ചിദംബരവും‌ ഗണപതിയും ജാനേമന്നും

തിരുവനന്തപുരത്തെ D P I ജംഗ്ഷനിൽ നിന്നും ബേക്കറി ജംഗ്ഷനിലേക്ക് ബൈക്കോടിച്ച് പോവുന്ന സമയത്താണ് വഴിയരികിലെ ഒരു കടയുടെ മുന്നിൽ കയ്യിലൊരു സഞ്ചിയുമായി കവി വിഷ്ണു നാരായണൻ നമ്പൂതിരി നിൽക്കുന്നത് അയാൾ ശ്രദ്ധിച്ചത്...കവിയെ നഗരത്തിൻ്റെ പല ഭാഗങ്ങളിൽ വച്ചും ഇതിന് മുമ്പ് നിരവധി തവണ കണ്ടിട്ടുണ്ടെങ്കിലും ഒന്ന് പരിചയപ്പെടാൻ അയാൾക്ക് ഇതേ വരെ സാധിച്ചിരുന്നില്ല.. ബൈക്ക് ഒതുക്കി വച്ച് കൂടെയുണ്ടായിരുന്ന മകൻ്റെ കയ്യും പിടിച്ച് കവിയുടെ അടുത്തേക്ക് നടന്നു... ഇനി എന്ത് സംഭവിച്ചു എന്നത് വിഷ്ണു നാരായണൻ നമ്പൂതിരിയുടെ വാക്കുകളിലൂടെ : "ഒരേ നൂലിൽ കോർത്തെടുക്കാവുന്ന കവിതകൾ സമാഹരിക്കുന്ന രസം 'ശ്രീവല്ലി 'യോടുകൂടി നിലച്ചുവെന്ന് കരുതി അടങ്ങിയിരുന്ന എന്നെ അങ്ങാടിയിൽ വച്ച് ഒരാൾ തടഞ്ഞു നിർത്തി . "ഞാൻ സതീശ് പൊതുവാൾ, പയ്യന്നൂർ; ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്നു. ഇവൻ എന്റെ മകൻ. മാസ്റ്റർ അനുഗ്രഹിക്കണം . " " നന്നായി വരട്ടെ!" "പോരാ, ഞാനൽപം മദ്യപിച്ചിട്ടുണ്ട്. അത് പൊറുത്തിട്ട് മാസ്റ്റർ ഞാൻ പറയാൻ പോകുന്നത് മുഴുവൻ കേൾക്കണം" "എന്താണ് സംഗതി?" "കടക്കുക പുറത്തെന്ന് കൽപിക്കും ഗോത്രമുഖ്യനെ കത്തുന്ന കൺകളാൽ നോക്കി തല കുമ്പിട്ടിടാത്തവൻ ഗംഗാനാരായണൻ" എന്നെ അമ്പരപ്പിച്ചുകൊണ്ട്, തിരക്കിട്ട വഴിയോരത്തുനിന്ന് ആ മനുഷ്യൻ, നീണ്ട ആ രചനയത്രയും ചൊല്ലിത്തീർത്തു . ഇടറിയും പതറിയും ഇടയ്ക്കിടക്ക് കിതച്ചും. എന്നിട്ടയാൾ എന്റെ കൈ പിടിച്ചമർത്തി . "ഇത് എന്റെ കഥയാണ്. മാസ്റ്റർക്ക് അതറിയില്ല. തന്നെത്താൻ നശിപ്പിച്ചിട്ടും ഗംഗാനാരായണന് പിന്നെയും ഒരു ജീവിതമുെണ്ടങ്കിൽ, എനിക്കും ജീവിക്കാമെന്ന് വാശി തോന്നി. ജീവിക്കുന്നു .മാസ്റ്ററോടിത് പറയണം എന്നത് എന്റെ മോഹമായിരുന്നു.... ഒരപേക്ഷ കൂടിയുണ്ട് .എല്ലാ ഹിമാലയ കവിതകളും ചേർത്ത് മാസ്റ്റർ പുസ്തകമാക്കണം" ആവാം എന്നു ഞാൻ വാക്കുകൊടുത്തു.- അങ്ങനെയങ്ങനെ ഈ പുസ്തകം ("ഉത്തരായണം" കവിതാ സമാഹാരത്തിന്റെ ആമുഖത്തിൽ നിന്നും )

 പയ്യന്നൂരിനടുത്ത് അന്നൂരിലെ കുന്നൂറ് തറവാട്ടിലാണ് സതീഷിൻ്റെ ജനനം...ബാല്യത്തിൽ തന്നെ വായനയോടും എഴുത്തിനോടും കമ്പം തുടങ്ങിയിരുന്നു. അരവിന്ദൻ്റെ "കുമ്മാട്ടി" എന്ന സിനിമയുടെ ചിത്രീകരണം ചീമേനിയിൽ വച്ച് നടന്നത് കണ്ടപ്പോൾ സിനിമയോടും താൽപര്യം തോന്നിത്തുടങ്ങി. ഇതിനിടെ 1980-ൽ കാസർഗോഡ് വച്ച് കേരള സാഹിത്യ അക്കാദമി യുവ എഴുത്തുകാർക്ക് വേണ്ടി നടത്തിയ പത്ത് ദിവസം നീണ്ട പരിശീലന ക്യാംപിൽ പങ്കെടുത്തു. സിനിമയോടുള്ള അഭിനിവേശം കൂടിക്കൂടി വന്നപ്പോൾ ഗവൺമെൻ്റ് പ്രസ്സിലെ സർക്കാരുദ്യോഗം മതിയാക്കി സിനിമയുടെ മായാലോകത്തേക്കുള്ള യാത്ര തുടങ്ങി. എൺപതുകളുടെ തുടക്ക കാലം... മലയാള സിനിമ മദ്രാസിൽ നിന്നും കേരളത്തിലേക്ക് പറിച്ചു നടപ്പെട്ടു കൊണ്ടിരുന്ന സമയമായിരുന്നു അത്. ഇതിൻ്റെ പ്രഭവ കേന്ദ്രം ആയിരുന്നു തിരുവനന്തപുരം. ദൂരർശൻ കേന്ദ്രം തിരുവനന്തപുരത്ത് തുടങ്ങിയതും ഇതേ സമയത്ത് ആയിരുന്നു. പലർക്കും സിനിമയിലേക്കുള്ള ഇടത്താവളം ആയിരുന്നു ദൂരദർശൻ. അന്ന് കെ ആർ മോഹനൻ്റെ സംവിധാന സഹായി ആയി തുടക്കം കുറിച്ച സതീഷ് നിരവധി ദൂരദർശൻ ഡോക്യുമെൻ്ററികളിൽ പ്രവർത്തിച്ചു. 1987 ൽ കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാളിനെക്കുറിച്ച് 35 mm ൽ നിർമ്മിച്ച ഡോക്യുമെൻ്ററി തൊട്ടാണ് കെ ആർ മോഹനൻ്റെ സഹായിയാകുന്നത് . ആ വർഷത്തെ ഏറ്റവും മികച്ച ഹൃസ്വചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം ആ ചിത്രത്തിനായിരുന്നു. തുടർന്ന് ഗ്രാമ സൗഭാഗ്യം, നഗര വിശേഷങ്ങൾ, ചിത്രകേരളം, വിശുദ്ധ വനങ്ങൾ , കൂടിയാട്ടം രാജമന്ദിരങ്ങൾ തുടങ്ങി പതിനഞ്ചോളം ഡോക്യുമെൻ്ററികളിലും അദ്ദേഹത്തിൻ്റെ ഫീച്ചർ ഫിലിമായ സ്വരൂപത്തിലും ഒന്നിച്ച് പ്രവർത്തിച്ചു. കെ ആർ മോഹനൻ്റെ തന്നെ "സ്വരൂപം" എന്ന സിനിമയിലും സംവിധാന സഹായി ആയിരുന്നു. കെ പി ശശി, പി ടി കുഞ്ഞുമുഹമ്മദ്, ടി വി ചന്ദ്രൻ, ജയരാജ് തുടങ്ങിയ സംവിധായകർക്ക് ഒപ്പവും അസോസിയേറ്റ് ആയി. മങ്കമ്മ,മഗ്‌രിബ്,സ്വരൂപം,ആടും കൂത്ത് (തമിഴ്), ഇലയും മുള്ളും, ഡാനി, സദാശിവൻ്റേ കുമ്പസാരം (tv chandran serial),അശ്വാരൂഡൻ,ദൈവനാമത്തിൽ,Ek Alag Mausam (Hindi),ഓർമകൾ ഉണ്ടായിരിക്കണം,By The People തുടങ്ങിയ സിനിമകളിലൊക്കെ പ്രവർത്തിച്ചു. ദൂരദശന് വേണ്ടി അരിയുടെ അർത്ഥശാസ്ത്രം തുടങ്ങി ചില documentaries സ്വതന്ത്രമായി സംവിധാനം ചെയ്യുകയും ഉണ്ടായി. വറുതിയുടെ ആ കാലത്തെക്കുറിച്ച് എഴുതിയിട്ടുമുണ്ട് സതീഷ്...തൊണ്ണൂറുകളുടെ തുടക്കത്തിൽ തൈക്കാട് പോലീസ് ഗ്രൗണ്ടിന് അടുത്തുള്ള മാസവാടക റൂമിൽ ഒരു ദിവസത്തെ സമ്പൂർണ്ണ പട്ടിണിക്ക് ശേഷം നുള്ളിപ്പെറുക്കി യെടുത്ത രണ്ടു രൂപയുമായി കിഴക്കേകോട്ടയിലെ എഡിറ്റർ രാമേട്ടൻ്റെ മുറിയിലേക്ക് നടന്നു പോയ അനുഭവം ഒക്കെ. കുടുംബവും കുട്ടികളും ആയപ്പോൾ ഡബ്ബിംഗ് തുടങ്ങിയ മേഖലകളിലും കടന്നു ചെന്നു. കൂടെ മക്കളും...മൂത്ത മകൻ ചെറിയ പ്രായത്തിൽ തന്നെ ശ്രീകുമാരൻ തമ്പിയുടെ സീരിയലിൽ ഡബ്ബ് ചെയ്യുകയും സൂര്യ ടിവി സംപ്രേഷണം ചെയ്ത ആലിപ്പഴം എന്ന സീരിയലിൽ അഭിനയിക്കുകയും ചെയ്തു. രണ്ടാമത്തെ മകൻ അനന്തഭദ്രം സിനിമയിൽ ഡബ്ബിംഗ് ചെയ്ത് തുടങ്ങി പിന്നീട് സന്തോഷ് ശിവൻ്റെ തന്നെ 'Before the Rains' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും വന്നു. -

"ജാൻ എ മൻ' എന്ന സിനിമ നൂറ് ദിവസങ്ങൾ തിയേറ്ററുകളിൽ പിന്നിട്ട സമയത്ത് തന്നെയാണ് OTT റിലീസ് ആയതും... ഈ പ്രതിസന്ധി കാലത്തും ഇങ്ങനെ ഒരു ചെറിയ സിനിമ നൂറ് ദിവസം തിയേറ്ററുകളിൽ കളിച്ചിട്ടുണ്ടെങ്കിൽ, ആൾക്കാരെ അത് സ്പർശിച്ചിട്ടുണ്ടെങ്കിൽ എന്തായിരിക്കും അതിന് കാരണം? കുഞ്ഞു പ്രായത്തിൽ തന്നെ തൻ്റെ മക്കൾക്ക് ലോക സിനിമ പരിചയപ്പെടുത്തിയ ഒരച്ഛൻ... മർലിൻ ബ്രാൻ്റോ , തോഷിറോ മിഫ്യൂൺ, നസറുദ്ദീൻ ഷാ എന്നിവരുടെ അഭിനയം പാഠപുസ്തകം ആക്കണം എന്ന് പറഞ്ഞു പഠിപ്പിച്ച ഒരു കലാകാരൻ, മലയാള സിനിമയുടെ അരികുകളിൽ അവിരാമം ഉഷ്ണിച്ച ഒരു സിനിമാ സ്നേഹി കടന്നു വന്ന വഴികളുടെ ചൂടും ചൂരും മക്കളായ ചിദംബരത്തിനും ഗണപതിക്കും വ്യക്തമായി അറിയാം എന്നത് തന്നെയാണ്...അത് കൊണ്ടാണ് ആ സിനിമ ജീവിതഗന്ധി ആകുന്നതും. ചലച്ചിത്ര അക്കാദമിക്ക് വേണ്ടി മലയാളത്തിലെ കഴിഞ്ഞ തലമുറ സംവിധായകരെയും അഭിനേതാക്കലേയും അഭിമുഖം ചെയ്ത് ഡോക്യുമെൻ്റ് ചെയ്യുന്ന പ്രവർത്തനത്തിൽ ആണ് സതീഷ് പൊതുവാൾ ഇപ്പൊൾ...കാരണം സിനിമ അയാളുടെ ശ്വാസം പോലെയാണ്. തുടക്കത്തിൽ സൂചിപ്പിച്ച കവിതയിലെ "കടക്കുക പുറത്തെന്ന് കൽപിക്കും ഗോത്രമുഖ്യനെ കത്തുന്ന കൺകളാൽ നോക്കി തല കുമ്പിട്ടിടാത്ത ഗംഗാനാരായണനെപ്പോലെ" തല കുമ്പിടാതെ, തല ഉയർത്തിപ്പിടിച്ച് നിൽക്കുകയാണ് സതീഷ് പൊതുവാളും മക്കൾ ചിദംബരവും ഗണപതിയും...

Relates to: 
ജാൻ.എ.മൻ
Comment