കോഴിക്കോട്ടെ നാരായണന്മാർ

Cafe Special

കോഴിക്കോട്ടെ നാടകരംഗത്ത് ഒരേ സമിതിയിൽ ഒരേ കാലഘട്ടത്തിൽ സജീവമായിരുന്ന, ഒരേ ചിത്രത്തിലെ ഒരേ രംഗത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച, ഒരേ നാമധാരികളായ രണ്ട് കലാകാരന്മാർ..  

ചിത്രത്തിൽ കാണുന്നത് ഒരേ പേരുകാരായ ഇവർ ഇരുവരും രണ്ട് കാലഘട്ടങ്ങളിലായി ഒരുമിച്ച രണ്ട് ചിത്രങ്ങളിലെ രംഗങ്ങളാണ്..

സ്കൂൾ പഠനകാലം മുതൽക്കേ നാടകകലയോട് ആഭിമുഖ്യം പുലർത്തിയിരുന്ന ഈ രണ്ട് കലാകാരന്മാർ കോഴിക്കോട് സംഗമം തിയേറ്റേഴ്സിന്റെ നാടകവേദികളിലാണ് ഒരുമിച്ചഭിനയിക്കുന്നത്.. ഇരുവരിൽ, പൊടിക്ക് സിനിയറെന്ന് പറയാവുന്ന കോഴിക്കോട് ചേമഞ്ചേരി സ്വദേശിയായ ചേമഞ്ചേരി നാരായണൻ നായർ സമിതിയിലുള്ളപ്പോഴാണ്, ട്രൂപ്പിലേക്ക് നാരായണൻ നായരെന്ന മറ്റൊരു നടൻ കൂടി പുതുതായി എത്തിപ്പെടുന്നത്.. പേരിലെ ആശയക്കുഴപ്പം ഒഴിവാക്കാൻ രണ്ടാമന്റെ പേര് കോഴിക്കോട് നാരായണൻ നായർ എന്ന് പരിഷ്കരിക്കുകയായിരുന്നു..

 

മലയാള സിനിമ എന്നല്ല, തെന്നിന്ത്യൻ സിനിമ തന്നെ മദിരാശിയിൽ കേന്ദ്രീകരിച്ചിരുന്ന കാലഘട്ടം.. വല്ലപ്പോഴുമൊക്കെയാണ് ഷൂട്ടിംഗ് സംഘങ്ങൾ മലയാള സിനിമയുടെ ഔട്ട്ഡോർ ഷൂട്ടിങ്ങിനായി കേരളത്തിലെ ഗ്രാമങ്ങളിലേക്ക് എത്തുക.. അങ്ങനെ എത്തുമ്പോൾ എക്സ്ട്രാ നടീനടന്മാർക്കായി പ്രൊഡക്ഷൻ വിഭാഗം ബന്ധപ്പെടുക അന്ന്  നിലവിലുള്ള നാടകസംഘങ്ങളെത്തന്നെയായിരുന്നു..
 
ഇപ്രകാരം 1970 കളുടെ തുടക്കത്തിൽ ഔട്ട്ഡോർ ഷൂട്ടിംഗിനായി ഷൊർണൂരിൽ എത്തിയ സിനിമാസംഘത്തിന് ആവശ്യം ഒരു കല്യാണ രംഗത്തിലെ വരനെയും സംഘത്തെയും ആയിരുന്നു..  അങ്ങനെയാണ് കോഴിക്കോട്ടെ നാടക സമിതിയായ സംഗമം തിയേറ്റേഴ്സിൽ നിന്ന് മേൽപ്പറഞ്ഞ രണ്ട് നാരായണൻമാർക്കും സിനിമയിലെ തങ്ങളുടെ അരങ്ങേറ്റത്തിനുള്ള വഴിയൊരുങ്ങുന്നത്.. ഏതാനും മാസങ്ങൾക്ക് മുൻപ് മാത്രം ജീവിതത്തിൽ നവവരന്റെ വേഷം കെട്ടിയ കോഴിക്കോട് നാരായണൻ നായർ ആ ആ ചിത്രത്തിനായി ഒരിക്കൽക്കൂടി വരന്റെ വേഷമിട്ടപ്പോൾ വരന്റെ സഹചാരിയായി ചേമഞ്ചേരി നാരായണൻ നായരും ആ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറി.. 1971 പുറത്തിറങ്ങിയ ആഭിജാത്യം എന്ന ആ ചിത്രത്തിൽ ഇരുവരും ഒരേ രംഗത്ത് ഒരുമിച്ചഭിനയിച്ചു (ഞൊടിയിടയിൽ മിന്നിമായുന്ന റോളിലാണെങ്കിൽപ്പോലും)..

 

സിനിമാ അരങ്ങേറ്റത്തിനു ശേഷം പിന്നീടും രണ്ട് നാരായണൻമാരും  നാടകരംഗത്ത് സജീവമായും സിനിമയിൽ  വല്ലപ്പോഴുമൊക്കെ മുഖംകാട്ടിയും കലാരംഗത്ത് തന്നെ തുടർന്നുപോന്നു..  എന്നിരുന്നാലും പിൽക്കാലത്ത് സിനിമയിൽ താരതമ്യേന കൂടുതൽ അവസരങ്ങൾ ലഭിച്ചത് കോഴിക്കോട് നാരായണൻ നായർക്ക് തന്നെയായിരുന്നു.. സവിധം, വാത്സല്യം, പാഥേയം, പക്ഷേ, ഹിറ്റ്ലർ, ദൃശ്യം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു... എണ്ണത്തിൽ കുറവാണെങ്കിലും അമ്മക്കിളിക്കൂട്, മിഴിരണ്ടിലും, നടൻ തുടങ്ങി പല സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ചേമഞ്ചേരി നാരായണൻ നായർക്കും കഴിഞ്ഞു..
 
നാടകരംഗത്ത് സജീവ സാന്നിധ്യമാവാനും,  പുരസ്കാരങ്ങൾ നേടാനും കഴിഞ്ഞിട്ടുള്ള ഇരുവരും ഒട്ടേറെ  മിനിസ്ക്രീൻ പരമ്പരകളിലും വേഷമിട്ടു..

 1971ലെ ആഭിജാത്യം എന്ന ചിത്രത്തിനു ശേഷം സുഹൃത്തുക്കളും സഹപ്രവർത്തകരും ഒരേ നാമധാരികളുമായ ഈ രണ്ടുപേരെയും പിന്നീട് ഒരേ ഫ്രെയിമിൽ ഒരുമിച്ച് കണ്ടത് 33 വർഷങ്ങൾക്കു ശേഷം 2004 വി എം വിനു സംവിധാനം ചെയ്ത വേഷം എന്ന ചിത്രത്തിലായിരുന്നു..  ചലച്ചിത്രരംഗത്ത് അരനൂറ്റാണ്ടിലധികം കാലം പിന്നിട്ട് കോഴിക്കോട് നാരായണൻ നായർ തന്റെ അഭിനയസപര്യ തുടരുന്നു.. നാടകങ്ങൾക്കും സിനിമയ്ക്കും പുറമേ സീരിയൽ രംഗത്തും ശ്രദ്ധേയനായിരുന്ന ചേമഞ്ചേരി നാരായണൻ നായർ 2014 ൽ അന്തരിച്ചു..

 

Comment