന്ന കഥാപാത്രമായി വിജയ് മേനോനുണ്ട്.

മറ്റൊരു അഭിഭാഷക കഥാപാത്രമായെത്തുന്ന വീരഭാസ്കറെ മേജർ രവി അവതരിപ്പിച്ചിരിക്കുന്നു.

കലാഭവൻ പ്രജോദ് അവതരിപ്പിക്കുന്ന സിവിൽ പോലീസ് ഓഫീസറുടെ പേരാവട്ടെ, വീരചന്ദ്രൻ ടി. എൻ. എന്നും.

മേൽപ്പറഞ്ഞ പേരുകളെല്ലാം വീര യിൽ തുടങ്ങുമ്പോൾ, നീണ്ടുനിവർന്നു കിടക്കുന്ന യമണ്ടൻ പേരിന്റെ ഏതാണ്ട്  മധ്യഭാഗത്തായി 'വീര' ഫിറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ക്യാരക്ടറാണ് ലാൽ അവതരിപ്പിക്കുന്ന രുദ്ര മഹാ'വീര' ഉഗ്രസേന മഹാരാജ.

ഇത്രയും  'വീര'പുരുഷന്മാരാണ് ഇതിനോടകം ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. ഇനിയും വേറെ വല്ല വീരന്മാരും പടത്തിലുണ്ടോയെന്ന് നാളെ മുതൽ അറിയാം.