വിളിച്ച് പറയാതിരിക്കാൻ പറ്റുവോ - സീരീസ് - എപ്പിസോഡ് 1

Goofs

സിനിമകൾ അത്യന്തം കഠിനാധ്വാനം ആവശ്യപ്പെടുന്ന, അനവധി ഘടകങ്ങളെ ഒത്തൊരുമിച്ച് ചേർത്തൊരു മാല പോലെ കോർത്തിണക്കിയിടേണ്ടുന്ന ഒരു സംഗതിയാണല്ലോ. അതുകൊണ്ടു തന്നെ അതിൽ വരുന്ന ചെറിയ അശ്രദ്ധകളോ പിഴവുകളോ ആ സിനിമ നിലനിൽക്കുന്ന കാലത്തോളം അതിനൊപ്പം നിലനിൽക്കുകയും ചെയ്യും. 

മലയാളസിനിമകളിൽ വന്നുകൂടിയിട്ടുള്ള അത്തരം കൗതുകകരമായ ചില പിഴവുകൾ വിനോദത്തിനായി ചേർത്തുവെക്കുകയാണിവിടെ.

1. എഡിറ്റിംഗ് സമയത്തെ അശ്രദ്ധയാവണം. പ്രശസ്തമായ ഒരു മലയാള സിനിമ തുടങ്ങുമ്പോള്‍ ഒരു മിന്നല് പോലെ ഈ ഷോട്ട് കടന്നു വരുന്നുണ്ട്. കണ്ണടച്ച് തുറക്കും മുമ്പ് അപ്രത്യക്ഷമാകുന്ന ഈ ഷോട്ട് ഏതു സിനിമയുടെ തുടക്കത്തിലാണെന്ന് മനസിലായോ ? ഇല്ലെങ്കിൽ  1980-നും 2000-നും ഇടയ്ക്ക് റിലീസായ ദശരഥത്തിലാണ് ഈ കൗതുകകരമായ സീൻ അബദ്ധമെന്നോണം ശ്രദ്ധിക്കപ്പെട്ടത്.

 

2. ഇൻ ഹരിഹർ നഗർ

കൂട്ടുകാർക്ക് നായികയെ പരിചയപ്പെടുത്താൻ തോമസൂട്ടി കൊണ്ടുപോവുന്ന ഭാഗത്തെ രണ്ട് സീനുകളിൽ ഒന്നിൽ കഥാപാത്രത്തിന്റെ ബെൽറ്റിന്റെ നിറം വെള്ളയും, തുടർന്നുള്ള സീനിൽ കറുപ്പുമാണ്. തുടർച്ച ശ്രദ്ധിക്കുന്നതിൽ പറ്റിയ പിഴവായിരിക്കാം ഇതിനു കാരണം.

            

3. ചിത്രം

രഞ്ജിനി അവതരിപ്പിച്ച നായികാകഥാപാത്രം നെറ്റികൊണ്ട് മണിയടിച്ചുണ്ടായ പരിക്കിന്മേലുള്ള കെട്ടും മുറിവടയാളങ്ങളും തുടർന്നുള്ള ചില രംഗങ്ങളിൽ മാറിപ്പോവുന്നുണ്ട്.

ഹോസ്പിറ്റൽ രംഗത്ത് കാണുന്നയിടത്തല്ല തുടർന്നുള്ള രംഗത്തെ പരിക്ക്.

   

അതിനു ശേഷം വരുന്ന മൂന്നു സീനുകളിൽ ഇടയ്ക്കൊന്നിൽ പരിക്ക് പൂർണ്ണമായും അപ്രത്യക്ഷമാവുന്നുമുണ്ട്.

      

 

4. കിളിച്ചുണ്ടൻ മാമ്പഴം

ഇടത്തോട്ടു മുണ്ടുടുക്കുന്ന ശീലമുള്ള അബ്ദുവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാൽ, കാമുകി തള്ളിപ്പറഞ്ഞ ദു:ഖത്തിൽ അബ്ദ്ദു വീട്ടിൽ നിന്നിറങ്ങിപ്പോവുന്ന സീനിൽ അറിയാതെ വലത്തോട്ട് മുണ്ടുടുക്കുന്നുണ്ട്. 

 

5. സത്യമേവ ജയതേ

കമ്പ്യൂട്ടർ സംബന്ധിയായ രംഗങ്ങളിൽ പൊതുവേ നമ്മൾ പിന്നാക്കമാണ്. തീരെ നിസ്സാരമായ കാര്യങ്ങളിൽ വരെ വമ്പൻ ബ്ലൂപ്പറുകൾ കടന്നു കൂടാറുണ്ട്. "സത്യമേവ ജയതേ" യിൽ വില്ലന്റെ ലാപ്ടോപിന്റെ പാസ്സ്‌വേർഡ്‌ ഹാക്ക് ചെയ്യാൻ ശ്രമിക്കുന്ന രംഗത്ത് സ്ക്രീനിൽ വരുന്ന എറർ മെസേജ് പക്ഷേ, മൈക്രൊസോഫ്റ്റ് വേഡ് ഡോക്യുമെന്റ് തുറക്കാൻ ശ്രമിക്കുമ്പോൾ കാണിക്കുന്ന മെസേജാണ്.

 

6. ദ കിംഗ്

ഇതിലെ പ്രസിദ്ധമായ ഗസ്റ്റ് ഹൗസ് രംഗത്തിൽ ജോസഫ് അലക്സിന്റെ പാന്റ് അടുത്ത സീനിൽ മുണ്ടായി മാറുന്നുണ്ട്.

7. പ്രണയകാലം

"ഒരു വേനല്‍ പുഴയില്‍" എന്ന ഗാനത്തിന്‍റെ അവസാനഭാഗത്തോടടുത്ത് ബസിൽ ഇരിക്കുന്ന സീനിൽ അജ്മലിന്റെ ചുണ്ടനക്കം ഒന്നുരണ്ടിടങ്ങളിൽ തെറ്റിപ്പോവുന്നുണ്ട്. "തെളിനീരിൽ" എന്നതിന് "തെളിവീടിൽ" എന്നോ മറ്റോ ആണ് അജ്മൽ പാടുന്നത്, അതുപോലെ "നെഞ്ചിലാളും മണ്‍ചിരാതിന്‍" എന്നു പാടുന്ന ഭാഗത്ത് അജ്മലിന്‍റെ ചുണ്ടനക്കം "നെഞ്ചിലാവിൽ മൺനിലാവിൽ" എന്ന പോലെയാണ് തോന്നുന്നത്.

8. വാൽസല്യം

സിദ്ദിഖ് അവതരിപ്പിച്ച കഥാപാത്രം ആദ്യമായി കോടതിയിലേക്കിറങ്ങുന്ന സീനിന്റെ ആദ്യ ഭാഗത്ത് മമ്മൂട്ടിയുടെ എട്ടൻ കഥാപാത്രത്തിന്റെ നെറ്റിയിൽ കുറിയുണ്ട്, എന്നാൽ ആ സീനിലെ ബാക്കി ഷോട്ടുകളിലെല്ലാം തന്നെ ആ കുറി കാണുകയില്ല. മാത്രവുമല്ല, ആദ്യഷോട്ടിൽ നിന്നും വ്യത്യസ്തമായി രണ്ടാമത്തെ ഷോട്ടിൽ മമ്മൂട്ടിയുടെ ഷർട്ടിന്റെ മുകളിലെ ബട്ടൻ തുറന്നുകിടക്കുന്നതും കാണാം.

     

9. ഗാന്ധർവ്വം

ക്ലൈമാക്സ് സീനുകളിൽ വില്ലനിൽ നിന്നും രക്ഷപ്പെടാൻ ശാന്തികൃഷ്ണയുടെ കഥാപാത്രം മെയിൻസ്വിച്ച് ഓഫ് ചെയ്യുന്നത് കാണിക്കുന്നു. പക്ഷേ തുടർന്നുള്ള സീനിൽ വില്ലൻ റഫ്രിജറേറ്റർ തുറന്ന് ആ വെളിച്ചത്തിൽ അവരെ കണ്ടുപിടിക്കുന്നു.

   

10. ഗ്രാന്റ്മാസ്റ്റർ

ചെസ് നിപുണനായ മോഹൻലാലിന്റെ പൊലീസ് കഥാപാത്രത്തിന്റെ മുന്നിലിരിക്കുന്ന പൂർത്തിയാവാത്ത ചെസ്ബോർഡ് പക്ഷേ തികച്ചും തെറ്റായ രീതിയിലാണ് വച്ചിരിക്കുന്നത്.  ബോർഡിന്റെ വലത്തേയറ്റത്ത് വെളുത്ത കളത്തിനു പകരം കറുത്ത കളമാണ് കാണുക.

11. സ്വാതി തിരുനാൾ

മുരളി അവതരിപ്പിച്ച ഷഡ്കാലഗോവിന്ദമാരാർ കഥാപാത്രത്തെ സ്വാതിതിരുനാൾ ആദ്യമായി കാണുന്ന രംഗത്ത് അദ്ദേഹത്തെ ഷഡ്കാലഗോവിന്ദമാരാർ എന്നാണ് സ്വാതിതിരുനാൾ അഭിസംബോധന ചെയ്യുന്നത്. എന്നാൽ, സ്വാതിതിരുനാളിന്റെ സദസ്സ് വിട്ടതിനും, ത്യാഗരാജസ്വാമികളുടെ കൂടെ ചേർന്നതിനുമൊക്കെ ശേഷമാണ് അദ്ദേഹത്തിന് "ഷഡ്കാല" പദവി കിട്ടുന്നത്.

12. ഓം ശാന്തി ഓശാന

കുന്നിന്മുകളിലെ വിളക്കിൽ തിരി വെക്കാൻ പോവുന്ന ആദ്യരംഗത്ത് നസ്രിയയുടെ നെയിൽ പോളിഷിന് ചുവപ്പു നിറമാണെന്ന് കാണാം. എന്നാൽ അവിടെ വച്ചുള്ള മറ്റൊരു ഷോട്ടിൽ കൈയ്യുടെ ക്ലോസപ്പിൽ നെയിൽ പോളിഷിന്റെ നിറം മാറുന്നതു കാണാം.

   

13. ഇടുക്കി ഗോൾഡ്

കാട്ടിനുള്ളിലേക്ക് സുഹൃത്തുക്കൾ നടത്തുന്ന ജീപ്പ് യാത്രയിൽ ഇടയ്ക്ക് ജീപ്പ് ഒന്നു മാറുന്നുണ്ട്.

14. മായാമയൂരം

മോഹൻലാലിന്റെ ആദ്യസീനിൽ രേവതിയുമൊന്നിച്ച് കയറുന്ന ടാക്സിയിലെ ഡ്രൈവർ ഇടയ്ക്ക് മാറുന്നുണ്ട്. യാത്ര നിർത്തുമ്പോൾ, തുടങ്ങിയ സ്ഥലത്തെ ഡ്രൈവർ അല്ല വണ്ടിയിലുള്ളത്.

   

15. മണിച്ചിത്രത്താഴ്

ശ്രീദേവിയെ പൂട്ടിയിടുന്ന ആദ്യസീനിൽ ശ്രീദേവി ശക്തിയായി സണ്ണിയെ എതിർക്കുന്നതും കുതറിമാറാൻ ശ്രമിക്കുന്നതും കാണാം. 

എന്നാൽ അതേ രംഗത്തിന്റെ ഫ്ലാഷ്ബാക്ക് കാണിക്കുമ്പോൾ സണ്ണി ശ്രീദേവിയുടെ കൈ പിടിച്ച് വേഗത്തിൽ നടന്നുപോവുന്നതായിട്ടാണ് കാണാൻ സാധിക്കുന്നത്.

മാത്രവുമല്ല, ആദ്യസ്ക്രീൻഷോട്ടിൽ നെടുമുടിയുടെ അടുത്ത് സെറ്റ്സാരി ധരിച്ചു നിൽക്കുന്ന സ്ത്രീകഥാപാത്രത്തെ രണ്ടാമത്തെ സ്ക്രീൻഷോട്ടിൽ കാണുന്നുമില്ല.

ഒരേ രംഗം രണ്ട് ആംഗിളിൽ ഷൂട്ട് ചെയ്തപ്പോഴുണ്ടായ ഒരു ചേർച്ചക്കുറവായിരിക്കാം ഇതിനു കാരണം.

   

Comment