ലളിത മനോഹരമീ അണ്ഡകടാഹം -സിനിമ റിവ്യൂ

Reviews

കോവിഡ് മഹാമാരി ലോകത്തിൻ്റെയാകെ താളം തെറ്റിച്ച സമയത്തെക്കുറിച്ച് തമാശയോടെ ഓർക്കുന്ന മാനസിക അവസ്ഥയിൽ ഇപ്പോൾ എത്തിയിട്ടുണ്ട് നമ്മളിൽ പലരും. പക്ഷേ ആ കാലഘട്ടം ചിലരുടെ ജീവിതത്തിൽ എത്രത്തോളം ആഴത്തിൽ ഉള്ള മുറിവുകൾ അവശേഷിപ്പിച്ചാണ് കടന്ന് പോയെന്നത് അറിയാൻ നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാൽ മതിയാകും. അത്തരത്തിലുള്ള ചില ജീവിതങ്ങൾ ആണ് കഠിനകടോരമീ അണ്ഡകടാഹം പ്രമേയമാക്കുന്നത്.

ജീവിതത്തിൽ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന് കരുതുന്ന, ഒന്നിലും ഉറച്ച് നിൽക്കാത്ത ഒരു drifter...rolling stone എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ബച്ചു കോവിഡ് കാലത്ത് നടത്തുന്ന അതിജീവന ശ്രമങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. 

ഉപ്പ എന്നത് ഗൾഫിൽ നിന്ന് രണ്ട് വർഷത്തിൽ ഒരിക്കൽ വരുന്ന ഒരു അതിഥിയാണ് ബച്ചുവിന്. ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കാൻ കഴിയാത്തത് കൊണ്ട് നഷ്ടപ്പെട്ട പ്രണയവും ഉണ്ട് അയാൾക്ക്. ഇതിനെല്ലാം പുറമേ സഹോദരി സ്വന്തം വീട്ടിൽ വന്ന് നിൽക്കുന്നതിന് വീട്ടുകാർ ഉൾപ്പടെ കുറ്റപ്പെടുത്തുന്നതും ബച്ചുവിനെ ആണ്. എല്ലാവരുടെയും മുന്നിൽ താൻ ആരാണെന്ന് തെളിയിക്കാനുള്ള തത്രപ്പാടിൽ ആണയാൾ. ഇങ്ങനെ ഉന്നം മറന്ന ഓട്ടപ്പാച്ചിലിനിടയിൽ ബച്ചുവിൻ്റെ ജീവിതത്തിൽ നടക്കുന്ന ഒരു സംഭവം ബന്ധങ്ങളെക്കുറിച്ചുള്ള അയാളുടെ ധാരണകളെ എങ്ങനെ കീഴ്മേൽ മറിക്കുന്നു എന്നതാണ് സിനിമയുടെ കാതൽ.

സത്യം പറഞ്ഞാൽ സിനിമയുടെ തുടക്കത്തിലെ പോലീസ് സ്റ്റേഷൻ രംഗം കണ്ടപ്പോൾ ഇതും പതിവ് സിനിമകളിൽ ഒന്നെന്ന ധാരണയാണ് ഉണ്ടായത്. പക്ഷേ ടൈറ്റിൽ സീക്വൻസ് കഴിഞ്ഞ് സിനിമ പതിയെ പതിയെ നമ്മളെ ചാമുണ്ടി വളപ്പ് എന്ന പ്രദേശത്തിലേക്കും അവിടെയുള്ള മനുഷ്യരുടെ ഇടയിലേക്കും കൊണ്ട് പോവുകയാണ്. പിന്നെ അവസാന രംഗം വരെ നമ്മളെയും ആ പ്രദേശവാസികളിൽ ഒരാളായി മാറ്റാൻ സിനിമയുടെ നരേഷന് സാധിക്കുന്നുണ്ട്. 

തമാശ കഥാപാത്രങ്ങൾ മാത്രമല്ല...emotional fool എന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരം കഥാപാത്രങ്ങളും തനിക്ക് ചേരും എന്ന് ബേസിൽ തെളിയിക്കുന്നുണ്ട് ഈ സിനിമയിലൂടെ...ഉള്ളിൽ അടക്കിപ്പിടിച്ച് വച്ചിരിക്കുന്ന നിസ്സഹായവസ്ഥ ശരീര ഭാഷയിൽ കൊണ്ട് വരുന്നതിലും ബേസിൽ വിജയിച്ചിട്ടുണ്ട്. ഏത് വേഷം ചെയ്താലും 'Endearing' എന്ന് തോന്നിപ്പിക്കുന്ന സ്ക്രീൻ പ്രസൻസ് ബേസിലിന് ഉള്ളത് ഈ സിനിമയ്ക്ക് ഏറെ ഗുണകരം ആയിട്ടുണ്ട്. സുഹൃത്തായി വരുന്ന സ്വാതി ദാസ് പ്രഭുവും അളിയനായി വേഷമിട്ട ബിനു പപ്പുവും തങ്ങളുടെ ഭാഗങ്ങൾ ഭംഗിയാക്കി. കുറച്ച് നാളുകൾക്ക് ശേഷം ഇന്ദ്രൻസിൻ്റെ വ്യത്യസ്തവും ഗംഭീരവുമായൊരു പ്രകടനവും സിനിമയിലുണ്ട്. എടുത്ത് പറയേണ്ട മറ്റൊരു പെർഫോമൻസ് കുറച്ച് സീനുകളിൽ മാത്രം വരുന്ന ഭാനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പാർവതി ആർ കൃഷ്ണയുടേതാണ്. ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗങ്ങളിൽ ഒന്നിൽ വീടിൻ്റെ ടെറസ്സിൽ ബെച്ചുവിനോട് സംസാരിക്കുന്ന ഭാനുവിൻ്റെ ഡയലോഗുകളിലൂടെയാണ് പല ബന്ധങ്ങളുടെയും തീവ്രത നമുക്ക് വെളിപ്പെടുന്നത്. പാർവതി കൃഷ്ണയുടെ വോയ്സ് മോഡുലേഷൻ ആ സീനിനെയാകെ elevate ചെയ്യുന്നുണ്ട്. ഉമ്മയുടെ കഥാപാത്രം അവതരിപ്പിച്ച ശ്രീജ രവിയുടെ പ്രകടനം വിശേഷിപ്പിക്കണം എങ്കിൽ nuanced എന്ന ഇംഗ്ലീഷ് വാക്ക് കടം എടുക്കണം. രേവതി മുതൽ നയൻതാര വരെ മുൻനിര നടിമാർക്ക് വേണ്ടി ഡബ്ബ് ചെയ്ത് വർഷങ്ങളുടെ അനുഭവ സമ്പത്ത് ഉള്ള ശ്രീജ രവിയിൽ ഇങ്ങനെയൊരു ഗംഭീര അഭിനേത്രി ഉണ്ടെന്നത് മനസ്സിലാക്കുമ്പോൾ അറിയാതെ ചോദിച്ച് പോകും - "എവിടെ ആയിരുന്നു ഇത്രയും നാൾ?" സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ശബ്ദ സാന്നിധ്യമായി മാത്രം ഉപ്പയുടെ കഥാപാത്രത്തെ അവസാനം വരെ നില നിർത്തിയത് സംവിധായകൻ്റെ മികച്ചൊരു തീരുമാനം ആണെന്ന് പറയാം. പ്രേക്ഷകരിൽ പലർക്കും സ്വന്തം പിതാവിൻ്റെ ചിത്രം ആ ശബ്ദത്തോടൊപ്പം ചേർത്ത് വയ്ക്കാൻ കഴിയും.

അർജുൻ സേതുവിൻ്റെ ഛായാഗ്രഹണം, ഗോവിന്ദ് വസന്തയുടെ സംഗീതം, സോബിൻ കെ സോമൻ്റെ എഡിറ്റിംഗ് എന്നീ മേഖലകൾ സിനിമയുടെ ട്രീറ്റ്മെൻ്റുമായി കൃത്യമായി ബ്ലെൻഡ് ആയി കാഴ്ചാനുഭവത്തെ പരിപോഷിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

സിനിമയുടെ റൈറ്റർ ഹർഷദ്  ഉണ്ട, പുഴു എന്നീ സിനിമകളിൽ തുടങ്ങിയ winning streak തുടരുന്നു എന്നത് സന്തോഷിപ്പിക്കുന്ന വിഷയം ആണ്. സംവിധായകൻ മുഹാഷിന് തീർച്ചയായും അഭിമാനിക്കാവുന്ന തുടക്കം ആണിത്. സിനിമ പ്രിയപ്പെട്ടവരോടൊപ്പം ആണ് കാണുന്നതെങ്കിൽ സിനിമ കഴിഞ്ഞിറങ്ങുമ്പോൾ കൈകൾ കോർത്ത് പിടിക്കാനോ ചേർത്ത് നിർത്താനോ തോന്നും. ഒറ്റക്ക് ആണ് കാണുന്നതെങ്കിൽ പ്രിയമുള്ളവരെ മനസ്സ് കൊണ്ടെങ്കിലും ഒന്ന് hug ചെയ്യാനോ ഒന്ന് വിളിച്ച് സംസാരിക്കാനോ തോന്നും. A Big Hug to കഠിന കഠോരമീ അണ്ഡകടാഹം ടീം.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക