ബ്ലാക്ക് & വൈറ്റ് - കളർ കാലഘട്ടങ്ങളിലായി രണ്ട് തലമുറകളുടെ സംഗമം.. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന് 1965 ൽ ഇറങ്ങിയ കാട്ടുപൂക്കൾ എന്ന ചിത്രത്തിലെ രംഗമാണ്.. ദേവിക എന്ന നടിയും, ഒ. മാധവൻ എന്ന നടനുമാണ് രംഗത്ത്.. ദേവികയുടെ മകൾ കനകയും ഒ മാധവന്റെ മകൻ മുകേഷും ഒന്നിച്ച 1991 ലെ ഗോഡ്ഫാദർ എന്ന സിനിമയിലെ രംഗമാണ് രണ്ടാമത്തേത്..
നായികയെന്ന നിലയിൽ തമിഴിലും തെലുങ്കിലും വെന്നിക്കൊടി പാറിച്ചു നിൽക്കേ മലയാള സിനിമയിലേക്കുള്ള ദേവികയുടെ അരങ്ങേറ്റമായിരുന്നു കാട്ടുപൂക്കളെന്ന ചിത്രമെങ്കിൽ, കരകാട്ടക്കാരനെന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റിനു ശേഷം തമിഴിൽ കൈനിറയെ ചിത്രങ്ങളുമായി തിളങ്ങി നിൽക്കേ കനക മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ഗോഡ്ഫാദർ..
കാട്ടുപൂക്കളിൽ നായികയായ ദേവികയുടെ അച്ഛനായി ഒ മാധവൻ വേഷമിട്ടപ്പോൾ, 26 വർഷങ്ങൾക്കു ശേഷം ഇവരുടെ പിൻതലമുറക്കാരായ കനകയും മുകേഷും ഗോഡ്ഫാദറിൽ നായികാ നായകന്മാരായാണെത്തിയത്..
തലമുറകളുടെ കാര്യം പറയുമ്പോൾ, മുകേഷിന്റെ അച്ഛനായ ഒ മാധവൻ മാത്രമല്ല, അമ്മയായ വിജയകുമാരിയും കാട്ടുപൂക്കളിൽ അഭിനയിച്ചിരുന്നു എന്നതും പരാമർശിക്കേണ്ടിയിരിക്കുന്നു..
തലമുറകളൊക്കെ അവിടെ നിൽക്കട്ടെ, അവയെ കോർത്തിണക്കുന്ന കണ്ണിയെന്നൊക്കെ ആലങ്കാരികമായി പറയുംവിധം, ഈ രണ്ടു ചിത്രങ്ങളുടെയും ഭാഗമായ അഭിനേതാക്കൾ ഉണ്ടാവുമോ?.. തീർച്ചയായും ഉണ്ട്.. ഫിലോമിന, പറവൂർ ഭരതൻ എന്നിവർ മേല്പറഞ്ഞ രണ്ടു ചിത്രങ്ങളിലും അഭിനയിച്ചവരാണ്..