കഫേ അഗാപ്പയുടെ കാവൽക്കാരനും സംസ്ഥാന ചലച്ചിത്ര അവാർഡും

Cafe Trivia

അൽഫോൻസ് പുത്രന്റെ പ്രേമമെന്ന സൂപ്പർ ഹിറ്റ് സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും ആളുകൾ മറന്നിട്ടില്ല. പ്രേമത്തിലെ നിവിൻ പോളിയുടെ ജോർജ്ജെന്ന കഥാപാത്രത്തിന്റെ മൂന്നാം എപ്പിസോഡും തട്ടകവുമായ കഫേ അഗാപ്പെ ശ്രദ്ധേയമായിരുന്നു. അതിനോടൊപ്പം കഫേ അഗാപ്പെയുടെ കാവൽക്കാരനായി നിന്ന ആളെയും ആളുകൾ മറക്കാനിടയില്ല. ഷിനോസ് റഹ്മാനാണ് ആ  കാവൽക്കാരനായി വന്നത്. സംശയിക്കേണ്ട, കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി സംസ്ഥാന ചലച്ചിത്ര അവാർഡ് വേദികളിൽ മുഴങ്ങുന്ന പേരുകളിലൊന്നാണ് ഷിനോസ് റഹ്മാൻ. 

ഏകദേശം 12 വർഷക്കാലം മലയാള സിനിമയിലെ മുഖ്യധാരാ എഡിറ്റർന്മാരൊടൊപ്പം വർക്ക് ചെയ്ത പരിചയമാണ് ഷിനോസ് റഹ്മാന്. അനുജൻ സജാസ് സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് സംവിധാനം പഠിച്ച് തിയറ്റർ ലൈറ്റ് ഡിസൈനിംഗിൽ ജോലി ചെയ്തിരുന്നു. ആലുവയിലെ ഫിലിം സൊസൈറ്റികളിൽ നിന്ന് കുട്ടിക്കാലം മുതൽ തന്നെ സിനിമകൾ കണ്ട പരിചയമാണ് രണ്ട് പേരും ഒരുമിച്ച് സിനിമ സംവിധാനം ചെയ്യാനുള്ള പ്രചോദനമായിത്തീർന്നത്. പുതുമുഖങ്ങളെ വച്ച് ചിത്രീകരിച്ച കളിപ്പാട്ടക്കാരൻ എന്ന സിനിമയാണ് ഷിനോസ് ആദ്യമായി സംവിധാനം ചെയ്തതെങ്കിലും സിനിമ റിലീസ് ചെയ്യപ്പെട്ടില്ല. 

2019ൽ സഹോദരനൊപ്പം സംവിധാനം ചെയ്ത വാസന്തിയെന്ന സിനിമയാണ് റഹ്മാൻ ബ്രദേർസിനെ പ്രശസ്തരാക്കുന്നത്.  ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച ചിത്രത്തിനും, മികച്ച തിരക്കഥക്കും മികച്ച സ്വഭാവനടിക്കുമുള്ള അവാർഡുകൾ വാസന്തി കരസ്ഥമാക്കി. മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച സഹനടിക്കുമുള്ള ഫിലിം ക്രിട്ടിക്ക് അവാർഡുകളും വാസന്തി വാരിക്കൂട്ടി.

റഹ്മാൻ ബ്രദേർസിന്റെ അടുത്ത സിനിമയായ ചവിട്ടും 2021ലെ സംസ്ഥാന അവാർഡുകൾ നേടി. മികച്ച രണ്ടാമത്തെ ചിത്രത്തിനും, മികച്ച നൃത്തസംവിധാനത്തിനും, സിങ്ക് സൗണ്ടിനുമുള്ള പുരസ്കാരങ്ങൾക്ക് 'ചവിട്ട്' അർഹമായി. സംസ്കാര റെസിഡൻസ് അസോസിയേഷന്റെ ഏഴാമത് വാർഷികാഘോഷ പരിപാടിയിൽ അവതരിപ്പിക്കാനായി 'ചില്ലറ സമരം' നാടകത്തിന്റെ അണിയറ പ്രവർത്തകർ ഓഡിറ്റോറിയത്തിൽ എത്തുന്നതു മുതൽ നാടകാവതരണം തുടങ്ങുന്നതു വരെയുള്ള സംഭവങ്ങളാണ് സിനിമയിൽ ചിത്രീകരിക്കപ്പെടുന്നത്.

"ഞങ്ങടെ പാട്ട് പോയാ ഞങ്ങള് പാട്യെടുക്കും
ഞങ്ങടെ ചോട് പോയാ ഞങ്ങള് ചവിട്ട്യെടുക്കും
ഇങ്ങടെ ജീവൻ പോയാ ഇങ്ങള് എന്താ ചെയ്യാ ....." എന്ന തരത്തിലൊരു കീഴാള രാഷ്ട്രീയ പ്രസ്താവന കൂടിയാണ് ചവിട്ടെന്ന സിനിമ പറയുന്നത്. നാടകവും സിനിമയും തമ്മിൽ മനോഹരമായി കോർത്തിണക്കുന്നു എന്നതാണ് ചവിട്ടിന്റെ മറ്റൊരു പ്രത്യേകത. ചിത്രം ഒ.ടി.ടികളിൽ പ്രദർശനത്തിനായി കാത്തിരിക്കുന്നു.

 

Relates to: 
ചവിട്ട്
വാസന്തി
ഷിനോസ് റഹ്മാന്‍
സജാസ് റഹ്മാന്‍
Comment