നിങ്ങളെ മനുഷ്യനാക്കുന്ന മലയൻകുഞ്ഞ്
---------------
ഫഹദ്, എ ആർ റഹ്മാൻ, മഹേഷ് നാരായണൻ എന്നീ മൂന്ന് പേരുകളാണ് മലയൻകുഞ്ഞിന്റെ പ്രധാന ആകർഷണം. അതൊട്ടും ചോർന്നു പോകാതെ പ്രേക്ഷകരുടെ മനസ്സിലേക്ക് ഒരു ഇടവപ്പാതിപോലെ പെയ്തിറങ്ങുന്നുണ്ട് സിനിമ.
കിഴക്കൻ മലയുടെ താഴെ മഴയോടും മണ്ണിനോടും പൊരുതി ജീവിക്കുന്ന കുറച്ചു ജീവിതങ്ങളുടെ ഒരു മഴക്കാലക്കെടുതിയിലെ അതിജീവനത്തെ കാണിക്കുന്നു സിനിമ.
ആ അടിവാരത്തിലാണ് അനിൽകുമാർ എന്നാ അനിക്കുട്ടൻ (ഫഹദ് ) തന്റെ പഴയ വീട്ടിലെ മുറിയിൽ ഇലക്ട്രോണിക്സ് റിപ്പയറിങ്ങുമായി താമസിക്കുന്നത്. കൂടെ അമ്മ മാത്രം. ക്ളോസ്ട്രോഫോബിയ എന്നാ മാനസികാവസ്ഥയുള്ള അനിക്കുട്ടൻ പരുഷനായ, സ്നേഹമോ ദയയോ കാണിക്കാത്ത ഒരാളാണ്. നാട്ടുകാരോടും ബന്ധുക്കളോടും സ്വന്തം അമ്മയോട് പോലും അയാളുടെ പരുഷ സ്വാഭാവം വെളിപ്പെടുത്തുന്നുണ്ട്. അയാളെ ഈ സ്വഭാവത്തിന് കാരണമാക്കിയ അയാളുടെ ഉള്ളൂലച്ച ഒരു ഭൂതകാലം അയാൾക്ക് കാരണമായുണ്ട്.
തൊട്ടായല്പക്കത്ത് താമസിക്കുന്ന സുനി (ദീപു നാവായിക്കുളം ) പ്രസവം കഴിഞ്ഞ ഭാര്യയെയും കൊച്ചിനെയും കൊണ്ട് തന്റെ വീട്ടിൽ വന്നു കയറുന്നത്തോടെയാണ് സിനിമ തുടങ്ങുന്നത്. 'പൊന്നി ' എന്ന് പേരിട്ട ആ കൊച്ചിന്റെ 28 നു സിനിമയും അവസാനിക്കുന്നു. 'പൊന്നി'യുടെ 28 ദിവസമാണ് മലയൻകുഞ്ഞ് എന്നാ സിനിമയുടെ കഥപറച്ചിൽ സമയം എന്നും പറയാം.
നിർത്താതെ മഴ പെയ്ത അന്ന്, രാത്രിയിൽ അപ്രതീക്ഷിതമായ ഒരു ഉരുളപൊട്ടലിൽ ആ ജീവിതങ്ങൾ തകിടം മറയുകയാണ്. വലിയൊരു ആഴത്തിലേക്ക് അനിക്കുട്ടൻ വലിച്ചെറിയപ്പെടുന്നു. പിന്നീട് അയാൾ വെളിച്ചതിലേക്കും ജീവിതത്തിലേക്കും തിരിച്ചു വരാനുള്ള ഭാഗീരഥ പ്രയത്നം നടത്തുന്നതാണ് സിനിമയുടെ രണ്ടാം പകുതി.
മുറിയുടെ ജനാല തുറന്നാൽ കാണുന്ന സുനിയുടെ വീട്ടിലെ നവജാത ശിശുവിന്റെ കരച്ചിൽ എത്രത്തോളം അനിക്കുട്ടനെ അസഹ്യമാക്കിയോ, എത്രത്തോളം ശത്രുവാക്കിയോ, അതേ കുഞ്ഞിന്റെ കരച്ചിൽ അനിക്കുട്ടനെ ഒടുവിൽ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരികയാണ്. മരിച്ചു പോയേക്കാവുന്ന അവസാന നിമിഷത്തിലും അനിക്കുട്ടനെ പിടിച്ചു നിർത്തുന്നതും അതിജീവനത്തിന് സാധ്യമാക്കുന്നതും ആ കുഞ്ഞിന്റെ കരച്ചിലാണ്.
മനുഷ്യ മനസ്സ് /ജീവിതം എന്നപോലെ വേരുകളും മരങ്ങളും കല്ലും കട്ടയും ചെളിയും വെള്ളവും ഇരുട്ടും നിറഞ്ഞ അഗാധഗർത്തത്തിൽ നിന്ന്, അനിക്കുട്ടൻ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച കൈകുഞ്ഞിനേയും കൊണ്ട് മനുഷ്യത്വത്തിന്റെ വിശാലവെളിച്ചത്തിലേക്ക് വരികയാണ്, മറന്നും പൊറുത്തും സ്നേഹം മാത്രമുള്ള മനുഷ്യനായി.
സിനിമയിൽ വളരേ നിശബ്ദമായി ഇണക്കിച്ചേർതിരിക്കുന്ന സോഷ്യൽ -പൊളിറ്റിക്കൽ എലമെന്റാണ് സിനിമയുടെ പ്രധാന വിഷയം. "ജാതിയും മതവുമൊക്കെ മനുഷ്യൻ ജീവിച്ചിരിക്കുന്നതു വരെയുള്ളു. മരിച്ചു കഴിഞ്ഞാൽ എല്ലാവരും മണ്ണാ " എന്നൊരു സംഭാഷണത്തിലൂടെ തിരക്കഥാകൃത്തും സംവിധായകനും അത് അടിവരയിടുന്നുണ്ട്. മലയും മഴയും ഉരുൾപൊട്ടാലുമൊക്കെ ഈ വിഷയം പറയാനുള്ള ഭൂമിക മാത്രം.
സിനിമ നല്ല ഓഡിയോ സിസ്റ്റമുള്ള തിയ്യറ്റർ ആവശ്യപ്പെടുന്നുണ്ട്. സിനിമയുടെ തുടക്കം മുതൽ നമുക്ക് ചുറ്റും മഴയുടെ ഇരമ്പലും മുഴക്കവും പെയ്ത്തും ഒക്കെ നമ്മെ അനുഭവിപ്പിക്കുന്നുണ്ട്. എ ആർ റഹ്മാന്റെ സംഗീതം പലയിടങ്ങളിലും ദൃശ്യങ്ങൾക്ക് ചാരുതയേകുന്നുണ്ട് (പക്ഷെ ചിലയിടങ്ങളിൽ അത്ര പോരായിരുന്നു എന്ന് എനിക്ക് തോന്നി). എടുത്തു പറയേണ്ടത് ജ്യോതിഷ് ശങ്കർ നിർവഹിച്ച കലാ സംവിധാനമാണ്. അതി ഗംഭീരം. (ഒരു ഉദാഹരണം പറയാം. ആദ്യ സീനിൽ അനിക്കുട്ടന്റെ മുറിയുടെ ജനാലപടിയിൽ അമ്മ, ചായഗ്ലാസ് കൊണ്ടു വെക്കുന്നുണ്ട്. ആ ജനാലപടിയിൽ മുൻ ദിവസങ്ങളിൽ ചായ ഗ്ലാസ് വെച്ചതിന്റെ അടയാളങ്ങൾ നമുക്ക് കാണാം. എന്നും അമ്മ മകന് ഇങ്ങിനെയാണ് ചായ കൊണ്ടു കൊടുക്കുന്നത് എന്ന് അവിടെ കൃത്യമായി ബോധ്യപെടുന്നു )
സംവിധായകനിൽ നിന്ന് ക്യാമറമാനായ മഹേഷ് നാരായണൻറെ സിനിമാട്ടോഗ്രാഫി പക്ഷെ പേഴ്സണലി അത്ര തൃപ്തിപ്പെടുത്തിയില്ല. മറ്റേതെങ്കിലും ഒരു മികച്ച ക്യാമറാമാൻ ആയിരുന്നു എങ്കിൽ സിനിമയുടെ ദൃശ്യങ്ങൾ മറ്റൊന്നായേനേ എന്ന് കരുതുന്നു. അഭിനയിച്ച എല്ലാവരും അതി ഗംഭീരമായിത്തന്നെ പെർഫോം ചെയ്തിട്ടുണ്ട്. ഫഹദ് പ്രേക്ഷകരെ സംബന്ധിച്ച് ഒരു അത്ഭുതം തന്നെയാണ്. തീർത്തും ഒരു ഹൈറേഞ്ച് വാസി എന്ന് തോന്നിപ്പിക്കുന്ന ശരീരഭാഷയും മാനറിസവും ഗംഭീരം. ഫഹദിന്റെ അമ്മയായി അഭിനയിച്ച നടി (ജയ കുറുപ്പ് ) യും ഒപ്പം ഇന്ദ്രൻസും അയൽവാസിയായ സുനി (ദീപു ) എന്നിവരുടെ പ്രകടനങ്ങൾ എടുത്തു പറയേണ്ടത്താണ്.
ഒരു പ്രദേശത്തെയും കുറെ ജീവിതങ്ങളെയും തകർത്തെറിഞ്ഞ ഒരു മലയിടിച്ചിലിൽ നിന്നും അതിജീവിച്ചു വന്ന ഈ മലയൻകുഞ്ഞിന്റെ മികച്ച ദൃശ്യവിഷ്കാരം പ്രേക്ഷകർ കാണാതെ പോകരുത്.
നന്ദകുമാർ