ന്നാ താൻ കേസ് കൊട് - സാധാരണക്കാരന്റെ നിയമ പോരാട്ടം - സിനിമ റിവ്യൂ

Reviews
Nna thaan case Kodu-m3dbcafe

ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം  എന്നീ സിനിമകൾക്ക് ശേഷം  രതീഷ്  ബാലകൃഷ്ണൻ  പൊതുവാൾ  തിരക്കഥയും സംവിധാനവും ചെയ്ത പുതിയ സിനിമ "ന്നാ താൻ കേസ് കൊട് " എന്ന കുഞ്ചാക്കോ ബോബൻ നായകനായ സിനിമ പ്രമേയ പരിസരവും  ആഖ്യാന ശൈലിയും കൊണ്ട് ഏറെ ശ്രദ്ധേയമാകുന്ന സിനിമയാണ് .

സിനിമയുടെ ആദ്യ കുറച്ചു മിനിറ്റുകൾ കഴിഞ്ഞാൽ  ഏതാണ്ട്  പൂർണ്ണമായും  ഒരു മജിസ്ട്രറ്റ് കോടതിയിൽ നടക്കുന്ന കോർട്ട് ഡ്രാമാ  എന്ന് വിളിക്കാവുന്ന ഗണത്തിലുള്ള ഒരു സിനിമയാണ്. എന്നാൽ നാളിതുവരെ നമ്മൾ മലയാള സിനിമയിൽ കണ്ടിട്ടുള്ള ഡ്രാമ എലമെന്റുകളെ പൂർണ്ണമായും നിരാകരിച്ചു തീർത്തും സ്വഭാവികമായ അഭിനയ - ആഖ്യാന ശൈലി ആണ് അവലംബിച്ചിരിക്കുന്നത്.

സാധാരണക്കാരനും  അധികാര വ്യവസ്ഥയും തമ്മിലുള്ള നിയമ പോരാട്ടമാണ് സിനിമ ഉടനീളം പറയുന്നത്.

കുഞ്ചാക്കോ ബോബൻ എന്ന നടന്റെ അഭിനയ ജീവിതത്തിലെ നാളിതുവരെയുള്ള വേഷങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായ രാജീവൻ എന്ന നായക വേഷം അതി ഗംഭീരമായിത്തന്നെ അയാൾ നിറഞാടിയിരിക്കുന്നു.  ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്ന  എല്ലാ നടീനടന്മാരും  ഗംഭീരമായിത്തന്നെ  തങ്ങളുടെ വേഷങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ അവരാരും തന്നെ നമ്മൾ പ്രേക്ഷകർക്ക് സിനിമയിൽ മുൻപരിചയം ഉള്ളവരല്ല. അവർ കഥാപാത്രങ്ങളായിത്തന്നെ തിരശീലയിൽ  ജീവിക്കുന്നു. മജിസ്‌ട്രേട്ട് ആയി വന്ന നടൻ, ഷുക്കൂർ വക്കീൽ ആയ നടൻ, നായിക ഗായത്രി, രാജേഷ് മാധവൻ  തുടങ്ങി  ഒറ്റസീനിൽ വന്നുപോയവരൊക്കെയും പ്രേക്ഷകരുടെ കയ്യടിയും അംഗീകാരവും നേടുന്ന പ്രകടനമാണ് കാഴ്ച വെച്ചത്.

 

സിനിമയുടെ കലാസംവിധാനം നിർവഹിച്ച  ജ്യോതിഷ് ശങ്കർ പ്രേത്യേകം പരാമർശിക്കപ്പെടുന്നുണ്ട്. (മറ്റൊരു സംസ്ഥാന അവാർഡ് ജ്യോതിഷിനെ കാത്തിരിക്കുന്നുണ്ട് ) മലയാളത്തിൽ ഇന്നുവരെ കാണാത്ത റിയലിസ്റ്റിക്ക് കോടതി ഒരുക്കിയതിൽ അഭിനന്ദിക്കാതെ വയ്യ!.

സിനിമ തീർത്തും വടക്കേ മലബാർ ഭാഷ -സംസ്കാര  രീതിയിലാണ് . പതിഞ്ഞ താളത്തിൽ തുടങ്ങുന്ന സിനിമ ആദ്യപകുതിയോടടുക്കുമ്പോൾ മാത്രമാണ് പിരിമുറുക്കാമമേറുന്നത്. രണ്ടാം പകുതി തീർത്തും ഗംഭീരമായി.

ഒരു തട്ടുപൊളിപ്പൻ സിനിമയാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത് എങ്കിൽ സിനിമ നിങ്ങളെ നിരാശപ്പെടുത്തും, പക്ഷെ, ജീവിതയാഥാർഥ്യങ്ങളുടെ നേർക്കണ്ണാടിയായി ചെറുമന്ദഹാസമായും  ഇടയ്ക്ക് പൊട്ടിച്ചിരിപ്പിച്ചും ഇടത്തരം ജീവിതങ്ങളുടെ നിസ്സഹായതയുടെയും  നിയമ പോരാട്ടത്തിന്റെയും യഥാർത്ഥ ആവിഷ്കാരം കാണാൻ തയ്യാറാണെങ്കിൽ ഈ സിനിമ നിങ്ങളിൽ ഒരു അത്ഭുത കാഴ്ചയാകും.

 

* റിലീസിന് മുൻപേ ഹിറ്റായ "ദേവദൂതർ പാടി " എന്ന ഗാനം സിനിമയിലെ പ്രധാന ട്വിസ്റ്റ് ആയി വരുന്നുണ്ടെങ്കിലും അത്‌ മിസ് പ്ളേസിങ് ആയിതോന്നി.

*സമീപകാല സൂപ്പർതാര-ഹിറ്റ് സിനിമകളുടെ യാതൊരു ഫ്ലേവറും ഇതിലില്ല.

വടക്കേ മലബാർ സ്‌ലാങ്ങിന്റെ ഭംഗിയും കൗതുകവും നമ്മിൽ നിറക്കുന്ന ഒരു ചെറുമന്ദഹാസവുമായി, ഒരു സാധാരണക്കാരൻ അധികാര വ്യവസ്ഥയോട് നടത്തുന്ന നിയമ പോരാട്ടത്തെ ഒട്ടൊരു പുഞ്ചിരിയോടെ നമുക്ക് ആസ്വദിക്കാൻ കഴിയും. തീർച്ച!

നന്ദകുമാർ

Comment