"എൻ്റെ പേര് ശ്രീലക്ഷ്മി നായർ എന്നാ...ഞാൻ വരുന്നത് കോട്ടയത്ത് നിന്നാ...എനിക്ക് വലുതാവുമ്പോ ഒരു നടിയാവാനാ മിസ്സേ ആഗ്രഹം" "ജൂൺ" സിനിമയിൽ പ്ലസ് ടു ക്ലാസിൻ്റെ ആദ്യ ദിവസത്തെ സ്വയം പരിചയപ്പെടുത്തൽ സമയത്ത് ഈ മൂന്ന് വാചകവും മൂന്ന് ഭാവത്തിൽ പറയുന്ന പെൺകുട്ടിയെ ഓർമ്മയുണ്ടോ? ഇല്ലെങ്കിൽ കരിക്ക് ഫ്ളിക്കിന്റെ "റോക്ക് പേപ്പർ സിസേഴ്സ്"-ലെ ആതുവിനെ എന്തായാലും ഓർമ്മ കാണും.. പിന്നെ "കല്യാണ കച്ചേരി" വെബ് സീരീസിലെ പ്രസു എന്ന പ്രസന്നയെയും. ഇപ്പോൾ അടുത്തടുത്ത ദിവസങ്ങളിൽ ഒ ടി ടി- യിലും തിയേറ്ററിലുമായി റിലീസ് ആയ സുന്ദരി ഗാർഡൻസ്, പാൽതൂ ജാൻവർ എന്നീ രണ്ട് സിനിമകളിൽ തീർത്തും വ്യത്യസ്തമായ രണ്ട് വേഷങ്ങൾ ചെയ്ത് വീണ്ടും ശ്രദ്ധ നേടുകയാണ് ആ പെൺകുട്ടി - ശ്രുതി സുരേഷ്.
സുരേഷ് തിരുവല്ല - അനിതാ സുരേഷ് ദമ്പതിയുടെ മകൾ ആണ് ശ്രുതി സുരേഷ്. സുരേഷ് തിരുവല്ലയെ സിനിമാ പ്രേക്ഷകർ അറിയും. തേന്മാവിൻ കൊമ്പത്ത് സിനിമയിൽ കുതിരവട്ടം പപ്പുവിനെയും ശോഭനയെയും കാത്തിരുന്ന് സ്വീകരിക്കുന്ന നാടക ഭാരവാഹികളിൽ ഒരാൾ "ആറ് മണിയായി...തുടങ്ങാം" എന്ന് പറയുന്നുണ്ട്. ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സുരേഷ് തിരുവല്ല ആണ്. കന്മദം സിനിമയിൽ മോഹൻലാലിനൊപ്പം പാറമട തൊഴിലാളിയായും വീണ്ടും ചില വീട്ടുകാര്യങ്ങളിൽ ജയറാമിന്റെ സുഹൃത്ത് ആയും വേഷമിട്ട ഇദ്ദേഹം നിരവധി ടിവി സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കുപ്പിവള, ഓർമ്മ, നാളെക്കായ് എന്നീ മൂന്ന് സിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്.
യു കെ ജി വിദ്യാർഥി ആയിരിക്കുമ്പോൾ തന്നെ ശ്രുതി സുരേഷ് ക്യാമറയ്ക്ക് മുമ്പിൽ മുഖം കാണിച്ചിരുന്നു. നാട്ടുകാരൻ കൂടിയായ സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത ഒരു ഷോർട്ട് ഫിലിമിൽ ആണ് അച്ഛൻ സുരേഷ് തിരുവല്ലയ്ക്കൊപ്പം അഭിനയിച്ചത്. പിന്നീട് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത് ലെന, സുരേഷ് കൃഷ്ണ തുടങ്ങിയവർ അഭിനയിച്ച തുലാഭാരം എന്ന സൂര്യ ടിവി സീരിയലിൽ മാളു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. തിരുവല്ല സെന്റ് തോമസ് റെസിഡൻഷ്യൽ പബ്ലിക് സ്കൂളിലും തിരുവനന്തപുരം മാർ ഇവനിയോസ് കോളേജിലും കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിലും ആയി പഠനം പൂർത്തിയാക്കിയ ശ്രുതി പഠന കാലത്ത് ഡാൻസ്, മൈം, നാടകം തുടങ്ങി വിവിധ ഇനങ്ങളിൽ മികവ് പ്രകടിപ്പിച്ചിരുന്നു. സൗത്ത് സോൺ, നാഷണൽ ലെവൽ യൂത്ത് ഫെസ്റ്റിവലുകളിൽ പങ്കെടുക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. നവ്യാ നായരുടെ ഡാൻസ് ട്രൂപ്പിലെ അംഗവും ആയിരുന്നു ശ്രുതി. ഇതിനെല്ലാം പുറമേ എം എൽ കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം പരീക്ഷയിൽ കേരള യൂണിവേഴ്സിറ്റിയിലെ ഒന്നാം റാങ്ക് ഹോൾഡറും ആണ് ശ്രുതി സുരേഷ്.
അച്ഛൻ സുരേഷ് തിരുവല്ല തന്നെ സംവിധാനം ചെയ്ത "കുപ്പിവള" എന്ന സിനിമയിൽ നായികാ വേഷം ചെയ്ത ശ്രുതി സുരേഷ് "ജൂൺ" സിനിമയിലെ ലക്ഷ്മി നായർ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയെങ്കിലും കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിയത് കരിക്കിന്റെ "പ്ലസ് ടൂ", "റോക്ക് പേപ്പർ സിസ്സേഴ്സ്" എന്നീ സീരീസുകളിലൂടെയാണ്. പിന്നീട് അന്താക്ഷരി, ഫ്രീഡം ഫൈറ്റ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഈ ഓണക്കാലത്ത് റിലീസ് ആയ സുന്ദരി ഗാർഡൻസിൽ നീരജ് മാധവിൻെറ സഹോദരി ആയും പാൽതൂ ജാൻവറിൽ ബേസിൽ ജോസഫിന്റെ ഉറ്റ സുഹൃത്തായ സ്റ്റെഫി ആയും മികച്ച രണ്ട് കഥാപാത്രങ്ങൾ ചെയ്ത് തിളങ്ങി നിൽക്കുകയാണ് ശ്രുതി. ശ്രുതിയുടെ സഹോദരൻ സൂരജ് കുമാറും അഭിനേതാവ് ആണ്. ക്വീൻ സിനിമയിൽ വർക്കിച്ചൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സൂരജ് ആണ്. ഓർമ്മ എന്ന സിനിമയിൽ പ്രധാന വേഷം ചെയ്തിട്ടുമുണ്ട്.
അഭിനയിച്ച രണ്ട് സിനിമകൾ ഈ ഓണക്കാലത്ത് പ്രദർശിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ തന്നെയാണ് ശ്രുതിയുടെ വിവാഹവും നിശ്ചയിച്ചിരിക്കുന്നത്. ഈ സെപ്റ്റംബർ 11-ന് ശ്രുതി സുരേഷ് വിവാഹിതയാവുകയാണ്. വരൻ മറ്റാരുമല്ല. പാൽതു ജാൻവറിന്റെ സംവിധായകൻ ആയ സംഗീത് പി രാജൻ...