"കുറച്ചു സിനിമകളേ ചെയ്തിട്ടുള്ളൂ എങ്കിലും എല്ലാ വേഷങ്ങളും ആളുകളുടെ ഓർമ്മയിലുണ്ട് എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയ അംഗീകാരമാണ് " - നടി രമ്യാ കൃഷ്ണൻ മനസ്സ് തുറക്കുന്നു...

Profiles

രണ്ട് എൻ.ആർ.ഐ ബേബീസ് കാബിനിലെത്തുമ്പോൾ ആദരവോടെ കസേരയിൽ നിന്നും എഴുന്നേറ്റ് സ്വീകരിക്കുന്ന സ്‌മാർട്ട് ബാങ്ക് മാനേജർ. ചായയും കോഫിയും ഇഷ്ടമല്ലാത്ത, കൂളാകാൻ  ഇഷ്‌ടപ്പെടുന്ന അമേരിക്കൻ ബോയ്‌സിന്  തണുത്തതെന്തെങ്കിലും കൊണ്ടു വരാൻ പറയുന്ന മാനേജർ ഇടയ്‌ക്ക്  അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ  പിള്ളേരിപ്പോൾ പാപ്പരാണെന്ന് മനസിലാക്കുന്നു. അതിനിടയിൽ ജ്യൂസ് വരുമ്പോൾ  കൊടുക്കേണ്ടെന്ന്  പ്യൂണിനോട് കണ്ണുകൾ കൊണ്ട് പറയാൻ ശ്രമിക്കുന്നു. മേശപ്പുറത്ത് വയ്‌ക്കുന്ന ജ്യൂസ് പിള്ളേരെ തൊടീക്കാതെ അവരെ ഭംഗിയായി  പാക്ക് ചെയ്യാൻ ശ്രമി​ക്കുന്നു. മടങ്ങി​പ്പോകാൻ ഭാവി​ക്കുന്ന ദുൽഖർ തിരി​ച്ചു വന്ന് വാശി​യോടെ ഒറ്റവലി​ക്ക് ജ്യൂസ് കുടി​ക്കുന്നു.  മാർട്ടിൻ പ്രക്കാട്ടിന്റെ 'എ.ബി.സി.ഡി' എന്ന സി​നി​മയിൽ ഏറെ ചിരിപ്പിച്ച സീൻ. കുഞ്ഞുസീനാണെങ്കിലും പുതുമുഖത്തിന്റെ  പതർച്ചയൊന്നുമില്ലാതെ മാനേജർ  വേഷത്തിൽ തിളങ്ങിയ മലയാളത്തി​ന്റെ സ്വന്തം രമ്യാകൃഷ്‌ണൻ  ഇപ്പോഴും തിരിച്ചറിയപ്പെടുന്നത്  ആ സീനി​ന്റെ ഓർമ്മയി​ലാണ്.
കഴിഞ്ഞദിവസം രമ്യയെ കണ്ട് തി​രി​ച്ചറി​ഞ്ഞവർ പരി​ചയപ്പെടാനെത്തി​യപ്പോൾ ആദ്യം പറഞ്ഞതും ആ സീനി​നെ കുറി​ച്ചായി​രുന്നു. 'ഭൂഗോളത്തിന്റെ സ്‌പന്ദന'മുള്ള  കണക്ക്  പഠി​പ്പി​ക്കുന്ന ടീച്ചറുടെ റോളിൽ തിരക്കിലാണ് ഇപ്പോൾ രമ്യ. എങ്കിലും ഇടയ്‌ക്ക് സുഹൃത്തുക്കൾ വിളിക്കുമ്പോൾ സിനിമകളുടെ ഭാഗമാകാറുണ്ട്. നല്ല അവസരങ്ങളും സമയവും ഒത്തുവന്നാൽ ഇനിയും സിനിമയ്ക്കൊപ്പം സഞ്ചരി​ക്കാൻ  റെഡിയാണ്. രമ്യയുടെ വിശേഷങ്ങളറിയാം.

abcd.jpg

എ ബി സി ഡിയിൽ ദുൽഖർ, ഗ്രിഗറി ,രമ്യ

''മോഡലിംഗിലൂടെയായിരുന്നു കരിയറിന്റെ തുടക്കം. പ്രിന്റ് മീഡിയകളിൽ ധാരാളം പരസ്യങ്ങൾ ചെയ്‌തിരുന്നു. ശീമാട്ടി​, ധനം ഒക്കെ ആ സമയത്ത് ചെയ്‌ത പരസ്യങ്ങളാണ്. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യുക എന്നത് എപ്പോഴും കൂടെയുള്ള ഒരു ശീലമാണ്. മോഡലിംഗ്  കരിയറിന്റെ ഭാഗമായാണ്   മാർട്ടിൻ പ്രക്കാട്ടിനെ പരിചയം. 'എ.ബി.സി.ഡി'യിൽ ആ പരിചയം വച്ചായിരുന്നു വിളിച്ചത്. വീടിന്റെ തൊട്ടടുത്തുള്ള ബാങ്കിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. നേരത്തെ കാമറയുടെ മുന്നിൽ നിന്നതു കൊണ്ടാവണം ടെൻഷനൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല,  ദുൽഖറും ഗ്രിഗറിയും ഡൗൺ ടു എർത്ത് ആയിരുന്നു. നമ്മളെ കൂളാകുന്ന തരത്തിലാണ് രണ്ടാളും ഇടപെട്ടത്. സി​നി​മാസെറ്റാണെന്ന് പോലും ഓർക്കി​ല്ല.  അഭിനയിക്കുകയാണ് എന്ന് നമുക്ക് പോലും തോന്നാതത്ര സ്വാഭാവികമായ രീതിയിലായിരുന്നു ഷൂട്ടിംഗ്. അതുകൊണ്ട് ടെൻഷന്റെ കാര്യമേ ഉണ്ടായിരുന്നില്ല. സീനിലെ തമാശ ആസ്വദിച്ചു തന്നെയാണ് ചെയ്‌തത്. അത് ഓഡിയൻസിലും  പ്രതിഫലിച്ചു. സിനിമ ഇറങ്ങിയപ്പോൾ നല്ല പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. അത്രയും റീച്ച്  ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. ഇപ്പോഴും ആളുകൾ ഓർത്തു പറയുമ്പോഴൊക്കെ സന്തോഷം തോന്നും. ആ സമയത്ത് സിനിമയിൽ കുറച്ച്   അവസരങ്ങൾ ലഭിച്ചെങ്കിലും കാരിയിംഗായിരുന്നതിനാൽ  സ്വീകരിച്ചില്ല. ഇടവേള വന്നത്  അങ്ങനെയാണ്. പിന്നെ എന്റെ പി.ആർ വർക്കും കുറവാണ്. എനിക്ക് അങ്ങനെ മറ്റുള്ളവരിലേക്ക് പെട്ടെന്ന് എത്താനൊക്കെ ഇത്തിരിപാടാണ്. പരിചയക്കാർ വഴിയും  സുഹൃത്തുക്കളിലൂടെയും ഒക്കെയാണ്  എനിക്ക്  വർക്കുകൾ വരുന്നത്.  പിന്നെ പത്താംക്ളാസിലേതുൾപ്പെടെയുള്ള കുട്ടികളുടെ അദ്ധ്യാപിക ആയതുകൊണ്ടുള്ള ഉത്തരവാദിത്തവുമുണ്ട്. നീണ്ട അവധിയൊന്നും പറ്റില്ല. അതും ഒരു കാരണമാണെന്ന് പറയാം. അദ്ധ്യാപികയായതിനാൽ വരുന്ന എല്ലാ വേഷങ്ങളും സ്വീകരിക്കാനും കഴിയില്ലല്ലോ. എങ്കിലും അഭിനയിക്കുന്നത് എനിക്കിഷ്‌ടമാണ്, ആ സമയത്ത് നന്നായി ആസ്വദിച്ചു തന്നെയാണ് ചെയ്യാറുള്ളത്. പിന്നെ ചെറിയ പ്രതികരണങ്ങൾ പോലും ലഭിക്കുന്നതും എനിക്ക് സന്തോഷമാണ്. എന്റെ കുട്ടികളൊക്കെ സിനിമ കണ്ട് അഭിപ്രായങ്ങളൊക്കെ പറയും. നല്ല വേഷങ്ങൾ വരുമ്പോൾ നമ്മുടെ സമയം അനുവദിക്കുമെങ്കിൽ ചെയ്യണമെന്നുണ്ട്. കാരണം കുറച്ചു സിനിമകളേ ചെയ്‌തിട്ടുള്ളൂ എങ്കിലും എല്ലാ വേഷങ്ങളും ആളുകളുടെ ഓർമ്മയിലുണ്ട് എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയ അംഗീകാരമാണത്.''  രമ്യ മനസു തുറന്നു.

charlie.jpg

ചാർലിയിൽ കെ പി എ സി ലളിത, പാർവതി, രമ്യ

ചെറുപ്പം മുതലേ രമ്യ കലയുടെ തൊട്ടടുത്തുണ്ട്. സംഗീതവും നൃത്തവും പഠിച്ചിട്ടുണ്ട്. കുഞ്ഞുനാൾ മുതലേ ഇതു രണ്ടും ജീവിതത്തിന്റെ ഭാഗം തന്നെയാണ്. കി​രൺ​ ടി​വി​യി​ലെ സ്വാദ് ടേസ്റ്റ് ഓൺ​ വീൽസ്,  തമി​ഴ് ഹി​റ്റ്സ് എന്നീ പരി​പാടി​കളുടെ അവതാരകയായി​രുന്നു. ഏഷ്യാനെറ്റി​ലും നി​രവധി​ ഷോകൾ അവതരി​പ്പി​ച്ചു. ആങ്കറിംഗി​ൽ അന്ന് അത്ര തി​രക്കു പി​ടി​ച്ച കരി​യറായി​രുന്നു അത്. കണക്ക് ക്ളാസുകളുടെ സങ്കീർണ ലോകത്ത് ക്രിയേറ്റിവിറ്റി പുലർത്താൻ പറ്റുന്ന ഇടങ്ങളിലൊക്കെ രമ്യ തന്റെ ഇഷ്ടങ്ങൾ രേഖപ്പെടുത്താറുണ്ട്. കോംപയറിംഗും ആങ്കറിംഗും ചെയ്യാൻ ഇഷ്ടമാണ്.

കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചറാണ് രമ്യ. സ്ട്രിക്ടായ അദ്ധ്യാപിക എന്നതിനൊപ്പം അവരുടെ മനസിനോടൊപ്പം ചേർന്നു നിൽക്കാനും എപ്പോഴും ശ്രമിക്കാറുണ്ട്. അദ്ധ്യാപനം ഹൃദയത്തോടു ചേർത്തുവയ്‌ക്കുന്ന ഒരനുഭവമാണ് എല്ലായ്പ്പോഴും രമ്യയ്‌ക്ക്. കുട്ടി​കൾക്ക് വഴി​കാണി​ച്ചു കൊടുക്കാനും അവർക്കൊപ്പം വളരാനും ഇഷ്‌ടപ്പെടുന്ന ഒരു അദ്ധ്യാപി​ക. ആഗ്രഹി​ച്ച്, വളരെയധി​കം ഇഷ്‌ടപ്പെട്ടാണ് രമ്യ ഈ മേഖലയി​ലെത്തി​യത്. സ്‌കൂളിലെ പരിപാടികളുടെ അവതാരകയാണ്. കലാപരി​പാടി​കൾക്കായി​ കുട്ടി​കളെ നൃത്തം പഠി​പ്പി​ക്കാറുണ്ട്. സ്‌കൂളി​ൽ നി​ന്നും പഠി​ച്ചു പോയ കുട്ടി​കൾ വർഷങ്ങൾ കഴി​ഞ്ഞ് പരി​ചയപ്പെടാനെത്തുമ്പോൾ ആദ്യം പറയുന്നത്  സ്‌കൂളി​ൽ നൃത്തം പഠി​പ്പി​ച്ചതൊക്കെയാണ്, കണക്ക് രണ്ടാമതേ കടന്നുവരാറുള്ളൂ എന്ന് ചി​രി​യോടെ രമ്യ ഓർക്കുന്നു.

sunday holiday.jpg

സൺ‌ഡേ ഹോളിഡേയിൽ ആസിഫ് അലി, ധർമ്മജൻ,രമ്യ

സൺ​ഡേ ഹോളി​ഡേ, ചാർളി​, പത്മ എന്നി​വയാണ് രമ്യയുടെ മറ്റു ചി​ത്രങ്ങൾ.' പത്മ' യി​ൽ സുരഭി​ലക്ഷ്മി​യുടെ കൂട്ടുകാരി​യുടെ വേഷവും ശ്രദ്ധി​ക്കപ്പെട്ടു. ഇതോടൊപ്പം ഹാപ്പി​ ന്യൂയർ, അൺ​സെയ്ൻ എന്നീ ഷോർട്ട്   ഫി​ലുമുകളും ചെയ്‌തു. മുംബയി​ൽ ഒരു കമ്പനി​യുടെ വൈസ് പ്രസി​ഡന്റാണ്  ജീവി​തപങ്കാളി​യായ കൃഷ്‌ണൻ എൻ. മേനോൻ. അനന്യ, ശി​വ് മക്കളാണ്. എപ്പോഴും പ്രോത്സാഹി​പ്പി​ക്കുകയും പി​ന്തുണക്കുകയും ചെയ്യുന്ന കുടുംബവും സുഹൃത്തുക്കളുമാണ് രമ്യയുടെ കരുത്ത്. നമ്മൾ ചെയ്യുന്നതെന്താണെങ്കി​ലും അതി​ൽ നി​ന്നും ഹാപ്പി​നസ്സ് കി​ട്ടണമെന്ന പക്ഷക്കാരി​യാണ് രമ്യ. തി​രക്കി​ട്ട് ഒഴുകി​പ്പോകാനല്ല, പതി​യെയാണെങ്കി​ലും സ്വന്തം സാന്നി​ദ്ധ്യം തെളി​യി​ച്ചു പോകാനാണ് രമ്യക്കി​ഷ്‌ടം. ചെയ്‌ത സി​നി​മകളി​ലെ വേഷങ്ങളെല്ലാം തന്നെ ഇപ്പോഴും നല്ല വാക്കുകൾ രമ്യയ്‌ക്ക് സമ്മാനി​ക്കുന്ന സ്‌പെഷ്യലുകളാണ്.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment