1994'ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ 'ഹൈവേ'യുടെ രണ്ടാം ഭാഗമെന്ന അറിയിപ്പോടെ ചിത്രീകരണം തുടങ്ങാൻ പോകുന്ന 'ഹൈവേ 2' ഒരു മാസ് പാൻ-ഇന്ത്യൻ സിനിമയായിരിക്കും എന്നാണ് സംവിധായകൻ ജയരാജ് അഭിപ്രായപ്പെടുന്നത്. വെറുമൊരു രണ്ടാം ഭാഗം എന്ന ശ്രമമല്ലാതെ, ഈ കാലഘട്ടം ആവശ്യപ്പെടുന്ന രീതിയിലൊരു ഗംഭീര ത്രില്ലറാണ് പ്ലാൻ ചെയ്യുന്നതെന്നും സംവിധായകൻ പറയുന്നു.
നടൻ സുരേഷ് ഗോപിയുടെ ഈ കഴിഞ്ഞ ജന്മദിനത്തിന്റെ അന്നാണ് 'ഹൈവേ 2' എന്ന പ്രോജക്റ്റിന്റെ അനൗൺസ്‌മെന്റ് ഉണ്ടായത്. അന്നു മുതൽ സോഷ്യൽ മീഡിയയിലെ സിനിമാഗ്രൂപ്പുകളിലൊക്കെ നിറഞ്ഞു നിൽക്കുകയാണ് 'ഹൈവേ' എന്ന സിനിമയും, അതിൽ സുരേഷ് ഗോപി അവതരിപ്പിച്ച റോ ഏജന്റ് ശ്രീധർ പ്രസാദ് എന്ന കഥാപാത്രവും. അനൗൺസ് ചെയ്യപ്പെട്ടതിനു ശേഷം പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്ന പ്രതികരണങ്ങൾ ഏറെ അത്ഭുതപ്പെടുത്തുന്നുവെന്നാണ് ജയരാജ് പറയുന്നത്.
'ജോണി വാക്കർ', 'ഹൈവേ' എന്നീ സിനിമകളുടെ രണ്ടാം ഭാഗം എടുത്തു കൂടെ എന്ന് പലരും ചോദിക്കാറുണ്ടെങ്കിലും, ആദ്യം 'ഹൈവേ 2' തന്നെ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു എന്നും സംവിധായകൻ പറയുന്നു.