കവടിയാർ ദാസിന്റെ വിഗതകുമാരൻ - നിശ്ശബ്ദകുമാരന്റെ തേജോവധം

കേരളത്തിലെ ആദ്യ ചലച്ചിത്രമായ വിഗതകുമാരന്റെ ശബ്ദസിനിമയിലേക്കുള്ള പുനരവതരണമായിരുന്നു 2003ൽ പുറത്തിറങ്ങിയ കവടിയാർ ദാസിന്റെ വിഗതകുമാരൻ. കേട്ടറിവുള്ള വിഗതകുമാരന്റെ കഥയ്ക്ക് ദാസ് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസം (2013 മാർച്ച് 3 - ദുരന്തദിനങ്ങൾ ഓർത്തിരിക്കണം) കൈരളി വീ ചാനലിൽ പ്രദർശിപ്പിച്ചു. കമലിന്റെ സെല്ലുലോയ്ഡ് ഇറങ്ങുന്നതിനു മുൻപുതന്നെ മലയാള സിനിമാ ചരിത്രത്തോട് കൗതുകമുണ്ടായിരുന്നതിനാൽ ആധുനിക വിഗതകുമാരൻ കാണാനിരുന്നു.

ജെ.സി.ഡാനിയേൽ ജീവനും സ്വത്തും പണയപ്പെടുത്തിയെടുത്ത കേരളത്തിലെ ആദ്യ നിശ്ശബ്ദചലച്ചിത്രമായ വിഗതകുമാരന്റെ കഥയെ പുനർസൃഷ്ടിക്കുവാനുള്ള കവടിയാർ ദാസിന്റെ ശ്രമം ജെ.സി.ഡാനിയേലിനോടും ആദ്യ ചലച്ചിത്രത്തോടുമുള്ള അവഹേളനമായി ഭവിച്ചു എന്നുതന്നെ പറയണം. ജീവിതത്തിൽ ഒരു സിനിമയെങ്കിലും കണ്ടിട്ടുള്ള ഒരാൾക്ക് ഇത്തരത്തിൽ ഒരു ചിത്രമൊരുക്കി പൊതുജനസമക്ഷം വയ്ക്കാൻ കഴിയില്ല.

ഈ ചിത്രം ക്ഷണിക്കപ്പെട്ട അതിഥികൾക്കു മുന്നിൽ പ്രദർശിപ്പിച്ചിരുന്നു എന്നുകേട്ടു. എങ്കിൽ സമ്മതിക്കണം! സംവിധായകന്റെ തൊലിക്കട്ടി അപാരം തന്നെ.

കേട്ടറിവുള്ള വിഗതകുമാരന്റെ കഥ 45 മിനിട്ടിൽ ഒരുവിധം കാണിച്ചൊപ്പിച്ച ശേഷം ഓടക്കുഴലുമായി നടക്കുന്ന കീഴ്ജാതിക്കാരനായ ആട്ടിടയനും മേൽജാതിക്കാരിയും തമ്മിലുള്ള പ്രണയത്തിലേക്കാണ് ക്യാമറ ചലിക്കുന്നത്. അവിടെയും വില്ലൻ ഭൂതനാഥൻ തന്നെ. അവിടെ മൂന്നു പാട്ടുകൾ രചന സംവിധായകൻ തന്നെ. അസഹനീയം എന്നല്ലാതെ മറ്റൊരു വിശേഷണമില്ല. അവസാനം ഒരു കൊച്ചുപയ്യൻ തെറ്റാലികൊണ്ട് തൊടുത്ത കല്ല് ഭൂതനാഥന്റെ ജീവനെടുക്കുന്നു. ശുഭം!

ജോൺ ഡിക്സൺ ഒരുക്കിയ സംഗീതവിരുന്ന് കേൾക്കേണ്ടതുതന്നെയാണ്. വിഗതകുമാരന് പാരഡിയൊരുക്കിയിരുന്നെങ്കിൽക്കൂടി ഇതിലും നന്നായിരുന്നേനെ. നഷ്ടസിനിമയെ തോണ്ടിയെടുത്തു പുറത്തിട്ട് വെട്ടിയരിഞ്ഞു എന്നു തന്നെ പറയാം.

ജെ.സി.ഡാനിയേലിന്റെ നിശ്ശബ്ദസിനിമ ഇതിലും ആയിരം മടങ്ങ് നന്നായിരിക്കുമെന്നുറപ്പ്. മൺമറഞ്ഞുപോയ മലയാള സിനിമയുടെ പിതാവ് കുഴിയിൽ നിന്നെഴുന്നേറ്റു വന്നു തല്ലില്ല എന്ന ധൈര്യം മാത്രമാകും ഇതൊരുക്കിയ കവടിയാർ ദാസിനുണ്ടായിരുന്നത്. ജെ.സി.ഡാനിയേൽ ദാസിനോട് പൊറുക്കട്ടെ.

ഈ സിനിമ (അങ്ങനെ വിളിക്കാനാകുമോ എന്ന് സംശയം) കണ്ടാൽ ശരിക്കും കിളിപോകും.

Relates to: 
വിഗതകുമാരൻ (2003)