കൊവിഡ് കാലത്തിനിപ്പുറം ലോകമെങ്ങുമിറങ്ങുന്ന സകല ക്രൈം സീരിസുകളും ഒ.ടി.ടിയിൽ കണ്ട് അരച്ച് കലക്കി കുടിച്ച് ത്രില്ലടിച്ച മലയാളികൾക്ക് മുന്നിൽ ഒരു ക്രൈം സ്റ്റോറി കൊണ്ടു വന്ന് അംഗീകരിപ്പിക്കുന്നത് അത്ര എളുപ്പമല്ല. അതും ഡിസ്‌നി ഹോട്ട് സ്റ്റാറിന്റെ ആദ്യ ക്രൈം വെബ് സീരിസും കൂടിയാകുമ്പോൾ ആ ഉത്തരവാദിത്തം ഇരട്ടിയാണ്. എങ്കിലും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനാണ് സംവിധായകൻ അഹമ്മദ് കബീർ തീരുമാനിച്ചത്. നേരത്തെ ചെയ്‌ത ജൂൺ, മധുരം എന്നീ ഫീൽഗുഡ് സിനിമയുടെ നേരെ വിപരീതമായ ഒരു യാത്രയായിരുന്നു അത്. സിനിമാ യാത്രയ്‌ക്കിടയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും കേട്ട യഥാർത്ഥ സംഭവമായിരുന്നു 'കേരള ക്രൈം ഫയൽസ് -ഷിജു, പാറയിൽ വീട്, നീണ്ടകര' എന്ന കയ്യടി നേടിയ വെബ് സീരിസായി മുന്നോട്ടു പോയത്. വെബ് സീരിസ് റിലീസായതു മുതൽ ലഭിക്കുന്ന നല്ല അഭിപ്രായങ്ങൾ, ഡിസ്‌നിക്ക് ലഭിക്കുന്ന പുതിയ സബ്‌സ്ക്രിപ്ഷനുകൾ, കൂടി വരുന്ന വാച്ചിംഗ് അവേഴ്‌സ് എന്നിങ്ങനെ പ്രതീക്ഷിച്ചതിലുമേറെ ലഭിക്കുന്നതിന്റെ സന്തോഷത്തിൽ അഹമ്മദ് കബീർ സംസാരിക്കുന്നു.
ഡിസ്‌നിയിൽ ആദ്യമായൊരു ക്രൈ വെബ് സീരിസ് മലയാളത്തിൽ വരുമ്പോൾ എന്തായിരുന്നു ആദ്യപരിഗണന?
ഇതുവരെയുള്ള ക്രൈം സ്റ്റോറികളിൽ നിന്നും വേറൊരു ലെയർ കൊണ്ടു വരണമെന്നുണ്ടായിരുന്നു. അതേ പോലെ ക്വാളിറ്റിയും കണ്ടന്റും നന്നാകണം. പ്രതി പൊലീസുകാരുടെ അന്വേഷണത്തിൽ നിന്നും തെന്നി തെന്നി പോകുകയാണ്. ഇവനെ എന്താ കിട്ടാത്തതെന്ന് ഓഡിയൻസിനും തോന്നണം. അതോടൊപ്പം പൊലീസുകാരുടെ സ്വന്തം ജീവിതത്തിലെ ചില നിമിഷങ്ങളുമുണ്ട്. ഫാമിലിക്കും കാണാൻ പറ്റുന്ന വിധത്തിലാണ് ഇതെല്ലാം അവതരിപ്പിച്ചിരിക്കുന്നത്. ഫാമിലിമാനും ഡൽഹി ക്രൈമും ഉൾപ്പെടെ കണ്ട പ്രേക്ഷകരിലേക്കാണ് മലയാളത്തിൽ നിന്നൊരു വെബ് സീരിസ് വരുന്നതെന്ന ബോദ്ധ്യം ഉണ്ടായിരുന്നു.
കഥയ്‌ക്കൊപ്പം മറ്റു സാങ്കേതിക കാര്യങ്ങളെ കുറിച്ചും പ്രതികരണം എങ്ങനെയുണ്ട്?
മൂന്നുദിവസം കൊണ്ടു തന്നെ മികച്ച റിപ്പോർട്ടുകളും കോളുകളും വരുന്നുണ്ട്. 95 ശതമാനവും നല്ല റിവ്യൂകളാണ്. പിന്നെ വേറൊരു കാര്യം നമ്മൾ ഉറപ്പാക്കിയത് ടെക്‌നിക്കൽ ക്വാളിറ്റിയാണ്. വിഷ്വൽസിനുൾപ്പെടെ എല്ലാ കാര്യങ്ങൾക്കും അത് നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്. അയ്യേ എന്ന് പറയാൻ ഇട വരാത്ത രീതിയിലുള്ള ഒരു നിലവാരം ആരു കണ്ടാലും തോന്നണമെന്ന് ഉറപ്പിച്ചാണ് മുന്നോട്ടേക്ക് പോയത്.
മലയാളികൾ ഒരുപാട് ക്രൈം വെബ് സീരീസുകൾ കാണുന്നുണ്ട്. മലയാളത്തിൽ അതേ പോലൊരു കഥ വരുമ്പോൾ സാദ്ധ്യതയും വെല്ലുവിളിയും എന്തായിരുന്നു?
മലയാളികൾ കാണാത്ത ക്രൈം ത്രില്ലറുകളില്ലെന്ന് എനിക്കുറപ്പായിരുന്നു. ഒ.ടി.ടിയിൽ തന്നെ അത്രയും സീരീസുകളുണ്ടല്ലോ. ഞാൻ ആലോചിച്ചത് എന്റെ കയ്യിലുള്ളത് ഒരു ചെറിയ കഥയാണ്. ഒരു മാസ് ത്രില്ലർ കാണിക്കാൻ പോയാൽ ആ രീതിയിൽ അതെത്തിയില്ലെങ്കിൽ പാളിപ്പോകും എന്നെനിക്ക് ഉറപ്പായിരുന്നു. സി.ഐയും എസ്.ഐയും മൂന്ന് കോൺസ്റ്റബിൾമാരും ആറുദിവസത്തിനുള്ളിൽ സോൾവ് ചെയ്ത പച്ചയായിട്ടുള്ള പൊലീസുകാരുടെ കഥ കൊണ്ടു വന്നതിന്റെ കാരണം ഇതാണ്. അവർ ഗോഡൗണിൽ പോയി തെളിവുകളെടുക്കും, അവർക്ക് മണ്ടത്തരങ്ങൾ പറ്റും, അബദ്ധങ്ങൾ കാണിക്കും, പ്രതി കൺമുന്നിലൂടെ പോകുമ്പോൾ അറിയാതെ നിൽക്കേണ്ടിയും വരും. അങ്ങനെ നമ്മുടെ പൊലീസുകാർക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന കുറേ സംഭവങ്ങളും അതോടൊപ്പം തന്നെ അവരുടെ പേഴ്സണൽ ലൈഫുണ്ട്. അവരുടെ അത്രയും ദിവസത്തെ യാത്രയും അവരുടെ ഇമോഷൻസും ഒരേ പോലെ വർക്കൗട്ടാക്കാൻ നോക്കി. ഈ ത്രില്ലറിന് ഒരു വ്യത്യസമുണ്ടല്ലോ എന്ന് അവർക്ക് തോന്നിയാൽ വിജയിച്ചു, അത് തുടക്കം മുതലേ ഉള്ള വിശ്വാസമായിരുന്നു. അതങ്ങനെ തന്നെ വന്നു. ഇപ്പോഴത്തെ റിവ്യൂ കാണുമ്പോൾ ഇതുവരെയുള്ള കഷ്ടപ്പാടുകൾ മാറിയതതു പോലെ തോന്നുന്നുണ്ട്.
2011 എന്നൊരു കാലം കാണിച്ചത് അന്വേഷണം സങ്കീർണമാക്കുന്നതിനല്ലേ?
അതേ.. ആ വർഷമെടുത്തതിന്റെ കാരണം തന്നെ സാങ്കേതിക വിദ്യ കുറേ കൂടി പുറകോട്ട് വേണമെന്നതു കൊണ്ടാണ്. ഇന്നത്തെ കാലത്തെ കഥയാണെങ്കിൽ പ്രതിയെ കിട്ടാൻ വളരെ എളുപ്പമാണ്. ലോഡ്‌ജിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ സി.സി.ടി.വിയിൽ പതിയും. അങ്ങനെ വരാൻ പാടില്ല എന്നതുകൊണ്ടും പൊലീസുകാർ ബുദ്ധിമുട്ടണം, അവരുടെ യാത്ര കാണിക്കണം എന്നതുകൊണ്ടും ചെയ്തതാണ്.
കുറച്ചു പിന്നോട്ടുള്ള കാലം അവതരിപ്പിക്കുന്നതിലെ വെല്ലുവിളികളെ എങ്ങനെ നേരിട്ടു?
നിരന്തര പരിശ്രമവും ശ്രദ്ധയും ടീം വർക്കുമുണ്ടായിരുന്നു. ആ കാലത്തെ തെരുവുകൾ, അന്വേഷണത്തിലെ പഴയകാലം, മൊബൈൽ ഫോണുകൾ തുടങ്ങി ഓരോന്നിലും ശ്രദ്ധ വേണ്ടിയിരുന്നു. റോഡിലൂടെ പുതിയ വാഹനങ്ങളൊന്നും കടന്നു പോകരുത് എന്നതുൾപ്പെടെ മൈന്യൂട്ട് കാര്യങ്ങളും ഏറെയുണ്ടായിരുന്നു. സാങ്കേതിക വിദ്യ കുറേ കൂടി പഴയതാണല്ലോ അപ്പോൾ. അതും കൂടി ഉൾപ്പെടുത്തേണ്ടിയിരുന്നു.
നമ്മൾ കണ്ടു വരുന്ന ക്രൈം സ്റ്റോറികളിൽ നിന്നും വ്യത്യസ്‌തമായി
അത്രയും ഡാർക്ക് സ്റ്റോറി വേണ്ടെന്ന് നേരത്തെ തീരുമാനിച്ചതായിരുന്നോ?
അതെ. ഈ കഥ ഒരു സെക്സ് വർക്കർ കൊല്ലപ്പെടുന്നതാണ്. അവരോട് പ്രേക്ഷകർക്ക് ഒരു ഇമോഷനൊക്കെ തോന്നാൽ വലിയ പാടാണ്. മറ്റു സീരീസുകളെ പോലെ ഒരു ക്രൂരമായ കൊലപാതകമല്ല നടക്കുന്നത്. ഒരു അബദ്ധം, ദേഷ്യം ഇതൊക്കെയാണ് കൊലയിലേക്ക് നയിക്കുന്നത്. ഡാർക്ക് കണ്ടന്റ് വേണ്ടെന്ന് തന്നെ നേരത്തെ തീരുമാനിച്ചിരുന്നു. ഒരു റിയൽ സ്റ്റോറിയാണിത്. ആറുദിവസത്ത പൊലീസുകാരുടെ അന്വേഷണം എൻഗേജിംഗ് ആയി പറയാനാണ് ശ്രമിച്ചത്. ഒരു സീരിയിൽ കില്ലിംഗ് ഒക്കെയാണെങ്കിൽ കുറേ കാര്യങ്ങൾ ഡെവലപ്പ് ചെയ്യാമായിരുന്നു. അത് മറ്റുള്ളവയോട് സാമ്യപ്പെടുകയും ചെയ്യും. ഇത് ഒരൊറ്റക്കേസ്, പൊലീസുകാരുടെ മേൽ പ്രതിയെ കണ്ടെത്തൂ എന്ന സീനിയർ ഉദ്യോഗസ്ഥരുടെ ഒരു സമ്മർദ്ദവുമില്ല. അങ്ങനെ ഒരു കേസ് ഇവരെടുത്തിട്ട് അത് ജീവിതത്തെ ബാധിക്കുന്നതും തുടർന്ന് ഇത് തെളിയിക്കണമെന്ന അവരുടെ വാശിയും ഒക്കെയാണ് ഫോക്കസ് ചെയ്തത്.
അത്ര കണ്ട് പരിചയമില്ലാത്ത കുറേ അഭിനേതാക്കൾ സിനിമയിൽ ഉണ്ടല്ലോ?
കൊച്ചിയിൽ ആക്ടിംഗ് വർക്ക് ഷോപ്പുകളൊക്കെ നടക്കുന്ന 'ആർട്ട് ലാബി' ൽ ഒരു ഓഡിഷൻ നടത്തിയിരുന്നു. അവിടെ മാത്രമായിരുന്നു ഓഡിഷൻ വച്ചത്. ചെറിയ ഡയലോഗുള്ള ആളുകളെ ഉൾപ്പെടെ എല്ലാ ആൾക്കാരെയും ഇവിടെ നിന്നാണ് എടുത്തത്. 'ജൂണി'ൽ അഭിനയിച്ചവരും ഉണ്ടായിരുന്നു. ബാക്കി എല്ലാവരും പുതുമുഖങ്ങളാണ്. സെക്സ് വർക്കറുടെ വേഷം ചെയ്തത് റൂത്ത് എന്ന നടിയാണ്. വളരെ ഹാർഡ് വർക്കിംഗ് ആണ്. ലോഡ്‌ജിലെ കട്ടിലിൽ നിന്നും തറയിലേക്ക് വീണതൊക്കെ ഒറിജിനൽ വീഴ്ച തന്നെയാണ്. രണ്ടു ടേക്ക് എടുത്തു. കഴുത്തിൽ കുരുക്കിടുന്നതൊക്കെ അത്ര നാച്വറൽ ആയാണ് ചെയ്‌തത്.
ചെറിയ റോളിൽ വരുന്നവർക്കും കൃത്യമായ സ്‌ക്രീൻ സ്‌പെസ് നൽകിയിട്ടുണ്ട്?
ഉറപ്പായും. സ്ഥിരം കാണിക്കുന്ന ആൾക്കാരെ കാണുമ്പോൾ എന്തു ഡയലോഗായിരിക്കും അവർ പറയുക എന്ന ധാരണ പോലും പ്രേക്ഷകർക്കുണ്ട്. അധികം മുഖപരിചമില്ലാത്ത ആൾക്കാരാകുമ്പോൾ ഒരു ഫ്രഷ്‌നസ് വരും. പ്രേക്ഷകർക്ക് അവരെ കാണാനും അറിയാതെ തന്നെ അവരെ തന്നെ ശ്രദ്ധിക്കാനും കഴിയും.
പൊലീസുകാരുടെ കുടുംബവും കഥയിൽ വന്നത് മന:പൂർവമായിരുന്നോ?അതേ... ആസ്വാദകർക്ക് ഈ കഥയിലെ പൊലീസുകാരുടെ വ്യക്തിജീവിതം കൂടി മനസിലാവുമ്പോൾ അവരെ ഇഷ്ടപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. അജുവിന്റെ മനോജ് എന്ന കഥാപാത്രത്തിന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളൂ. അയാൾ ഭാര്യയുമായി സെറ്റാകുന്നേയുള്ളൂ. ഭാര്യയ്‌ക്ക് കാപ്പിയാണോ ചായയാണോ ഇഷ്ടമെന്ന് പോലും മനോജിന് അറിയില്ല. അതിനുള്ള സമയം അവർക്കിടയിലില്ല. യഥാർത്ഥ കഥയിലും അങ്ങനെ തന്നെയാണ് നടന്നത്. ഇങ്ങനെ അഞ്ചു പൊലീസുകാരുടെ ജീവിതത്തിലേക്കും കഥ ചെന്നെത്തുന്നുണ്ട്. അന്വേഷണത്തിനിടയിൽ ഇവരുടെ അങ്ങനെയുള്ള ജീവിതം എന്താകുമെന്നൊരു തോന്നൽ കൂടി പ്രേക്ഷകന് വരണം. കുറ്റവാളിയെ കിട്ടിയാൽ മനോജിന് ലീവ് കിട്ടുമല്ലോ എന്നതും അവരുടെ മനസിൽ വരണം. ഇങ്ങനെ അന്വേഷണത്തിനിടയിൽ കുറേ ഇമോഷൻസ് വേണമെന്നതു കൊണ്ടു തന്നെ കൊണ്ടു വന്നതാണ്.
ഡിസ്‌നി ഹോട്ട്സ്റ്റാറിലേക്ക് അഹമ്മദ് എത്തിയതെങ്ങനെയാണ്?
അവർ കുറേ നാളായി വെബ് സീരിസ് നോക്കുന്നുണ്ടായിരുന്നു. നരേഷൻസ് നോക്കുന്നുണ്ടെന്നറിയിച്ച് എനിക്ക് ഒരു കോൾ ലഭിക്കുകയായിരുന്നു. എന്റെ മനസിൽ ഒരു ചെറിയ ത്രെഡുണ്ടായിരുന്നു. ഞാനത് പോയി അവരോട് പറഞ്ഞു. അവർക്കത് ഇഷ്ടപ്പെട്ടു. കഥ തിരഞ്ഞെടുക്കാനും ബാക്കി കാര്യങ്ങൾ പ്രോസസ് ചെയ്യാനുമായി അവർക്ക് ഒരു ടീം തന്നെ സജ്ജമാണ്.
മറ്റു ഭാഷകളിൽനിന്നുള്ള പ്രതികരണങ്ങൾ ആവേശം തരുന്നതാണോ?
അതേ. ഇങ്ങനെയുള്ള പ്രതികരണങ്ങൾ നമ്മളറിയുന്നത് ഹോട്ട് സ്റ്റാർ ടീം നമ്മളെ അറിയിക്കുമ്പോഴാണ്. നമ്മുടെ വെബ് സീരിസ് വന്നതിനുശേഷം അവരുടെ സബ് സ്‌ക്രിപ്ഷൻ അവർ വിചാരിച്ചതിലും കേറുന്നുണ്ട്. വാച്ചിംഗ് അവേഴ്സും കൂടുതലാണ്. നോർത്ത് ഇന്ത്യയിൽയൂ ട്യൂബ് റിവ്യൂകളിൽ മുന്നിലായതുകൊണ്ട് അങ്ങനെയും പ്രേക്ഷകർ കാണുന്നുണ്ട്. ഞാൻ മണിപ്പാലിലായിരുന്നു പഠിച്ചത്. നോർത്ത് ഇന്ത്യക്കാരായ കുറേ സുഹൃത്തുക്കൾ ആ കാലത്തേ ഉണ്ട്. അവർക്കൊക്കെ ഇതിനെ കുറിച്ചറിയാം. ഹോട്ട് സ്റ്റാറിന്റെ മാർക്കറ്റിംഗിന്റെ ഗുണമതാണ്. ഇങ്ങനെ ഒന്നുണ്ട് എന്ന് നേരത്തെ എല്ലാവർക്കും അറിയാം. അതാണ് ഈ പെട്ടെന്നുള്ള സ്വീകാര്യതയ്‌ക്ക് കാരണം. ഇത്ര പെട്ടെന്ന് ഈ റീച്ചിലേക്ക് എത്തുമെന്ന് ഞാനും വിചാരിച്ചിരുന്നില്ല. ഒരാഴ്ചയൊക്കെ കഴിഞ്ഞേ ഇത്രയും പേർ കാണൂഎന്നായിരുന്നു ഞാൻ കരുതിയത്.
പ്രതീക്ഷിച്ചതിലും അപ്പുറം എന്ന് പറയാമോ?
അതേ. അതിനപ്പുറം. എന്റെ 'ജൂണി'ന്റെയും 'മധുര'ത്തിന്റെയും ഇരട്ടി റിവ്യൂസാണ് ലഭിച്ചത്. ചെറിയ വിശദാംശങ്ങൾ പോലും ശ്രദ്ധിച്ച് കമന്റ് ചെയ്യുന്നവരുണ്ട്. അതെല്ലാം സന്തോഷമാണ്.
അജു ആദ്യ ചോയ്സ് തന്നെയായിരുന്നോ?
അതേ. അജുവും ലാൽ സാറുമായിരുന്നു ഫസ്റ്റ് ഓപ്ഷൻ. കോമഡി, അല്ലെങ്കിൽ നെഗറ്റീവ് ഷേഡിൽ നിന്നും മാറി വേണം അജു എന്നുണ്ടായിരുന്നു. അജു അത് വളരെ നന്നായി ചെയ്തു. നമുക്കറിയാവുന്ന പൊലീസുകാരിൽ കൂടുതലും സാധാരണക്കാരാണ്. അവർ നമ്മളെ പോലെ തന്നെയാണ്. സിനിമയിൽ കൂടുതലും സിക്‌സ് പാക്ക് പൊലീസുകാരെ കണ്ട് നമ്മുടെയെല്ലാം മനസിൽ കുറേ ചിത്രങ്ങളുണ്ട്. ഈ സിനിമയ്‌ക്ക് പിന്നാലെയുള്ള യാത്രയിലാണ് അങ്ങനെയല്ലെന്ന് മനസിലാകുന്നത്. അതുകൊണ്ടു തന്നെ അതേ രീതിയിൽ തന്നെ നമ്മുടെ സീരീസിലും വേണമെന്നുണ്ടായിരുന്നു.
മലയാളികൾ ആണോ ക്രൈം കണ്ടന്റുകളുടെ ആരാധകർ?
അങ്ങനെ അല്ല. ഒ.ടി.ടി നോക്കുകയാണെങ്കിൽ ക്രൈമാണ് ആളുകൾ കൂടുതലും കാണുന്നത്. ലോകമെമ്പാടുമുള്ള അത്തരം കഥകൾക്ക് എല്ലായിടത്തും കാഴ്‌ചക്കാരുണ്ട്. നമ്മളും കാണുന്നുണ്ടല്ലോ. ഇവിടെ ഏതു ഭാഷ എടുത്തു നോക്കുകയാണെങ്കിലും ത്രില്ലർ സ്റ്റോറികൾക്കാണ് റേറ്റിംഗ് കൂടുതൽ. ഇനി എന്ത് എന്ന ആകാംക്ഷ ഇത്തരം സീരിസുകളിൽ വലിയൊരു കാര്യമാണ്. ഹിന്ദിയിൽ ഇറങ്ങുന്ന ക്രൈം സീരിസുകളുടെ ഒരു എപ്പിസോഡൊക്കെ ഏതാണ്ട് ഒരു മണിക്കൂർ വരും. എന്നിട്ടും ആളുകൾ കാത്തിരുന്ന് കാണുകയാണ്. വളരെയധികം എൻഗേജിംഗ് ആണ് അവ.ക്രൂരതകളൊക്കെയുണ്ടെങ്കിലും ആളുകൾ അതെല്ലാം കാണുന്നു. ക്രൈം ത്രില്ലറുകളുടെ സാദ്ധ്യതയും. അവിടെയാണ്.
അടുത്ത ത്രില്ലറും താങ്കൾ തന്നെയാണോ ചെയ്യുന്നത്?
ഇപ്പോഴത്തെ പ്ലാൻ വച്ച് അങ്ങനെയാണ്. പക്ഷേ, കഥയിലേക്കൊന്നും ലാൻഡ് ചെയ്തിട്ടില്ല. നല്ല കഥയും കാര്യങ്ങളും വന്നിട്ടേ പുതിയ സീരീസിനെ കുറിച്ച് ആലോചിക്കുകയുള്ളൂ. മറ്റു പ്രൊജക്‌ടുകളെ കുറിച്ചും ആലോചിച്ചിട്ടില്ല. ഒരു ചെറിയ ബ്രേക്കിന് ശേഷം വീണ്ടും തുടങ്ങും.