ഒറ്റപ്പാലത്ത് നിന്നൊരു കോസ്റ്റ്യൂം RDX - കോസ്റ്റ്യൂം ഡിസൈനർ ധന്യ ബാലകൃഷ്ണൻ സംസാരിക്കുന്നു

Interviews

ഒരു മാസികയിൽ വന്ന ഫാഷനെ കുറിച്ചുള്ള ലേഖനം വായിച്ചതേയുള്ളൂ...ഒറ്റപ്പാലത്തെ ഒരു പെൺകുട്ടിയുടെ മുന്നിലേക്ക് കുറേ നിറങ്ങളും സ്വപ്‌നങ്ങളും ആരോ വാരിയെറിഞ്ഞു. തന്റെ യാത്ര ഫാഷൻ പഠനത്തിലേക്കാണെന്ന് ആ പ്ലസ്ടുക്കാരി അന്നേ തീരുമാനിച്ചെങ്കിലും ആഗ്രഹത്തിന് സമ്മതം കിട്ടുക അത്ര എളുപ്പമായിരുന്നില്ല. ബിരുദപഠനത്തിനുശേഷം മാത്രമാണ് അവൾക്ക് താൻ സ്വപ്‌നം കണ്ട ഇടത്തേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞത്. പ്രതിസന്ധികൾ ഒട്ടനവധിയുണ്ടായി. അപ്പോഴും  മുന്നോട്ടേക്ക് എന്നു മാത്രമാണ് അവൾ തന്നോടു തന്നെ പറഞ്ഞത്.ആ നിശ്ചായദാർഢ്യം ഇപ്പോൾ കയ്യടികളാലും അംഗീകാരങ്ങളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു. 'മാലിക്' എന്ന ചിത്രത്തിലൂടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയെടുത്തു ധന്യാ ബാലകൃഷ്ണൻ എന്ന മിടുക്കി. ഇപ്പോഴും തിയേറ്ററിൽ ആരവമുയർത്തുന്ന ആർ.ഡി.എക്സ് എന്നെ ചിത്രത്തിന്റെ മനോഹരവസ്ത്രങ്ങളും ധന്യ ഡിസൈൻ ചെയ്‌തെടുത്തതാണ്. തീരുമാനങ്ങൾക്കൊപ്പം സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരെ ഒന്നുകൂടെ പ്രചോദിപ്പിക്കും ധന്യയുടെ ജീവിതം.

'ആർ.ഡി.എക്സ്' സിനിമയിൽ രണ്ടുകാലങ്ങൾ വരുന്നുണ്ടല്ലോ. കഥ കേട്ടപ്പോൾ എന്തായിരുന്നു മനസിൽ തോന്നിയത്?

സംവിധായകനായ നഹാസ്  കഥ പറഞ്ഞപ്പോൾ തന്നെ രണ്ടു കാലമുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. 90  കളുടെ മധ്യം  ആണ് കൂടുതലായും വരുന്നത്. വിഷ്വലി കുറേ കൂടി ഭംഗിയാക്കണം എന്ന ചിന്തയിലാണ് ആ കാലത്തെ കോസ്റ്റ്യൂമുകളെ  സമീപിച്ചത്. നഹാസ് ഒരുപാട് ഫ്രീഡം തന്നിരുന്നു. കോസ്റ്റ്യൂമുകൾ കാണാൻ ഭംഗിയുണ്ടായാൽ മതി, പിരീഡ് അങ്ങനെ തന്നെ കൊണ്ടുവരണമെന്നില്ല, എസ്തറ്റിക്കലി എങ്ങനെ അവതരിപ്പിക്കാമെന്ന് നോക്കിയാൽ മതിയെന്നും ആദ്യമേ പറഞ്ഞു. ആദ്യം തന്നെ അന്നുണ്ടായിരുന്ന അന്ന് നിലവിലുണ്ടായിരുന്ന തരം പ്രിന്റുകളെടുത്തു, ബാഗികൾ, പാന്റ്സുകൾ, അങ്ങനെ ചെറിയ വിശദാംശങ്ങൾ പോലുംവിട്ടു പോകാതെ കണ്ടെത്തി അതിനെ ഒന്നു കൂടെ പുതുക്കിയെടുക്കുകയാണ് ചെയ്ത്. നായകൻമാരായ മൂന്നുപേർക്കും പ്രത്യേകതകളുണ്ട്. ആ പ്രത്യേകത വസ്ത്രത്തിലും വരും. ഒരാ പരുക്കനാണ്, മറ്റൊരാൾ റൊമാന്റിക് ആണ്, മൂന്നാമത്തെ ആൾ ഇതിൽ നിന്നെല്ലാം മാറി മറ്റൊരാളും. നീരജിന്റെ കഥാപാത്രത്തിലാണ് കുറേ കൂടി സ്‌റ്റൈൽസ് കൊണ്ടു വരാനുള്ള സ്‌പേസ് ഉള്ളത്. അത് നന്നായി വർക്കായി. നീരജിന് ആദ്യം ഇത്തിരി കൺഫ്യൂഷൻ ഉണ്ടെങ്കിലും പിന്നീട് ഹാപ്പിയായി. നീരജിന്റെ സേവ്യർ എന്ന കഥാപാത്രം രണ്ടായിരത്തിലേക്ക് വരുമ്പോഴും കോസ്റ്റിയൂമുകൾ മാറുന്നുണ്ട്. അവിടെ സ്വാഭാവികമായും ചാം കുറയും, റഫ് ആന്റ് ടഫ് എന്ന സങ്കൽപ്പത്തിലേക്ക് വന്നു.  

കോസ്റ്റ്യൂമിൽ  ആദ്യം  നഹാസിന് നൽകിയ ഐഡിയ തന്നെ സ്വീകരിച്ചോ?

ഒരുപാട് റീ വർക്ക് ചെയ്യേണ്ടി വന്നിട്ടില്ല. എന്താണ് വേണ്ടതെന്ന് കൃത്യമായി പറഞ്ഞിരുന്നതുകൊണ്ടു തന്നെ ആ ധാരണയിൽ തന്നെയാണ് വർക്ക് ചെയ്തത്. ഡ്രസുകൾ ആദ്യതവണ ട്രയൽ
നോക്കിയപ്പോൾ തന്നെ അത് ഓകെയായി.

'നീല നിലവേ' എന്ന പാട്ടിൽ കൊതിപ്പിക്കുന്ന വസ്ത്രങ്ങൾ വന്നു പോകുന്നുണ്ടല്ലോ?

പാട്ട്സിനിമാറ്റിക്‌  ആക്കുക എന്ന ഉദ്ദേശ്യത്തിൽ തന്നെ ചെയ്തതാണ്. ഷെയ്ൻ, നീരജ്, മഹിമ ഇവരുടെ ഡസുകളെ കുറിച്ചെല്ലാം ആളുകൾ നല്ലതു പറഞ്ഞു. എയ്മ ടീച്ചറാണ്. കൂടുതലും സാരിയിലാണ് കാണുന്നത്. ഈ പാട്ടിൽ മറ്റു  കോസ്റ്റ്യൂ മുകളിൽ  എയ്മയെ കാണാം. പാട്ടുസീനിൽ മാത്രമേ എയ്മയ്ക്ക് എക്‌സ്‌പ്ലോർ ചെയ്യാൻ കഴിയൂ എന്നതുകൊണ്ട് ആ ആ രീതിയിൽ തീരുമാനിച്ചു. 90 കളിൽ   കോളേജിൽ പഠിച്ചിരുന്ന കുറേ പേർ വിളിച്ചു. എനിക്കതിൽ വലിയ സന്തോഷമാണ് തോന്നിയത്. ഈ പാട്ട് അവരുടെ കോളേജ് കാലത്തെ ഓർമ്മിപ്പിച്ചെന്ന് പറഞ്ഞാണ് അവർ വിളിച്ചത് അവർക്കത് നന്നായി റിലേറ്റ് ചെയ്യാൻ കഴിഞ്ഞു. കുറേ പേർ ചോദിച്ച മറ്റൊരു കാര്യം റോജയിലെ മധുബാലയുടെ റഫറൻസ് മഹിമയ്ക്കായി  എടുത്തോ  എന്നാണ്. സത്യം പറഞ്ഞാൽ അങ്ങനെ ഒരു കാര്യം ചിന്തിച്ചിരുന്നില്ല. കൂടുതൽ റഫറൻസും എടുത്തത് ആ കാലത്തെ ശ്രീദേവി, മാധുരി ദീക്ഷിത് സിനിമകളിൽ നിന്നാണ്. പിന്നെ അന്നത്തെ കാലത്തെ കോളേജിലുണ്ടായിരുന്ന ഫാഷനെ കുറിച്ചുള്ള  റഫറൻസും നോക്കിയിരുന്നു. അന്നത്തെ സിനിമയിൽ കാണിച്ചിരുന്നത് അതിലെ  കോസ്റ്റ്യൂമുകളാണോ, അതോ ആർട്ടിസ്റ്റുകൾ സ്വന്തമായി തിരഞ്ഞെടുത്തതാണോ എന്ന് വ്യക്തതയില്ലാത്തതിനാൽ റഫറൻസ് എടുത്തത്. അങ്ങനെ രണ്ടും കൂടി മിക്സ് ചെയ്താണ് സിനിമയിലേക്ക് കൊണ്ടു വന്നത്.

ഈ സിനിമയ്ക്ക് കൂടുതൽ സമയമെടുത്തോ?

അത്യാവശ്യം സമയമെടുത്തിട്ടുണ്ട്. അസിസ്റ്റന്റുകളുടെ എണ്ണവും കൂടുതലായിരുന്നു. സാധാരണ പടങ്ങൾക്ക് ഇത്രയധികം സമയം വേണ്ടി വരാറില്ല. റെഡിമെയ്ഡ്സ് ഒക്കെ പർച്ചേസ് ചെയ്യാൻ അവസരമുണ്ട്. ഈ സിനിമയിൽ അറുപത് എഴുപത് ശതമാനം ആളുകൾക്ക് നമ്മൾ തന്നെയാണ് ഡ്രസ് തയ്യാറാക്കിയത്. കാണുമ്പോൾ മറ്റൊരു കാലമാണെന്ന് തോന്നണമല്ലോ.... പത്തോളം പേർ ഒരേ സ്റ്റിച്ചിംഗ് തന്നെയായിരുന്നു. എന്റെ അസോസിയേറ്റ് അനൂപിന് അക്കാലത്തെ കുറിച്ച് നല്ല ബോദ്ധ്യമുളളതിനാൽ കുറേ ആശയങ്ങൾ പങ്കുവയ്ക്കാൻ സാധിച്ചു. ബെൽട്ടുകൾ പോലുള്ള ചില ആക്സസറീസ് അനൂപിന്റെ  മനസിൽ നിന്നും വന്ന ചിന്തയായിരുന്നു.  

തയ്യാറാക്കിയ വസ്ത്രങ്ങൾ ധരിച്ച താരങ്ങളെ സ്‌ക്രീനിൽ കാണുന്നതാണോ കോസ്റ്റ്യൂം ഡിസൈനറുടെ സന്തോഷം?

സ്‌ക്രീനിൽ  കാണുമ്പോൾ തീർച്ചയായും സന്തോഷിക്കും.അതിലും കൂടുതൽ ഞാൻ സന്തോഷിക്കുന്നത് ആളുകൾ പ്രതികരിക്കുമ്പോഴാണ്.  സിനിമ ഇറങ്ങിയ ഉടനെ ഓരോ ഡ്രസുകളും എടുത്തു പറഞ്ഞായിരുന്നു ഇൻസ്റ്റഗ്രാമിലൊക്കെ മേസേജുകൾ വന്നത്. ചെറിയ ആക്‌സസറീസിനെ കുറിച്ചു പോലും തിരക്കിയവരുണ്ടായിരുന്നു. ഷെയ്നിന്റെയും നീരജിന്റെയും കോസ്റ്റിയൂമകളെ കുറിച്ചാണ് കൂടുതലും അന്വേഷണങ്ങൾ വന്നത്. പണ്ടൊക്കെ സിനിമയുടെ പിന്നിൽ നിൽക്കുന്ന ആളുകളെ തിരക്കുന്നത്  അപൂർവമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല, ആളുകൾ അന്വേഷിക്കും, നല്ല വാക്കുകളും സന്തോഷവും പ്രകടിപ്പിക്കുകയും ചെയ്യും. എന്റെ സംതൃപ്തി ആൾക്കാർ എന്തു പറയുന്നു എന്നതിലാണ്.  സിനിമ കണ്ടപ്പോൾ കോളേജ് കാലം ഓർത്തു എന്നോ, അല്ലെങ്കിൽ ആ ഡ്രസ് നൊസ്റ്റാൾജിയ ആയെന്നോ ഒക്കെ ഒട്ടും പരിചയമില്ലാത്ത ആൾക്കാരാണ് സന്തോഷത്തോടെ വന്നു പറയുന്നത്.  ആർട്ടിസ്റ്റുകളെയും സംവിധായകരെയുമെല്ലാം പ്രേക്ഷകർക്ക് അറിയാമെങ്കിലും ടെക്നീഷ്യൻമാരെ അത്ര കണ്ട്  അറിയാതിരുന്ന കാലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഒരു പ്രത്യേക ഫീലിംഗ് ആണ്. സ്‌പെഷ്യൽ ആണത്.

ഷെയ്ൻ ആദ്യം തന്നെ ഓകെയായിരുന്നോ?

ഏറ്റവും നന്നായി കൂടെ നിന്ന ആളാണ് ഷെയ്ൻ. ഒരിക്കലും ഒരു കാര്യത്തിലും സംശയം പ്രകടിപ്പിച്ചിരുന്നില്ല. അത് ചേരുമോ, ഇത് എങ്ങനെയുണ്ടാകും എന്നൊന്നും ചോദിച്ചില്ല. കോസ്റ്റിയൂം ആദ്യം ഇട്ടു നോക്കിയപ്പോൾ തന്നെ ഓകെ.

കഥാപാത്രങ്ങളെ രേഖപ്പെടുത്തുന്നത് വസ്ത്രങ്ങളും കൂടിയല്ലേ?

അതേ.. പെപ്പെ മനസിൽ വരുമ്പോൾ  അയാളുടെ  ആരാധനാകഥാപാത്രങ്ങൾ സുനിൽ ഷെട്ടിയോ, അക്ഷയ് കുമാറോ ആയിരിക്കാമെന്ന നിലയിൽ ചിന്തിക്കും.
കഥാപാത്രങ്ങളുടെ ഇങ്ങനെയുള്ള പശ്ചാത്തലങ്ങളെക്കുറിച്ച് കഥയിൽ പറയുന്നില്ലെങ്കിൽ പോലും ആലോചിക്കും.നീരജിന് ഇഷ്ടപ്പെടാൻ സാദ്ധ്യത ബാബു ആന്റണിയെ പോലെയുള്ള ആളുകളെയാവാം. ആക്‌സസറീസ് ഒക്കെ അങ്ങനെ വന്നതാണ്. ഒരു കഥാപാത്രത്തെ വിഷ്വലൈസ് ചെയ്യുമ്പോൾ ബാക്ക് സ്റ്റോറിയും കൂടെ പ്രധാനമാണ്. നമുക്ക് ആ കഥാപാത്രത്തെ വിലയിരുത്താനും വേണ്ടിയാണത്. ഓരോ കഥാപാത്രങ്ങളെയും രൂപപ്പെടുത്തിയെടുക്കുമ്പോൾ കഥയിൽ ഇല്ലാത്ത ഒരു ബാക്ക് സ്റ്റോറി കൂടി നമ്മൾ ആലോചിക്കും.

ഒറ്റപ്പാലം ടു ഫാഷൻ ഡിസൈനിംഗ്. യാത്രയുടെ തുടക്കം എവിടെയായിരുന്നു?

ഒട്ടും പ്രതീക്ഷിക്കാതെ സിനിമയിൽ വന്നയാളാണ് ഞാൻ. പ്ലസ്ടു കഴിഞ്ഞപ്പോൾ ഒരു ആർട്ടിക്കിൾ വായിച്ചപ്പോഴാണ് ഫാഷൻ ഡിസൈനിംഗ് പഠിക്കണമെന്ന് തോന്നിയത്. വീട്ടിൽ പറഞ്ഞപ്പോൾ അത് വേണ്ടെന്നും ഏതെങ്കിലും ബിരുദം ചെയ്യാമെന്നുമായിരുന്നു മറുപടി. ലക്ചർഷിപ്പൊക്കെ ആയിരുന്നു അവരുടെ മനസിൽ. പെൺകുട്ടികൾക്ക് ഏറ്റവും ബെസ്റ്റ് ജോലി അതാണെന്നായിരുന്നു വീട്ടിലെ കണക്കു കൂട്ടൽ. അങ്ങനെ കെമിസ്ട്രിയിൽ ബിരുദമെടുത്തു. അതു കഴിഞ്ഞപ്പോഴും ഡിസൈനിംഗ് മനസിൽ നിന്നും പോയിട്ടില്ല. വാശിയും കരച്ചിലുമായി ഒടുവിൽ എറണാകുളം സെന്റ് തേരേസാസിൽ ഫാഷൻ ഡിസൈനിംഗിന് ചേർന്നു. അന്ന് അവിടെ ഞങ്ങളെ പഠിപ്പിച്ചിരുന്നത്  പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറായ പ്രവീൺ വർമ്മയായിരുന്നു. അതുവരെ കോസ്റ്റ്യൂമേഴ്‌സ് മാത്രമുണ്ടായിരുന്ന കേരളത്തിൽ കോസ്റ്റ്യൂം ഡിസൈനർ എന്നൊരു കാഴ്ചപ്പാട് തന്നെ കൊണ്ടു വന്നത് സാറായിരുന്നു,  'സാഗർ ഏലിയാസ് ജാക്കി' എന്ന സിനിമ വന്നപ്പോൾ അസിസ്റ്റ് ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. വീട്ടിൽ പറഞ്ഞപ്പോൾ വലിയ ബഹളമായെങ്കിലും സാറിന്റെ കൂടെയായതിനാൽ സമ്മതം കിട്ടി. അതു കഴിഞ്ഞപ്പോൾ വിചാരിക്കുന്ന അത്ര പേടിക്കേണ്ടെന്ന് അവർക്ക് തോന്നി. അങ്ങനെ ചെറിയ പരസ്യങ്ങൾ ചെയ്താണ് തുടക്കം.  

കോസ്റ്റ്യൂം ഡിസൈനിംഗിൽ തന്നെ മുന്നോട്ട് പോകാൻ കഴിയുമെന്ന ആത്മവിശ്വാസം തുടക്കത്തിലേ ഉണ്ടായിരുന്നോ?

കുറേ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഒതുക്കിയിട്ടും ചവിട്ടിത്താഴ്ത്തിയിട്ടുമുണ്ട്.  ആ സമയത്തൊക്കെ പ്രവീൺ സാറിന്റെ വാക്കുകൾ മുന്നോട്ടു പോകാനുള്ള കരുത്തത് തന്നു. ഒരു ചുവട് ആരെങ്കിലും ചവിട്ടിത്താഴ്ത്തുകയാണെങ്കിൽ രണ്ടു സ്റ്റെപ്പ് നമ്മൾ മുന്നോട്ടുവയ്ക്കുക. പിന്നെ ആർക്കും നമ്മളെ തോൽപ്പിക്കാൻ കഴിയില്ല. അതുകൊണ്ട് പ്രതിസന്ധികൾക്ക് മുന്നിൽ മുഖാമുഖം നിൽക്കുക. ഒരു വട്ടം ഇങ്ങനെ ചെയ്യുമ്പോൾ ഉൾക്കരുത്ത് കിട്ടും. പിന്നെ നമ്മൾ ഒരിക്കലും പുറകോട്ട് പോകില്ല. ആ വാക്കുകൾ  സത്യമായിരുന്നു, അതെനിക്ക്  വളരെയധികം പിന്തുണയും ധൈര്യയും തന്നു. ഒരു സ്‌പേസിലെത്തിക്കഴിഞ്ഞപ്പോൾ പ്രശ്നമുണ്ടാക്കാൻ ഒരാളും വന്നിട്ടില്ല, നേരത്തെ അങ്ങനെ ചെയ്തവർ പോലും കൂടെ നിന്നിട്ടേ ഉള്ളൂ.

പുതിയ സിനിമകൾ ഏതൊക്കെയാണ്?

ഇപ്പോൾ ജൂനിയർ എൻ.ടി.ആറിന്റെ  'ദേവര' എന്ന തെലുങ്ക് ചിത്രമാണ് ചെയ്യുന്നത്. അതും ഒരു പിരീഡ് മൂവി ആണ്. ആ പടത്തിൽ എന്നെ വിളിച്ചത്  'മാലിക്ക്' കണ്ടിട്ടാണ്. ഒരാൾ ചെയ്ത മുഴുവൻ വർക്കും കണ്ടതിനുശേഷം മാത്രമാണ് തെലുങ്കിൽ അയാളെ വിളിക്കുന്നത്. 'പന്ത്രണ്ട്' എന്ന സിനിമ ദേവ് മോഹന്റെ ഡ്രസ് പോലെ എന്നൊക്കെ പറഞ്ഞ് അവർ സംസാരിക്കുമ്പോൾ സത്യത്തിൽ ഞാൻ പോലും ഞെട്ടിപ്പോയി. അത്ര സൂക്ഷ്മമായാണ് അവർ  വിലയിരുത്തുന്നത്. ആ സിനിമയുടെ സമയത്ത് മറ്റു സിനിമകൾ ചെയ്യരുതെന്ന് കരാർ ഉണ്ട്. സിനിമകൾ ചെയ്യരുത് എന്നതു കൊണ്ടല്ല, അവർ ആവശ്യപ്പെടുന്ന സമയം നമ്മൾ അവിടെ ഉണ്ടാകണം എന്നുള്ളതു കൊണ്ടാണ് ഇങ്ങനെയുള്ള നിബന്ധന.

തെലുങ്കിലെത്തിയപ്പോൾ താരങ്ങളിൽ നിന്നുള്ള സമീപനം എങ്ങനെയാണ്?

അവരുടെ അഭിപ്രായവും മനസിലാക്കിയാണ് ഡിസൈനിംഗിലേക്ക് പോകുന്നത്. കൊരട്ടാല ശിവയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. അദ്ദേഹം കുറേ കൂടി സ്ട്രോംഗ് ആണ്. അതുകൊണ്ട് ആർട്ടിസ്റ്റുകൾ അത്രയധികം ഇടപെടാറില്ല. സംവിധായകനുമായിട്ടാണ് നമ്മൾ കൂടുതലും സംസാരിക്കുന്നത്. അതുകൊണ്ട് വലിയ പ്രശ്നം വരുന്നില്ല. മലയാളസിനിമയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു സ്റ്റൈൽ ഫിക്സ് ചെയ്യുക എന്നതാണ് അവിടെ ഏറ്റവും പ്രധാനം.

ബന്ധങ്ങൾ നിലനിറുത്താൻ നോക്കാറുണ്ടോ?

ഈ സിനിമ കഴിഞ്ഞാൽ കഴിഞ്ഞു. അടുത്ത സിനിമ വരണം. ആ രീതിയിലാണ് എന്റെ ജോലി. കൂടെ ജോലി ചെയ്യുമ്പോൾ എല്ലാവരും പരസ്പരം നല്ല സൗഹൃദവും ഇടപെടലും ഒക്കെയാവും. അതുകഴിഞ്ഞാൽ പിന്നെ അടുത്ത വർക്കിലേക്ക് കടക്കും. അങ്ങനെ സൗഹൃദം സൂക്ഷിക്കാനൊന്നും ശ്രമിക്കാറില്ല.

ധന്യയുടെ കോസ്റ്റ്യൂം ഡിസൈൻ ആരു ചെയ്യും?

സ്വന്തമായി പരീക്ഷണങ്ങൾ ചെയ്യാത്ത ആളാണ്. എപ്പോഴും എന്റെ കംഫർട്ട് സോണിനെ മാത്രമാണ് ഫോക്കസ് ചെയ്യുന്നത്. കോസ്റ്റ്യൂം എന്ന് പറയുന്നത് പലർക്കും പല കോൺസപ്റ്റ് ആണല്ലോ... ചിലർക്കത് ഫാഷനാണെങ്കിൽ, മറ്റു ചിലർക്ക് കംഫർട്ട് സോണാണ്, ഇനി വേറെ ചിലർക്ക് ഭംഗി കൂട്ടാനുള്ള കാര്യമാണ്. ചേരുമോ, ഭംഗിയായിട്ടാണോ ഇരിക്കുന്നത് എന്നതിനപ്പുറം ഞാൻ കംഫർട്ടബിളാണോ എന്നു മാത്രമാണ് നോക്കാറുള്ളത്.

ആരുടെയെങ്കിലും  കോസ്റ്റ്യൂം   ഡിസൈനിംഗ് സ്വപ്‌നം കാണുന്നുണ്ടോ?

മണിരത്നം സാറിന്റെ കൂടെ ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. സാറിന്റെ സിനിമയിൽ കോസ്റ്റ്യൂംസിന്  നൽകുന്ന പ്രധാന്യം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അല്ലാതെ ഒരു ആർട്ടിസ്റ്റിന് വേണ്ടി ഡിസൈൻ ചെയ്യണമെന്ന് തോന്നിയിട്ടില്ല. 

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക