കോവിഡ് കാലത്തെ ഒരു രാത്രിയും പകലും സംഭവിക്കുന്ന ആണത്ത ആഘോഷങ്ങളുടെ ചെറു ആവിഷ്കാരമാണ് ജിയോ ബേബിയുടെ ശ്രീധന്യ കാറ്ററിംഗ് സർവ്വീസ് എന്ന സിനിമ.
കോട്ടയം പ്രദേശത്തെ ഒരു കുഗ്രാമത്തിൽ നടക്കുന്ന സുഹൃത്തുക്കളുടെ ബിരിയാണി വെപ്പിന്റെയും ഒപ്പമുള്ള മദ്യപാന സദസ്സിന്റെയും രസകരമായ ആവിഷ്കാരമാണ് സിനിമ.
കാറ്ററിംഗ് സർവ്വീസുകാരൻ കൂടിയായ ഷിനോയ് (പ്രശാന്ത് മുരളി ) തന്റെ മകളുടെ ഒന്നാം പിറന്നാളിന് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ബിരിയാണി കൊടുക്കാൻ തീരുമാനിക്കുന്നതും അതിലേക്ക് നാട്ടുകാരനായ സെബി (ജിയോ ബേബി ) തന്റെ വീട് ഒരുക്കിക്കൊടുക്കുന്നതും പിന്നീട് ഷിനോയിയുടെ സഹായികളും സുഹൃത്തുക്കളും വന്നു ചേരുന്നതുമോടെ രംഗം കൊഴുക്കുന്നു.ഒരു ചെറിയ സംഭവമാണ് സംവിധായകൻ പറയുന്നത് എങ്കിലും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ട് ചിത്രം അതീവ രസകരമാണ്. പ്രധാന പ്ലോട്ടിനൊപ്പം തന്റെ രാഷ്ട്രീയ സാമൂഹ്യ വിമർശനങ്ങളും കൊണ്ടു വരാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.
ഇത്രയുമൊക്കെ ആണെങ്കിലും സിനിമയുടെ ക്യാമറ കാഴ്ച, ബോധപൂർവ്വമോ അല്ലാതെയോ ആണെങ്കിൽ പോലും അത്തരത്തിൽ ട്രീറ്റ് ചെയ്തത് പ്രേക്ഷകന്റെ കാഴ്ചാ ആസ്വാദനത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. പ്രധാന വിഷയത്തോട് ചേർത്ത് പറഞ്ഞ ഉപകഥകൾ പലപ്പോഴും പ്രധാന വിഷയത്തോട് ചേർന്ന് നിൽക്കാതെ മുഴച്ചു നിൽക്കുന്നു.
അഭിനേതാക്കളിൽ "അളിയൻ" കഥാപത്രമായി വന്ന കുമാർ എന്ന നടൻ വളരെ മികച്ചു നിൽക്കുന്നു. ഒപ്പം പ്രശാന്ത് മുരളി, ജിയോ ബേബി, കൂടെയുള്ള അഭിനേതാക്കൾ എല്ലാം സ്വാഭാവിക പ്രകടനം കൊണ്ട് ശ്രദ്ധേയമായ പെർഫോമൻസുകൾ കൊണ്ട് വന്നിട്ടുണ്ട്.
സാങ്കേതിക ഘടകങ്ങളിൽ കുറേക്കൂടി ശ്രദ്ധ പതിപ്പിച്ചിരുന്നു എങ്കിൽ കുറേക്കൂടി മികവാർന്ന ഒരു സിനിമാ അനുഭവം തരാൻ ശ്രീധന്യ കാറ്ററിംഗ് സർവ്വീസിനു കഴിഞ്ഞേനെ.