കഥ പറയുന്ന ടൈറ്റിലുകൾ

Design/Art

ലോകചരിത്രത്തിൽ തന്നെ മനുഷ്യവിസർജനം (Shit, മലം, തീട്ടം എന്നൊക്കെയും പറയാം) പോലെയുള്ള Font കൊണ്ട്‌ ടൈറ്റിൽ ഉണ്ടാക്കി, വിജയിച്ച കുടുംബചിത്രം ഒന്നേയുണ്ടാകു. അത്‌ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ആണ്‌. ചിലർക്കെങ്കിലും ഇത്‌ പുതിയ അറിവാകും. എനിക്കും ആയിരുന്നു. കഥാനായകൻ വിഴുങ്ങിയ തൊണ്ടിമുതൽ വിസർജനത്തിലൂടെ വരുന്നതും കാത്തൊരിരിപ്പ്‌ ആണല്ലോ ഈ സിനിമയുടെ പ്രധാന കഥാതന്തു. ആയതിനാൽ തന്നെ ഇങ്ങനെയൊരു ഷിറ്റി-ടൈറ്റിൽ വളരെ കറക്ട്‌ ആയിരുന്നു താനും.

ഇന്നത്തെ മിക്ക സിനിമാടൈറ്റിലുകളും പറയാതെ പറയുന്നുണ്ട്‌ ഇങ്ങനെ ചില കഥാതന്തു. ചിലർക്കത്‌ വ്യക്തമാവും, ചിലർക്ക്‌ അതിന്റെ ആവശ്യമേ തോന്നാറില്ല. എന്നിരുന്നാൽ പോലും ചില ടൈറ്റിലുകളിൽ കുറിച്ചിട്ടിരിക്കുന്ന ഉൾകഥകളെ അറിയാൻ ശ്രമിക്കുന്നത്‌ രസകരവും പുതിയ അറിവും ആയേക്കാം. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യും ‘കപ്പേള’യും, ‘ചോല’യും ഒക്കെയാണ്‌ എന്റെ ഇഷ്ടപ്പെട്ട ടൈറ്റിൽ ഡിസൈനുകളിൽ ചിലത്‌. ഇവയെയൊക്കെ ആദ്യം പരിചയപ്പെടാം.

‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന സിനിമ പറഞ്ഞ്‌ വക്കുന്ന കഥ, സ്തനാർബുദം ആയിരിക്കുന്ന അമ്മയുടെ ചികിത്സയ്ക്കെന്നറിയാതെ ഒരിടവേളയായി നാട്ടിലേക്ക്‌ എത്തുന്ന നായകനെ ചുറ്റിപ്പറ്റി ആണല്ലോ. ഇംഗ്ളീഷിൽ, ലാറ്റിൻ വാക്കായ cancer എന്ന വാക്കിന്‌ പ്രധാനമായും രണ്ട്‌ അർത്ഥമാണുള്ളത്‌ ‘ഞണ്ട്‌’ എന്നും ‘വളരുന്ന വൃണം’ എന്നും. അങ്ങനെ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന പേരിലൂടെ, ക്യാൻസറുള്ള ഒരിടത്ത്‌ ഒരിടവേള എന്ന രീതിയിൽ കൃത്യമായി പറഞ്ഞുവയ്ക്കുമ്പോഴും, അതിന്റെ ടൈറ്റിൽ ഡിസൈനിൽ കാണിച്ചിരിക്കുന്ന ഒരു പിങ്ക്‌ ചെമ്പരത്തിപ്പൂ എന്തിന്‌ എന്ന ചോദ്യം ബാക്കി ആവുന്നുണ്ട്‌. അതിലേക്ക്‌ സൂക്ഷിച്ച്‌ നോക്കിയാൽ മനസിലാവും അത്‌ വെറും ചെമ്പരത്തിപ്പൂ അല്ല. അത്‌ സ്തനഗ്രന്ഥികൾ കൊണ്ട്‌ വരച്ചുകാണിച്ചിരിക്കുന്ന സ്തനാർബുദത്തെതന്നെയാണ്‌. അവിടെയാണ്‌ അത്‌ ഡിസൈൻ ചെയ്തവരുടെ മിടുക്ക്‌ തെളിയുന്നത്‌.

‘കപ്പേള’ ഒറ്റനോട്ടത്തിൽ ഇത്തിരി ഏറ്റക്കുറച്ചിലുകൾ ഉള്ളതെങ്കിലും മനോഹരമായ ഒരു എംബ്രോയിഡറിയും ഒപ്പം അതുണ്ടാക്കാൻ ഉപയോഗിച്ചത്‌ എന്ന്‌ കരുതാവുന്നതായ സൂചിയും നൂലും അതിൽ തന്നെ കുത്തിവച്ചിരിക്കുന്നതായും കാണാം. എന്നാൽ അതിലുപരി ആ സിനിമയുടെ പൂർണ്ണത തന്നെ ആ ടൈറ്റിൽ ഡിസൈൻ കൂടി മനസിലാക്കുമ്പോഴെ ആവുന്നുള്ളു എന്നുള്ളതാണ്‌ സത്യം. സിനിമയിൽ ചോദിക്കുന്നതായ “കടുകുമണിക്കൊരു കണ്ണുണ്ട്‌.... ആ കണ്ണിനകത്തൊരു കരടുണ്ട്‌” എന്ന കടംകഥയുടെ ഉത്തരം സിനിമയിൽ പറയുന്നില്ല എങ്കിലും, അതിന്റെ ഉത്തരം ടൈറ്റിലിൽ നമ്മുക്ക്‌ കാണാൻ കഴിയും. സൂചിയും നൂലും. കപ്പേളയിലെ നായികയുടെ അമ്മയുടെ തുന്നലും, ബെന്നിയുടെ തുണിക്കടയും, ഏറ്റക്കുറച്ചിലുകളിലും മനോഹാരിതയുള്ള എംബ്രോയിഡറി ആയി, അവരുടെ ജീവിതത്തെ തന്നെയും വരച്ചു വക്കുന്നുണ്ട്‌ കപ്പേള എന്ന ടൈറ്റിൽ ഡിസൈനിലൂടെ.

‘ചോല’, ചോരയെന്ന്‌ ഒറ്റനോട്ടത്തിൽ വായിക്കുകയും, ചോരയുടെ ‘ര’യിൽ നിന്ന്‌ രക്തം വാർന്ന്‌ ‘ചോല’യാക്കപ്പെട്ടതുമായ ടൈറ്റിൽ. ഗംഭീരചിന്ത. സിനിമ പറഞ്ഞുവയ്ക്കുന്ന കഥയുമത്‌ തന്നെയല്ലെ...!? ചോരയവസാനം ചോലയിൽ ഒഴുകുന്ന കാഴ്ച്ചയാണല്ലൊ സിനിമ പറഞ്ഞതും.

ഇങ്ങനെ ടൈറ്റിലുകളിൽ കഥയൊളിപ്പിക്കുന്ന, അല്ലെങ്കിൽ കഥാതന്തു ഒളിപ്പിക്കുന്ന രീതി ഇത്രയധികം ആയി കാണാൻ തുടങ്ങിയിട്ട്‌ അധികനാളുകൾ ആയിട്ടില്ല. എന്നാൽ പോലും ചില പഴയകാല മഹാന്മാരും ഇങ്ങനെ ടൈറ്റിലുകൾ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാക്കിയിട്ടുണ്ട്‌. 1968 ൽ ഇറങ്ങിയ ‘തിരിച്ചടി’ എന്ന സിനിമയുടെ ടൈറ്റിലിൽ തിരിച്ചടി എന്നെഴുതിയിരിക്കുന്നതിലെ ‘വള്ളി’ മാത്രകളെല്ലാം തിരിച്ചായിരുന്നു ഇട്ടിരുന്നത്‌. കുഞ്ചാക്കോയുടെ അതിബുദ്ധിയിൽ പിറന്നതാണ്‌ അന്നാ ടൈറ്റിൽ. അതുപോലെ അക്ഷരങ്ങൾ തിരിച്ചിട്ട്‌ കഥാസാരത്തെ വരച്ചുകാണിക്കാൻ ശ്രമിക്കുന്ന പല ടൈറ്റിലുകളും വന്നിട്ടുണ്ട്‌. ‘വിക്രമാദിത്യൻ’ അതിനൊരുദാഹരണം ആണ്‌.

1998 ൽ ഇറങ്ങിയ ആദ്യ 3D സിനിമ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ന്റെ ടൈറ്റിലും ഡിസൈൻ ചെയ്തിരിക്കുന്നത്‌ 3D എന്ന കോൺസപ്റ്റിനെ കാണിച്ചുകൊണ്ടാണ്‌. ഇതിനിടയിലും, പിന്നീടും പല സിനിമകളിലും ചെറീയ രീതിയിൽ ആ സിനിമകളിലെ കഥാതന്തുവിനെ പ്രതിബാധിക്കുന്ന ടൈറ്റിലുകൾ ഇറങ്ങുകയുണ്ടായി. ഉദ്ദാഹരണമായി, 1978 ൽ ഇറങ്ങിയ ‘അവളുടെ രാവുകൾ’ളിൽ ഒരു കാൽ നീട്ടി ഇരിക്കുന്ന പെൺകുട്ടിയെ കാണിച്ചിരിക്കുന്നതും, 1986ൽ ഇറങ്ങിയ ‘ഒന്നു മുതൽ പൂജ്യം വരെ’യിൽ ഫോൺ ഡയൽ കാണിച്ചിരിക്കുന്നതും ഒക്കെ കാണാവുന്നതാണ്‌.

ഇങ്ങനെ ചെറിയ രീതിയിൽ പേരിനെ അന്വർത്ഥമാക്കുന്ന ഡിസൈനുകൾ പിന്നീട്‌ പലപ്പോഴും കാണാൻ സാധിച്ചു. ‘വൈശാലി’യും ‘മണിച്ചിത്രത്താഴ്‌’ഉം ഒക്കെ ഇങ്ങനെ ഉള്ളവയാണ്‌. ‘ഫ്രണ്ട്സ്‌’ സിനിമയുടെ ടൈറ്റിലിൽ മൂന്നക്ഷരങ്ങളെ കൂട്ടിയിണക്കിയിരിക്കുന്നതായി കാണാം. അത്‌ തന്നെയായിരുന്നു ഫ്രണ്ട്സിന്റെ കഥാതന്തുവും. എന്നാൽ കപ്പേള പോലെ അത്ര വലിയ രീതിയിൽ കാര്യങ്ങൾ സംസാരിക്കുന്നുമില്ല.

ഇങ്ങനെ.... കഥയുമായി ഇഴുകിചേർന്ന, കഥാനായകന്റെ വർണ്ണാഭമായ വ്യക്തിത്വത്തെ വരച്ചു കാട്ടിയ ടൈറ്റിൽ തന്നെയായിരുന്നു ‘ചാർളി’ സമ്മാനിച്ചത്‌. പലപ്പോഴായി പല പൂക്കളെ പ്രണയിക്കുന്ന പൂമ്പാറ്റയുടെ ‘പ്രേമം’. ‘തീവണ്ടി’യിലെ സിഗരറ്റുകളും, ‘പാവാട’യിലെ അയയിൽ കെട്ടിയ തുണിയക്ഷരങ്ങളും ഒക്കെ ഇങ്ങനെയുള്ള കോൺസപ്റ്റ്‌ ടൈറ്റിലുകൾ ആയി കാണാം. ജെല്ലിക്കെട്ട്‌ വളരെ മനോഹരമായ മറ്റൊരു ടൈറ്റിൽ ആയിരുന്നു. അത്‌ ഡിസൈൻ ചെയ്ത ആർ. മഹേഷിനെ വേദനയോടെ ഓർക്കുന്നു. ‘സുഡാനി ഫ്രം നൈജീരിയ’ യും അദ്ദേഹത്തിന്റെ ഡിസൈൻ തന്നെ ആയിരുന്നു എന്ന്‌ കേട്ടിരുന്നു. ‘അമ്പിളി’ യിലെ അമ്പിളിയുടെ സൈക്കിൾ തന്നെ കാണിക്കുമ്പോൾ, ‘സൈക്കിൾ തീവ്സിൽ’ഉം സൈക്കിൾ കാണാം. ‘മഹേഷിന്റെ പ്രതികാരം’ത്തിന്റെ ടൈറ്റിലിൽ ഫോട്ടോയുടെ ഫ്ളാഷും, മഹേഷിന്റെ അലറലും എല്ലാം കാണിച്ചിട്ടുണ്ട്‌. ‘ആൻഡ്രോയിഡ്‌ കുഞ്ഞപ്പൻ’ന്റെ സൈഡിൽ ഒരു QR കോഡ്‌ ഇട്ടതും അർത്ഥവത്തായി തോന്നി, അത്‌ സ്കാൻ ചെയ്താൽ അതിന്റെ നിർമ്മാതാക്കളുടെ വെബ്സൈറ്റിലേക്ക്‌ വഴി തെളിഞ്ഞിരുന്നു അന്നൊക്കെ. ഇന്നാ സൈറ്റേ ഇല്ലാന്നാ പറയുന്നത്‌...!!!

‘നേരം’ത്തിന്റെ ടൈറ്റിലും, അത്‌ പറയുന്നതും കാണിച്ചിരിക്കുന്നതും സിനിമയിലെ കഥയും എല്ലാം, സമയപരിമിധികളുടെ നേർക്കാഴ്ച്ചകൾ ആയിരുന്നല്ലോ. അതുപോലെ ‘സ്പിരിറ്റ്‌’ൽ കാണിച്ചിരിക്കുന്നത്‌ ബാർ / മദ്യഷാപ്പ്‌ ബില്ലുകൾക്ക്‌ മുകളിൽ തെളിയുന്ന മദ്യത്തിൽ എഴുതിയ പേരാണ്‌. ‘ഒടിയൻ’ എന്ന്‌ ഒറ്റനോട്ടത്തിൽ വായിക്കുമ്പോഴും, അതിൽ ഓരോ അക്ഷരങ്ങളിലും ഒടിയന്റെ പരകായപ്രവേശങ്ങളെന്ന്‌ വിശേഷിപ്പിക്കുന്ന മൂങ്ങയും പാമ്പും കഴുകനും തവളയും കാളയുമെല്ലാം തെളിയുന്നുണ്ടത്രെ. ‘ഒറ്റാൽ’ലിൽ കാണുന്ന മീനുകളും, ‘1983’ൽ അടിച്ച്‌ പറക്കുന്ന ക്രിക്കറ്റ്‌ ബോളും, ‘താങ്ക്യൂ’വിലെയും ‘ബാങ്കിംഗ്‌ അവേഴ്സ്‌’ലെ സമയസൂചികളും, ‘പറവ’യിലെ പ്രാവുകളുടെ പറക്കൽ ഗ്രാഫും, ഒക്കെയും സിനിമയുടെ ഇതിവൃത്താന്തത്തെ വ്യക്തമായല്ലെങ്കിലും ഒരു ചെറു ആശയം നൽകുന്നുണ്ട്‌.

‘ഉറുമി’യിൽ ഉറുമി മാത്രമല്ല, എതിരാളിയായ പോർട്ട്ഗീസ്കാരുടെ തോക്കും കാണിക്കുന്നുണ്ട്‌. അതായത്‌ ഉറുമിക്ക്‌ ഏറ്റുമുട്ടേണ്ടത്‌ തോക്കിനോട്‌ ആണെന്ന്‌ സാരം. ഇങ്ങനെ കഥയിൽ പറയുന്നത്‌ ടൈറ്റിലിൽ കാണിക്കുക എന്നത്‌ സംവിധായകന്റെ മുതൽ ഡിസനർ വരെയുള്ളവരുടെ കൂട്ടായ ചിന്തയിൽ നിന്നാവാം പലപ്പോഴും. പുതിയ തലമുറയിൽ, ഇങ്ങനെ ടൈറ്റിൽ അവതരണമെന്നതും ഒരു സംഭവമായി മാറി. പിന്നീട്‌ ‘ആമേൻ’ എന്ന ലിജോ പള്ളിശേരി സിനിമയിറങ്ങിയ നാളുകളിൽ അതിന്റെ ടൈറ്റിൽ വരച്ചതിനേക്കുറിച്ചൊക്കെ വാർത്തകളിൽ നിറഞ്ഞതിനു ശേഷം, അങ്ങനെയുള്ള ടൈറ്റിലുകൾ ഒക്കെ നോർമ്മൽ ആയി. അതുകൊണ്ട്‌ തന്നെ അതൊന്നും വാർത്തകളിൽ തെളിയാതെയും, പലതിലേയും അർത്ഥം പോലും അറിയാതെയും പോയി.

‘കെട്ടിയോളാണെന്റെ മാലാഖ’യിൽ സ്ളീവാച്ചൻ എത്രത്തോളം കുട്ടിയാണ്‌ എന്ന്‌ ടൈറ്റിലിലെ ആ എഴുത്തിൽ വായിക്കാവുന്നതാണ്‌. അതുപോലെ, പ്രാഞ്ചിയേട്ടന്‌ ഒരു പേരില്ലാ എന്നതായിരുന്നല്ലോ ഒരു പ്രധാനപ്രശ്നം. ആ പ്രശ്നത്തിന്‌ പരിഹാരം ടൈറ്റിലിൽ വലുതാക്കി കൊടുക്കുന്നുണ്ട്‌. സെയിന്റിനേക്കാൾ വലുപ്പത്തിൽ നല്ല ഗോൾഡൻ പ്ളെയിറ്റിൽ അടിച്ച പേര്‌. പക്ഷെ അപ്പോഴും അടിച്ചു വന്നത്‌ പ്രാഞ്ചിയേട്ടൻ എന്ന്‌ തന്നെ. അതാണ്‌ ‘പ്രാഞ്ചിയേട്ടൻ & ദ സെയിന്റ്‌’ ന്റെ ടൈറ്റിൽ പറയുന്നത്‌. ഇതുപോലെ, ‘ടേക്ക്‌ ഓഫ്‌’ലെ വെള്ളരിപ്രാവുകൾ നേഴ്സുമാരുടെ പുതിയ ജീവിതത്തിലേക്കുള്ള പറന്നുള്ള തിരിച്ച്‌ വരവാകാം. ‘ആമി’യിൽ കമലാ ദാസെന്ന എഴുത്തുകാരിയുടെ മഷിക്കുപ്പിയിൽ നിന്നും മഷി പകർന്ന ടൈറ്റിലെങ്കിൽ, ‘കമ്മട്ടിപ്പാടം’തിൽ പകർന്നുകിടക്കുന്നത്‌ ചോരയാണ്‌. ‘പൊറിഞ്ചുമറിയംജോസ്‌’ഉം എഴുതിയിരിക്കുന്നത്‌ രക്തത്തിൽ തന്നെ. ‘കിംഗ്‌ ലയർ’ എന്നത്‌ ഒരു പദവി ആയി നായകൻ കൊണ്ടുനടക്കുന്നു എന്നതാവാം അതിന്റെ ടൈറ്റിൽ വരച്ച്‌ വക്കുന്നത്‌. പിന്നെ ലൂസിഫർ പോലുള്ള ചില സിനിമകളുടെ ടൈറ്റിലുകൾ ഒക്കെ പണ്ടെ കീറിമുറിച്ച്‌ ചർച്ചാവിഷയങ്ങൾ ആയിട്ടുള്ളതാണല്ലോ...!

ഇങ്ങനെ എഴുതിയാൽ തീരാത്തത്ര ടൈറ്റിൽ കഥകളും അതിന്റെ പിന്നാമ്പുറകഥകളും ഉണ്ടാവും മലയാളസിനിമാക്കാർക്ക്‌ പറയാൻ. ‘കാലാപാനി’ എന്ന സിനിമയുടെ ടൈറ്റിൽ സിനിമയിൽ വെറും പ്ളെയിനായിട്ട്‌ എഴുതി അതിന്റെ അടിയിൽ ഒരു ചുവന്ന വര കൊടുക്കുകയും ചെയ്തിരിക്കുകയാണുണ്ടായത്‌. എന്നാൽ പോസ്റ്ററുകളിൽ കാണുന്ന കത്തുന്ന ‘കാലാപാനി’ ഡിസൈൻ, ഗായത്രി അശോകൻ എന്ന കഴിവുറ്റ പോസ്റ്റർ ഡിസനർ, വലിയ ഇരുമ്പുഷീറ്റുകളിൽ നിർമ്മിച്ച്‌ അതിനുമേലെ പേസ്റ്റിംഗ്‌ സൊലൂഷൻ ഒഴിച്ച്‌ അതിൽ പഞ്ചസാര വിതറി അതിനെ കത്തിച്ച്‌ ക്യാമറയിൽ പകർത്തിയത്‌ സിനിമക്കായിട്ടാണെങ്കിലും ചില കാരണങ്ങളാൽ അത്‌ സിനിമയിൽ ഉപയോഗിക്കാൻ ആവാതെ വരുകയും പോസ്റ്ററുകളിൽ ഒതുങ്ങുകയും ചെയ്തു ആ അപാരസൃഷ്ടി. ഓൾഡ്മങ്ക്‌ ഡിസൈൻസ്‌ ഈയിടെ പുറത്ത്‌ വിട്ട ‘ഈ.മ.യൗ.’ ന്റെ പോസ്റ്റർ ഡിസൈൻ പ്രോസസ്സ്‌ കണ്ട്‌ ഈയുള്ളവൻ സത്യത്തിൽ നടുങ്ങി. മരിച്ച ഒരാളുടെ അടക്ക്‌ ആണല്ലോ സിനിമയുടെ സാരം. ആ ടൈറ്റിലിൽ ആ മരിച്ച ആളുടെ തല തന്നെ സ്റ്റീൽ എഫക്ടിൽ കാണിച്ചിട്ടുണ്ട്‌. അതിനായി ആ നടനെ തന്നെയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ശെരിക്കും സല്യൂട്ടിനർഹമായ ടൈറ്റിൽ സംരംഭങ്ങൾ....!!!

പടം ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും മനോഹരമായി ആവിഷ്കരിച്ചിരുന്നതായി തോന്നിയ ചില ടൈറ്റിലുകൾ ആയിരുന്നു ‘UTURN’ ന്റെയും ‘നീലി’യുടെയും. UTURNൽ TURN എന്നതിലെ U വിനെ വൃത്തത്തിനുള്ളിൽ കാണുന്ന യുടേൺ സൈൻ ആക്കി കാണിച്ചിരിക്കുന്നു. അപ്പോൾ അത്‌ U TURN എന്നോ U TORN എന്നോ വായിക്കാം. രണ്ടിലും ഉണ്ട്‌ അർത്ഥങ്ങൾ. രണ്ടും കൂടിന്നിടത്തുമുണ്ട്‌ അർത്ഥങ്ങൾ. ‘നീലി’യിൽ മകളെ ചേർത്ത്പിടിച്ചിരിക്കുന്ന അമ്മയെ വ്യക്തമായി അക്ഷരങ്ങളിലൂടെ വരച്ച്കാണിക്കുന്നുണ്ട്‌. മനോഹരമായ ടൈറ്റിലുകൾ.

കഥാപാത്രങ്ങളേ പൂർണ്ണമായും കാണിച്ചു തരുന്ന “പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും” പോലുള്ളവയും അഭിനന്ദനങ്ങൾ അർഹിക്കുന്നത്‌ തന്നെയാണ്‌. ഇതിനൊക്കെയുമിടയിൽ വന്നുപോയ പല ഹിറ്റ്‌ സിനിമകളിലും കാണപ്പെട്ടതായ, ചാന്തുപ്പൊട്ടിലെ പൊട്ട്‌, മീശമാധവനിലെ മീശ, കിളിചുണ്ടൻ മാമ്പഴത്തിലെ മാങ്ങ, പരോളിലെ ജയിൽകമ്പി ഒക്കെ സിനിമയിലെ കഥയുമായി ബന്ധമുണ്ടെന്നിരുന്നാലും, ടൈറ്റിലിൽ അവയൊക്കെ അത്ര എഫക്ടീവ്‌ ആയിരുന്നു എന്ന്‌ പറയാൻ കഴിയില്ല. അങ്ങനെ പറയാൻ ശ്രമിച്ചാൽ ഒരുപാട്‌ ഉണ്ടാവും. അലമാര എന്ന ടൈറ്റിൽ ഒരു അലമാര തന്നെയുണ്ട്‌. വെളിപാടിന്റെ പുസ്തകത്തിൽ ഒരു പുസ്തകം തന്നെ ഉണ്ട്‌. അങ്ങനെ എന്തെല്ലാം...!!!

ഒരു സിനിമക്കായി ചിന്തിക്കുന്നത്‌ പോലെ തന്നെ ഇന്ന്‌ ടൈറ്റിൽ ഡിസൈനിനു വേണ്ടിയും ചർച്ചകൾ നടക്കുന്നു എന്നതാണ്‌ വാസ്തവം. അതുകൊണ്ട്‌ തന്നെ ഞാനിവിടെ പറഞ്ഞതിലും ഒരുപാട്‌ അധികമായി പലതിലും പല അർത്ഥതലങ്ങളും പ്രതിബാധിച്ചിട്ടുണ്ടാവാം, ഉറപ്പ്‌. വളരെ പ്ളെയിൻ ടൈറ്റിൽ ആയാൽ ശെരിയാവില്ല എന്നൊന്നും പറയാൻ ആവില്ല. ചില ടൈറ്റിലുകൾക്ക്‌ തുന്നൽപണികളുടെ ആവശ്യമുണ്ടാവാറെ ഇല്ല. ‘ഉയരെ’, ‘ഹെലൻ’ ഒക്കെ അതിന്റെ സിമ്പ്ളിസിറ്റിയിൽ തന്നെ അർത്ഥവത്തും കാര്യഗൗരവം നിറഞ്ഞതുമാണ്‌ എന്ന്‌ വേണം മനസിലാക്കാൻ.

ഇതൊന്നും കൂടാതെ, വർണ്ണാഭവും കണ്ണിനു കുളിർമ്മയേകുന്നതുമായ ഒരുപിടി ടൈറ്റിലുകളും ഇവിടെ പിറന്നിട്ടുണ്ട്‌. ‘കോഹിനൂർ’ഉം ‘ഇബ്ലീസ്‌’ഉം ‘ലൂക്ക’യും, ‘അങ്കമാലി ഡയറീസ്‌’ഉം ഒക്കെയും. കോഹിനൂറും, അങ്കമാലി ഡയറീസും Truck Art സ്റ്റൈൽ ഡിസൈനിൽ മനോഹരമായപ്പോൾ, ഇബ്ലീസിൽ ഡൂഡിൽ ആർട്ട്‌ വരെ കടന്നുകൂടിയിട്ടുണ്ട്‌. ലൂക്കയിൽ നിറങ്ങൾ വാരിത്തേച്ച ക്യാൻവാസിൽ ജീവിച്ച ലൂക്കയേയും കാണാം.

ഇനിയും പറയാൻ എത്രയോ ടൈറ്റിലുകൾ... പ്രതി പൂവൻ കോഴിയും, ഒപ്പവും, ബാംഗ്ളൂർ ഡേയ്സും, കുമ്പളങ്ങി നൈറ്റ്സും, ട്രാൻസും, ദൃശ്യവും, വൈറസും ഒക്കെയായി ഇങ്ങനെ നീണ്ടുകിടക്കുന്നു ലിസ്റ്റ്‌. ചിലതിന്റെയൊക്കെ അർത്ഥതലങ്ങളുടെ അന്വേഷണത്തിലാണ്‌ ഞാനിപ്പോഴും. ചിലതിലൊന്നും അർത്ഥമില്ലെന്ന തിരിച്ചറിവുമുണ്ടാവാം. അതുവരെ നന്ദി, നമസ്കാരം....!

ഇനിയും എഴുതാൻ മറന്നത്‌ ഒരുപാട്‌ ഉണ്ട്‌. അതിൽ ചിലത്‌ ചില സുഹൃത്തുക്കൾ ഓർമ്മിച്ചതിന്റെ സന്തോഷത്തോടെ കൂട്ടിച്ചേർക്കുന്നു. ‘2014 ൽ ഇറങ്ങിയ ’പകിട‘ അത്ര മനോഹരമായി പകിടകളിയുടെ മലക്കം മറിച്ചിലുകൾ വളരെ മനോഹരമായിട്ട്‌ ടൈറ്റിലിൽ വരച്ചു കാണിച്ചിട്ടുണ്ട്‌. അതുപോലെ ’നീന‘യിൽ രണ്ട്‌ സ്ത്രീകളുടെ സ്നേഹത്തിനിടയിൽ പെടുന്ന നായകൻ ഒരു ചോദ്യചിൻഹമാവുന്ന കാഴ്ച്ച അതിമനോഹരമായി വരച്ച്‌ വച്ചിട്ടുണ്ട്‌. ’അൻവർ‘ എന്ന സിനിമയുടെ ടൈറ്റിൽ ഇംഗ്ളീഷിൽ ആൺ കാണപ്പെട്ടത്‌. അതിൽ AnWAR എന്നതിൽ WAR യുദ്ധം എന്നത്‌ എടുത്തുവായിക്കാവുന്നതാണ്‌.

OTT റിലീസിലൂടെ എറ്റവും വിജയം കണ്ടത്‌ എന്നവകാശപ്പെടാൻ കഴിയുന്ന @Mahesh Narayanan സിനിമ c u soon ന്റെ അത്ര സിമ്പിൾ അയതും എന്നാൽ ചാറ്റ്‌ ബോക്സിന്റെ ചതുരപ്പെട്ടിയിൽ കാണിച്ചിരിക്കുന്നതുമായ ടൈറ്റിൽ വാചകം സിനിമയിൽ രണ്ട്‌ പ്രധാന ഇടങ്ങളിൽ എഴുതികാണിക്കപ്പെടുമ്പോൾ ആ ടൈറ്റിലും അത്രയേറെ അർത്ഥപൂർണ്ണമാവുകയായിരുന്നു.

സഞ്ചാരസിനിമകളിൽ ചിലത്‌ ആയ, ’നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി,യിൽ ഒരു പരിധിവരെ എല്ലാം ഉൾപ്പെടുത്താൻ ശ്രമിച്ചുകൊണ്ട്‌ മനോഹരമാക്കിയിട്ടുള്ളതാണ്‌. ഈ ഗണത്തിൽ, ഈയടുത്ത കാലത്ത്‌ വളരെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ടൈറ്റിൽ ആയിരുന്നു, നമ്മുടെ m3dbയുടെ തുടക്കം മെമ്പർ കൂടിയായ Jeo Baby യുടെ ‘കിലോമീറ്റേഴ്സ്‌ & കിലോമീറ്റേഴ്സ്‌’ എന്ന ടൈറ്റിൽ. ഒരു ബൈക്ക്‌ സഞ്ചാരിയെ സംബന്ധിച്ചിടത്തോളം ബൈക്കിന്റെ മൈലേജ്‌ കാൽകുലേറ്റർ മീറ്റർ അത്ര പ്രാധാന്യം അർഹിക്കുന്നതാണ്‌. ആ മീറ്ററിൽ ടൈറ്റിൽ വരച്ച്‌ കാണിക്കുന്നതിൽ നിന്ന്‌ തന്നെ വളരെ വ്യക്തമായി കഥായാത്ര പറയുന്നുണ്ട്‌. കൂടാതെ ആ യാത്ര എത്ര നീളുമെന്നതിനും കൃത്യതയില്ലാ എന്നുകൂടി ആ ടൈറ്റിൽ പറഞ്ഞ് വക്കുന്നുണ്ട് എന്നെനിക്ക് തോന്നി...!!! അഭിനന്ദനങ്ങൾ...!!!

ഈ എഴുത്തിന്‌ സഹായിച്ചത്‌, പല അറിവുകളും പകർന്ന്‌ തന്നത്‌ m3dbയിലെ നല്ലവരായ പല കൂട്ടുകാരുമാണ്‌. അവർക്ക്‌ പ്രത്യേകം നന്ദിയറിയിക്കുന്നു.

Comment