മലയാള സംഗീത ചർച്ചാവേദികളിൽ സ്ഥിരം സാന്നിധ്യമാവുന്ന രണ്ട് വ്യക്തികളാണ് സംശയാലുവും ജയ് മോഹനും. നുറുങ്ങുകൾ - ( ഇന്ത്യൻ സംഗീത/സിനിമാരംഗത്തെ എളുപ്പം വായിച്ചു പോകാവുന്ന കൗതുകവാർത്തകൾ) ഇവരിലൂടെ വീണ്ടും നിങ്ങളുടെ മുന്നിലെത്തുകയാണ്. വായിച്ചതും,കണ്ടതും പറഞ്ഞുകേട്ടതുമായ കൗതുക വർത്തമാനങ്ങൾ ചെറു കുറിപ്പുകളായി അവർ ഇവിടെ എല്ലാവർക്കുമായി പങ്കുവയ്ക്കുന്നു.
ജയമോഹൻ
1. അന്‍പതാമത്തെ ചിത്രത്തിന്റെ പണിപ്പുരയില്‍ പുതിയ ചിത്രത്തിന്റെ പേര് ആലോചിച്ചു വിഷമിച്ച സത്യന്‍ അന്തികാടിനു പേര് കിട്ടിയത് പത്രക്കാരില്‍ നിന്നാണ് എന്ന് കേട്ടിട്ടുണ്ട്. തന്റെ ഓരോ ചിത്രവും തനിക്ക് ആദ്യ ചിത്രം പോലെ ആണെന്ന് പറയുന്ന ഈ അന്തിക്കാട്ടുകാരന്‍ ഇനിയും താന്‍ ചിത്രം ഒരുക്കും എന്ന അര്‍ത്ഥത്തില്‍ ആണ് "കഥ തുടരും " എന്ന പേരില്‍ എത്തിയത്. അതു പോലെ എഡിറ്റര്‍ ഗോപാല കൃഷ്ണന് വേണ്ടി തിരക്കഥ തയ്യാറാക്കി ചിത്രം തുടങ്ങുമ്പോ പ്രിയന് എന്ത് പേര് ഇടണമെന്ന് അറിയില്ലായിരുന്നു. ആയിടെ ഹിറ്റ് ആയി ഓടിക്കൊണ്ടിരുന്ന മണിചിത്രത്താഴിലെ ഒരു ഗാനമാണ് പ്രിയനെ സഹായിച്ചത് “വരുവാനില്ലാരും“ എന്ന ഗാനത്തിലെ തേന്മാവിന്‍ കൊമ്പില്‍ എന്ന വരി കേട്ടപ്പോൾ ചിത്രത്തിന്റെ പേര് ഉറപ്പിച്ചു തേന്മാവിന്‍ കൊമ്പത്ത്. മലയാളത്തിലെ സാധാരണക്കാരുടെ എക്കാലത്തെയും ഒരു ക്ലാസ്സിക്കിന് അങ്ങനെ നൂലു് കെട്ടു് കഴിഞ്ഞു. പേരുകളിലെ ചില സാമ്യങ്ങള്‍ നോക്കുക ഇന്ദ്രജാലം, മാന്ത്രികം (രണ്ടും മോഹന്‍ലാല്‍) മായാജാലം (മുകേഷ്) മാസ്മരം (ഇവിടെയും കഥ തുടരുന്നു).
2. ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നെന്ന ഗാനം മധു സൂദനന്‍ നായര്‍ എഴുതിയതാണ് ഇന്നും ഇതിന്റെ സംഗീതസംവിധാനം മോഹന്‍ സിതാര എന്നാണ് എല്ലാവരും അറിഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ ഗാനം മധു സൂദനന്‍ നായര്‍ പാടി കേള്‍പ്പിച്ചപ്പോള്‍ അത് തന്നെ മോഹന്‍ സിതാര പരിഗണിക്കുകയായിരുന്നു. ഒപ്പം ആ ഗാനം പാടാനും അദ്ദേഹത്തെ തന്നെ ഏല്പിച്ചു. പക്ഷെ രാഗേന്ദു കിരണങ്ങള്‍ പോലെ ഇതും സംഗീത സംവിധായകന്റെ തൊപ്പിയില്‍ കയറിയെന്നാണു കേൾവി.
3. ദാസേട്ടന്‍ ഓടി നടന്നു പാടുന്ന കാലം. ”പക്ഷെ“ എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ ജയകുമാര്‍ എഴുതി ജോണ്‍സണ്‍ മാസ്റ്റര്‍ ചിട്ടപെടുത്തി ദാസേട്ടന്‍ ആലപിക്കുന്നു. രാത്രി അമേരിക്കന്‍ യാത്ര കഴിഞ്ഞു ദാസേട്ടന്‍ എത്തി. ഗാനം “മൂവന്തിയായി പകലില്‍“ എന്നത്. യാത്രാക്ഷീണം കൊണ്ടാകാം മൂവന്തിക്ക് പകരം അമാവാസിയിലെ അര്‍ദ്ധരാത്രിയുടെ ഭാവം, ജോണ്‍ സണ്‍ മാസ്റ്റര്‍ക്ക് നന്നായ് ദേഷ്യം വന്നു. ദാസേട്ടന്‍ പറഞ്ഞു "എന്റെ പാട്ടുകള്‍ ആരാധിക്കുന്ന ഇഷ്ടപെടുന്ന ഒത്തിരി ആളുകള്‍ ഈ ലോകത്തുണ്ട്, ചെറിയ ചെറിയ തെറ്റുകളൊക്കെ അവര്‍ ക്ഷമിക്കും". മാസ്റ്റര്‍ മറുപടി നല്‍കി, "എന്റെ ഗാനം കേള്‍ക്കാന്‍ ഇരിക്കുന്ന ഒത്തിരി ആളുകള്‍ ഈ ലോകത്തുണ്ട് അവര്‍ ഈ ചെറിയ തെറ്റുകള്‍ സഹിക്കില്ല". ഒടുവില്‍ മാസ്റ്റര്‍ മനസ്സില്‍ കണ്ട രൂപത്തില്‍ പാടേണ്ടി വന്നു ദാസേട്ടന്. (ഇത് മാസ്റ്ററും ആയി പണ്ട് നടന്ന ഒരു ഇന്റര്‍വ്യൂവിൽ വായിച്ചതാണ്.)
4. ചാണക്യന്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ടി.കെ. രാജീവ് കുമാര്‍ രണ്ടാമത്തെ ചിത്രമായ ക്ഷണക്കത്തിന്റെ പണിപ്പുരയില്‍ ആയിരുന്നു. ഒരു ദിവസം ട്രെയിനില്‍ യാത്ര ചെയ്യവേ മുകളിലത്തെ ബര്‍ത്തില്‍ നിന്നൊരു രാഗ വിസ്താരം. പരിചയപ്പെട്ടപ്പോള്‍ ബാലമുരളികൃഷ്ണയുടെ ശിഷ്യന്‍; ഓരോ ശ്വാസത്തിന് പോലും ശ്രുതി ചേര്‍ക്കുന്ന വിദ്വാന്‍; സാക്ഷാല്‍ ശരത്! ട്രെയിന്‍ യാത്രയുടെ ഒടുവില്‍ ശരത് ക്ഷണക്കത്തിന്റെ സംഗീത സംവിധായകന്‍ ആയി മാറി കഴിഞ്ഞിരുന്നു. അല്ലെങ്കില്‍ “ആകാശ ദീപമെന്നുമുണരുമിടമായോ“ എന്നൊരു ഗാനം നമുക്ക് കിട്ടുമോ? (മനോരമയിലെ കഥ കൂട്ടില്‍ ഒരിക്കല്‍ വന്നതാണേ)
5. പലതും ഞാന്‍ വായിച്ച കഥകള്‍ ആണ്. ഇത് പറഞ്ഞു കേട്ട കഥ കുതിരയുടെ വായില്‍ നിന്ന് തന്നെ അത് കൊണ്ട് ചിത്രം ഏതെന്നു പറയുന്നില്ല. കുറേപ്പേർ ചേര്‍ന്ന് ഒരു സിനിമ എടുക്കുന്നു. മമ്മൂട്ടി നായകന്‍. സംവിധായന്‍ പണ്ടത്തെ ഒരു സിംഹം. കുറെ കാലമായി വല്ല്യ ഹിറ്റ് ഒന്നും ഇല്ല. മമ്മൂട്ടിയെ ബുക്ക് ചെയ്തു. ഒപ്പം ഒരു വലിയ താരനിര. സംവിധായകന് സന്തോഷമായി. എന്ത് പറഞ്ഞാലും നിര്‍മാതാക്കള്‍ റെഡി. ഒറ്റപ്പാലത്ത് ഷൂട്ടിംഗ്. സൂപ്പര്‍ താരം ട്രെയിനില്‍ വന്നിറങ്ങുന്നു. നിര്‍മാതാക്കളില്‍ ഒരാള്‍ സ്വന്തം അംബാസിഡര്‍ മാര്‍ക്ക് ഫോറില്‍ സ്വീകരിക്കാന്‍ എത്തി. ആനയിച്ചു കൊണ്ട് വന്നു പുറത്തു ഇറങ്ങിയ മമ്മൂട്ടി ചോദിച്ചു "എനിക്ക് പോകാന്‍ വണ്ടി എവിടെ?" ഭയ ഭക്തി ബഹുമാനത്തോടെ നിര്‍മാതാവ് "ഇതാണ് സര്‍". അംബാസിഡറിനെ പുച്ഛത്തോടെ നോക്കി താര രാജാവിന്റെ ചോദ്യം. "ഒരു ബെന്‍സ് കാറു് പോലും ഇല്ലാത്തവര്‍ ആണോ മമ്മൂട്ടിയെ വച്ച് പടം പിടിക്കാന്‍ നടക്കുന്നെ".
അന്ന് ചമ്മിയ പോലെ ജീവിതത്തില്‍ ഇത് വരെ ചമ്മിയില്ലത്രേ. അഭിനയിക്കാന്‍ കാശു മാത്രം പോരാന്നു പിന്നീട് മമ്മൂട്ടി പല തവണ അവര്‍ക്ക് തെളിയിച്ചു കൊടുത്തെന്നാണു സംസാരം.
സംശയാലു
1. താമസമെന്തേ വരുവാന്‍ എന്ന ഗാനം എവിടെയോ കേട്ട നൌഷാദ്ജി വളരെ വര്‍ഷങ്ങള്‍ക്കുശേഷം നമ്മുടെ ദാസിനെ കണ്ടപ്പോള്‍ ആ ഗാനത്തെ പറ്റിയും അതു സംഗീത സംവിധാനം ചെയ്ത ആളെ പറ്റിയും അന്വേഷിച്ചു. ബാബുക്കയോടൊപ്പം കേരളത്തില്‍ ജനിച്ച ഒരു മലയാളിയായ എനിക്ക് ഹൃദയം നിറയെ അഭിമാനം തോന്നിയെന്ന് ഒരിക്കല്‍ ദാസ് അഭിപ്രായപ്പെട്ടു. എത്ര ആഴത്തിലായിരുന്നിരിക്കണം ആ ഗാനം നൌഷാദ്ജിയെ ആകർഷിച്ചിരുന്നതെന്നും അതാണ് ബാബുക്കയുടെ സംഗീതസംവിധാനത്തിലുള്ള കഴിവെന്നും കൂട്ടിച്ചേര്‍ക്കുന്നു ദാസ്.
2. കോഴിക്കോട് വച്ച് ചുഴിയുടെ കമ്പോസിംഗ് നടന്നത് സലാം കാരശ്ശേരി ഓര്‍ക്കുന്നു. ഗാനരചയിതാക്കളായ പി എം കാസിം, പൂവച്ചല്‍ ഖാദര്‍ എന്നിവര്‍ക്ക് പുറമേ ബാബുക്കയുടെ അടുത്ത സുഹൃത്തുക്കളായ എന്‍. പി മുഹമ്മദ്, പി എന്‍ എം കോയട്ടി, നിലമ്പൂര്‍ ബാലന്‍, ബിച്ചാക്ക, മൂടാടി ഇബ്രാഹിം, അബൂബക്കര്‍ പാണ്ടികശാല, സംവിധായകന്‍ തൃപ്രയാര്‍ സുകുമാരന്‍ അങ്ങനെ പലരും സദസ്സില്‍. കാസിം രചിച്ച മധുരമധുരമീ പാനപാത്രം എന്ന വരികള്‍ക്ക് മാറി മാറി ഈണം നല്‍കി. ചിലര്‍ക്ക് ഇഷ്ടപ്പെടും, മറ്റു ചിലര്‍ക്ക് തീരെ ഇഷ്ടപ്പെടില്ല. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ബാബുക്കയ്ക്ക് ഈര്‍ഷ്യ കയറി. അവസാനം എല്ലാവരും ഇഷ്ടപ്പെട്ട ഒരു ഈണം കണ്ടെത്തിയപ്പോള്‍ മൂലയില്‍ ഇരുന്നിരുന്ന നിലമ്പൂര്‍ ബാലന്റെ കമെന്റ്. 'ഇത് ബോറാണ് പരമ ബോര്‍“. ഹാര്‍മോണിയം അടച്ചു വച്ച് ഷര്‍ട്ടിന്റെ കൈകള്‍ തെറുത്തു കയറ്റി ബാബുക്ക ദേഷ്യപ്പെട്ടു ഇറങ്ങിപ്പോയി. പരിഭ്രമിച്ചവരോട് ബാലേട്ടന്‍ പറഞ്ഞു ബായ് പരിഭ്രമിക്കണ്ട ബാബുക്ക ഇപ്പോള്‍ വരും. പറഞ്ഞ പോലെ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബാബുക്ക തിരിച്ചു വന്നു. മുഖത്ത് ഗൌരവം. ആരോടും ഒരക്ഷരം പറയാതെ ഹാര്‍മോണിയം തുറന്നു വച്ച് ബാബുക്ക ഒരു സിഗരറ്റിനു തീ കൊളുത്തി. അതോടെ വിരലുകള്‍ ഹാര്‍മോണിയത്തില്‍ ഓടിക്കളിക്കാന്‍ തുടങ്ങി. സദസ്സിനെ കോരിത്തരിപ്പിച്ച ഒരു പുതിയ ഈണം പിറവി എടുത്തു. എല്ലാവരും അഭിനന്ദിച്ചപ്പോള്‍ ചുണ്ടുകള്‍ ഒരു വശത്തേക്ക് കോട്ടി, ആ മുഖത്ത് വിരിഞ്ഞ മന്ദഹാസം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. (ബാബുക്കയെ കുറിച്ചുള്ള എല്ലാ വിവരങ്ങള്‍ക്കും കടപ്പാട്.. ബാബുരാജ് എന്ന പുസ്തകത്തിന് )
3. ചുരുങ്ങിയ സമയം കൊണ്ടു ഗാനങ്ങള്‍ ചിട്ടപ്പെടുത്താൻ സിദ്ധിയുള്ള ബാബുരാജ് ഒന്നൊന്നര മണിക്കൂര്‍ കൊണ്ടു ഒരു സിനിമാപാട്ട് സ്വരപ്പെടുത്തുമായിരുന്നു. സൃഷ്ടിയിലെ "സൃഷ്ടി തന്‍..." എന്ന യേശുദാസ് പാടിയ രാഗമാലികയാണ് അദ്ദേഹത്തിന്റെ ഏറ്റവും കൂടുതല്‍ സമയം അപഹരിച്ച ഗാനം. മൂന്നു ദിവസം കൊണ്ടാണീ രാഗമാലിക അദ്ദേഹം സ്വരപ്പെടുത്തിയത്. എ വി എം സ്റ്റുഡിയോയിലെ സി തിയേറ്ററില്‍ രാവിലെ ആരംഭിച്ച റിക്കാര്‍ഡിംഗ് രാത്രി പന്ത്രണ്ടു മണിക്കേ അവസാനിച്ചുള്ളൂ. സാധാരണ ഗതിയില്‍ അന്നത്തെ കാലത്ത് നാല് പാട്ട് റിക്കാര്‍ഡിംഗ് ചെയ്യാനുള്ള സമയം. എന്നിട്ടുപോലും ഈ ഗാനം മൂന്നു ഭാഗങ്ങളായാണ് ആലേഖനം ചെയ്തത്. അവസാനം എഡിറ്റിംഗ് ചെയ്തു യോജിപ്പിക്കുകയായിരുന്നു. പുര്യാധനശ്രീ, കല്യാണി കലാവതി എന്നീ വിഖ്യാതരാഗങ്ങളില്‍ ചിട്ടപ്പെടുത്തിയ ഈ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സിത്താറും ഒരു തംബുരുവും മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. സിത്താര്‍ വായിച്ചത് രവിശങ്കറിന്റെ പ്രധാന ശിഷ്യനായ ജനാര്‍ദ്ദന്‍ റാവു ആയിരുന്നു..
4. പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത്. മുഹമ്മദ് റാഫിയെക്കൊണ്ടു പാടിക്കാനായിരുന്നു ബാബുക്ക ആഗ്രഹിച്ചിരുന്നത്. തിരക്കുകള്‍ കാരണം റാഫിയെ യഥാസമയം കിട്ടിയില്ല. ബാബുരാജിന്റെ നടക്കാതെ പോയ ഏക ആഗ്രഹവും ഇത് ആയിരുന്നത്രെ.
5. പക്ഷാഘാതം മൂലം പാടാനും ഹാര്‍മോണിയം വായിക്കാനും കഴിയാതെ ശാരീരികമായി അവശത അനുഭവിക്കുന്ന കാലത്താണ് തലത്ത് മഹമൂദിന്റെ ആലാപനശൈലി തീര്‍ത്തും ചൂഷണം ചെയ്ത ദ്വീപിലെ കടലേ.. നീലക്കടലേ... എന്ന മനോഹര ഗാനം ബാബുക്ക ചിട്ടപ്പെടുത്തിയത്.
6. വിസ്മയകരമായ പ്രതിഭാബലത്താല്‍ അനുഗൃഹീതനായ ഒരു ഗായകകവിയായിരുന്നു അന്ധനായ കണ്ണന്‍ പരീക്കുട്ടി. സ്വയം രചിച്ച പാട്ടുകള്‍ ശ്രുതിമധുരമായി പാടി അലഞ്ഞിരുന്ന അദ്ദേഹത്തെക്കുറിച്ച് പി ഭാസ്കരന്‍ പല അഭിമുഖങ്ങളിലും വാചാലനാകാറുണ്ടയിരുന്നു. കൊച്ചി പരിസരത്തെവിടെയോ ഒരു ചന്ദനക്കുടം നേർച്ചയില്‍ ആന വിരണ്ടോടിയപ്പോള്‍ ഉണ്ടായ സംഭവങ്ങളെ തികച്ചും നര്‍മ മധുരമായി പരീക്കുട്ടി പാടി വര്‍ണിച്ചതു പ്രശസ്ത ഗായകന്‍ മെഹബൂബ് പലവട്ടം വേദികളില്‍ പാടിയിട്ടുണ്ട്. സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മേളനത്തില്‍ തുരുത്തി ഇബ്രാഹിം ഈ ഗാനം പാടിയപ്പോള്‍ അതിലെ പദപ്രയോഗങ്ങളെക്കുറിച്ച് പല എഴുത്തുകാരും താലപര്യപൂര്‍വ്വം അന്വേഷിക്കുകയുണ്ടായി
തീർച്ചായില്ലാ ജനം നേർച്ച കാണുമ്പോളൊ-
രാന വിരണ്ടാതിനാളുകളോടീട്ടു
ഇതെന്തൊരു തൊന്തരവാണിത് കേള്
............................
.................
എത്ര പേരാണ് തോട്ടിലും കുളത്തിലും വീണത് . അതില്‍ ഒരു കച്ചിക്കാരന്‍ സേട്ടുവിന്റെ വിലാപം കവി കച്ചീ ഭാഷ കലര്‍ത്തി ചിത്രീകരിക്കുന്നു ...
അള്ളാ മുന്ചോ മാടോ തൌബ - ഞമ്മന, തിക്കന നോക്ക്
.............................
.............................
.........................................................
പള്ളിക്കൂടം കൊള്ളെ തുള്ളി വീണൊരു കാക്ക
ഓടി വരുമ്പം ചെറുവിരലൊന്നില്ല
അരക്കാ രൂപ മാറാന്‍ 'കൊര്‍ക്കാ ഇബ്രാഹിം
പോയി വരുമ്പം പീടിക കണ്ടില്ല - പിന്നേം പിന്നേം സംശയിച്ചു
അള്ളോ കാത്തോ നബിയുള്ള എന്നും മറ്റും
കൊര്‍ക്കാടെ സങ്കടം പറഞ്ഞാ തീരൂല്ലാ
...............................
..................
ജന്മനാ അന്ധനായിട്ടു പോലും എത്ര സ്വാഭാവികമായും ഫലിതമധുരമായുമാണ് കവി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. കൊച്ചി കല്‍വതതി സ്വദേശിയായ കവി ജയമണിമാല, സങ്കടമാല, ഉലകനീതിമാല തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്. ഈ കവിയുടെ പ്രശസ്തമായിരുന്ന ഈ ഗാനം ഭാസ്കരന്‍ മാഷുടെ പേരില്‍ അറിയപ്പെടുന്നു ഇപ്പോള്‍.
(വിവരങ്ങള്‍ക്ക് കടപ്പാട് : മാപ്പിളപ്പാട്ടുകള്‍ നൂറ്റാണ്ടുകളിലൂടെ എന്ന ഗവേഷണ പ്രബന്ധ രചയിതാവ് വി പി മുഹമ്മദാലി)
7. ഒരു സംഗീതസംവിധായകന്റെ ഈണം തനിക്കു ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന് മറ്റൊരു സംഗീതസംവിധായകന് തോന്നിയാല്‍ ആ ഈണം എടുത്തുപറയത്തക്കവണ്ണം മഹത്തരമാണ് എന്നുറപ്പിക്കാം എന്നാണ് ദേവരാജന്‍ മാഷുടെ അഭിപ്രായം. അങ്ങനെ ദേവരാജന്‍ മാഷിനു തോന്നിയ ബാബുരാജ് ഗാനങ്ങളാണ് താമസമെന്തേ വരുവാന്‍ , അഞ്ജനക്കണ്ണെഴുതി, ഒരു കുട്ടപ്പൊന്നുണ്ടല്ലോ, വാസന്തപഞ്ചമിനാളില്‍, സൂര്യകാന്തി എന്നിവ.