ഓരോ മനുഷ്യരും അവർക്ക് പ്രിയപ്പെട്ടതൊക്കെ ആരും അറിയാതെ ഉള്ളിൽ സൂക്ഷിക്കും. ഇടയ്ക്കൊന്ന് ഓർക്കാൻ, അങ്ങോട്ടേക്ക് മനസ് കൊണ്ടൊന്നു പോയ് വരാൻ. ഇങ്ങനെ കുറേ മനുഷ്യരുടെ ഉള്ളിലൂടെ യുള്ള സുന്ദരയാത്രയാണ് 'പ്രണയവിലാസം'.പൂർണ്ണമായും വിരിഞ്ഞൊരു പനിനീർ പൂവാണ് ഈ സിനിമ.നിറവും ഭംഗിയും ഗന്ധവും ഒത്തു ചേർന്നൊരു പൂവ്. പിന്നെയതിന്റെ ഇലകൾ കൊഴിഞ്ഞു പോകുമ്പോൾ തോന്നുന്ന നോവ് പൂർണമായും തന്നെ പ്രേക്ഷകരിലെത്തുന്നു.
ഒരൽപ്പം മാറിപ്പോയെങ്കിൽ പോലും അധികഭാരമാവുമായിരുന്ന നിമിഷങ്ങളെ അത്ര ലാളിത്യത്തോടെ, പ്രണയസുഗന്ധത്തോടെയാണ് സംവിധായകൻ നിഖിൽ മുരളി തന്റെ സിനിമയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. പ്രണയത്തിന്റെ പല കൈവഴികൾ പലയിടങ്ങളിലായി സിനിമ പറഞ്ഞുവയ്ക്കുന്നു. മനോഹരമായ ഒട്ടേറെ നിമിഷങ്ങൾ സിനിമ പങ്കുവയ്ക്കുന്നുണ്ട്. പറഞ്ഞുകഴിഞ്ഞ പ്രണയമേയല്ല ഈ കഥ. അതേ സമയം വല്ലാത്തൊരു നീറ്റൽ സിനിമ കണ്ടിറങ്ങുമ്പോൾ തോന്നും.ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചം, അവരെ അവതരിപ്പിച്ച അഭിനേതാക്കളായ കെ.യു. മനോജ്, ശ്രീധന്യ, മിയ, അർജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു, ഹക്കിം ഷാ, ഉണ്ണിമായ നാലാപ്പാടം എന്നിവരും ആ വേഷങ്ങളെ കയ്യൊതുക്കത്തോടെ ഒന്നാന്തരമാക്കി. സിനിമ കഴിഞ്ഞാലും അത്രയെളുപ്പത്തിൽ വിട്ടുപോകാത്ത കഥാപാത്രങ്ങൾ ഏറെയുണ്ട്.
നുറുങ്ങുചിരികൾ സമ്മാനിച്ച് മുന്നോട്ടുപോയ സിനിമ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിമിഷം മുതലാണ് വൈകാരികതലത്തിലേക്ക് മാറി തുടങ്ങുന്നത്. അതുവരെയില്ലാത്ത മൂഡിലേക്ക് സിനിമ സഞ്ചരിച്ചു തുടങ്ങുന്നുണ്ടെങ്കിലും ഓരോ സീനുകളെയും ചെറിയ ചെറിയ സംഭാഷണങ്ങളിലെ മധുരം കൊണ്ട് സംവിധായകൻ പ്രിയപ്പെട്ടതാക്കുന്നു. അർജുൻ അശോകന്റെയും കെ.യു. മനോജിന്റെയും കെമിസ്ട്രിയും സുന്ദരമാണ്. എന്നേക്കും ഓർത്തുവയ്ക്കാൻ പാകത്തിലുള്ള സംഭാഷണങ്ങളും കാഴ്ചപ്പാടുകളും സിനിമയിലുണ്ട്.
രണ്ടു കാലഘട്ടങ്ങളിലൂടെയാണ് കഥ പറഞ്ഞു പോകുന്നതെങ്കിലും അവ രണ്ടും മനോഹരമായി തന്നെയാണ് ഒന്നിപ്പിച്ചിരിക്കുന്നതെന്ന് പറയാതെ വയ്യ. പ്രണയത്തിൽ ആകസ്മിക വഴിത്തിരിവുകളിൽ ചിന്നിച്ചിതറിച്ച പല മനുഷ്യരുടെയും നിസ്സഹായതകളും സ്വാഭാവികജീവിതത്തിലേക്കുള്ള കീഴടങ്ങലുകളും ഹൃദ്യമായ അനുഭവമായാണ് സിനിമ കാണിച്ചു തരുന്നത്. സാധാരണയായി പുരുഷന്റെ വീക്ഷണ കോണിൽ നിന്നും പകർത്തുന്ന പ്രണയത്തെ സ്ത്രീകളുടെ ഉള്ളിൽ നിന്നുകൊണ്ടും സിനിമ പലയിടത്തായി അടയാളപ്പെടുത്തുന്നുണ്ട്. പല മനുഷ്യരും ചിത്രത്തിന്റെ ഭാഗമാകുമ്പോഴും സ്വാഭാവികമായ താളം നഷ്ടപ്പെടുത്താതെ, ഉദ്വേഗം കാത്തുസൂക്ഷിക്കുന്ന രീതിയിൽ തന്നെയാണ് സിനിമയുടെ യാത്ര എന്നു പറയണം. എത്രയോ മനുഷ്യർക്ക് ഈ സീനുകളൊക്കെ കണക്റ്റാവുന്നുണ്ടെങ്കിൽ അതിന് കാരണം ഈ കഥ ജീവിതത്തിൽ നിന്നും ചീന്തിയെടുത്തതാണ് എന്നതാണ്.
ഫുട്ബാൾ കളിക്കുന്ന കൊച്ചു കുട്ടികൾ ട്രോഫി നേടി ശ്രീവിലാസം വീട്ടിലേക്ക് ഇരച്ചുകയറി വരുന്ന ഒരു രംഗമുണ്ട് സിനിമയിൽ. രാജീവനും മകൻ സൂരജിനും വിശ്വസിക്കാൻ കഴിയാത്ത ഒരു കാഴ്ചയായിരുന്നു അത്. ആ സീനിന് പിന്നിൽ വെളിപ്പെടാൻ പോകുന്ന അർത്ഥതലങ്ങൾ ഏറെയുണ്ടെന്ന് അപ്പോൾ പ്രേക്ഷകർ അറിയുന്നില്ലെങ്കിൽ പോലും വല്ലാത്തൊരു നീറ്റൽ ആ രംഗം ഉണ്ടാക്കും. അതുമുതലാണ് സിനിമ ആ മനുഷ്യരുടെ ഉള്ളിലേക്കും നോട്ടം തിരിക്കുന്നത്. കൂടെയുള്ളപ്പോൾ നമുക്ക് മനസിലാക്കാത്ത, വില മതിക്കാത്ത ബന്ധങ്ങൾ സത്യത്തിൽ നമുക്കെന്തായിരുന്നു എന്ന് പറയാതെ പറയുന്നുണ്ട് ഇതിൽ.
കണ്ണൂർ ഭാഷയുടെ രസം വിരസമാകാതെ അവതരിപ്പിച്ചിട്ടുണ്ടെന്നത് എടുത്തുപറയണം. അതേ പോലെ മനോഹരമായ വിഷ്വലുകളും ചിത്രത്തിന്റെ ഭംഗി കൂട്ടുന്നു. ഷിനോസിന്റേതാണ് കാമറ.പാട്ടുകളും പെട്ടെന്ന് മനസിലേക്ക് ഓടിയെത്തും. ഷാൻ റഹ്മാന്റേതാണ് സംഗീതവും പശ്ചാത്തലസംഗീതവും. രണ്ടാം പകുതിയിലെ പ്രണയത്തിനൊപ്പം വരുന്ന പശ്ചാത്തലസംഗീതവും ഹൃദയം തൊടും. ചാവറ ഫിലിംസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ഗ്രീൻ റൂം അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജ്യോതിഷ് എം, സുനു എ.വി. എന്നിവരുടേത്. സുഹൈൽ കോയ,മനു മഞ്ജിത്, വിനായക് ശശികുമാർ എന്നിവരുടേതാണ് പാട്ടുകളുടെ രചന. എഡിറ്റിംഗ് ബിനു നെപ്പോളിയൻ.