രസിപ്പിച്ച് ജയറാം ചിന്തിപ്പിച്ച് വിക്രം

Cafe Special

പൊന്നിയിൻ സെൽവൻ ഫംഗ്ഷനിൽ ജയറാം നടത്തിയ തകർപ്പൻ പ്രകടനം കണ്ട് കാണുമല്ലോ? അതിൽ മനസ്സിലാകാത്തതായി എന്തെങ്കിലും ഉണ്ടെങ്കിൽ ഇതാ അതിന്റെ  മലയാള പരിഭാഷ വായിച്ചോളൂ..
അതേ സിനിമയുടെ ഡെൽഹി പ്രമോഷൻ സമയത്ത് നടൻ വിക്രം ഇന്ത്യൻ ശില്പകലയെക്കുറിച്ചും ചോള ഭരണാധികാരികളെക്കുറിച്ചും പറഞ്ഞ inspiring വാക്കുകളുടെ മലയാള പരിഭാഷയും ഇതോടൊപ്പം വായിക്കാം.

"ഒരു ചെറിയ കഥ പറയാം... അതിന് മുമ്പ് ശിവാജി സാറിന്റെ  ഫാമിലി, പ്രഭു സാർ...നിങ്ങളുടെ അനുമതിയോടെ.. പ്ലീസ്..

പൊന്നിയിൻ സെൽവന്റെ  അവസാന പോർഷൻ ഷൂട്ടിംഗ് നടക്കുന്ന സമയം. എല്ലാ ആർട്ടിസ്റ്റുകളുടെയും കോംബിനേഷൻ സീനുകൾ ആണ്. അതിനൊപ്പം ആയിരക്കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളും. എല്ലാ കാര്യങ്ങളും ഉറപ്പ് വരുത്തി മണിരത്നം സാറിന്റെ  വൺ മാൻ ഷോ ആണ് അവിടെ. രാവിലെ ആറു മണിക്കാണ് ആദ്യ ഷോട്ട് പ്ലാൻ ചെയ്തിരിക്കുന്നത്. ആർട്ടിസ്റ്റുകൾ ഒക്കെയും പുലർച്ചെ മൂന്ന് മണിക്ക് തന്നെ എത്തിക്കഴിഞ്ഞു. ഒരു ക്യാരാവന്റെ  പകുതി പ്രഭു സാറിനും പകുതി എനിക്കുമായാണ് സെറ്റ് ചെയ്തിരിക്കുന്നത്.

രാവിലെ ഒരു നാലര മണി ആയിക്കാണും. അപ്പുറത്ത് നിന്നൊരു ശബ്ദം - "ജയറാം..ഏയ് ജയ്"

"എന്താ പ്രഭു സാർ"

"എന്റെ  കൈവശം രണ്ട് ഭക്ഷണപ്പൊതിയുണ്ട്. അതിൽ ഒരെണ്ണം നീ കഴിച്ചോ. മറ്റേത് ഞാൻ കഴിക്കാം"

"സാർ...സമയം ഇപ്പോ നാലര മണി ആയതേയുള്ളൂ..ഈ സമയത്ത് എങ്ങനെയാ ഭക്ഷണം കഴിക്കുക?"

"നിനക്ക് മണിയെക്കുറിച്ച് അറിയില്ല"

"അറിയാം സാർ... ഫോർ തേർട്ടി"

"ആ മണിയല്ല...മണിരത്നത്തെയാ ഉദ്ദേശിച്ചത്. അയാള് ഇന്ന് ബ്രേക്ക് തരികയേ ഇല്ല. ഭക്ഷണം കിട്ടില്ല...പറഞ്ഞേക്കാം. എന്തെങ്കിലും കഴിക്കണമെങ്കിൽ ഇപ്പോ കഴിച്ചോ"

രാവിലെ നാലര മണിക്ക് എങ്ങനെയാ കഴിക്കുക എന്ന് ആലോചിച്ച് ഞാനൊരു റൗണ്ട് നടന്ന് തിരിച്ച് വന്ന ശേഷം പ്രഭു സാറിനോട് പറഞ്ഞു "ഒരേ ഒരു ഷോട്ട് ആണെന്ന് മണി സാർ പറഞ്ഞു. അതിന് ശേഷം ക്യാമറാ പൊസിഷൻ മാറ്റേണ്ടത് കൊണ്ട് ഒരു രണ്ട് മണിക്കൂർ ബ്രേക്ക് ടൈം കിട്ടുമത്രേ"

"ആര്? മണി പറഞ്ഞോ അങ്ങനെ? എന്നാ ഓക്കേ"

അങ്ങനെ പാവത്തെ വിശ്വസിപ്പിച്ചു. ഷൂട്ടിംഗ് ആറ് മണിക്ക് തന്നെ തുടങ്ങി. ഏഴ് മണി... എട്ട് മണി...ഒമ്പത്..പത്ത്..പതിനൊന്ന്..സമയമങ്ങനെ പോവുകയാണ്. പത്ത് മണിയായപ്പോൾ ഞാൻ ഒരു ശബ്ദം കേട്ടു..
"മണി..മണി...വിശക്കുന്നു മണി.."

അങ്ങനെ പതിനൊന്ന് മണി കഴിഞ്ഞു.പന്ത്രണ്ടായി.ഒന്നായി...രണ്ട് മണിയായപ്പോൾ ഞാൻ പ്രഭു സാറിന്റെ  കണ്ണിൽ പെടാതെ ഒരിടത്ത് മറഞ്ഞിരുന്നു.

അപ്പോൾ വീണ്ടും ആ ശബ്ദം കേട്ടു... "ആരെങ്കിലും ഇവിടെ ഒരു മൊട്ടത്തലയനെ കണ്ടോ? ഇവിടെ എവിടേലും കാണും. അവനെ കണ്ടാലേ...അവന്റെ  കയ്യിലൊരു കോലുണ്ടാവും...അത് വാങ്ങി ആ തലയ്ക്കിട്ട് തന്നെ നല്ല ഒരെണ്ണം കൊടുത്തോ"

പാവം..ഞാൻ കാരണം വിശപ്പ് സഹിക്കാൻ കഴിയാതെ അന്ന് നല്ലോണം ബുദ്ധിമുട്ടി"

ഇനി വിക്രം പറഞ്ഞത് നോക്കാം..

"നമുക്ക് അഭിമാനിക്കാവുന്ന ഒരു ചരിത്രം ഉണ്ട്..ഒരു ചെറിയ ഉദാഹരണം പറയാം..നമ്മളെല്ലാവരും പിരമിഡുകളെക്കുറിച്ച് സംസാരിക്കാറുണ്ട്. ആ കാലഘട്ടത്തിൽ അവർ എങ്ങനെയാവും അത് നിർമ്മിച്ചിട്ടുണ്ടാവുക എന്ന് ചർച്ച ചെയ്യാറുണ്ട്. ഇന്ത്യയിലും നമുക്ക് നിരവധി ക്ഷേത്രങ്ങൾ ഉണ്ട്. അതിൽ ഏറ്റവും ഉയരം കൂടിയ ഗോപുരങ്ങളിൽ ഒന്ന് തഞ്ചാവൂർ ക്ഷേത്രത്തിലേതാണ്. ചോള സാമ്രാജ്യത്തിന്റെ  കേന്ദ്രമായിരുന്ന അവിടത്തെ ക്ഷേത്രം പണി കഴിപ്പിച്ചത് രാജ രാജ ചോളൻ ആയിരുന്നു. ഗോപുരത്തിന്റെ  ഏറ്റവും മുകളിലുള്ള ഏകശില 80 ടൺ ഭാരം ഉള്ളതാണ്...ഒന്നോ രണ്ടോ ടൺ അല്ല..80 ടൺ! പക്ഷേ അവരെങ്ങനെ അത് അവിടെ എത്തിച്ചു? നമുക്ക് അറിയാമോ?

നമ്മൾ പിരമിഡ് പോയി കാണുന്നു...പിസയിലെ ചരിഞ്ഞ ഗോപുരം കാണുന്നു...ആരോ പറഞ്ഞത് പോലെ നമ്മൾ നേരെ നിലയ്ക്കാത്ത ഒരു നിർമ്മിതിയെ കണ്ട് അദ്ഭുതം കൂറുകയാണ്. "ഇത് വീണേക്കാം...എന്നാൽ ഒരു സെൽഫി എടുത്ത് വച്ചേക്കാം' എന്ന ചിന്തയാണ് നമുക്ക്. പക്ഷേ നമുക്ക് ഇവിടെ ഇന്നും നിവർന്ന് നിൽക്കുന്ന ക്ഷേത്രങ്ങൾ ഉണ്ട്. അതും കുമ്മായക്കൂട്ട് (plaster) ഉപയോഗിക്കാതെ നിർമ്മിക്കപ്പെട്ടവ. നിങ്ങൾക്കറിയാമോ? ഞാൻ നേരത്തെ സൂചിപ്പിച്ച പാറ മുകളിൽ എത്തിച്ചത് ആറ് കിലോമീറ്റർ ദൈർഘ്യമുള്ള റാംപ് പണിതിട്ടാണ്. കാളകളും ആനകളും മനുഷ്യരും ചേർന്ന് ഈ ആറ് കിലോമീറ്ററോളം വലിച്ച് മുകളിൽ എത്തിക്കുകയായിരുന്നു.. യന്ത്രങ്ങളോ ക്രെയിനോ ഇല്ലാതെ. പ്ലാസ്റ്റർ ഉപയോഗിക്കാതെ ഇരുന്നിട്ടും ആ നിർമ്മിതിക്ക് ആറോളം ഭൂകമ്പങ്ങളെ അതിജീവിക്കാൻ സാധിച്ചു. ഇത്തരം പ്രകൃതി ക്ഷോഭങ്ങളെ അതിജീവിക്കാൻ അവർ എന്താണ് ചെയ്തത്? ആദ്യം പുറം മതിൽ പണിതു. അതിനുള്ളിൽ ആറ് കിലോമീറ്ററോളം നീളമുള്ള ഒരു ഇടനാഴിയും.അതിനുള്ളിൽ ഏറ്റവും മുകളിലേക്ക് വരെ എത്തുന്ന മറ്റൊരു സ്ട്രക്ചറും നിർമ്മിച്ചു. അത്തരം ശില്പ ചാതുര്യം കൊണ്ടാണ് കാലങ്ങളോളം അത് ഇവിടെ നിലനിൽക്കുന്നത്. ഇത്തരം വസ്തുതകളെക്കുറിച്ചൊക്കെ നാം മനസ്സിലാക്കേണ്ടതാണ്.

നേരത്തെ പറഞ്ഞ ഭരണാധികാരി (രാജ രാജ ചോളൻ) ചെറുതും വലുതുമായി അയ്യായിരത്തോളം ഡാമുകൾ തന്റെ  ഭരണ കാലഘട്ടത്തിൽ പണിയുകയുണ്ടായി. ജല വിഭവം വിദഗ്ദ്ധമായി കൈകാര്യം ചെയ്യാൻ മാത്രമായി അദേഹത്തിന് മന്ത്രിയുണ്ടായിരുന്നു. ഗ്രാമാദ്ധ്യക്ഷൻമാരെ തീരുമാനിക്കാൻ തിരഞ്ഞെടുപ്പ് നടത്തിയിരുന്നു. നഗരങ്ങളും പട്ടണങ്ങളും എന്തിന് പുരുഷന്മാരുടെ പേരുകളിൽ മാത്രം അറിയപ്പെടണം എന്ന് ചിന്തിച്ച് അവയ്ക്ക് സ്ത്രീകളുടെ പേരുകളും നൽകിയിരുന്നു. ആതുര ശുശ്രൂഷാ കേന്ദ്രങ്ങൾ നിർമ്മിച്ചു. രാജാക്കന്മാരുടെ അധികാരവും സമൃദ്ധിയും കാണിക്കാൻ കാശ് വാരിയെറിഞ്ഞില്ല. പകരം ജനങ്ങളുടെ ആത്മാഭിമാനത്തിന് വില കൽപ്പിച്ച് അവർക്ക് വായ്പ നൽകുന്ന സംവിധാനം കൊണ്ട് വരികയും ചെയ്തു. ഇതൊക്കെ വളരെ വിശിഷ്ടമായ പ്രവൃത്തികൾ ആണ്. ഇതെല്ലാം നടന്നത് ഒമ്പതാം നൂറ്റാണ്ടിൽ ആണെന്നതും ഓർക്കണം. സൂപ്പർ പവർ രാജ്യങ്ങളെക്കുറിച്ച് നമ്മളിപ്പോൾ സംസാരിക്കുന്നു. ഈ ഒമ്പതാം നൂറ്റാണ്ടിൽ നമ്മൾ ലോകത്തിലെ തന്നെ മികച്ച നാവിക ശക്തിയായിരുന്നു. നമ്മുടെ സമുദ്ര യാനങ്ങൾ ബാലി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയിരുന്നു. ചൈനയിലേക്ക് ദൂതരെ അയച്ചിരുന്നു.  ഇതെല്ലാം നടക്കുമ്പോൾ ഇന്നത്തെ സൂപ്പർ പവ്വറുകൾ എന്ത് ചെയ്യുകയായിരുന്നു എന്നറിയാമോ? ഇതിനും അഞ്ഞൂറ് വർഷങ്ങൾക്ക് ശേഷമാണ് കൊളംബസ് അമേരിക്ക കണ്ട് പിടിക്കുന്നത് തന്നെ.

അത് കൊണ്ട് നമ്മുടെ സംസ്ക്കാരത്തെക്കുറിച്ച് മനസ്സിലാക്കുക. എത്രത്തോളം പുരോഗമനം നമ്മൾ കൈവരിച്ചിരുന്നുവെന്ന് ഓർക്കുക. ഇതിൽ നമ്മൾ അഭിമാനം കൊള്ളണം. നോർത്ത്, സൗത്ത്, ഈസ്റ്റ്, വെസ്റ്റ് എന്നിങ്ങനെയുള്ള വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ നമ്മളെല്ലാം ഇന്ത്യാക്കാരാണ് എന്ന് അഭിമാനിക്കാം.
(സദസ്സിൽ ആരോ ഇംഗ്ലണ്ടിന്റെ കാര്യം പറയുന്നു) അതെ...ഇംഗ്ലണ്ട് പുരോഗതിയുടെ മുൻപന്തിയിൽ ആയിരുന്നു. പക്ഷേ ഈ പറഞ്ഞ  ഒമ്പതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ട് vikings- ന്റെ  അധിനിവേശത്തിൽപ്പെട്ട് കിടക്കുകയും യൂറോപ്പ് ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നു പോവുകയും ആയിരുന്നു. അപ്പോൾ നിങ്ങൾക്ക് തോന്നുന്നില്ലേ നമ്മുടെ ചരിത്രം ആഘോഷിക്കപ്പെടേണ്ടതാണെന്ന്...

 

 

 

 

 

Comment