ഇന്നത്തെ ദേശീയ പുരസ്കാര പ്രഖ്യാപനത്തിൽ കേരളത്തിന് അഭിമാനിക്കാൻ വകനൽകിയ ഒന്നായിരുന്നു മലയാളിയായ അപർണ്ണ ബാലമുരളിയ്ക്ക് ലഭിച്ച മികച്ച നടിയ്ക്കുള്ള പുരസ്കാരം. 'സൂരരൈ പോട്ര്' എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്.
നടി എന്നത് കൂടാതെ മികച്ചൊരു ഗായിക കൂടിയാണ് അപർണ്ണ എന്നതാണ് അപർണ്ണയെ വ്യത്യസ്തയാക്കുന്നത്. സംഗീതജ്ഞരായ മാതാപിതാക്കൾക്ക് ജനിച്ച മകൾ അങ്ങനെ വന്നതിൽ കൗതുകമൊന്നും ഇല്ല.
എഴുപതുകൾ മുതൽ തൊണ്ണൂറുകളിൽ വരെ കേരളത്തിലെ ഏറ്റവും താരപ്രഭയുണ്ടായിരുന്ന ഗാനമേള ട്രൂപ്പ് ആയിരുന്നു കോയമ്പത്തൂർ ആസ്ഥാനമായിരുന്ന മല്ലിശ്ശേരി ഓർക്കസ്ട്ര. മല്ലിശ്ശേരിയുടെ ഏറ്റവും പ്രധാനപ്പെട്ട ഗായകരിൽ ഒരാളായിരുന്നു അപർണ്ണയുടെ പിതാവ് ബാലമുരളി. ഓടക്കുഴൽ, തബല, വീണ, ഹാർമ്മോണിയം, കീബോർഡ് തുടങ്ങി വിവിധതരം സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുന്ന പ്രതിഭാശാലിയായ അദ്ദേഹം തരംഗിണിയുടെ 2009ലെ ശബരി ശൈലം എന്ന യേശുദാസ് ആൽബം അടക്കം ഒരുപാട് ലളിത - ഭക്തിഗാന ആൽബത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടും ഉണ്ട്. ഏറെക്കാലം ഗൾഫ് രാജ്യങ്ങളിലെ സംഗീത വേദികളിലും ആധ്യാപന രംഗത്തും നിറഞ്ഞു നിന്ന വ്യക്തി കൂടിയാണ് അദ്ദേഹം.
അപർണ്ണയുടെ അമ്മ ശോഭയും മികച്ച ഗായികയായി ഗാനമേള വേദികളിലും റെക്കോർഡിംഗ് സ്റ്റുഡിയോകളിലും മികവ് തെളിയിച്ച ആളാണ്. മല്ലിശ്ശേരി ഓർക്കസ്ട്രയിലെ ഗായികയായിരുന്ന അവർ 1990ൽ ജഡ്ജ്മെൻ്റ് എന്ന ചിത്രത്തിൽ എസ് പി വെങ്കിടേഷിൻ്റെ ഈണത്തിൽ 'ആകാശം കതിരുകളണിയും' എന്ന ഗാനം പാടിയാണ് സിനിമയിൽ എത്തിയത്. തുടർന്ന് രവീന്ദ്രൻ, കീരവാണി എന്നിവരടക്കമുള്ള ഒരു പിടി സംഗീത സംവിധായകരുടെ ഈണത്തിൽ സിനിമയിൽ പാടാൻ സാധിച്ചിട്ടുണ്ട്.
ചെറുപ്പത്തിൽ തന്നെ സംഗീതവും നൃത്തവും അഭ്യസിച്ചിരുന്ന അപർണ്ണ പഠനകാലത്ത് സംസ്ഥാന തലത്തിൽ ലളിത സംഗീതത്തിന് സമ്മാനം നേടിയിട്ടുണ്ട്. ഒരു ഗായിക എന്ന നിലയിൽ സിനിമാറ്റിക് ഗായക സങ്കൽപ്പത്തോട് ചേർന്ന് പോകുന്ന, വളരെ പ്രൊഫഷണൽ ആയ ശബ്ദവും ആലാപന ശൈലിയും കൈമുതലായുള്ള ഗായികയാണ് അപർണ്ണ. നമ്മുടെ നായിക നടിമാരിൽ നന്നായി പാടുന്നവരും ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചവരുമൊക്കെയുണ്ടെങ്കിലും അപർണ്ണയോളം ഒരു പ്രൊഫഷണൽ ചലച്ചിത്ര ഗായികയായി നിൽക്കാൻ ക്വാളിറ്റികൾ ഉള്ള മറ്റാരും ഇല്ല എന്ന് പറയാം.
അഭിനേത്രി എന്ന നിലയിലുള്ള തിരക്കുകൾക്കിടയിൽ വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ അപർണ്ണ പാടിയിട്ടുള്ളുവെങ്കിലും പാടിയവയിൽ മിക്കതും ഹിറ്റായിട്ടുണ്ട് എന്നതാണ് പ്രത്യേകത.
അപർണ്ണയുടെ അഭിനയജീവിതത്തിലെ പ്രധാന നാഴികക്കല്ലായ മഹേഷിൻ്റെ പ്രതികാരത്തിലാണ് അവരുടെ ആദ്യത്തെ ഗാനവും വരുന്നത്. റഫീഖ് അഹമ്മദിൻ്റെ വരികളിൽ ബിജിബാൽ സംഗീതം ചെയ്ത ' മൗനങ്ങൾ മിണ്ടുമൊരീ നേരത്ത്...' എന്നു തുടങ്ങുന്ന വിജയ് യേശുദാസിൻ്റെ കൂടെയുള്ള യുഗ്മഗാനം, പുറത്തിറങ്ങിയ സമയത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
അപർണ്ണ ഇരട്ട വേഷത്തിൽ അഭിനയിച്ച ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലാണ് അപർണ്ണ പാടിയ മറ്റൊരു ശ്രദ്ധേയ ഗാനമുള്ളത്. ബി കെ ഹരിനാരായണൻ - ഷാൻ റഹ്മാൻ കൂട്ടുകെട്ടിൽ പിറന്ന 'തെന്നൽ നിലാവിന്റെ..' എന്ന മനോഹരഗാനം ചിത്രത്തിൽ സ്ക്രീൻ പങ്കുവെച്ച വിനീത് ശ്രീനിവാസൻ്റെ കൂടെയാണ് പാടിയിരിക്കുന്നത്. ഇത് ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച ഗാനമാണ്.
നവാഗതനായ സൂരജ് ടോം സംവിധാനം ചെയ്ത പാ.വ. എന്ന ചിത്രത്തിൽ ഗായിക എന്ന നിലയിൽ മാത്രമാണ് അപർണ്ണ സഹകരിച്ചത്. പാടിയ മറ്റ് സിനിമകളിലെല്ലാം അപർണ്ണ ക്യാമറയ്ക്ക് മുന്നിൽ വന്നിരുന്നു. വിജയ് യേശുദാസിൻ്റെ കൂടെ പാടിയ 'വിണ്ണിൽ തെളിയും..' എന്ന മനോഹരഗാനം ഒരുക്കിയത് സുകു ദാമോദറും ആനന്ദ് മധുസൂദനനും ആണ്.
നായികയായി അഭിനയിച്ച സൺഡേ ഹോളിഡേ എന്ന ചിത്രത്തിലാണ് അപർണ്ണയുടെ ഏറ്റവും മികച്ച ഗാനമായി അഭിപ്രായപ്പെടുന്ന ' മഴ പാടും കുളിരായി..' എന്ന ഗാനമുള്ളത്. ദീപക് ദേവിൻ്റെ സംഗീതത്തിൽ സംവിധായകൻ ജിസ് ജോയ് തന്നെയാണ് വരികൾ എഴുതിയിരിക്കുന്നത്. അരവിന്ദ് വേണുഗോപാലാണ് കൂടെ പാടിയിരിക്കുന്നത്.