ആപ്പിൾ പോലുള്ള മമ്മൂട്ടി - രജനികാന്തിൻ്റെ വൈറൽ പ്രസംഗം

Memoirs

പൊന്നിയിൻ സെൽവൻ സിനിമയുടെ ഓഡിയോ ലോഞ്ച്  ചെന്നൈയിൽ വച്ച് നടന്നപ്പോൾ സൂപ്പർ സ്റ്റാർ രജനികാന്ത് നടത്തിയ രസകരമായ പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ എമ്പാടും തരംഗം ആവുകയാണ്.. ആ പ്രസംഗത്തിന്റെ സ്വതന്ത്ര പരിഭാഷ :

മണിരത്നത്തിനോടോപ്പം ദളപതി സിനിമയിൽ വർക്ക് ചെയ്യുന്ന സമയത്ത് നടന്ന ഒന്ന് രണ്ട് സംഭവങ്ങൾ നിങ്ങളുമായി share ചെയ്യാം എന്ന് കരുതുന്നു...(ആ പറച്ചിൽ കുറച്ച് സമയം എടുത്തേക്കാം എന്ന് കരുതി അടുത്ത് നിൽക്കുന്ന കമൽ ഹാസനോട് "കമൽ.. എങ്കെയാവത് ഉക്കാര്"...കമലിനോട് ഇരിക്കാൻ അഭ്യർത്ഥിക്കുന്നു...കമൽ വേണ്ടെന്ന് പറഞ്ഞ് രജനിയോട് ചേർന്ന് നിൽക്കുന്നു). ദളപതി ആദ്യ ദിവസ ഷൂട്ടിംഗ് മൈസൂരിൽ...ഞാൻ ആ സമയത്ത് ബോംബേയിൽ ഒരു ഹിന്ദി സിനിമയിൽ അഭിനയിക്കുകയായിരുന്നു. അവിടെ നിന്ന് മൈസൂർ എത്തിച്ചേർന്നപ്പോൾ അർദ്ധ രാത്രി പന്ത്രണ്ട് മണിയടുപ്പിച്ചായി..അടുത്ത ദിവസം രാവിലെ മേക്കപ്പ് മാനെ വിളിച്ചപ്പോൾ മേക്കപ്പ് ഒന്നും ഇല്ലെന്നാണല്ലോ പറഞ്ഞിരിക്കുന്നത് എന്ന് അയാൾ. അതൊന്നും കാര്യമാക്കേണ്ട ... മുഖം കഴുകി ഫൗണ്ടേഷൻ ഇട്ടോളാൻ ഞാനും.. കാരണം മമ്മൂട്ടിയാണ് കൂടെ അഭിനയിക്കുന്നത്. ആപ്പിൾ പോലെ തുടുത്ത് ഇരിപ്പുണ്ട് അദ്ദേഹം. So ഞാൻ മേക്കപ്പ് ഇടാതെ പോയാൽ പൗർണമിയും അമാവസിയും പോലെ ആയിപ്പോവും. ശരിയെന്നു പറഞ്ഞു മേക്കപ്പ് മാൻ ഫൗണ്ടേഷൻ ഒക്കെ ഇട്ടു. അപ്പോഴേക്കും കോസ്റ്റ്യൂംസ് കൊണ്ട് വന്നു. ലൂസ് ഷർട്ടും ലൂസ് പാന്റ്സും ... അതൊന്ന് ടൈറ്റ് ചെയ്ത് കൊണ്ട് വരാൻ ആവശ്യപ്പെട്ടു..ഇതാണല്ലോ പറഞ്ഞിരിക്കുന്നത് എന്ന് അവരും. അവസാനം നിർബന്ധിച്ച ശേഷം ടൈറ്റ് ചെയ്ത് കൊണ്ട് വന്നു. പിന്നെ കുറെ സാധാരണ ചെരുപ്പുകൾ നിരത്തി വച്ചിട്ടുണ്ട്.. "ഞാൻ ദളപതിയാ... ഷൂ കൊണ്ട് വരൂ" എന്ന് പറഞ്ഞപ്പോൾ Walking shoe കൊണ്ടു വന്നു. അതും ധരിച്ച് ഷൂട്ടിംഗ് സ്പോട്ടിലേക്ക് പോയി. എന്നെ കണ്ടയുടനെ മണിരത്നം അടിമുടി നോക്കി...കോസ്റ്റ്യൂം ചേഞ്ച് ചെയ്തില്ലേ എന്ന് ചോദിച്ചപ്പോൾ "ഇത് തന്നെയാ കോസ്റ്റ്യൂം" എന്ന് ഞാൻ മറുപടി പറഞ്ഞു. പിന്നെ നോക്കിയപ്പോൾ മണിരത്നം, സന്തോഷ് ശിവൻ, തോട്ടാ ധരണി, സുഹാസിനി ഇവരൊക്കെ വട്ടം കൂടി നിന്ന് സംസാരിക്കുകയാണ്. ഷോട്ട് എടുക്കുന്ന ലക്ഷണം ഒന്നുമില്ല. ശോഭനയും ഞാനും കൂടിയുള്ള ഷോട്ട് ആണ്.

ശോഭന ആണെങ്കിൽ തക്കം കിട്ടിയാൽ കളിയാക്കുന്ന പ്രകൃതം ഉള്ള വ്യക്തിയാണ്. എന്റെ  അടുത്ത് വന്ന് "എന്താ രജനി സർ അവരൊക്കെ സംസാരിക്കുന്നത്? നിങ്ങളെ മാറ്റി കമൽ ഹാസനെ ഈ ക്യാരക്ടറിന് വേണ്ടി ആലോചിക്കുകയാണോ?" എന്നൊക്കെ പറഞ്ഞു തുടങ്ങി ശോഭന. കുറച്ച് കഴിഞ്ഞ് മണിരത്നം വന്ന് 'ok..ഷൂട്ട് തുടങ്ങാം" എന്ന് പറഞ്ഞു. കുളത്തിനടുത്ത് ഞാനും ശോഭനയും ഇരിക്കുന്ന ഷോട്ട് ആണ്. അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു.

അടുത്ത ദിവസം രാവിലെ ആയപ്പോൾ മേക്കപ്പ് മാൻ ഉറപ്പിച്ച് പറഞ്ഞു മേക്കപ്പ് വേണ്ട എന്നാണ് പറഞ്ഞിരിക്കുന്നതെന്ന്.. പിന്നെ ദാ വരുന്നു അതേ ലൂസ് പാന്റസം  ലൂസ് ഷർട്ടും ചെരുപ്പും ഒക്കെ... രണ്ട് മൂന്ന് ദിവസങ്ങൾ ആയപ്പോൾ എനിക്ക് ആകെ ബുദ്ധിമുട്ടായിത്തുടങ്ങി. സ്റ്റോക്ക് ഷോട്ട്സ് പോലെ നമ്മളീ സ്റ്റോക്ക് എക്സ്പ്രഷൻ വച്ചുള്ള കളിയാണ്. ഭയത്തിനൊന്ന്, പ്രണയത്തിനൊന്ന്, ആശ്ചര്യത്തിനൊന്ന്, സംശയത്തിന് ഒന്ന് എന്നുള്ള രീതിയിൽ സ്റ്റോക്ക് എക്സ്പ്രഷൻ എപ്പോഴും കയ്യിലുണ്ടാവും. അതൊക്കെ പുറത്തെടുക്കുമ്പോൾ മണി സർ സമ്മതിക്കുന്നില്ല. ഡയലോഗ് സംസാരിക്കുന്നതും ഓക്കേ ആവുന്നില്ല.. "you feel...feel" എന്നാണ് മണിരത്നം പറയുന്നത്. എന്ത് ഫീലാണോ എന്തോ! നമ്മുടെ സ്ഥിരം പരിപാടിയൊക്കെ "എടുക്കെടാ വണ്ടി... പൊക്കെടാ അയാളെ...തീർക്കെടാ അവനെ" എന്ന ലൈനാണ്. അങ്ങനെയുള്ള കേസാണ് നമ്മൾ... ആ നമ്മുടെ അടുത്താണ് ഫീൽ..ഫീൽ..എന്ന് പറയുന്നത്. അങ്ങനെ എന്ത് ചെയ്യണം എന്ന് പിടിയില്ലാതെ അവസാനം അവിടെ നിന്ന് കമലിനെ ഫോണിൽ വിളിച്ചു. "കമൽ...ഇവിടെ കാര്യങ്ങൾ ശരിക്കും ബുദ്ധിമുട്ടിലാണ്. ഒരു ഷോട്ട് പത്തും പന്ത്രണ്ടും ടേക്ക് ഒക്കെയാ പോകുന്നത്. എന്ത് ചെയ്യണം എന്ന് ഒരു ഐഡിയയും ഇല്ല" എന്ന് പറഞ്ഞപ്പോൾ കമൽ പറഞ്ഞത് ഇങ്ങനെയാണ് "ആം...എനിക്കറിയാം..ഞാനും ഇത് പോലെ തന്നെയാ കഷ്ടപ്പെട്ടത്. ഒരു ഐഡിയ പറയാം. തീരെ ബുദ്ധിമുട്ട് തോന്നിയാൽ മണിരത്നത്തോട് ഒന്ന് അഭിനയിച്ച് കാണിക്കാൻ പറഞാൽ മതി. പുള്ളി അഭിനയിച്ചു കാണിക്കും. അത് ശ്രദ്ധിച്ച് ഉള്ളിലേക്ക് എടുക്കുന്നത് പോലെ കാണിച്ച് നാലഞ്ച് തവണ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക...കുറച്ച് നേരം ഒരിടത്ത് ഇരുന്ന് ആലോചിക്കുന്ന പോലെയൊക്കെ കാണിച്ച് പിന്നെ പുള്ളി ചെയ്തത് പോലെയങ്ങ് ചെയ്യാൻ ശ്രമിച്ചാൽ പുള്ളിക്കാരൻ ഓക്കേ പറഞ്ഞോളും"
ഞാനും അതെ പോലെ മണിരത്നം അഭിനയിച്ച് കാണിച്ച ശേഷം ഒരു സിഗരറ്റ് ഒക്കെ വലിച്ച് ഭയങ്കരമായി ആലോചിക്കുന്ന പോലെയൊക്കെ ഇരിക്കും. പിന്നെയങ്ങോട്ട് പെട്ടെന്ന് "ഷോട്ട് ഓക്കേ" ആവാൻ തുടങ്ങി... (കമലിന് നേരെ തിരിഞ്ഞ് "Thank you Kamal") ഇങ്ങനെ മണി രത്നത്തെ ഒത്തിരി പറ്റിച്ചിട്ടുണ്ട് ഞങ്ങള് രണ്ടാളും.

ഇനി പൊന്നിയിൻ സെൽവനേക്കുറിച്ച് ഒരു കുഞ്ഞു കഥ കൂടി പറയാം. ഞാൻ ചരിത്രം, ഫിക്ഷൻ ഇതൊക്കെ വായിക്കാൻ താൽപര്യം ഉള്ള വ്യക്തിയാണ്. പക്ഷേ എനിക്ക് ഒരു സ്വഭാവം ഉണ്ട്. പുസ്തകം ഒരു ഇരുനൂറ് മുന്നൂറ് പേജ് വരെയൊക്കെ ആണെങ്കിൽ പ്രശ്നമില്ല... മുന്നൂറ്റി അമ്പത് ഒക്കെയാണെങ്കിൽ പ്രശ്നം ആണ്. പലരും എന്നോട് ചോദിച്ചു "പൊന്നിയിൻ സെൽവൻ" വായിച്ചിട്ടുണ്ടോ എന്ന്. ഞാൻ ആദ്യം ചോദിച്ചത് എത്ര പേജ് ഉണ്ടെന്നാണ്. "പേജോ? അഞ്ച് വാല്യം ...രണ്ടായിരം പേജോളം വരും" എന്ന് കേട്ടയുടനെ പോയി പണി നോക്കാൻ പറഞ്ഞു. അങ്ങനെയിരിക്കെ ഒരാൾ എന്നോട് ചോദിച്ചു "നിങ്ങൾക്ക് ഒരു കാര്യം അറിയാമോ? 1979-ൽ കുമുദം വാരികയിൽ ജയലളിതയുടെ ഒരു ചോദ്യോത്തര പംക്തി ഉണ്ടായിരുന്നു. അതിൽ പൊന്നിയിൻ സെൽവൻ നോവൽ സിനിമയാക്കിയാൽ വന്തിയ തേവൻ ക്യാരക്ടറിന് ആരെ നിർദ്ദേശിക്കും എന്നൊരു ചോദ്യം ഉണ്ടായിരുന്നു. അതിന് ജയലളിത ഒറ്റ വാക്കിൽ മറുപടി പറഞ്ഞിരുന്നു - "രജനികാന്ത്". ഇത് കേട്ടതോടെ എനിക്ക് ഭയങ്കര സന്തോഷം ആയി. ജയലളിത തന്നെ ആ നോവലിലെ ബെസ്റ്റ് ക്യാരക്ടറിന് എന്റെ  പേരാണ് പറഞ്ഞത് എന്ന് അറിഞ്ഞപ്പോൾ ആണ് ഞാൻ ആ നോവൽ വായിക്കാൻ തുടങ്ങിയത്.

പുസ്തകം വായിച്ച് തുടങ്ങിയപ്പോൾ അമ്പമ്പോ! രചയിതാവ് കൽക്കി ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ  കാൽക്കൽ സാഷ്ടാംഗം വീണു നമിച്ചേനേ. Hats off! ഇത് പോലൊരു എഴുത്തുകാരൻ...നോ ചാൻസ്... പൊന്നിയിൻ സെൽവനിൽ എന്തൊരു characterisation ആണ്! വീരം, സൗന്ദര്യം, ഭയാനകം, ബീഭത്സം, ഹാസ്യം...ശരിക്ക് പറയുകയാണെങ്കിൽ പൊന്നിയിൻ സെൽവൻ ആയ അരുൾ മൊഴി വർമ്മൻ അല്ല..നന്ദിനി...നന്ദിനി ആണ് മികച്ച കഥാപാത്രം.. പൊന്നിയിൽ സെൽവി എന്ന് പേര് വയ്ക്കേണ്ടതാണ് (ആ കഥാപാത്രത്തെക്കുറിച്ച് വിശദമായി സംസാരിക്കുന്നു)..അത് പോലൊരു ക്യാരക്ടർ ആലോചിക്കാൻ പോലും പറ്റില്ല... അതിൽ നിന്നുള്ള inspiration ആണ് പടയപ്പ സിനിമയിലെ നീലാംബരി കഥാപാത്രം. അത് പോലെ ഈ നോവലിലെ നായക കഥാപാത്രം എന്ന് വിശേഷിപ്പിക്കാവുന്ന അരുൾ മൊഴി വർമ്മൻ...അദ്ദേഹത്തിന്റെ  introduction വരുന്നത് നാൽപ്പതോ നാൽപ്പത്തി അഞ്ചാമത്തെയോ അധ്യായത്തിൽ ആണ് ( ആ സീക്വൻസ് വിശദീകരിക്കുന്നു)

So... ഈ സിനിമയിൽ എങ്ങനെയെങ്കിലും ഉണ്ടാവണം എന്ന ആഗ്രഹത്തിൽ മണി സാറിനോട് ഞാൻ ചോദിച്ചു "ആ പെരിയ പഴുവെട്ടരായർ കഥാപാത്രം ഞാൻ ചെയ്യട്ടെ" എന്ന്..."എന്തിന്? താങ്കളുടെ ഫാൻസ് എന്നെ തെറി പറയാനായിട്ടാണോ? അത് വേണ്ട" എന്നാണ് മണി സർ മറുപടി പറഞ്ഞത്. "അല്ല സർ...സ്പെഷ്യൽ appearance എന്ന ടാഗിട്ട് ഞാൻ ആ ക്യാരക്ടർ ചെയ്യാം" എന്ന് പറഞ്ഞു നോക്കി. അദ്ദേഹം സമ്മതിച്ചതേ ഇല്ല. "താങ്കളെ ഈ വിധത്തിൽ ഉപയോഗിക്കാൻ ആവില്ല..സോറി" എന്ന് പറഞ്ഞ് അവസാനിപ്പിച്ചു. വേറേ ഏത് ഡയറക്ടർ ആയിരുന്നുവെങ്കിലും എൻ്റെ ആഗ്രഹം സാധിച്ചു തന്നേനെ. അതാണ് മണി സർ..

മണി സർ, God's child A R റഹ്മാൻ, തോട്ടാധരണി.. ദ്രോണാചാര്യരെപ്പോലെ ഇപ്പോഴുള്ള മിക്ക ആർട്ട് ഡയറക്ടർമാരും അദ്ദേഹത്തിന്റെ  ശിഷ്യന്മാർ ആണ്...രവി വർമ്മൻ..ഇവരൊക്കെ കൂടി ഈ സിനിമ എങ്ങനെ രൂപപ്പെടുത്തിയിരിക്കുന്നു എന്നറിയാൻ തമിഴ്നാട്ടിൽ മാത്രമല്ല എല്ലായിടത്തും പ്രേക്ഷകർ കാത്തിരിക്കുകയാണ്. നൂറ് ശതമാനവും ഇത് മികച്ച വിജയം ആവും എന്ന വിശ്വാസം എനിക്കുണ്ട്. പൊന്നിയിൻ സെൽവൻ ഏറ്റവും വലിയ വിജയം കൈവരിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് വിട പറയുന്നു...നന്ദി..നമസ്കാരം"

കമൽ ഹാസൻ അപ്പോഴേക്കും മൈക്ക് എടുത്ത് സംസാരിക്കുന്നു "ഒരൊറ്റ നിമിഷം...താങ്കൾ വന്തിയ തേവനേക്കുറിച്ച് ജയലളിത പറഞ്ഞ കാര്യം സൂചിപ്പിച്ചത് കൊണ്ട് മറ്റൊരു പ്രധാന കാര്യം കൂടി കൂട്ടിച്ചേർക്കുകയാണ്. പ്രഭു ഇതിന് സാക്ഷിയാണ്. ഞാൻ നോവലിന്റെ  റൈറ്റ്സ് വാങ്ങി എന്നറിഞ്ഞപ്പോൾ ശിവാജി സർ പറഞ്ഞത് "വന്തിയ തേവൻ.. ആ കഥാപാത്രത്തിൽ അവനെ വച്ചോ" എന്നാണ്..താങ്കളെ...
"അപ്പോ എനിക്കോ" എന്ന് ഞാൻ ചോദിച്ചു...കാരണം എനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രം ആണത്. "നീ ആദിത്യ കരികാലന്റെ  വേഷം ചെയ്യ്" എന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇപ്പോൾ കാർത്തിയും വിക്രമും ചെയ്യുന്ന ആ കഥാപാത്രങ്ങൾ ഞങ്ങൾ ചെയ്തേനെ..ഇവർക്ക് ആണ് അതിന്റെ  നിയോഗം ഉണ്ടായത്.. അഭിനന്ദനങ്ങൾ..."

രജനി വീണ്ടും സംസാരിച്ച് തുടങ്ങുന്നു "താങ്കൾ പറഞ്ഞപ്പോൾ ആണ് ഓർമ്മ വരുന്നത്... ഞാൻ വന്തിയ  തേവൻ എന്ന് സ്വയമങ്ങ് ഫിക്സ് ചെയ്ത് കഴിഞ്ഞിരുന്നല്ലോ..അരുൾ മൊഴി വർമ്മന്റെ  റോളിൽ കമൽ ആയിരുന്നു എന്റെ  മനസ്സിൽ. ആദിത്യ കരികാലൻ ആണെങ്കിൽ വിജയകാന്ത്, നന്ദിനിയോ ഹിന്ദി നടി രേഖ..കുന്തവൈ ശ്രീദേവി..പെരിയ പഴുവെട്ടരായർ ആയി സത്യരാജ്...അങ്ങനെയൊക്കെ ആയിരുന്നു സങ്കൽപ്പിച്ച് വച്ചിരുന്നത്"

 

Comment