പാൽതു ജാൻവർ - അതീവ ഹൃദ്യവും രസകരവുമായ കൊച്ചു സിനിമ --സിനിമ റിവ്യൂ

Reviews

കണ്ണൂർ ജില്ലയിലെ മലയോര മേഖല പാശ്ചാത്തലമാക്കി, കുടിയാന്മല ഗ്രാമ പഞ്ചായത്തിലെ കടുവാപ്പറമ്പ് മൃഗാശുപത്രിയിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആയി വരുന്ന പ്രസൂൺ കൃഷ്ണകുമാർ (ബേസിൽ ) എന്ന ചെറുപ്പക്കാരന്റെ ഇഷ്ടനിഷ്ടങ്ങളുടെ അവസ്ഥന്തരങ്ങളും  ഗ്രാമീണ ജീവിതത്തിന്റെ നേർകാഴ്ചകളുമാണ് പാൽതു ജാൻവർ.

ഭൂമിയിലേക്ക് പിറന്നു വീഴുന്ന ഓരോ ജീവനും ഒരു നിധിയാണ് എന്ന ആശയത്തിൽ ഊന്നിയാണ് സിനിമയുടെ കഥാതന്തു.
കഥാപശ്ചാത്തലം, സ്ക്രിപ്റ്റ്, അഭിനയം, സംവിധാനം അങ്ങിനെ സിനിമയുടെ എല്ലാ മേഖലകളും മികച്ചു നിൽക്കുന്നു. ബേസിൽ, ഷമ്മി തിലകൻ, ഇന്ദ്രൻസ്, ജോണി ആന്റണി  തുടങ്ങി പേരറിയാത്ത മറ്റു നടീനടന്മാർ വരെ (ഒറ്റ സീനിൽ വന്നു പോകുന്ന പുതുമുഖങ്ങൾ വരെ ) അതി ഗംഭീരമായ പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. മൃഗാശുപത്രിയിലെ അസിസ്റ്റന്റ്, ഇറച്ചിവെട്ടുകാരൻ ആയ മധ്യവയസ്കൻ, ഡേവിസ് (ജോണി ആന്റണി ) ന്റെ ഭാര്യയും മകളും അങ്ങിനെ പ്രേക്ഷകർക്ക് ചിര പരിചിതമല്ലാത്ത നിരവധി ആർട്ടിസ്റ്റുകൾ സ്വഭാവികമായി തകർത്തു അഭിനയിച്ചിട്ടുണ്ട്.

അതി ഗംഭീര കഥയോ പ്രേക്ഷകനെ അമ്പരിപ്പിക്കുന്ന ട്വിസ്റ്റുകളോ കിടിലം ഇന്റർവെൽ പഞ്ചോ കാതടിപ്പിക്കുന്ന പശ്ചാത്തല സംഗീതമോ ഒന്നും ഈ സിനിമയ്ക്കില്ല. പക്ഷെ, "മൃഗങ്ങളല്ലേ, മനുഷ്യരല്ലല്ലോ " എന്നൊരു സംഭാഷണത്താൽ നമ്മുടെ ഹൃദയം ആർദ്രമാകുന്ന ഒരു അന്തരീക്ഷം തരാൻ സിനിമക്ക് ആകുന്നുണ്ട്. മനുഷ്യരുടെ ഒപ്പം വളർത്തു മൃഗങ്ങളെയും സ്നേഹിക്കുന്നവരുടെ ജീവിതത്തെ കാണിച്ചു തരുന്നുണ്ട്. അതിനൊപ്പം  രാഷ്ട്രീയത്തെയും മതത്തെയും ഒക്കെ കണക്കിന് പരിഹസിക്കുന്നുമുണ്ട്.
നായകനോട് ഫോൺ വഴി മാത്രം കണക്റ്റഡ് ആകുന്ന നായിക സിനിമയിലെ നിർണ്ണായക കഥാപാത്രം ആകുന്നുണ്ട്. മാത്രമല്ല, നിസ്സാരമെന്നു കരുതുന്ന പല കഥാപാത്രങ്ങളും സിനിമയുടെ കഥാഗതിയിലെ പല സന്ദർഭങ്ങളിലും മികച്ച സാന്നിധ്യം ആകുന്നുണ്ട്.

തന്റെ വളർത്തുമൃഗത്തിന്റെ ഒരു പുതു ജീവൻ തുള്ളിചാടി വരുന്ന  കാഴ്ച അതീവ സന്തോഷത്തോടെ, നിറവയറുമായി മറ്റൊരു മനുഷ്യ ജീവനെ പ്രതീക്ഷിക്കുന്ന ഒരു സ്ത്രീ കഥാപാത്രം നോക്കി നിൽക്കുന്നതിൽ ആണ് സിനിമ അവസാനിക്കുന്നത്. 'നിധിയാണ്.. ഓരോ ജീവനും!!  ' എന്ന പോസ്റ്ററിലെ ക്യാപ്ഷൻ അർത്ഥവത്താകുന്നത് അവിടെയാണ്.

ലളിതം, സുന്ദരം,. രസകരം,. ഹൃദ്യം ഈ പാൽതു ജാൻവർ. വലിയ സംഭവ വികാസങ്ങൾ ഒന്നും ഇല്ലാത്ത ചെറിയൊരു ഗ്രാമീണ സിനിമ.സംവിധായകനും തിരക്കഥകൃത്തുക്കൾക്കും നിറഞ്ഞ കയ്യടി.

Ambili Ravum – Palthu Janwar Video Song | Basil Joseph | Sangeeth P Rajan | Justin Varghese