രവീന്ദ്രൻ്റെ പേരിൽ ഉള്ള പുരസ്കാരം സ്വീകരിക്കുമ്പോൾ സന്തോഷത്തെക്കാൾ ദുഃഖം: ശ്രീകുമാരൻ തമ്പി

News

" എന്നെക്കാൾ മൂന്ന് വയസ്സിനു ഇളയതാണ് രവീന്ദ്രൻ. ഞാൻ മരിച്ചു കഴിഞ്ഞ് എൻ്റെ പേരിൽ ഉള്ള പുരസ്കാരം സ്വീകരിക്കേണ്ട ആളാണ് രവീന്ദ്രൻ. പക്ഷേ മറിച്ചാണ് സംഭവിച്ചത്. അതിനാൽ ഈ പുരസ്കാരം സ്വീകരിക്കുന്നത് ശരിയാണോ എന്നൊന്നും എനിക്കറിയില്ല. ഇനിയും ഒരുപാട് ഗാനങ്ങൾ ചെയ്യേണ്ട രവി തൻ്റെ സംഗീത ജീവിതത്തിൻ്റെ പകുതിക്ക് വെച്ചാണ് വിട്ടുപോയത്" - ഈ വർഷത്തെ രവീന്ദ്രൻ മാസ്റ്ററുടെ പേരിൽ രവീന്ദ്രൻ മാസ്റ്റർ മ്യൂസിക്കൽ ട്രസ്റ്റ് നൽകിവരുന്ന പുരസ്കാരം സ്വീകരിച്ചു വൈകാരികമായി നടത്തിയ മറുപടി പ്രസംഗത്തിൽ ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ. താനും രവീന്ദ്രനും തമ്മില്‍ സിനിമയ്ക്ക് വേണ്ടിയും തരംഗിണിയ്ക്ക് വേണ്ടിയും സൃഷ്ടിച്ച ഗാനങ്ങള്‍ പിറന്നുവീണ നിമിഷങ്ങളും ശ്രീകുമാരന്‍ തമ്പി പ്രസംഗത്തില്‍ ഓര്‍ത്തെടുത്തു.

രവീന്ദ്രൻ മാസ്റ്ററുടെ ജന്മവാർഷികദിനമായ നവംബര്‍ 9ന് എറണാകുളം അസീസിയ കൺവൻഷൻ സെൻ്ററിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന രവീന്ദ്ര സംഗീതോത്സവം വേദിയിൽ വെച്ചാണ് പുരസ്കാര സമർപ്പണം നടന്നത്. പ്രശസ്ത പിന്നണി ഗായകരായ മധു ബാലകൃഷണൻ, സുദീപ് കുമാർ, മഞ്ജരി, ബിജു നാരായണൻ, ഗണേഷ് സുന്ദരം, ദേവാനന്ദ്, അഫ്സൽ, സംഗീത ശ്രീകാന്ത്, അഖില ആനന്ദ് തുടങ്ങി ഒരുപാട് പ്രമുഖരുടെ കൂടെ അൻപതിൽ പരം വളർന്നുവരുന്ന ഗായികാ ഗായകന്മാരും രവീന്ദ്രൻ മാസ്റ്റര്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ ആലപിച്ചു.

ഫോട്ടോ കടപ്പാട്: വിനോദ് കെ വി