കളർ ബ്ലൈൻഡ് ബ്രില്യൻസ്

Info

സിനിമയെന്ന വലിയ സ്വപ്നങ്ങൾക്ക് മുന്നിൽ ചെറുതും വലുതുമായ പ്രശ്നങ്ങൾ മൂലം പോസ്റ്റായി പോയ ഒരുപാട് പേർക്ക് പ്രചോദനം പകരുന്ന ഒരു കുറിപ്പ് The Indian EXPRESS ൻ്റെ Opinion Column ത്തിൽ, നമ്മടെ സ്വന്തം ദിലീഷ് പോത്തൻ എന്ന ബ്രില്യൻസുകളുടെ തമ്പുരാൻ പോത്തേട്ടൻ്റെതായി കണ്ടതിൻ്റെ പശ്ചാത്തലത്തിൽ, പ്രസ്തുത കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ മലയാളത്തിലാക്കിയതും, മറ്റ് ചില അറിവുകളും പങ്ക് വയ്ക്കുന്നു.

* * * *

“ബാല്യത്തിലും കൗമാരത്തിലുമൊക്കെ എൻ്റെ കാഴ്ചയിൽ ചില പോരായ്മകൾ ഉണ്ടെന്ന് ഞാൻ ശ്രദ്ധിച്ചു. ഉദാഹരണത്തിന്, ഞാൻ ഒരു മങ്ങിയ നിറമുള്ള ഷർട്ട് ഇടുമ്പോൾ, മറ്റുള്ളവർ അതിനെ നല്ല ബ്രൈറ്റ് കളറാണല്ലോ എന്ന് പറയുന്നു. പക്ഷേ, ഞാൻ കളർ ബ്ലൈന്‍ഡ്‌നെസ്‌ (വർണ്ണാന്ധത) ഉള്ളയാളാണെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ചില കളർ കോമ്പിനേഷനുകളെ എങ്ങനെ കണ്ടു എന്നതുമായി ബന്ധപ്പെട്ട് ചില കുറവുകൾ. എൻ്റെ കളർ സെൻസ് മറ്റുള്ളവരിൽ നിന്നും അൽപ്പം വ്യത്യസ്തമാണെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു. എനിക്ക് ഏകദേശം 28 വയസ്സുള്ള കാലം, അസിസ്റ്റന്റ് ഡയറക്ടറായും, ചില ടെലിവിഷൻ ചാനലുകളിലും, ഷോർട്ട് ഫിലിമുകളുടെയും വീഡിയോ ആൽബങ്ങളുടെയും ജോലികളെയും തുടർന്ന് കൊച്ചിയിലെ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഫാക്കൽറ്റിയായി ഞാൻ ജോലി ചെയ്തിരുന്നു.

ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ കാര്യങ്ങളിൽ സഹായിക്കുന്നതിൻ്റെ ഭാഗമായി കാൻഡിഡേറ്റുകളെ തിരഞ്ഞെടുക്കുമ്പോൾ ഒരു വർണ്ണാന്ധത പരിശോധനയ്ക്കുള്ള ക്രമീകരണങ്ങളും ഞങ്ങൾ ചെയ്യണമെന്ന് പാനലിലെ ചില ലക്ചറർമാർ നിർദ്ദേശിച്ചു. അങ്ങനെ ഞങ്ങൾ കുറച്ച് കളർ ബോർഡുകൾ സ്ഥാപിച്ചു, വർണ്ണാന്ധതയുള്ള വിദ്യാർത്ഥികളെ കണ്ടെത്താനുള്ള ഉത്തരവാദിത്തം എന്നെ ഏൽപ്പിക്കുകയും ചെയ്തു. അപ്പോഴാണ് എനിക്ക് കളർ ബ്ലൈന്‍ഡ്‌നെസ്‌ ഉണ്ടെന്ന് മനസ്സിലായത്. എനിക്ക് എൻ്റെ പ്രശ്നം മനസ്സിലായി... പക്ഷേ അതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. അങ്ങനെ, ഞാൻ വർണ്ണാന്ധതയെക്കുറിച്ച് വായിക്കാൻ തുടങ്ങി. മുന്നോട്ട് ഒരു സിനിമാക്കാരൻ ആകാൻ ആഗ്രഹിക്കുന്ന ഒരാൾ എന്ന നിലയിൽ എൻ്റെ ഭാവിയെക്കുറിച്ച് ഞാൻ ടെൻഷനിലായി.

എനിക്ക് വർണ്ണാന്ധത ഉണ്ടെന്ന് അറിഞ്ഞതോടെ ചുറ്റുമുള്ളവരും വല്ലാതായി. അവർ എന്നെ പലതും കാണിക്കുകയും അതിൻ്റെ നിറത്തെക്കുറിച്ച് എന്നോട് ചോദിക്കുകയും ചെയ്യുമായിരുന്നു. ഇപ്പോളും ചില സുഹൃത്തുക്കൾ എന്നോട് തമാശയായി ചോദിക്കാറുണ്ട്, "ഈ ഷർട്ടിൻ്റെ നിറമെന്താണ്?" എന്നൊക്കെ. എന്നെ സംബന്ധിച്ചിടത്തോളം, ചില പ്രത്യേക നിറങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ല എന്നതിനേക്കാൾ ഞാൻ മറ്റൊരു ലോകം കാണുന്നുണ്ട് എന്ന തിരിച്ചറിവായിരുന്നു മുന്നോട്ട് നയിച്ചത്.

അതിനിടയിലാണ് പ്രസിദ്ധ ബ്രിട്ടീഷ്-അമേരിക്കൻ ചലച്ചിത്ര സംവിധായകൻ ക്രിസ്റ്റഫർ നോളൻ പോലും കളർ ബ്ലൈൻഡാണെന്ന് എഴുതിയിരിക്കുന്ന ഒരു വാർത്ത ഞാൻ കണ്ടത്. അത് വലിയ ആശ്വാസമായി. അന്താരാഷ്‌ട്ര തലത്തിൽ ഇത്ര പ്രശസ്തനായ ഒരു ചലച്ചിത്രകാരൻ വർണ്ണാന്ധതയുള്ള ആളാണ് എന്നത് എനിക്ക് അപാരമായ ആത്മവിശ്വാസം നൽകി.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (FTII) ൽ, വർണ്ണാന്ധത ബാധിച്ച ഉദ്യോഗാർത്ഥികളെ ഫിലിം മേക്കിംഗും എഡിറ്റിംഗും സംബന്ധിച്ച കോഴ്‌സുകളിൽ നിന്ന് ഒഴിവാക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് കേട്ടപ്പോൾ, ഞാൻ അതിനെ വളരെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്. 2015ൽ, കളർ ബ്ലൈൻഡ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് FTII ൽ പ്രവേശനം നിഷേധിക്കപ്പെട്ട ഹർജികാരൻ നോളൻ്റെ ഉദാഹരണവും ചൂണ്ടിക്കാട്ടിയിരുന്നു കേസിൽ.

തിരിഞ്ഞുനോക്കുമ്പോൾ, നോളനെക്കുറിച്ച് എനിക്കറിയില്ലായിരുന്നുവെങ്കിൽ, എൻ്റെ സിനിമാ ജീവിതത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ കാര്യങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം കൂടുതൽ വെല്ലുവിളിയാകുമായിരുന്നു.

എൻ്റെ കാഴ്ച്ചക്ക് പ്രശ്നം ഉണ്ടോ എന്ന് സംശയിക്കുന്നതു മുതൽ, കളർ സെൻസ് എന്നത് എന്നിൽ ഒരു ‘കുറവ്‘ ആണെന്ന് ചിന്തിച്ച്, ഒടുവിൽ ഞാൻ കളർ ബ്ലൈൻഡ് ആണെന്ന് മനസിലാക്കുന്നതുവരെയുള്ള ആ യാത്ര വളരെ മന്ദഗതിയിൽ ആയിരുന്നു. "വർണ്ണാന്ധത എന്നത് അന്ധതയുടെ ഒരു രൂപമല്ല, മറിച്ച് ഒരു കുറവ് മാത്രമാണ്" എന്ന് സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. വളരെ സത്യം. എൻ്റെ കാഴ്‌ചയിൽ ചെറിയ പ്രശ്‌നമുണ്ടാകാം, പക്ഷേ അത് എൻ്റെ സംവേദനക്ഷമതയിലല്ലെന്ന് ഞാൻ പറയും.

പ്രശസ്ത ഛായാഗ്രാഹകനായ ഷൈജു ഖാലിദ് ഒരിക്കൽ എന്നോട് പറഞ്ഞു, "ഞങ്ങൾ വലിയൊരു മങ്ങിയ ലോകവും ചുറ്റുമുള്ള അഴുക്കുകളും കാണുമ്പോൾ, നിങ്ങൾ കാണുന്നത് ഒരു ഗ്രേഡഡ് കാഴ്ച ആയിരിക്കാം." സിനിമകളിൽ, കളർ ഗ്രേഡിംഗ് എന്നത് ആ സിനിമയുടെ കഥാന്തരീക്ഷവും അതിൻ്റെ വികാരവും ശൈലിയും എല്ലാം അതിലെ നിറങ്ങളെ ശ്രദ്ധാപൂർവ്വം ക്യൂറേറ്റ് ചെയ്യുന്നതിനെയാണ് സൂചിപ്പിക്കുന്നത്.

എന്നിരുന്നാലും, ചില സമയങ്ങളിൽ, ഈ അവസ്ഥ എന്നെ ജോലിസ്ഥലത്ത് കോൺഷ്യസാക്കാറുണ്ട്. കളർ ബ്ലൈൻഡ്നസിനെ പ്രതിരോധിക്കാൻ, ഒരോ തർക്കവും ഒഴിവാക്കാൻ, നല്ല രീതിയിലുള്ള ഒരു പ്രവർത്തന ശൈലി ഞാൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

അടുത്തിടെ സുപ്രീം കോടതി ഉത്തരവ് വരുന്നതുവരെ FTII കേസിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഒരു വലിയ സ്ഥാപനം വർണ്ണാന്ധതയുള്ള ഒരാൾക്ക് പ്രവേശനം നിഷേധിക്കുമ്പോൾ, അത് പലരുടെയും സ്വപ്നങ്ങളെ നശിപ്പിക്കുന്നു. അതിലും പ്രധാനമായി, അത് അയാളെ അപര്യാപ്തതനോ യോഗ്യതയില്ലാത്തവനോ ആയി മാറ്റുന്നു.

എന്നാൽ, ഇപ്പോൾ നമുക്കറിയാം, വർണ്ണാന്ധതയുള്ള നിരവധി അഭിനേതാക്കളും സിനിമാക്കാരും ഉണ്ടെന്ന്. ഞങ്ങളുടെ കാഴ്ച്ചകളും പ്രാധാന്യമുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ കാണുന്ന നിറങ്ങളും പാറ്റേണുകളും വളരെ വ്യത്യസ്തവും മനോഹരവുമാണ്. ഒരു തരത്തിൽ പറഞ്ഞാൽ, ചില നിറങ്ങൾ നിഷേധിക്കപ്പെട്ടതിനാൽ നമുക്ക് ചുറ്റുമുള്ള ജീവിതങ്ങളെ കൂടുതൽ ശ്രദ്ധയോടെ കാണാൻ കഴിയുന്നുണ്ട്. "കല സ്വഭാവത്തിൽ അനുരൂപമല്ലാ..." എന്ന് സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. വളരെ സത്യം. സിനിമ ജനങ്ങളിൽ ചെലുത്തുന്ന സ്വാധീനം വ്യത്യസ്തവും ആപേക്ഷികവുമായതിനാൽ വർണ്ണാന്ധതയുള്ളവരുടെ കാഴ്ചപ്പാട് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. കളർ ബ്ലൈൻഡ് എന്നത് ഒരു അപര്യാപ്തതയല്ല, മറിച്ച് ഒരു ചലച്ചിത്രകാരനെ സംബന്ധിച്ചിടത്തോളം ഒരു അധിക നേട്ടമാണെന്ന് ഞാൻ പറയും. അങ്ങനെയാണ് ഞാൻ സുപ്രീം കോടതിയുടെ ഉത്തരവിനെ കാണുന്നത്.“

(കടപ്പാട്: സംവിധായകൻ ദിലീഷ് പോത്തൻ, The Indian EXPRESS ജേർണലിസ്റ്റ് അരുൺ ജനാർദനനോട് സംസാരിച്ചതിൽ നിന്ന്)

* * * *

ഇനി... എന്താണ് ‘വർണ്ണാന്ധത‘ അഥവാ കളർ ബ്ലൈന്‍ഡ്‌നെസ്‌

വിവിധ തരം വര്‍ണങ്ങള്‍ തിരിച്ചറിയാന്‍ കണ്ണുകള്‍ നമ്മെ സഹായിക്കുന്നു. 'വര്‍ണ്ണബോധം' എന്നു പറയുന്ന കണ്ണിൻ്റെ ഈ കഴിവ് കോൺ കോശങ്ങളുടെ സഹായത്തോടെയാണ്‌ സാധ്യമാകുന്നത്‌. ചുവപ്പ്‌, നീല, പച്ച നിറങ്ങളെ തിരിച്ചറിയാന്‍ വ്യത്യസ്‌ത കോശങ്ങളുണ്ട്‌. ഇതിൽ വരുന്ന തകരാറിൽ നിന്നാണ് ‘വർണ്ണാന്ധത‘ ഉണ്ടാവുന്നത്. ചിലർക്ക് ജന്മനാ ഇത് സംഭവിക്കാം. ചിലർക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ കണ്ണുകളിൽ ഉണ്ടാവുന്ന പ്രശ്നങ്ങളുടെ ബാക്കിയായും കളർ ബ്ലൈൻഡ്നസ് ഉണ്ടാവാറുണ്ട്. ചില വർണ്ണാന്ധതക്ക് ചികിത്സ ഉള്ളതായും അറിയുന്നു. കൂടാതെ ശരിയായ രീതിയിൽ കാണാൻ സഹായിക്കുന്ന കണ്ണടകളും ഇപ്പോൾ ലഭ്യമാണ് എന്ന് കേൾക്കുന്നു. പക്ഷെ ഇത് എല്ലാവരിലും വർക്ക് ആവില്ലാത്രെ.

മൂന്ന് തരത്തിലുള്ള വർണ്ണാന്ധതയാണ് ഉള്ളത്. Deuteranomaly, Protanomaly & Protanopia. ചുവപ്പ്‌, പച്ച നിറങ്ങളെ തിരിച്ചറിയാന്‍ കഴിയാത്ത വർണ്ണാന്ധതയാണ് ഏറ്റവും സാധാരണയായി കണ്ടുവരുന്ന Deuteranomaly. ഈ അവസ്ഥയാണ് സംവിധായകൻ ദിലീഷ് പോത്തനും ഉള്ളത്.

എന്തിനേറെ പറയുന്നു.... ഈ ഫേസ്ബുക്കിൻ്റെ ഉടയോൻ മാർക്ക് സക്കർബർഗിനു വരെ ഉണ്ട് ഈ പറയുന്ന ചുവപ്പ് - പച്ച വർണ്ണാന്ധത. അതുകൊണ്ട് തന്നെയാണ് പുള്ളി ഫെയ്സ്ബുകിനു നീല പ്രെഫർ ചെയ്തത്. പിന്നെ പ്രസിദ്ധരായ പലരുമുണ്ട്... ബിൽ ക്ലിൻ്റൺ, കിയനു റീവ്സ്, ഒക്കെയും അധികം കളർ കാണാത്തവർ തന്നെ...!

എന്തായാലും... ‘മഹേഷിൻ്റെ പ്രതികാരം‘ മുതൽ ‘ജോജി‘ വരെയുള്ള ഹിറ്റ്സിനിമകളിലെ മനോഹരഫ്രെയിമുകൾക്ക് പിന്നിലുണ്ടായിരുന്ന സംവിധായകന് കണ്ണിൽ മാത്രമേ വർണ്ണാന്ധത ഉള്ളൂ.... ആ മനസിനുള്ളിൽ നമ്മൾ കാണാത്തതും ചിന്തിക്കാത്തതുമായ ഒരായിരം വർണ്ണങ്ങൾ തെളിഞ്ഞുകൊണ്ടേയിരിക്കുന്നു. അതാണ് നമ്മൾക്ക് തരുന്ന വലിയ പ്രചോദനം....!! ഇനിയും തുടരട്ടെ ഈ കളർ ബ്ലൈൻഡ് ബ്രില്യൻസ്...!!!

Comment