പണ്ഡിറ്റിനേക്കുറിച്ച് ശ്രീചിത്രൻ..!

ലളിതമപ്പുറം, കഠിനമീ ജീവിതം

വരിയിലാവിഷ്കരിക്കുവാൻ ദുഷ്കരം!

ഇന്ത്യൻ ക്ലാസിക്കൽ സംഗീതരംഗത്തെ അതുല്യപ്രഭയായിരുന്ന പണ്ഡിറ്റ് ഭീം സെൻ ജോഷിയേക്കുറിച്ച് ശ്രീചിത്രൻ എം ജെ.

ചില സംഗീതങ്ങൾ നദി കടക്കുന്നതുപോലെയാണ്. ഒഴുക്കിനു കുറുകേ നടത്തുന്ന ഹ്രസ്വമായൊരു തോണിയാത്ര. യാത്രയ്ക്കിടയിലും ഇരുവശത്തുമുള്ള പ്രകൃതിദൃശ്യങ്ങൾ നമ്മെ പിടിച്ചുവലിയ്ക്കും. ഒഴുക്കിന്റെ ലയവും താളവും ചേർന്നൊരുക്കിയ സിംഫണി തോണിയിൽ നിന്നിറങ്ങിയാലും അൽപ്പനേരം നമ്മെ വലയം ചെയ്തുനിൽക്കും. പിന്നെപ്പിന്നെ, ചേതോഹാരിയായ ഒരോർമ്മയായി അതു വിലയിക്കും.എന്നാൽ, അപൂർവ്വം ചില സംഗീതങ്ങൾ അങ്ങനെയല്ല. അത് കപ്പൽച്ചൊരുക്കും കൊടുങ്കാറ്റും അകമ്പടി സേവിയ്ക്കുന്ന ആഴക്കടലിലൂടെ നടത്തുന്ന ദീർഘയാത്രയാണ്. നാലുപാടും നമ്മെ പിടിച്ചുവലിയ്ക്കാൻ മറ്റാരുമില്ല. കടൽ, കടൽ മാത്രം. ആഴങ്ങളെ സാക്ഷിയാക്കി ഒഴുകുന്ന ഗഭീരയാനം. അതു നമ്മെ ഏറെക്കാലം പിന്തുടരും. ധാരണകളെ പൊളിച്ചുപണിയും. പുതിയ ഭാവുകത്വക്കാറ്റിന്

പായനിവർത്തും. ഭീംസെൻ ജോഷിയുടെ സംഗീതം അത്തരമൊരു കടലായിരുന്നു.

എന്നും ദീർഘയാത്രകളുടെ തോഴനായിരുന്നു ഭീംജി.

ഇന്ത്യയിലുടനീളം തലങ്ങും വിലങ്ങും ഇത്രമേൽ സഞ്ചരിച്ച ഗായകർ വിരളമായിരിക്കണം. വിമാനത്തിലും കാറിലുമാവണം ആ യാത്രകളിലെ ഭൂരിഭാഗവും. എന്നാൽ, ഓരോ ആലാപനവും ശരീരവും ശബ്ദവും ചേർന്ന ഉത്സവമായി മാറ്റിയ ജോഷിയിൽ ദീർഘമായ ഒരു സമുദ്രയാനത്തിന്റെ ഉപ്പുതരികൾ എന്നും എനിക്കു രുചിച്ചിട്ടുണ്ട്. പൂരിയ ധനാശ്രീയും വൃന്ദാവനസാരംഗും മുൾട്ടാനിയും ആഴങ്ങളിൽ നിന്നവതരിക്കുന്ന ആ ശബ്ദത്തിലൂടെ പുതിയ ഭാവങ്ങളെ പുൽകുമ്പോൾ, ഇരവുകളുടെ പ്രാരംഭയാമങ്ങളിൽ കലാശ്രീയുടെ നിലാവ് നിർത്താതെ പെയ്യുമ്പോൾ, സ്ഥായികളുടെ സംക്രമണങ്ങളിൽ അത്ഭുതങ്ങൾ തീർത്തശേഷം ആ വിരലുകൾ പ്രപഞ്ചത്തെ സമൂർത്തമാക്കുമ്പോൾ, അടരടരുകളായി താനുകൾ സഹസ്രദളങ്ങൾ വിടർത്തുമ്പോൾ.... ഇതുവരെ കാണാത്ത കടൽച്ചൊരുക്കുകളിലേക്ക് നാം എടുത്തെറിയപ്പെടുന്നു.

പൂനെയിലെ സവായ് സംഗീതോത്സവത്തിന്റെ ഓരോ അണുവും ത്രസിച്ചിരുന്നത്

ഭീംജിയുടെ ഹൃദയത്തോടൊപ്പമാണ് എന്ന് ഇന്നലെ ഒരു സുഹൃത്ത് പറഞ്ഞു. ഗുരുനാഥന്റെ ഓർമ്മയ്ക്കായി ഇത്രയും മികച്ചൊരു ദക്ഷിണ മറ്റാരാണ് നൽകിക്കാണുക? സംഗീതത്തിന്റെ വാർഷികവസന്തങ്ങൾ ഗുരുനാഥനായി ഭീംജി സമർപ്പിച്ചു. കിരാന ഖരാനയുടെ ശക്തിദുർഗമായി നിൽക്കുമ്പോഴും എല്ലാ സംഗീതമാർഗങ്ങളോടും സംഗീതജ്ഞരോടും നിഷ്കളങ്കമായ സ്നേഹവും ആദരവും ഭീംജി കാത്തുവെച്ചു. സവായ് സംഗീതോത്സത്തിന്റെ പൂർവ്വകാലങ്ങളെ ഓർമ്മയുള്ളവക്കറിയാം, ആ ഒരു മഹാനായ വ്യക്തിയുടെ ഹൃദയനൈർമല്യം എങ്ങനെയാണ് ഒരു ഉത്സവത്തെ ഒന്നാകെ നിർമ്മലമാക്കിയിരുന്നത് എന്ന്.



ഇവിടെ, ഞാനിതെഴുതുന്നതിനു കിലോമീറ്ററുകളകലെ, മാട്ടുംഗയിൽ മഞ്ഞച്ചായമടിച്ച

പോഡാർ കോളേജിലേയ്ക്ക് ഞാൻ ഇന്നലെ രാത്രി പോയി. ഫണർസ് ലൈറ്റുകളുടെ

നാരങ്ങാവെളിച്ചത്തിൽ മുങ്ങിയ രാത്രിയിൽ, അവിടെ കുറച്ചുവയസ്സന്മാർ ഒത്തുചേർന്നതു കാണാൻ. അവർ ആരുമായിരുന്നില്ല. ഭീംസെൻ ജോഷിയെ, ജോഷിസംഗീതത്തെ സ്നേഹിച്ച- ദീർഘജീവിതത്തിന്റെ കയ്പ്പുകാലങ്ങളെ മായ്ക്കാനുള്ള ഔഷധിയായി (അതൊലൊരു വയസ്സനോട് ഈ വാചകത്തിനു കടപ്പാട്) ജോഷിസംഗീതത്തെ ഉപയോഗിച്ച ചില മനുഷ്യർ. അവരിൽ ഡോക്ടർമാരുണ്ട്, ഗുമസ്തന്മാരുണ്ട്, നർത്തകരുണ്ട്, രാഷ്ട്രീയക്കാരും സാമൂഹ്യപ്രവർത്തകരുമുണ്ട്. 67 വർഷങ്ങൾക്കു മുൻപ് ഈ കോളേജ് അങ്കണത്തിൽ വെച്ചു നടന്ന ഒരു കന്നടനാടകത്തിലെ ഗായകനായ നായകൻ കന്നടക്കാരായ മുംബൈറ്റികളുടെ

അഭിനന്ദങ്ങളേറ്റുവാങ്ങിയിരുന്നു.

ഭാഗ്യശ്രീ എന്ന ആ കന്നട നാകത്തിലെ നായകന്റെ ശബ്ദസൌന്ദര്യത്തിൽ ആകൃഷ്ടരായ ചില കലാപ്രേമികളുടെ പരിശ്രമഫലമായി എച്ച് എം വി കമ്പനി ആ ഗാനങ്ങൾ റൊക്കോഡ് ചെയ്തു. ഭീം സെൻ ജോഷിയെന്ന മഹാശയന്റെ ആദ്യപ്രകാശനമായിരുന്നു അത്. ആ മഹാഗായകൻ സ്വജീവിതത്തിന്റെ അർത്ഥം കണ്ടെത്തിയ ആ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച കോളേജിലിരുന്ന് കലാസ്വാദകർ നടത്തിയ ഒരു ലളിതസാർത്ഥകമായ അനുസ്മരണമായിരുന്നു ഇന്നലെ നടന്നത്.



ശബ്ദത്തിലും ശൈലിയിലും പുതിയ ലോകം തീർത്ത, ഗുഡ് ഹോപ്പ് മുനമ്പുകൾ കടന്ന്

ലക്ഷ്യം വരിച്ച സമുദ്രയാനങ്ങൾ സാക്ഷാത്കരിച്ച ഒരു ജീവിതം ഇന്നലെ തീർന്നുപോയി. അനിവാര്യമായ കപ്പൽച്ചേതം. പക്ഷേ കടൽ മരിക്കുന്നില്ല. അത് എന്നും ഹൃദയതീരങ്ങളെ തഴുകി നിലനിൽക്കും. ഒരു നിമിഷം തലകുനിയ്ക്കുന്നു. സംഗീതം കൊണ്ട് ആകാശങ്ങളിലേയ്ക്കു ശിരസ്സുയർത്തിയവന്റെ ഓർമ്മയ്ക്കു മുന്നിൽ.

Picture Courtesy : news.outlookindia.com