തരംഗിണി ഓണപ്പാട്ടുകള്‍ - ചരിത്രവും വിശേഷങ്ങളും PART-1

Memoirs

വീണ്ടും ഒരു ഓണക്കാലം കൂടി മലയാളക്കരയിലേക്ക് വരവായി. ഓണത്തപ്പനും അത്തപ്പൂക്കളവും ഓണക്കളികളും ഓണ സദ്യയുമെല്ലാം മലയാളികളുടെ എക്കാലത്തേയും ഏറ്റവും വലിയ ആഘോഷമാണ്. അതോടൊപ്പം മലയാളികൾ നെഞ്ചേറ്റി ലാളിച്ച ഒന്നായിരുന്നു ദാസേട്ടന്റെ തരംഗിണിയിൽ നിന്നുള്ള ഓണപ്പാട്ടുകൾ . 1982 മുതൽ 2003 വരെ എല്ലാ വർഷവും തരംഗിണിയിൽ നിന്നുള്ള ഓണപ്പാട്ടുകൾ വിപണിയിൽ എത്തിയിരുന്നു. സിനിമാഗാനങ്ങളേക്കാൾ ഹൃദ്യമായ ആ ഓണപ്പാട്ടുകളുടെ വിശദ വിവരങ്ങളിലേക്ക്.

1982 - ഓണപാട്ടുകള്‍ വോള്‍-1


1982 ആഗസ്റ്റ് 25 ന് അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ തരംഗിണി സ്റ്റുഡിയോയിൽ വച്ച് ആദ്യത്തെ ഓണപ്പാട്ടുകൾ പ്രകാശനം ചെയ്തു. ഒ എൻ വി കുറുപ്പ് രചിച്ച് ആലപ്പി രങ്കനാഥ് സംഗീതം നൽകിയ 10 ഗാനങ്ങളും കേരള വാദ്യ സംഗീതവും ഈ കാസറ്റിൽ ഉണ്ടായിരുന്നു. നാലുമണിപ്പൂവേ നാലുമണിപ്പൂവേ എന്ന ഹിറ്റ്ഗാനം ഈ ആൽബത്തിലേതായിരുന്നു.

1983 - ഉത്സവഗാനങ്ങൾ വോള്‍-1

1983 ൽ ശ്രീകുമാരൻ തമ്പി - രവീന്ദ്രൻ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ ഉത്സവഗാനങ്ങൾ എന്ന പേരിൽ തരംഗിണി വിപണിയിൽ എത്തിച്ചു. യേശുദാസ് , ജാനകി ദേവി എന്നിവർ ആലപിച്ച 10 ശ്രവണ സുന്ദര ഗാനങ്ങളിൽ ഉത്രാട പൂനിലാവേ വാ സൂപ്പർ ഹിറ്റായി.

1984 - ഉത്സവഗാനങ്ങൾ വോള്‍ - 2

വി.മധുസൂദനൻ നായർ രചിച്ച് ആലപ്പി രങ്കനാഥ് സംഗീതം നൽകി യേശുദാസ് , ജാനകി ദേവി, ചിത്ര എന്നിവർ ആലപിച്ച 10 ഗാനങ്ങൾ അടങ്ങിയ ഉത്സവഗാനങ്ങൾ Vol - 2 ആയിരുന്നു 1984-ലെ തരംഗിണിയുടെ ഓണ സദ്യ. ശ്രാവണ ചന്ദ്രികാ തന്ത്രിയിൽ, തൃക്കാക്കരയിലെ തിരുവോണ താമര, നർത്തകി നിശാപുഷ്പവതി തുടങ്ങിയ ഗാനങ്ങൾ ഏറെ ആസ്വദിക്കപ്പെട്ടു.

1985 - ഉത്സവഗാനങ്ങൾ വോള്‍ - 3

1983-ലെ ഉത്സവഗാനങ്ങളുടെ ഈണങ്ങൾ പശ്ചാത്തലസംഗീതമാക്കി ശ്രീകുമാരൻ തമ്പി - രവീന്ദ്രൻ - യേശുദാസ് കൂട്ടുകെട്ടിൽ 10 ഗാനങ്ങൾ 1985 ൽ ഉത്സവഗാനങ്ങൾ vol - 3 യിൽ തരംഗിണി അവതരിപ്പിച്ചു. എന്തും മറന്നേക്കാം എങ്കിലും ആരാത്രി, അതി മനോഹരം ആദ്യത്തെ ചുംബനം, ഉത്സവബലി ദർശനം  തുടങ്ങിയ ഗാനങ്ങൾ ഈ ആൽബത്തിലേതായിരുന്നു.

1986 - ആവണിപ്പൂക്കൾ

യൂസഫലി കേച്ചേരി രചിച്ച് എം എസ് വിശ്വനാഥൻ സംഗീതം നൽകി യേശുദാസ് , ചിത്ര എന്നിവർ ആലപിച്ച 12 ഗാനങ്ങളുമായി 1986 ൽ ആവണിപ്പൂക്കൾ എന്ന ആൽബം തരംഗിണി ശ്രോതാക്കൾക്ക് സമ്മാനിച്ചു. ഇതിലെ നിത്യ ഹരിത ഗാനങ്ങളിൽ ഓണപ്പൂവേ ഓമൽപ്പൂവേ, തുളസി കൃഷ്ണതുളസി എന്നിവ പ്രസിദ്ധി നേടി.

1987 - ഓണപ്പൂത്താലം

ബിച്ചു തിരുമല - ഔസേപ്പച്ചൻ കൂട്ടുകെട്ടിലെ 12 ഗാനങ്ങൾ ആയിരുന്നു തരംഗിണിയുടെ 1987 ലെ ഉത്സവഗാനങ്ങൾ . യേശുദാസ് , ചിത്ര, സുജാത എന്നിവർ ആലപിച്ച ഓണപ്പൂത്താലം എന്ന ഈ ആൽബത്തിലെ താമരത്തോണികൾ, ഓണം പിറന്നാലും കുമ്പിളില് എന്നീ ഗാനങ്ങൾ കൂടുതൽ ശ്രദ്ധ നേടി.

1988 - ആവണിത്തെന്നൽ

1988 ൽ തരംഗിണിയുടെ ഉത്സവഗാനങ്ങളിലെ 12 ഗാനങ്ങൾ ആവണിത്തെന്നൽ എന്ന പേരിൽ വിപണിയിൽ എത്തി. യൂസഫലി കേച്ചേരിയുടെ രചനകൾക്ക് യേശുദാസ് സംഗീതം നൽകി യേശുദാസിനൊപ്പം മലയാളികളുടെ പ്രിയ ഗായിക പി.സുശീലയും യേശുദാസിന്റെ മകൻ വിജയും ഈ ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചു. പുഷ്യരാഗക്കമ്മലണിഞ്ഞു, ദൂരെയാണു കേരളം, ഉണരു സംഗീതമേ തുടങ്ങിയ ഗാനങ്ങൾ ഈ ആൽബത്തിലേതായിരുന്നു.

1989 - ആവണിപ്പൂച്ചെണ്ട്

പി.ഭാസ്കരൻ രചിച്ച് ഹിന്ദിയിലെ പ്രശസ്ത സംഗീത സംവിധായകനായിരുന്ന രവീന്ദ്ര ജയിൻ സംഗീതം നൽകി യേശുദാസ് , ചിത്ര എന്നിവർ ആലപിച്ച 10 ഗാനങ്ങളുമായി 1989-ലെ തരംഗിണിയുടെ ഉത്സവഗാനങ്ങൾ ആവണിപ്പൂച്ചെണ്ട് എന്ന പേരിൽ വിപണിയിൽ എത്തി. ശ്രാവണ സംഗീതം കേൾപ്പൂ, അത്തപ്പൂവേ ചിത്തിരപ്പൂവേ തുടങ്ങിയ ഗാനങ്ങൾ ഏറെ ശ്രദ്ധ നേടി.

1990 - ആവണിപ്പൂക്കൂട

1990-ലും തരംഗിണിയുടെ ഓണപ്പാട്ടുകളുടെ രചന പി.ഭാസ്കരൻ ആയിരുന്നു. ഹിന്ദി സംഗീത ലോകത്തെ ഉഷാഖന്ന ആ രചനകൾക്ക് സംഗീതമേകി. യേശുദാസ് ,സുജാത , സിന്ധു എന്നിവരുടെ 8 ഗാനങ്ങൾ ആവണിപ്പൂക്കൂട എന്ന ഈ ആൽബത്തിൽ ഉണ്ടായിരുന്നു. മദാലസമാകുമീ രാവും നിലാവിൻ ദീപവും, മായല്ലേ മാരിവില്ലേ മായല്ലേ തുടങ്ങിയ ഗാനങ്ങളാണ് ഏറെ ശ്രദ്ധ നേടിയത്.

1990 - ദശസൗഗന്ധിക

തെരഞ്ഞെടുത്ത ഓണപ്പാട്ടുകൾ ഉൾപ്പെടുത്തി ദശ സൗഗന്ധിക എന്ന ആൽബവും 1990-ൽ തരംഗിണി വിപണിയിൽ എത്തിച്ചു.

1991 - ആവണിത്താലം

ഭരണിക്കാവ് ശിവകുമാർ , ആർ.കെ.ദാമോദരൻ എന്നിവർ രചിച്ച് രവീന്ദ്രൻ സംഗീതം നൽകിയ 8 ഗാനങ്ങളുമായി തരംഗിണി യുടെ ഉത്സവഗാനങ്ങൾ ആവണിത്താലം എന്ന പേരിൽ 1991 ൽ പുറത്തിറങ്ങി. യേശുദാസ് , ചിത്ര, സിന്ധു എന്നിവരായിരുന്നു ഗായകർ. ചെറുശ്ശേരി തൻ പ്രിയ എരിശ്ശേരിയും , ആവണി തൻ പൂക്കളത്തിൽ എന്നീ ഗാനങ്ങൾ ഈ ആൽബത്തിൽ ഉൾപ്പെടുന്നു.

തിരുവനന്തപുരം തരംഗിണിയിൽ നിന്നും പുറത്തുവന്ന ഓണപ്പാട്ടുകളുടെ ആൽബങ്ങൾ മേൽപ്പറഞ്ഞവയാണ്. 1992 മുതൽ തരംഗിണി മ്യൂസിക് ലേബലിൽ ചെന്നൈയിൽ നിന്നായിരുന്നു ഓണപ്പാട്ടുകൾ ഇറങ്ങിയത്. അവയെക്കുറിച്ച് അടുത്ത ഭാഗത്തിൽ.