മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നഷ്ടപ്രണയ ജോഡികൾ

Trivia

പലവിധമായ കാരണങ്ങളാൽ പ്രണയിനിയെ നഷ്ടമായവർ, ഒറ്റ ദിവസം കൊണ്ട് തനിക്ക് എല്ലാമായിരുന്നവൾ ആരും അല്ലാതെ ആയിത്തീരുന്നതിന്റെ വേദന. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ നഷ്ട ജോഡികളെ ഒന്ന് ഓർത്തെടുക്കാനുള്ള ശ്രമം. 

സേതുമാധവനും ദേവിയും - കിരീടം
ഇടിമണലിൽ താഴ്ന്നു പോകുന്നവനെ പോലെ ജീവിതത്തിലെ ഓരോ സന്തോഷങ്ങളും ഒന്നിനു പിറകേ ഒന്നായി നഷ്ടപ്പെടുകയാണ് സേതുവിന്‌. മനപ്പൂർവ്വം അല്ലാതെ തന്നെ തന്നിലേക്ക് വന്ന് ചേരുന്ന ദുരന്തങ്ങൾ. കണ്ണീർ പൂവിന്റെ കവിളിൽ തലോടി എന്ന പാട്ടിനൊപ്പം തോള് ചെരിച്ചു സേതു നടന്ന് പോയത് കരഞ്ഞു കലങ്ങിത്തുടങ്ങിയ ദേവിയുടെ കണ്ണുകളെ നേരിടാനുള്ള ശക്തി ഇല്ലാതെയാണ്. പിറ്റേന്ന് വരണമാല്യം ചാർത്തി നടന്ന് പോകുന്ന ദേവിയെ നോക്കി നിൽക്കുന്ന 'സേതു', അയാളുടെ കണ്ണുകൾ നഷ്ടബോധത്തിന്റെ പാരമ്യത്തിലാണ്. നഷ്ടകിരീടങ്ങൾ സേതുവിനെ ഇനിയും കാത്തിരിക്കുന്നുണ്ടായിരുന്നു. ജയിൽ മോചിതനായ ശേഷം തിരിച്ചെത്തിയ സേതു കൂട്ടുകാരനോട് ദേവിയെക്കുറിച്ച് അന്വേഷിക്കുമ്പോൾ ആ കാതുകൾക്ക് കേൾക്കാൻ ബാക്കി ഉണ്ടായിരുന്നത് ദേവിയുടെ മരണവാർത്ത ആയിരുന്നു.  

Sethumadhavan-Kireedam.jpg

സേതുമാധവനും അവനു നഷ്ടപ്പെടുന്ന ദേവിയും - കിരീടം

നരേന്ദ്രനും ഗൗരിയും (മായയും) - ഇന്നലെ
ഇന്നലെയുടെ പരസ്യവാചകത്തിൽ പത്മരാജൻ എഴുതിയത് ഇങ്ങനെ ആയിരുന്നു 

"കാറ്റെടുത്തു പോയ മേഘക്കീറ് 
കടൽ വിഴുങ്ങിയ കരത്തരി 
ഒരാഘാതം 
അടർത്തിയെടുത്ത 
അവളുടെ 
ഇന്നലകൾ "

അതേ, അവളുടെ ഓർമ്മകളിൽ പോലും താൻ ഇല്ലെന്ന തിരിച്ചറിവ് നരേന്ദ്രനെ കുറച്ചൊന്നുമല്ല തകർത്തു കളയുന്നത്, ഗൗരി എന്ന പേര് പോലും മാറി 'മായ' എന്ന പുതിയ പേരിൽ തന്റെ പ്രിയപ്പെട്ടവളെ കാണേണ്ടി വരുന്ന അവസ്ഥ . കോടമഞ്ഞിനെ വകഞ്ഞു പിൻതിരിഞ്ഞു നടക്കുന്ന അദ്ദേഹത്തിന്റെ മനസ്സിൽ ദുഃഖം, ഘനീഭവിച്ച കാർമേഘ പാളികൾ പെയ്തു തുടങ്ങിയിട്ടുണ്ടാവും. മായ എന്നെങ്കിലും ഗൗരി ആയിരുന്നു എന്ന് തിരിച്ചറിയുമോ എന്ന ചോദ്യം അവശേഷിക്കുന്നു. 

Narendran-Gowri.jpg

ഗൗരിയെ നഷ്ടപ്പെടുന്ന നരേന്ദ്രൻ - ഇന്നലെ

നിരഞ്ജനും  അഭിരാമിയും - സമ്മർ ഇൻ ബെത്‌ലഹേം

"നിരഞ്ജനെ ഞാൻ കണ്ടില്ലായിരുന്നെങ്കിൽ ഡെന്നിസ്, നിങ്ങളെ മാത്രമേ ഞാൻ സ്നേഹിക്കുമായിരുന്നൊള്ളു, അത്രയ്ക്ക് നല്ലവനാണ് നിങ്ങൾ."

അഭിരാമിക്കു പോലും വ്യക്തമായി അറിയാത്ത നിരഞ്ജൻ!, പ്രണയത്തേക്കാൾ ഒരുതരം വീരാരാധനയുടെ ഭാവമായിരുന്നു അതിന്. അത് ആരെക്കാളും നന്നായി  മനസ്സിലാക്കിയിരുന്നത് നിരഞ്ജൻ തന്നെ ആയിരുന്നു എന്ന് തോന്നുന്നു. അതിലുപരിയായി ഒരുപക്ഷെ ആരെക്കാളും നന്നായി അഭിരാമിയെ സ്നേഹിക്കാൻ മനസ്സിലാക്കാൻ ഡെന്നീസിനായിരിക്കും കഴിയുക.

Niranjan-Summerinbethlehem.jpg

ഡെന്നീസും നിരഞ്ജനെ നഷ്ടമാവുന്ന അഭിരാമിയും - സമ്മർ ഇൻ ബെത്‌ലഹേം

എന്നും കുമ്പിളപ്പവും കഴിച്ചു ഇവിടെ കഴിഞ്ഞാൽ മതിയോ മോളേ, മോളൊന്നു ചിന്തിച്ചു നോക്ക് - എന്ന അപ്പന്റെ വാക്കും, എന്നെ കെട്ടിപിടിച്ചൊന്നു കരഞ്ഞാൽ തീരാവുന്നതേയുള്ളു നിന്റെ സങ്കടം എന്ന അമ്മയുടെ വാക്കും! .ഒറ്റ രാത്രി കൊണ്ട് സൗമ്യയുടെ മനസ്സ് ഇടുക്കിയിൽ നിന്ന് കാനഡയിലെ തണുപ്പിലേക്ക് ഊളിയിട്ടിറങ്ങി. മഹേഷിന്റെ ഓർമ്മകൾ സൗകര്യപൂർവം മറന്നു, എന്നന്നേക്കുമായി.. മഹേഷിന്റെ പ്രതികാരത്തിൽ നിന്ന്.

Mahesh-Sowmya.jpg

സൗമ്യയെ നഷ്ടപ്പെടുന്ന മഹേഷ് - മഹേഷിന്റെ പ്രതികാരം

അയാളും ഞാനും തമ്മിൽ എന്ന ലാൽ ജോസ് സിനിമയിൽ ഡോക്ടർ രവി തരകന്റേയും സൈനുവിൻടെയും നോവ്. തന്നോട് ശത്രുത ഉള്ള സി ഐ പുരുഷോത്തമന്‍ (കലാഭവന്‍ മണി), തന്റെ കാര്‍ കടത്തി വിടില്ല എന്ന് ഉറപ്പുള്ളപ്പോള്‍ പിറ്റേന്ന് നടക്കേണ്ട റെജിസ്റ്റര്‍ മാര്യേജിനു എത്തേണ്ട ഒരാള്‍, മറ്റു വഴികള്‍ തേടാതെ ഇരുന്നത് ദുരന്തമാവുന്നു. പോലിസ് ചെക്കിങ്ങിന്റെ ഏറ്റവും മുന്‍പിലായി പാണ്ടി ലോറികളുടെ നിര തന്നെ ഉണ്ടായിരുന്നു. അതിലൊന്നില്‍ കയറി കൊച്ചിയിലോ തൊട്ടടുത്ത സ്ഥലത്തേക്കോ എത്താൻ നോക്കാത്ത തരകൻ ഒക്കെ എന്തൊരു കാമുകനാണ് എന്നൊക്കെ ആലോചിച്ച് ടെൻഷനടിക്കുമായിരുന്നു. കുട്ടികളെ ബ്രോയിലർ കോഴികളെ പോലെ വളർത്തിയാൽ അവസാനം അവർക്കൊരു തീരുമാനം എടുക്കേണ്ട ഘട്ടത്തിൽ ബുദ്ധി ഉപയോഗിക്കാതെ വരും എന്നു കാണിച്ച്‌ തരുന്ന ലാൽ ജോസ് ബ്രില്ലിയൻസ് ആയും അത് കണക്കാക്കാവുന്നതാണ്   -   ഹനീഫ് ചെറുതാഴം

Ayalum-njanum-thammil.jpg

തരകനും ഷൈനുവും - അയാളും ഞാനും തമ്മിൽ

പക്ഷെയിലെ ബാലചന്ദ്രനും നന്ദിനിയും , അമരത്തിലെ അച്ചൂട്ടിയും ചന്ദ്രികയും, പവിത്രത്തിലെ ഉണ്ണികൃഷ്ണനും മീരയും , വന്ദനത്തിലെ ഉണ്ണികൃഷ്ണനും ഗാഥയും, വടക്കൻ വീരഗാഥയിലെ ചന്തുവും ഉണ്ണിയാർച്ചയും , ചെമ്മീനിൽ നിന്ന് പരീക്കുട്ടിയും കറുത്തമ്മയും തുടങ്ങി നഷ്ടപ്രണയികളുടെ ഒരിക്കലും അവസാനിക്കാത്ത നീണ്ട നിര..

Pavithram-Lal-Sobhana.jpeg

ഉണ്ണിക്കൃഷ്ണനും മീരയും - പവിത്രം

Chandu-Aarcha.jpg

ആർച്ചയെ നഷ്ടമാവുന്ന ദു:ഖത്തോടെ ചന്തു

Lal-Sobhana-pakshe.jpeg

ബാലചന്ദ്രനും നന്ദിനിയും - പക്ഷേ

Achootty-Meera.jpeg

അച്ചൂട്ടിയും ചന്ദ്രികയും - അമരം

Lal-Gadha-Vandanam.jpeg

ഉണ്ണികൃഷ്ണനും ഗാഥയും - വന്ദനം

Karuthamma-Pareekkutti.jpg

അനശ്വര പ്രണയിതാക്കൾ ആയ കറുത്തമ്മയും പരീക്കുട്ടിയും - ചെമ്മീൻ ( കടപ്പാട് - മെൽവിൻ പോൾ)

Mayoori-Arayannangalude-veedu.jpeg

രവീന്ദ്രനും രാഗിണിയും - അരയന്നങ്ങളുടെ വീട് ( കടപ്പാട് : ദീപേഷ് ‌ചുഴലി)

Revathi-siddiqu-Nandanam.jpeg

ബാലനും തങ്കവും - നന്ദനം ( കടപ്പാട് : അശോക് രാജ് / പ്രനീഷ് )
Relates to: 
കിരീടം
സമ്മർ ഇൻ ബെത്‌ലഹേം
പവിത്രം
ഇന്നലെ
ഒരു വടക്കൻ വീരഗാഥ
മഹേഷിന്റെ പ്രതികാരം
വന്ദനം
പക്ഷേ
ചെമ്മീൻ
അയാളും ഞാനും തമ്മിൽ
നന്ദനം
അരയന്നങ്ങളുടെ വീട്