പ്രശസ്ത സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുമായി മമ്മൂട്ടി ആദ്യമായി ഒന്നിക്കുന്ന 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിന്റെ നിർമ്മാണം അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 'നൻപകൽ നേരത്ത് മയക്കം' നേരിട്ടുള്ള ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്. ചിത്രം ബിഗ് സ്ക്രീനിനു വേണ്ടിയല്ല, മറിച്ച് ഒടിടി റിലീസിന് തന്നെയാണ് തുടക്കത്തിലേ ആസൂത്രണം ചെയ്തിരുന്നെതെന്നാണ് അറിയുന്നത്.
ഈ വരുന്ന ഓണക്കാലത്ത്, 'നൻപകൽ നേരത്ത് മയക്കം' നേരിട്ട് സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമെന്നാണ് അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ, നിരൂപക പ്രശംസ ഏറെ പിടിച്ചുപറ്റിയ 'പുഴു'വിന് ശേഷം മമ്മൂട്ടി നായകനാകുന്ന രണ്ടാമത്തെ ഒടിടി റിലീസായിരിക്കും ഇത്. പക്ഷെ, ഒടിടി റിലീസിനെ സംബന്ധിച്ച് ചിത്രത്തിന്റെ സംവിധായകനോ, നിർമ്മാതാക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായാലുടൻ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് അണിയറപ്രവർത്തകർ ആലോചിക്കുന്നത്. ആ സാഹചര്യത്തിൽ, ഇത് സംബന്ധിച്ച ഒരു പ്രധാന അപ്ഡേറ്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്തുവരും.