സിൽക്കിന്റെ ക്യാരക്റ്റർ റോളും ഉർവ്വശിയും

Memoirs

ഉർവ്വശിയുടെ തുടക്കവും സിൽക്കിന്റെ സഹായവും

ഉർവ്വശി നായികയായി അഭിനയിച്ച് ആദ്യമായി പുറത്ത് വന്ന ചിത്രം 1983ൽ കെ ഭാഗ്യരാജ് സംവിധാനം ചെയ്ത 'മുന്താണൈ മുടിച്ച്' എന്ന തമിഴ് സിനിമയാണ്. എന്നാൽ ഈ സിനിമയിൽ അഭിനയിക്കുന്നതിനും മുൻപ് ഒരു സിനിമയിൽ നായികയായി ഉർവ്വശി അഭിനയിച്ചിരുന്നു.

'നവരസനായകൻ' എന്ന പേരിൽ തമിഴിൽ അറിയപ്പെടുന്ന നടൻ കാർത്തിക്കിന്റെ 'തൊടരുമുറവ്' എന്ന സിനിമയായിരുന്നു നായികയായി അഭിനയിച്ച ഉർവ്വശിയുടെ ആദ്യ സിനിമ

'മുന്താണൈ മുടിച്ച്' എന്ന സിനിമക്ക് മുൻപേ ഷൂട്ടിങ് ആരംഭിച്ച സിനിമ, എന്നാൽ 3 വർഷങ്ങൾക്ക് ശേഷം(1986)മാത്രമാണ് തീയേറ്ററുകളിൽ എത്തിയത്. എന്നാൽ അതിനോടകം തന്നെ നടി എന്ന നിലക്ക് ഉർവ്വശി തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയായി തീർന്നിരുന്നു. കാട് പ്രധാന പശ്ചാത്തലമായി വരുന്ന ആ സിനിമയിൽ തെന്നിന്ത്യൻ സിനിമയിലെ ത്രസിപ്പിക്കുന്ന താരറാണി സിൽക്ക് സ്മിതയും അഭിനയിച്ചിട്ടുണ്ടായിരുന്നു. അല്പവസ്ത്രധാരിണിയായ ഒരു ആദിവാസിപ്പെണ്ണിന്റെ വേഷമായിരുന്നു ചിത്രത്തിൽ സ്മിതക്ക്.

ഒരു ജനതയെ മുഴുവൻ തന്റെ മാദകത്വം കൊണ്ട് അനുദിനം ഉത്തേജിപ്പിച്ചിരുന്നുവെന്ന നാട്യം ഒരു കാലത്തും തന്റെ ശരീരഭാഷയിലോ സഹതാരങ്ങളോടുള്ള പെരുമാറ്റത്തിലോ പുലർത്താത്ത നടിയായിരുന്നു സിൽക്ക് സ്മിത. 'തൊടരുമുറവ്' എന്ന സിനിമയുടെ മർമപ്രധാനമായ ഭാഗങ്ങൾ എല്ലാം തന്നെയും കാട്ടിൽ വച്ചായിരുന്നു ചിത്രീകരിച്ചത്. ഈ സിനിമയുടെ സെറ്റിൽ വച്ചാണ് ആദ്യമായി ഉർവ്വശി, സിൽക്ക് സ്മിതയെ നേരിട്ട് കാണുന്നത്

ആ സിനിമയിൽ നായികയായി അഭിനയിക്കുമ്പോൾ ചെറിയ കുട്ടിയായിരുന്നു ഉർവ്വശി. ഏതാണ്ട് 12/13 വയസ്സ് മാത്രം പ്രായം. വലിയ പെൺകുട്ടി എന്ന് പ്രഥമ ദൃഷ്‌ട്യാ തോന്നിപ്പിക്കാൻ വേണ്ടി ദേഹമാസകലം എക്സ്ട്രാ ഫിറ്റിംഗ്സ് വച്ചുകെട്ടിയായിരുന്നു ഉർവ്വശിയുടെ അഭിനയം. അതൊക്കെ എങ്ങനെ വയ്ക്കണം. . എവിടെ വയ്ക്കണം എന്നെല്ലാം ഉർവ്വശിക്ക് അതത് സമയങ്ങളിൽ കൃത്യമായി പറഞ്ഞു കൊടുത്തിരുന്നത് സ്മിതയായിരുന്നു. . "അത് അപ്പടി വെയ്ങ്കോ". . "ഇത് ഇപ്പടി വെയ്ങ്കോ" എന്നെല്ലാം ശുദ്ധമായ തമിഴിൽ ഉർവ്വശിയെ പറഞ്ഞു മനസ്സിലാക്കിയത് സ്മിതയായിരുന്നു. സെറ്റിൽ സഹതാരങ്ങളോട് കാര്യമായ അടുപ്പം പുലർത്താത്തവൾ എന്ന വിശേഷണം അഭിനയജീവിതത്തിലുടനീളം നിരന്തരം കേട്ടിരുന്ന സ്മിത, എന്നാൽ ഉർവ്വശിയുമായി മരണം വരെയും അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.

'തൊടരുമുറവ്' എന്ന സിനിമയുടെ ഷൂട്ടിങ് ഇടവേളകളിൽ ഒരു ചെറിയ കസേരയിൽ സ്മിത വന്നിരിക്കും. അവരുടെ നേരെ എതിർവശത്ത് മറ്റൊരു കസേരയും വച്ചിട്ടുണ്ടാകും. അതിന് മുകളിൽ തന്റെ കാൽ കയറ്റി വച്ച്, ശേഷം കാലിന് മുകളിൽ ഒരു തോർത്ത് വച്ചു വിരിച്ച് അവർ ഉർവ്വശിയെ മാടി വിളിക്കും.

'ഇങ്കെ വാ' എന്ന് പറഞ്ഞ് അവരുടെ മടിയിൽ ഓടി വന്നിരിക്കുമ്പോൾ തന്റെ ഭാരം അവർക്ക് അനുഭവപ്പെടരുത് എന്ന കരുതി പമ്മിപ്പതുങ്ങി ഇരിക്കുന്ന ഉർവ്വശിയെ കാണുമ്പോൾ സ്മിത പുഞ്ചിരിക്കുമായിരുന്നുവെത്രേ. ആദ്യമായി സിൽക്ക് സ്മിതയെ പരിചയപ്പെട്ട അനുഭവം ഇങ്ങനെയാണ് ഒരിക്കൽ ഉർവ്വശി ഓർത്തെടുത്തത്.  കുറച്ച് കാലത്തിന് ശേഷം സ്മിതയുടെ കൂടെ വർക്ക് ചെയ്ത മറക്കാനാകാത്ത മറ്റൊരു സംഭവം കൂടി ഉർവ്വശി എടുത്ത് പറഞ്ഞിട്ടുണ്ട്

1980കളുടെ മധ്യപകുതി

ഉർവ്വശിയുടെ ആദ്യകാല തെലുങ്ക് സിനിമകളിലൊന്നിന്റെ ചിത്രീകരണം ഹൈദരാബാദിൽ വച്ച് നടക്കുന്നു

അക്കാലത്ത് തെലുങ്കിൽ പൊന്നുംവിലയുള്ള സൂപ്പർതാരമാണ് നായകൻ. സിനിമയിൽ സിൽക്ക് സ്മിതയും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. പതിവിന് വിരുദ്ധമായി അത്യാവശ്യം അഭിനയസാധ്യതയുള്ള ക്യാരക്ടർ റോൾ ആയിരുന്നു ഈ സിനിമയിൽ സിൽക്കിന്റേത്.  ഷൂട്ടിങ്ങിനിടെ സിനിമയിലെ അഭിനേതാക്കളെ കണ്ട് ആരാധകർ പൊതിയുന്നു

നായകനടനും ഉർവശിയുമുൾപ്പടെയുള്ള അഭിനേതാക്കൾ ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്നു.  ഇരുവരെയും ആരാധകർ വന്ന് പൊതിഞ്ഞ സമയത്ത്, സ്മിത പെട്ടെന്ന് തന്നെ ലൊക്കേഷനിൽ നിന്ന് അപ്രത്യക്ഷയായി. ഉർവ്വശി നോക്കുമ്പോൾ സ്മിതയെ സെറ്റിൽ എവിടെയും കാണാനില്ല

ആരാധകരുടെ തിരക്കെല്ലാം ഒഴിഞ്ഞ സമയം ഉർവ്വശി, സ്മിതയുടെ അരികിൽ പോയിരുന്ന് ചോദിച്ചു.

"നിങ്ങൾ എന്ത് കൊണ്ടാണ് ആൾക്കൂട്ടത്തെ കാണുമ്പോൾ ഇങ്ങനെ ഒഴിഞ്ഞു മാറി നിൽക്കുന്നത്"

ഉടൻ വന്നു സിൽക്ക് സ്മിതയുടെ മറുപടി

"ഉർവ്വശീ. . നിങ്ങളെ കാണുന്ന പോലെയല്ല ആളുകൾ എന്നെ കാണുന്നത്. . നിങ്ങൾ, അവരുടെ കണ്ണിൽ നടിയാണ്. . ഞാൻ അവർക്ക് വെറും സെക്‌സ് സിംബൽ മാത്രമാണ്"

മറുപടിയായി സിൽക്ക് സ്മിതയോട് ഉർവശി പറഞ്ഞത് ഇങ്ങനെ

"സ്മിതാ. . എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്. . എനിക്ക് തോന്നുന്നത് നിങ്ങളുടെ ചുണ്ടുകളുടെ പ്രത്യേക ആക്ഷൻ കാരണമാണ് സിനിമയിൽ അഭിനയിക്കുമ്പോൾ പ്രേക്ഷകർക്ക് നിങ്ങളെ സെക്സി ആയി തോന്നുന്നത് എന്നാണ്. നിങ്ങൾ ഇപ്പോൾ എന്നോട് സംസാരിച്ച ഈ ടോൺ ഉണ്ടല്ലോ, ഇത് തന്നെ സിനിമയിലും ഉപയോഗിച്ചു നോക്കിയാൽ എന്താണ്"??

"ഇല്ല. . ഉർവശി. . ഞാൻ നിരന്തരം ഇങ്ങനെ അഭിനയിച്ച് ഇതെന്റെ ശൈലി ആയിപ്പോയി. മാത്രമല്ല, ഈ ശൈലി ഞാൻ മാറ്റിപ്പിടിച്ചാൽ തന്നെ അത് സംവിധായകർ അനുവദിച്ചു തരണമെന്നുമില്ല"

ഒന്ന് ശ്രമിച്ചു നോക്കൂയെന്ന ഉർവശിയുടെ സ്നേഹപൂർണമായ പിന്തുണ.

'ഞാൻ അങ്ങനെ അഭിനയിച്ചാൽ നിങ്ങൾ എന്നെ സപ്പോർട്ട് ചെയ്യുമോ' എന്നായിരുന്നു സ്മിതയുടെ മറുചോദ്യം"

ചെയ്യാമെന്ന് പറഞ്ഞ് ഉർവ്വശി പിന്തുണച്ചതോടെ സ്മിതക്കും വലിയ ആത്മവിശ്വാസം.

അടുത്ത ഷോട്ടിൽ ഡയറക്ടർ ആക്ഷൻ പറഞ്ഞപ്പോൾ സ്മിത സംസാരിച്ചു. . തീർത്തും സാധാരണക്കാരിയെ പോലെ

പെട്ടെന്ന് ഡയറക്ടർ ക്ഷുഭിതനായി

"നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്. . നിങ്ങൾ ആരെപ്പോലെയാണ് അഭിനയിക്കുന്നത്"??

"സാർ" സ്മിത പേടിച്ചു വിറച്ചു പോയിരുന്നു

ഡയറക്ടർ തുടർന്നു

"നിങ്ങൾ ഉർവ്വശിയെ പോലെ അഭിനയിക്കണ്ട. . നിങ്ങൾ സിൽക്ക് സ്മിതയായി തന്നെ അഭിനയിച്ചാൽ മതി"

രംഗം വഷളാകുമെന്ന് കണ്ടപ്പോൾ ഉർവശി തന്നെ ഇടപെട്ടു

"സാർ. . സ്മിതക്ക് ഈ സിനിമയിൽ ക്യാരക്ടർ റോൾ അല്ലേ. . പിന്നെ എന്താണ് പ്രശ്നം"?

ഉടൻ സംവിധായകന്റെ ക്ഷോഭിച്ചുള്ള മറുപടി

"ക്യാരക്ടർ റോൾ ആയാലും ശരി, അല്ലെങ്കിലും ശരി. . ഞാൻ ഈ സിനിമയിൽ സിൽക്ക് സ്മിതയെ കാസ്റ്റ് ചെയ്‌തത്, സിൽക്ക് സ്മിതയായി അഭിനയിക്കാനാണ്. . അങ്ങനെ അല്ലായിരുന്നുവെങ്കിൽ എനിക്ക് വേറെ ഏതെങ്കിലും നടിയെ വിളിച്ച് അഭിനയിപ്പിച്ചാൽ മതിയായിരുന്നല്ലോ, ഇവരെ വിളിക്കേണ്ട ആവശ്യമില്ലായിരുന്നല്ലോ"??

ഉർവശിക്ക് മറുപടി ഉണ്ടായിരുന്നില്ല

സ്മിത അവരെ നോക്കി ഒന്ന് മന്ദഹസിച്ചു

പിന്നെ. .

ഒന്നും മിണ്ടാതെ. .

അഭിനയിച്ചു

പഴയ സിൽക്ക് സ്മിതയായി തന്നെ

സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും വല്ലാതെ ആഗ്രഹിച്ചെങ്കിലും നിരന്തരമായ താളപ്പിഴകളെത്തുടര്‍ന്ന് ഒരു സുപ്രഭാതത്തിൽ ജീവിതത്തിന് വിരാമമിടാന്‍ നിര്‍ബന്ധിതയായ ഈ നടി ഇപ്പോഴും ഒരു വേദനയാണ്. ഇന്നും അഭിനേത്രി ആയല്ല, മറിച്ച് ഒരു സെക്സ് സിംബലായാണ് ബഹുഭൂരിപക്ഷം പ്രേക്ഷകരും അവരെ ഓർത്തെടുക്കുന്നത് എന്നാണ് യാഥാര്‍ത്ഥ്യം (അവർ, അങ്ങനെ ആഗ്രഹിച്ചിരുന്നില്ലെങ്കിൽ പോലും) ക്ഷണികമായ ഇടവേളയിലെപ്പോഴോ കാലയവനികക്കുള്ളിൽ മറഞ്ഞ അവരുടെ ഓർമകൾ, സിനിമയും ജീവിതവും തമ്മിൽ ഇപ്പോഴും നിലനിൽക്കുന്ന അസ്പൃശ്യതയെക്കുറിച്ച് ഒരു തുറന്ന പുസ്‌തകം പോൽ നമ്മളോട് സംവദിക്കുന്നു.

 ആന്ധ്രാപ്രദേശിലെ വിജയലക്ഷ്മിയെന്ന പെൺകുട്ടിയും വിവാഹവും

1960 ഡിസംബർ 2ന് ആന്ധ്രാപ്രദേശിലെ ഏലൂരിലെ ദെൻഡുലുരു മണ്ഡലിലെ കോവ്വലി ഗ്രാമത്തിൽ രാമല്ലുവിന്റേയും സരസമ്മയുടേയും മകളായായാണ് വിജയലക്ഷ്മി വഡ്ഡലപട്ല എന്ന യഥാർത്ഥ നാമധേയത്തിനുടമയായ സിൽക്ക് സ്മിതയുടെ ജനനം. ദാരിദ്ര്യം നിറഞ്ഞു നിന്ന കുടുംബാന്തരീക്ഷം ആയിരുന്നു അവരുടേത്. വിജയലക്ഷ്മി എന്ന നാമം ചെറുപ്പത്തിൽ തന്നെ സ്മിത എന്നവർ തിരുത്തുകയാണുണ്ടായത്. കടുത്ത സാമ്പത്തികപ്രതിസന്ധി മൂലം നാലാം ക്ലാസിൽ വച്ച് തന്നെ ആ പെൺകുട്ടിക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നു. വളരെ ചെറുപ്പത്തിൽ തന്നെ ആ പെൺകുട്ടിയെ ഒരു കാളവണ്ടിക്കാരനെ കൊണ്ട് അവളുടെ വീട്ടുകാർ കല്യാണം കഴിപ്പിച്ചു. എന്നാൽ ഭർത്താവിന്റെ വീട്ടിൽ നിന്നുള്ള കൊടിയ പീഡനത്തെത്തുടർന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിവരാൻ അവർ നിർബന്ധിതയാകുകയിരുന്നു. ശേഷം ഒരു മില്ലിൽ കുറച്ച് കാലം ജോലി ചെയ്തു.

ഒരു കുഗ്രാമമെന്ന് തന്നെ വിശേഷിപ്പിക്കാവുന്നിടത്ത് നിന്നാണ് വെള്ളിത്തിരയുടെ പ്രഭാവലയത്താല്‍ ആകൃഷ്ടയായി ഇരുണ്ട നിറമുള്ള ആ പെണ്‍കുട്ടി തന്റെ ആന്റിക്കൊപ്പം തെന്നിന്ത്യൻ സിനിമയുടെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കാവുന്ന മദ്രാസിലേക്കെത്തുന്നത്. തെലുങ്ക് സിനിമാവൃത്തങ്ങളിൽ ചില അകന്ന ബന്ധുക്കൾ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും സിനിമ എന്നും സ്മിതക്ക് അന്യമായിരുന്നു. സിനിമാനടികളുടെ സഹായിയായും മേക്കപ്പ് അസിസ്റ്റന്റുമായിട്ടാണ് സ്മിത സിനിമാലോകത്തേക്ക് പ്രവേശിക്കുന്നത്. മേലേപറമ്പിൽ ആൺവീട്, ലേലം, തെങ്കാശിപ്പട്ടണം തുടങ്ങിയ സിനിമകളിലെ ഗൗണ്ടർ വേഷങ്ങൾ വഴി മലയാളികൾക്ക് സുപരിചിതനായ നടൻ വിനു ചക്രവര്‍ത്തി, സ്മിതയെ കണ്ടെത്തുന്നതാണ് സിനിമാ ജീവിതത്തിലെ അവരുടെ വഴിത്തിരിവ്

വിനു ചക്രവർത്തി, സ്മിതയെ കണ്ടെത്തുമ്പോള്‍ അത്രയൊന്നും ഗ്ലാമറില്ലാത്ത വെറും സാധാരണ പെൺകുട്ടിയായിരുന്നു സ്മിത. എന്നാൽ അവളുടെ കണ്ണുകളുടെ അസാധാരണമായ വശ്യതയായിരുന്നു അദ്ദേഹത്തെ ആകർഷിച്ചത്. സ്മിതക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുകയും ഡാൻസ് പഠിപ്പിക്കാൻ മുൻകൈ എടുത്തതുമെല്ലാം വിനു ചക്രവർത്തിയും ഭാര്യയും ചേർന്നായിരുന്നു. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള സ്മിത, ആംഗലേയഭാഷ മനോഹരമായി കൈകാര്യം ചെയ്യുന്നത് അവരുടെ അഭ്യുദയാകാംക്ഷികളിൽ പോലും പിൽക്കാലത്ത് വിസ്മയം ഉളവാക്കിയ കാര്യമാണ്.

മലയാളിയായ സംവിധായകൻ കെ. വിജയൻ ഒരുക്കിയ 'വണ്ടിച്ചക്രം’ എന്ന തമിഴ് സിനിമയിലൂടെയാണ് 1979ൽ സിൽക്ക് സ്‌മിതയുടെ സിനിമാ അരങ്ങേറ്റം. ചിത്രത്തിലെ കാബറേ ഡാൻസറായുള്ള സ്മിതയുടെ വേഷപ്പകർച്ച ജനമനസ്സുകളെ ഏറെ പുളകം കൊള്ളിച്ചു. 'സിൽക്ക്' എന്ന് തന്നെയായിരുന്നു ആ സിനിമയിൽ അവരുടെ കഥാപാത്രത്തിന്റെയും പേര്. അന്ന് മുതലാണ് സിൽക്ക് സ്മിത എന്ന പേര്, വിജയലക്ഷ്മിക്ക് വീണത്. 'സിലുക്ക് സിലുക്ക് സിലുക്ക്' എന്ന സിനിമയിലെ അഭിനയം കൂടിയായപ്പോൾ ആ പേര് അവർക്കുറച്ചു. പിന്നീടങ്ങോട്ട് തെന്നിന്ത്യ കണ്ടത് ലാസ്യഭാവങ്ങളിൽ പകരം വയ്ക്കാനില്ലാത്ത വിധം ആടിത്തിമിർക്കുന്ന സിൽക്കിനെയാണ്. ആദ്യ സിനിമക്ക് ശേഷം സിൽക്ക് സ്മിതയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വിവിധ ഭാഷകളിലായി കൈനിറയെ പടങ്ങൾ

നായികയായും സഹനടിയായും ഐറ്റം ഡാൻസർ ആയും ഏതാണ്ട് 450-ഓളം ചിത്രങ്ങളിൽ സിൽക്ക് സ്മിത എന്ന നടി പാറിപ്പറന്ന് അഭിനയിച്ചു.

മലയാളത്തിൽ ആദ്യമായി സ്മിതക്ക് ഒരവസരം തുറന്നുകിട്ടിയത് 1981ൽ ആന്റണി ഈസ്റ്റമാൻ സംവിധാനം ചെയ്‌ത 'ഇണയെത്തേടി' എന്ന സിനിമയിലൂടെയാണ്. പിൽക്കാലത്ത് സ്വഭാവനടൻ എന്ന നിലയിൽ ശ്രദ്ധേയനായി തീർന്ന നടൻ കലാശാല ബാബുവായിരുന്നു ആ സിനിമയിലെ നായകൻ. ബാബു എന്ന പേരിൽ തന്നെയാണ് ആ സിനിമയിൽ നായകനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചത്

സിനിമയിൽ കാബറേ/ഐറ്റം ഡാൻസ് വഴി സിൽക്ക് സ്മിത നേടിയെടുത്ത ഉന്നതികൾ ചെറുതായിരുന്നില്ല. അപ്പോഴേക്കും അവർ ഒരു സെക്സ് സിംബലായി മാറിയിരുന്നു. കുത്തുവാക്കുകളും പേരുദോഷങ്ങളും നാൾക്ക് നാൾ വർദ്ധിച്ചുകൊണ്ടിരുന്നു. മനോഹരമായ കണ്ണുകളും വികാരം ത്രസിക്കുന്ന ചുണ്ടുകളും ആരെയും മയക്കുന്ന അഴകളവുകൾ കൊണ്ടും അനുഗ്രഹീതയായ അഭിനേത്രിയായിരുന്നു സ്‌മിത. യുവാക്കളെ ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകൾ സിൽക്കിനെ അതിവേഗം പ്രശസ്തിയിലേക്ക് ഉയർത്തി. 17 വർഷക്കാലം അവർ തെന്നിന്ത്യൻ സിനിമകളിലെ അവിഭാജ്യഘടകമായി. അക്കാലത്ത് സിൽക്കിന്റെ അത്ര സ്വാധീനശക്തിയുള്ള/ആകർഷണത്വമുള്ള മറ്റൊരു മാദകനടിയും ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല. തമിഴ്‌, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നിങ്ങനെ വ്യത്യസ്ത ഭാഷകളിൽ അഭിനയിക്കുക വഴി ഐറ്റം ഡാൻസിൽ അവർ സ്വന്തമായൊരു വ്യക്തിമുദ്ര പതിപ്പിച്ചു. ശാസ്ത്രീയമായി ഡാൻസ് അഭ്യസിച്ചിട്ടില്ലാത്ത സ്മിത, എന്നാൽ സ്വന്തമായി അഭ്യസിപ്പിച്ചെടുത്ത നൃത്തച്ചുവടുകൾ സിനിമയിൽ പ്രകടിപ്പിക്കുകയായിരുന്നു. നൃത്തത്തിലെ തനിക്കുള്ള പോരായ്മകളെ ശരീരഭാഷയും എക്സ്പ്രഷനും കൊണ്ട് മറികടന്ന അഭിനേത്രി കൂടിയാണവർ.

ചടുലമായ നൃത്തച്ചുവടുകൾകൊണ്ട് പ്രേക്ഷകരെ ഉന്മാദത്തിലാഴ്ത്താൻ ഹ്രസ്വകാലം കൊണ്ട് തന്നെ സിൽക്കിന്‌ സാധിച്ചു. അംഗലാവണ്യം കൊണ്ടും ശരീരഭാഷ കൊണ്ടും സ്മിത വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ ജനതയുടെ ആഘോഷമായി മാറി. മറ്റേത് താരറാണിയേക്കാളും ആരാധകവൃന്ദം സ്മിതക്ക് അന്ന് സ്വന്തമായി ഉണ്ടായിരുന്നു. അവർ കടിച്ച ആപ്പിൾ ലേലത്തിൽ വാങ്ങുവാനും അവർ അണിഞ്ഞ വസ്ത്രങ്ങൾ സ്വന്തമാക്കാനും ജനങ്ങൾ തിരക്കുകൂട്ടി.

എണ്‍പതുകളുടെ തുടക്കത്തിലാണ് തെന്നിന്ത്യയിലെ ഒരു അഭിനേത്രിക്കും സ്വപ്നം കാണാൻ പോലും സാധിക്ക തക്കവണ്ണം മാദകത്തിടമ്പ് എന്ന ലേബലിലേക്കുള്ള സിൽക്ക് സ്മിതയുടെ പരിണാമം. തമിഴിലും തെലുങ്കിലും അവർ സജീവമായി. ഹിന്ദിയടക്കമുള്ള ഭാഷകളിൽ അവർ നിറഞ്ഞുനിന്നു, പ്രത്യേകിച്ച് രജനികാന്ത് അടക്കമുള്ള അക്കാലത്ത് തമിഴ്/തെലുങ്ക് ഇൻഡസ്ട്രികളിലെ ഒട്ടുമിക്ക സൂപ്പർതാര ചിത്രങ്ങളിലും സ്മിതയുടെ ഒരു ഐറ്റം സോങ്/ഒരു കാബറേ ഡാൻസ് നിർബന്ധമായിരുന്നു. . തനിക്ക് മുൻപും പിൻപും വന്ന അനുരാധ. . കുയിലി. . ഡിസ്കോ ശാന്തി. . ജയമാലിനി. . ജ്യോതി ലക്ഷ്മി തുടങ്ങിയ മാദകനടിമാർക്കല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വാധീനമായി തീർന്നത് സിൽക്ക് സ്മിത തുറന്നിട്ട പാതകളായിരുന്നു. എന്നിരുന്നാലും ഇവർക്കാർക്കും സിൽക്ക് സ്മിത സൃഷ്ടിച്ച തരംഗം പുനരവതരിപ്പിക്കാൻ കഴിഞ്ഞില്ല

യുവാക്കൾക്കിടയിൽ എക്കാലത്തും സിൽക്കിന് വലിയ സ്വാധീനം ഉണ്ടായിരുന്നു. സിൽക്കിന്റെ ശരീരപ്രദർശനമുൾപ്പെടുന്ന ഗാനരംഗങ്ങൾ കാണാൻ വേണ്ടി മാത്രം അവരഭിനയിച്ച സിനിമകൾ കാണുന്ന ആളുകളും അക്കാലത്ത് സുലഭമായിരുന്നു. ഒരു നടി കടിച്ച ആപ്പിള്‍ ഏതാണ്ട് 38000 രൂപക്ക് ലേലം ചെയ്തു പോയെന്ന സ്ഥിതിവിശേഷം മാത്രം ചിന്തിച്ചാൽ മനസ്സിലാക്കാൻ സാധിക്കും അക്കാലത്ത് അവരുടെ ജനപ്രീതിയുടെ അളവുകോൽ എന്തായിരുന്നുവെന്ന്. മുപ്പത്തെട്ടായിരം രൂപയ്ക്ക് ലേലം കൊണ്ട ആപ്പിളിന് മോഹവിലയുമായ് പിന്നേയും ആളുകളെത്തിയെന്നും ഒടുവില്‍ ലാത്തിച്ചാര്‍ജ്ജ് വേണ്ടിവന്നു ആളുകളെ പായിക്കാൻ എന്നെല്ലാം ഇതിനോട് അനുബന്ധമായി പറയുമ്പോൾ തന്നെ ഊഹിക്കാം, സമാനതകളില്ലാത്ത അവരുടെ ജനപ്രീതി!!

തന്റെ പ്രൊഫഷനോട് അങ്ങേയറ്റം കൂറ് പുലർത്തിയിരുന്ന നടിയായിരുന്നു സിൽക്ക് സ്മിത. ഷൂട്ടിങ് സെറ്റിൽ സമയത്ത് വന്നിരുന്ന സ്മിത ഒരു നടിയെന്ന നിലക്ക് അങ്ങേയറ്റം പ്രൊഫഷണലും കർക്കശക്കാരിയുമായിരുന്നു. നായികാവേഷങ്ങളിൽ ദീർഘകാലം മിന്നി നിന്ന അഭിനേത്രികൾക്ക് പോലും സ്വന്തമാക്കാൻ കഴിയാത്ത പേരും പെരുമയും, ഹ്രസ്വകാലം കൊണ്ട് നേടിയെടുത്തെന്ന ഖ്യാതിയായിരുന്നു സ്മിതയുടേത്. അക്കാലത്ത് സ്മിതയ്ക്കുമാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഒന്നായിരുന്നു അത്!!

സില്‍ക്ക് സ്മിതയുടെ മികച്ച വേഷങ്ങൾ എണ്ണിയെടുക്കുകയെന്നത് വളരെ ലളിതമായ കാര്യമാണ്. പ്രേക്ഷകസിരകളെ പരിധികളില്ലാതെ ഉത്തേജിപ്പിക്കുക എന്നതിൽ കവിഞ്ഞ യാതൊരു ദൗത്യവും സിൽക്ക് സ്മിത എന്ന അഭിനേത്രിക്ക് അക്കാലത്ത് സംവിധായകർ കല്പിച്ചു നൽകിയിരുന്നില്ല. അവരുടെ ശരീരത്തിന്റെ അഴകളവുകളിലൂടെ ഛായാഗ്രാഹകരുടെ ദാഹിക്കുന്ന ക്യാമറക്കണ്ണുക്കൾ സഞ്ചരിച്ചു. അത് കൊണ്ട് തന്നെ നല്ല വേഷങ്ങൾ ലഭിച്ചതും വളരെ വിരളമായിട്ടായിരുന്നു. എങ്കിലും മാദകവേഷങ്ങളിൽ മാത്രം തളക്കപ്പെടാതെ അപൂർവം നല്ല വേഷങ്ങളും അവരെ തേടിയെത്തി. മൂന്നാം പിറൈ, അലൈഗൾ ഓയ് വതില്ലൈ, കോഴി കൂവുദ് പോലുള്ള തമിഴ്സിനിമകളിലെ വേഷങ്ങളെല്ലാം സിൽക്കിലെ അഭിനേത്രിയെ നന്നായി പരിപോഷിപ്പിച്ചവയാണ്.

മലയാളത്തിൽ ജനപ്രിയ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവരുടെ കൂടെ എണ്ണമറ്റ സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്, അതും നായികയായും സഹനടിയായും ഐറ്റം ഡാൻസറായുമെല്ലാം തന്നെ. മോഹൻലാലിനൊപ്പം 'സ്ഫടികം', മമ്മൂട്ടിക്കൊപ്പം 'അഥർവം' എന്നീ സിനിമകളിൽ സിൽക്ക് സ്മിത പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. സ്മിത ടൈറ്റിൽ വേഷം ചെയ്‌ത 'മിസ്സ് പമീല' എന്ന സിനിമയിൽ സുരേഷ് ഗോപി ആയിരുന്നു നായകൻ. ഈ സിനിമകൾ വഴിയാണ് കേരളത്തിലെ യുവതലമുറ പ്രധാനമായും അവരെ ഓർത്തെടുക്കുന്നത് തന്നെ. സംവിധായകൻ തുളസീദാസ് ഒരുക്കിയ 'ലയനം' എന്ന സോഫ്റ്റ്പോൺ സിനിമയുടെ വമ്പൻ വിജയം മലയാളത്തിൽ അവരുടെ മാർക്കറ്റ് ഒറ്റയടിക്ക് ഉയർത്തി. തെന്നിന്ത്യൻ സോഫ്റ്റ്പോൺ സിനിമകളിലെ നാഴികക്കല്ലായിരുന്നു 'ലയനം' എന്ന സിനിമ. പിൽക്കാലത്ത് മറ്റ് ഭാഷകളിൽ ഇറങ്ങിയ വിവിധങ്ങളായ രതിച്ചിത്രങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും ലയനത്തിന്റെ സ്വാധീനമുണ്ടായിരുന്നു. 'രേഷ്മ കി ജവാനി' എന്ന പേരിൽ ഹിന്ദിയിൽ മൊഴിമാറ്റി പ്രദർശിപ്പിച്ച സിനിമ അവിടെയും വലിയ വിജയം കൊയ്തു. 11 വർഷങ്ങൾക്ക് ശേഷം ഹിന്ദിയിൽ ഈ സിനിമ റീ-റിലീസ് ചെയ്യുകയുണ്ടായി. സിനിമയിൽ ഉൾപ്പെടുത്താത്ത അശ്ലീല രംഗങ്ങളുടെ ബിറ്റുകൾ തിരുകിക്കയറ്റിയാണ് മറ്റ് ഭാഷകളിൽ ഈ സിനിമ പ്രദർശനത്തിന് എത്തിയത് എന്ന ആരോപണം ഉണ്ടായിരുന്നു. ഇത് മലയാളസിനിമയെന്നാൽ അഡൾട്സ് ഓൺലി/ബിഗ്രേഡ് സിനിമകൾ ആണെന്ന അക്കാലത്തെ ഉത്തരേന്ത്യൻ പൊതുസങ്കല്പത്തെ ഒരിക്കൽ കൂടി ഊട്ടിയുറപ്പിച്ചു എന്ന് എടുത്ത് തന്നെ പറയണം. അന്നോളം പ്രേക്ഷകർ ദർശിച്ചിട്ടില്ലാത്ത സിൽക്കിന്റെ ചൂടൻ രംഗങ്ങൾ ആയിരുന്നു യുവപ്രേക്ഷകരെ ഒന്നടങ്കം ഈ സിനിമ കാണാൻ തീയേറ്ററിലേക്ക് ആകർഷിച്ച പ്രധാന ഘടകം. സ്മിതക്ക് പുറമേ അക്കാലത്തെ ഗ്ലാമർ താരങ്ങളായ അഭിലാഷയുടെയും ദേവിശ്രീയുടെയും സാന്നിദ്ധ്യം സിനിമയ്ക്ക് ഗുണം ചെയ്തു. തെന്നിന്ത്യയിലെ പ്രശസ്ത നിർമാതാവ് ആർ. ബി. ചൗധരി നിർമിച്ച ഈ സിനിമയിൽ നടി ഉര്‍വ്വശിയുടെ സഹോദരന്‍ നന്ദുവായിരുന്നു നായകന്‍. ജെറി അമൽദേവ് ഈണമിട്ട ഈ സിനിമയിലെ സുന്ദരമായ ഗാനങ്ങൾ പക്ഷേ ബി-ഗ്രേഡ് സിനിമയിലെ പാട്ടുകൾ എന്ന കാരണം കൊണ്ട് തഴയപ്പെടുകയാണുണ്ടായത്. ലയനത്തിലെ നായകൻ നന്ദുവും സ്മിതയെ പോലെ ജീവനൊടുക്കിയെന്നത് മറ്റൊരു യാദൃച്ഛികത. സഹോദരൻ അകാലത്തിൽ അന്തരിച്ചപ്പോൾ തന്നെ വീട്ടിലെത്തി ആദ്യം ആശ്വസിപ്പിച്ചത് സ്മിതയായിരുന്നു എന്ന് ഉർവ്വശി അനുസ്മരിച്ചിട്ടുണ്ട്

1980കളുടെ മധ്യപകുതിയിൽ മലയാളത്തിൽ തരംഗമായി മാറിയ മസാല സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു സിൽക്ക് സ്മിത. ഒരു സോഫ്റ്റ്പോൺ നായിക എന്ന നിലയിൽ വിരാജിച്ച അവരുടെ ഇത്തരം ഇമേജിനെ കുടുംബസിനിമകളിൽ ഉപയോഗിക്കുന്നതിന് അക്കാലത്തെ കുടുംബസിനിമകളുടെ സംവിധായകരും മടിച്ചുവെന്നത് യാഥാർത്ഥ്യം മാത്രമാണ്. അഥർവം എന്ന സിനിമയിൽ സ്മിതക്ക് നായികാപ്രാധാന്യമുള്ള റോൾ നൽകിയത് കൊണ്ട് തന്നെ ആ സിനിമക്ക് കുടുംബപ്രേക്ഷകർക്കിടയിൽ നേരിട്ട തെറ്റിദ്ധാരണകളെക്കുറിച്ച് സംവിധായകൻ ഡെന്നീസ് ജോസഫ് തന്നെ പലവട്ടം തുറന്ന് പറഞ്ഞതാണ്

കരിയറിന്റെ അവസാന കാലത്ത് സ്മിത തീർത്തും ഒതുങ്ങിപ്പോയെന്ന് തന്നെ പറയാം. മഴവിൽക്കൂടാരം, ത്രീമെൻ ആർമി, പള്ളിവാതുക്കൽ തൊമ്മിച്ചൻ, കിരീടമില്ലാത്ത രാജാക്കന്മാർ, സുൽത്താൻ ഹൈദരാലി തുടങ്ങിയ ലോ-ബജറ്റ് കോമഡി സിനിമകൾ വഴിയാണ് അവർ അവസാനകാലത്ത് മലയാളത്തിൽ തന്റെ സാന്നിദ്ധ്യം അറിയിച്ചത്. തമിഴിലും തെലുങ്കിലും ഏതാണ്ട് ഇത് തന്നെയായിരുന്നു അവസ്ഥ. ജെ. വില്ല്യംസ് സംവിധാനം ചെയ്ത 'ജെന്റിൽമാൻ സെക്യൂരിറ്റി' എന്ന മലയാളസിനിമയിലെ ഒരു ഗാനരംഗത്തിൽ അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടതിന്റെ പേരിൽ ഏറെ വിമർശനങ്ങളും അവർ ക്ഷണിച്ചു വരുത്തി. ഒരു അഭിനേത്രി എന്ന നിലക്ക് ഈ സിനിമകളൊന്നും തന്നെയും യാതൊരു ഗുണവും അവർക്ക് സമ്മാനിച്ചില്ല. ഇത് കൂടാതെ കുറെയേറെ മസാലസിനിമകളിലും അക്കാലത്ത്, അവർക്ക് അഭിനയിക്കേണ്ടതായി വന്നു. ഹൈജാക്ക്, സുഖവാസം, അറബിക്കടലോരം പോലുള്ള അവസാനകാലത്തെ സ്മിതയുടെ മലയാളസിനിമകളെല്ലാം അവരുടെ നിർലോഭമായ മേനിപ്രദർശനത്തെ മാത്രം മുൻനിർത്തി നിർമിക്കപ്പെട്ട സിനിമകളാണ്

ഒരു ജനതയെ മുഴുവൻ തന്റെ ആകാരവടിവ് കൊണ്ടും ചടുലമായ നൃത്തച്ചുവടുകൾ കൊണ്ടും ത്രസിപ്പിച്ച സിൽക്ക് സ്മിതയുടെ ജീവിതം എന്നാൽ അവരുടെ, സമകാലികരായ മറ്റേതൊരു സിനിമാതാരത്തേയും പോലെ സുഖകരമായ ഒന്നായിരുന്നില്ല. പുറംലോകമറിയാത്ത നിഗൂഢതകൾ സിൽക്കിനെ എപ്പോഴും അലട്ടിക്കൊണ്ടിരുന്നു. കടുത്ത ഈശ്വരവിശ്വാസി ആയിരുന്ന സ്മിത വലിയ ദാനശീല കൂടിയായിരുന്നു. തന്റെ സഹായം ആവശ്യമായി വരുന്നവർക്ക് ഉദാരമായ സഹായഹസ്തങ്ങൾ ചെയ്തു കൊടുക്കുമായിരുന്നു സ്മിത. അവസാനകാലത്ത് അവരെ കടുത്ത ഏകാന്തതയും വിഷാദരോഗവും അലട്ടിയിരുന്നതായി പറയപ്പെടുന്നു. സ്മിത മദ്യത്തിന് അടിമയാണെന്ന രീതിയിലുള്ള വാർത്തകളും നിരന്തരം പുറത്ത് വന്നിരുന്നു. സ്വന്തമായി നിർമിച്ച സിനിമ പരാജയപ്പെട്ടതും അവർക്ക് വലിയ ക്ഷീണമായി. മാദകറാണി എന്ന വിളിപ്പേരിനപ്പുറം താൻ സമൂഹത്തിനു മുന്നിൽ സ്വയം ആഘോഷിക്കപ്പെടുകയാണെന്ന സത്യം അവർക്ക് വലിയ ആഘാതമുണ്ടാക്കി. തന്റെ ശരീരം മാത്രമാണ് ജനങ്ങൾ ആസ്വദിക്കുന്നത് എന്ന ആത്യന്തികമായ തിരിച്ചറിവായിരിക്കാം ജീവനൊടുക്കാൻ അവരെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളിലൊന്ന്.

1996 സെപ്റ്റംബര്‍ 23ന്, തന്റെ 36ആം വയസ്സില്‍ ചെന്നൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒരു സാരിത്തുമ്പിൽ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോഴും പ്രേക്ഷകരെ ഓരോ ചിത്രത്തിലും ഉന്മാദിയാക്കുക എന്ന ദൗത്യമേല്‍പ്പിക്കപ്പെട്ട വെറുമൊരു നടി മാത്രമായിരുന്നു അവർ. ഒന്നരപ്പതിറ്റാണ്ട് മുഴുവൻ തെന്നിന്ത്യൻ സിനിമയിൽ നിറശോഭയാൽ ജ്വലിച്ചു നിന്ന സിൽക്ക് സ്മിതയെന്ന അഭിനേത്രിയെ വെറുമൊരു ശരീരം മാത്രമായാണ് ചലച്ചിത്രലോകം പരിഗണിച്ചിരുന്നത് എന്നതിന് തെളിവായിരുന്നു മരണസമയത്ത് പോലും അവരോട് മൃതദേഹത്തോട് കാണിച്ച അനാദരവ്. സില്‍ക്ക് സ്മിതയുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് വരെ ചിത്രങ്ങളിറക്കിയെന്ന് പറയപ്പെടുന്നു. സ്മിതയുടെ മരണം മൊത്തത്തിൽ ഒരു ‘ഷോക്ക്’ ആയിരുന്നെങ്കിൽ പോലും അതിന്റെ ആഘാതം പുറമേക്ക് പ്രകടിപ്പിക്കാതിരിക്കാന്‍ സിനിമാലോകം പ്രത്യേകം ശ്രദ്ധിച്ചുവെന്നത് എടുത്ത് തന്നെ പറയണം. മരണവിവരമറിഞ്ഞ് എത്തിയവരുടെ എണ്ണമെടുത്താൽ പോലും സിനിമാമേഖലയില്‍ നിന്നുള്ളവർ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. സഹപ്രവർത്തകരുടെ ഇരട്ടത്താപ്പിനെയും കാപട്യത്തെയും തുറന്ന് കാണിച്ച അവരുടെ മരണം, നീതി ലഭിക്കാത്ത ശരികേടിന്റെ ഒന്നാന്തരം ഓർമപ്പെടുത്തൽ കൂടിയാണ്

ഇൻഡട്രിയിൽ സിൽക്ക് സ്മിതയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ നടി അനുരാധയായിരുന്നു. സമകാലികരായി സിനിമയിൽ കരിയർ ആരംഭിച്ച ഇരുവരും അടുത്ത ആത്മബന്ധം കാത്തു സൂക്ഷിച്ചിരുന്നു. സിൽക്ക് സ്മിത നിർമ്മിച്ച 'പെൺസിംഹം' എന്ന ചിത്രത്തിൽ ഐറ്റം ഡാൻസ് ചെയ്യാൻ പോകുമ്പോഴാണ് അവർ തമ്മിൽ അടുത്ത് പരിചയപ്പെടുന്നത്. ആ സിനിമയിൽ നായികയായി സിൽക്ക് സ്മിതയും മറ്റൊരു പ്രധാന റോളിൽ ഡിസ്കോ ശാന്തിയും ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഐറ്റം ഡാൻസിനായുള്ള ക്ഷണം അനുരാധയെ തേടിയെത്തുന്നത്. ആ സൗഹൃദം പിന്നീട് കൂടുതൽ ദൃഢമാവുകയായിരുന്നു. അക്കാലത്ത് ഇരുവരുമില്ലാത്ത തമിഴ് സിനിമകൾ നന്നേ കുറവായിരുന്നു. മരണത്തിന് നാല് ദിവസം മുമ്പ് സിൽക്ക് സ്മിത അനുരാധയുടെ വീട്ടിൽ വന്നിരുന്നു. മരിക്കുന്നതിന് തലേന്ന് രാത്രി ഏതാണ്ട് ഒമ്പതരയായപ്പോൾ അനുരാധയെ സ്മിത ഫോണിൽ വിളിച്ചിരുന്നു ‘ഇവിടെ വരെ വരാമോ. . എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്’ എന്ന് പറഞ്ഞായിരുന്നു സ്മിതയുടെ ഫോൺ കോൾ. 'കുറച്ചു പണിയുണ്ട്. . നാളെ വന്നാൽ മതിയോ. . നാളെ കുട്ടികളെ സ്കൂളിൽ വിട്ടിട്ടു വരാം' എന്ന് മറുപടി പറഞ്ഞ് ഫോൺ കട്ട് ചെയ്ത അനുരാധ പക്ഷേ പിറ്റേന്ന് രാവിലെ കാണുന്നത് സിൽക്ക് സ്മിതയുടെ ചേതനയറ്റ ശരീരമാണ്!!

'അന്ന് താൻ അവരെ പോയി കണ്ടിരുന്നുവെങ്കിൽ. . . എന്താണ് അവർക്ക് പറയാനുള്ളതെന്ന് കേട്ടിരുന്നെങ്കിൽ ഒരുപക്ഷേ സിൽക്ക് ഇപ്പോഴും ജീവിച്ചിരുന്നേനെ' എന്ന് വിശ്വസിക്കാനാണ് താൻ ഇപ്പോഴും ആഗ്രഹിക്കുന്നതെന്ന് അനുരാധ ഈയിടെ നൽകിയ ഒരു അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു

സിനിമയെ വെല്ലുന്ന നായികയുടെ ജീവിതം, എന്നാൽ മരണശേഷം മാത്രമാണ് സാംസ്കാരിക മണ്ഡലങ്ങളിൽ സജീവ ചർച്ചാവിഷയമായത്. മരണശേഷം പല മുഖ്യധാരാ മാധ്യമങ്ങളും അവരെ വിശുദ്ധയാക്കാൻ മത്സരിച്ചു. മരിച്ച് 15 വർഷം കഴിഞ്ഞാണ് സ്മിതയുടെ ജീവിതത്തിന് ചലച്ചിത്രഭാഷ്യമുണ്ടാകുന്നത്. സില്‍ക്കിന്റെ ജീവിതകഥയെന്ന രീതിയിൽ 2011 ൽ പ്രദര്‍ശനത്തിനെത്തിയ ബോളിവുഡ് സിനിമയായിരുന്നു വിദ്യ ബാലൻ നായികയായ ’ഡേര്‍ട്ടി പിക്ചർ’ എന്ന ബോളിവുഡ് സിനിമ. 18 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഡേര്‍ട്ടി പിക്ചര്‍ വാരിക്കൂട്ടിയത് ഏതാണ്ട് 114 കോടിയോളം രൂപയാണ്. മിലിൻ ലുത്രിയ സംവിധാനം ചെയ്ത ഈ സിനിമയിൽ സ്മിതയായെത്തിയത് നടി വിദ്യാ ബാലനാണ്. ഇമ്രാൻ ഹാഷ്മി, തുഷാർ കപൂർ, നസറുദീൻ ഷാ എന്നിവ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമയുടെ അഭൂതപൂർവമായ വിജയത്തെ തുടർന്ന് വിദ്യയുടെ മാർക്കറ്റ് ബോളിവുഡിൽ പതിന്മടങ്ങ് വർധിച്ചു. സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും അവരെ തേടിയെത്തി. എന്നാൽ സിനിമയെ സംബന്ധിച്ച് വിനു ചക്രവർത്തിയും സിൽക്കിന്റെ ആദ്യ മലയാള സിനിമയുടെ സംവിധായകൻ ആന്റണി ഈസ്റ്റ്മാനും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സ്മിതയുടെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമേ സിനിമയിൽ കാണിക്കുന്നുള്ളൂവെന്നാണ് വിനു ചക്രവർത്തി ആരോപിച്ചത്. സിനിമ വെളിപ്പെടുത്തിയ സിൽക്ക് സ്മിതയുടെ കഥ അപൂർണ്ണമാണെന്നും നായികയായെത്തിയ വിദ്യാബാലന് സിൽക്കുമായി യാതൊരു സാമ്യവുമില്ലെന്നുമായിരുന്നു ഇരുവരും ഉന്നയിച്ച പ്രധാന ആരോപണങ്ങളിൽ ഒന്ന്. തങ്ങളുടെ കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് സിനിമ ഷൂട്ട് ചെയ്തതെന്നും സിൽക്കിന്റ ജീവിതം മോശമായി ചിത്രീകരിച്ചുവെന്നും പറഞ്ഞ് സ്മിതയുടെ സഹോദരൻ നാഗവരപ്രസാദും രംഗത്തെത്തിയതോടെ സിനിമക്ക് സിൽക്കിന്റെ ജീവിതവുമായി ബന്ധമില്ലെന്ന് പരസ്യമായി പറയേണ്ടി വന്നു സിനിമയുടെ നിർമാതാവ് ഏക്ത കപൂറിന്. സ്മിതയുടെ ജീവിതരഹസ്യങ്ങള്‍ തേടി ഇരുട്ടില്‍ കണ്ണുമിഴിച്ചിരുന്ന പ്രേക്ഷകന് പക്ഷേ, അതിനുള്ള ഉത്തരങ്ങളെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് പുതിയൊരു സില്‍ക്കിനെയാണ് 'ഡേർട്ടി പിക്ചറിലൂടെ' സംവിധായകന്‍ മിലന്‍ ലുത്രിയയും രചയിതാവ് രജത് അറോറയും കാണിച്ചു തന്നതെന്നാണ് യാഥാർത്ഥ്യം

അനിൽ സംവിധാനം ചെയ്ത് സനാ ഖാൻ നായികയായ 'ക്ലൈമാക്സ്' എന്ന മലയാളസിനിമയും പാക് നടി വീണ മാലിക് നായികയായ 'ഡേർട്ടി പിക്ചർ' എന്ന കന്നഡ സിനിമയും സിൽക്കിന്റെ ജീവിതം വിവിധ കോണുകളിലൂടെ പറഞ്ഞ ദക്ഷിണേന്ത്യൻ സിനിമകളാണ്.

സ്മിതയിൽനിന്ന് സിൽക്ക് സ്മിത എന്ന പേരിലേക്കുള്ള ദൂരം അവർ താണ്ടിയത് വളരെ ചുരുങ്ങിയ കാലയളവിലായിരുന്നു.

സിൽക്ക് സ്മിത നിറഞ്ഞാടിയ പാട്ടുകളും സിനിമകളും വർഷങ്ങൾ കഴിയുന്തോറും പുതു തലമുറയിലുള്ളവരും ഏറ്റുപാടുകയാണ്

അഥർവത്തിലെ 'പുഴയോരത്തിൽ പൂന്തോണിയെത്തീലാ'

തുമ്പോളിക്കടപ്പുറത്തില 'ഓളങ്ങളേ. . ഓടങ്ങളേ'

നാടോടിയിലെ 'ജുമ്പാ. . ജുമ്പാ'

സ്ഫടികത്തിലെ 'ഏഴിമലപ്പൂഞ്ചോല'

മലയാളി ഇന്നും കേൾക്കുന്ന എത്രയോ ഹിറ്റ് ഗാനങ്ങൾ

കനൽപ്പാതകളും തിരസ്‌കരണങ്ങളും പിന്നിട്ട് ജീവിതത്തിൽ വിജയം വരിക്കുകയും ഒടുക്കം ചതിക്കപ്പെട്ട് ദുരന്തങ്ങളില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വരികയുമെന്നത്‌ ചിലർക്കെങ്കിലും, ജീവിതം കരുതി വയ്ക്കുന്ന അപ്രവചനീയതയാണ്. സിൽക്ക് സ്മിതക്ക് കാലം കാത്തുവച്ചത് അക്ഷരാർത്ഥത്തിൽ അത് തന്നെയായിരുന്നു

ചുവടുകൾ കൊണ്ടും ഉടലളവുകൾ കൊണ്ടും വെള്ളിത്തിരയിൽ മാദകത്വം വാരിവിതറിയ അവർക്ക് പക്ഷേ, ജീവിതത്തിൽ യാതൊരു ലഹരിയും അവശേഷിപ്പിക്കാൻ സാധിച്ചില്ല എന്നത് കൗതുകമാണ്. മദാലസഭാവത്തിന്റെ മൂര്‍ത്തരൂപമായി പ്രേക്ഷകരുടെ മുന്നില്‍ നിറഞ്ഞാടുന്ന വേളയിലെല്ലാം ആ മനസ്സ് അറിയാതെ പലവുരു വിങ്ങിപ്പൊട്ടിയിട്ടുണ്ടായിരുന്നിരിക്കണം

സിനിമയിൽ വരുമ്പോൾ മുൻഗാമികൾ ഉണ്ടായിരുന്നില്ല സ്മിതയ്ക്ക്. . വിടപറഞ്ഞു പോയപ്പോൾ പിൻഗാമികളും.

മരണക്കുറിപ്പിലെ സ്മിതയുടെ അവസാന വരികൾ ഇങ്ങനെ ആയിരുന്നു

'ഞാൻ, എല്ലാവർക്കും നല്ലതേ ചെയ്തിട്ടുള്ളൂ. . എന്നിട്ടും എന്റെ കൂടെ നിന്നവരൊക്കെ എന്നെ വഞ്ചിച്ചു

'ഞാൻ ആരുമില്ലാത്തവളായി'

'ദൈവമേ. . ഞാൻ എത്ര നിർഭാഗ്യവതിയാണ്'

'എന്ത് കൊണ്ടാണ് എനിക്കിങ്ങനെ'

'എനിക്കിനി വയ്യ'

'ഞാൻ പോകുന്നു'

Relates to: 
സിൽക്ക് സ്മിത
Comment