ആഡ് ഫിലിമിൽ നിന്ന് ആക്ഷനിലേക്ക് - സംവിധായകൻ മർഫി ദേവസി സംസാരിക്കുന്നു

Interviews

മർഫി എന്ന പേര് മലയാളികൾക്കിടയിൽ അപൂർവമാണ്. യുവസംവിധായകനായ മർഫി ദേവസി തന്റെ ആദ്യത്തെ ചിത്രത്തിന് പേരിട്ടപ്പോഴും വ്യത്യസ്‌തനായി. ചോരയുറഞ്ഞു പോകുന്ന ആക്ഷൻ രംഗങ്ങളുള്ള ത്രില്ലറിന്റെ പേര്  'നല്ല നിലാവുള്ള രാത്രി'. ഇതെങ്ങനെ സംഭവിച്ചു എന്ന്  ഒരു നിമിഷം ആലോചിക്കുമ്പോഴേക്കും മർഫിയുടെ യുക്തിഭദ്രമായ മറുപടി എത്തി. ''നല്ല നിലാവുള്ള രാത്രിയിൽ എന്തും സംഭവിക്കാം, അതെല്ലാം നല്ലതാകണമെന്നില്ല. അപ്രതീക്ഷിതമായതെന്തും സംഭവിക്കും''  ഈ വാക്കുകളിലുണ്ട്  'നല്ല നിലാവുള്ള രാത്രി' എന്ന ചിത്രത്തിന്റെ വന്യത നിറഞ്ഞ ഉള്ളടക്കം. വർഷങ്ങളോളം സിനിമയ്‌‌ക്കൊപ്പം തന്നെയായിരുന്നു മർഫിയുടെ സഞ്ചാരം. എന്നെങ്കിലും തന്റെ ചിത്രം സ്‌ക്രീനിൽ തെളിയുമെന്ന വിശ്വാസത്തിലുള്ള നടത്തം. അത്ര കഥകളുണ്ടായിരുന്നു മനസിൽ. സിനിമ സംഭവിക്കുകയാണെന്ന മർഫിയുടെ വിശ്വാസം പോലെ സമയമായപ്പോൾ അതിലൊരു കഥ  മികവോടെ രൂപപ്പെട്ടു. സിനിമ, ജീവിതം... മർഫി സംസാരിക്കുന്നു. 

'നല്ല നിലാവുള്ള രാത്രി'  എന്ന റൊമാന്റിക്ക് പേരിൽ ഇത്രയും അതിഭീകര സിനിമ ആരും പ്രതീക്ഷിച്ച്  കാണില്ല?

പൊതുവേ ആക്ഷൻ, ത്രില്ലർ ചിത്രങ്ങളുടെ പേരുകൾ ഒരു പ്രത്യേക രീതിയിലുള്ളതായിരിക്കും. അതിൽ നിന്നും മാറിയൊരു പേര് എന്ന കാര്യം മനസിലുണ്ടായിരുന്നു. അങ്ങനെയാണ്   'നല്ല നിലാവുള്ള രാത്രി'  എന്ന പേരിലേക്ക് വന്നത്. 

പക്ഷേ, ആ രാത്രിയിൽ എന്തോ ഒളിപ്പിച്ചു വച്ചിട്ടുണ്ട്, എന്തോ സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നലുണ്ടാക്കുന്നുണ്ട്?

അതേ. നല്ല നിലവുള്ള രാത്രിയിൽ എന്തും സംഭവിക്കാം. നല്ല കാര്യങ്ങൾ മാത്രമല്ല, മോശമായതും അപ്രതീക്ഷിതമായതെന്തും സംഭവിക്കാം. ആ രീതിയിൽ നോക്കുമ്പോൾ സിനിമയ്‌ക്ക് യോജിച്ച പേര് തന്നെയാണ്.

മർഫി തന്നെയാണോ പേരിട്ടത്?

അതേ... മനസിൽ മറ്റൊരു ഓപ്‌ഷനും ഉണ്ടായിരുന്നില്ല. മറ്റൊരു പേരായിരുന്നു തിരഞ്ഞെടുത്തതെങ്കിൽ സിനിമാപ്രമോഷനുകളിൽ ഈ പേരിൽ കുറേ ചോദ്യങ്ങളുണ്ടാകില്ലായിരുന്നു. എല്ലാവരും പെട്ടെന്ന് തന്നെ ശ്രദ്ധിച്ചു. 

സിനിമയെ കുറിച്ച്  ആളുകൾ എന്തു പറയുന്നു?

നല്ല റിപ്പോർട്ടുകളാണ് കേൾക്കുന്നത്. ആക്ഷൻ സിനിമയാണ്, വയലൻസുണ്ട്, സർവൈവൽ മൂവിയാണ്. ആളുകൾക്ക് ഇഷ്‌ടപ്പെടുമ്പോൾ സന്തോഷം. 

സിനിമയിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?

പത്ത്, പന്ത്രണ്ട്  വർഷമായി സിനിമയ്‌ക്ക് പുറകേ തന്നെയായിരുന്നു. പല കഥകൾ എഴുതുന്നു, ആക്‌ടേഴ്സിനെ സമീപിക്കുന്നു... പിന്നെ പ്രൊഡ്യൂസർമാരെ കാണുന്നു. അങ്ങനെ. ഈ സമയത്താണ് ഇതെല്ലാ കാര്യങ്ങളും റെഡിയായത്. 

പാഷന് പിന്നാലെയുള്ള യാത്രയായിരുന്നു അല്ലേ...?

അതേ. ഓർക്കാപ്പുറത്തുണ്ടായതല്ല ആ ഇഷ്ടം. ആഗ്രഹിച്ച്, കാത്തിരുന്നതാണ് സിനിമയിലെത്തിയത്. സിനിമയിലേക്കുള്ളതായിരുന്നു മറ്റു വഴികളെല്ലാം.

മറ്റു സിനിമകളിൽ അസിസ്‌റ്റ്  ചെയ്യുകയോ മറ്റോ ചെയ്‌തിരുന്നോ?

ഇല്ല. ആദ്യത്തെ സിനിമയാണിത്. ഞാൻ ഒരു ആഡ് ഫിലിം മേക്കറാണ്. ആ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ നിൽക്കുമ്പോഴും സിനിമ തന്നെയായിരുന്നു ലക്ഷ്യം. 

സിനിമയിലെ സംഘട്ടനങ്ങളെ കുറിച്ചാണല്ലോ കൂടുതൽ വിലയിരുത്തലുകളും വരുന്നത് ?

അതേ. വേണമെന്നു വിചാരിച്ചു തന്നെ ചെയ്തതാണ്. സിനിമയിൽ ഇതിലേറെ സംഘട്ടനരംഗങ്ങൾ ഉണ്ടായിരുന്നു. അത് കുറച്ചു കൂടെ ഭീകരമായിരുന്നു. സർട്ടിഫിക്കറ്റിന്റെ വിഷയം വരുമെന്നതു കൊണ്ട് അത് കുറച്ചു കൂടെ ലൈറ്റാക്കി യു/എ ആക്കിയതാണ്. ആക്‌ച്വലി ആദ്യം എ സർട്ടിഫിക്കറ്റായിരുന്നു. നിലവിൽ ഇപ്പോൾ തന്നെ ഭീകരമാണെന്ന റിപ്പോർട്ടുകളാണ് വരുന്നത്. അതിഭീകരമാണെന്നേ ഞാൻ പറയൂ...

ദേശീയ അവാർഡ് ജേതാവ് രാജശേഖരൻ സാറിന്റെ സംഘട്ടനം സിനിമയെ ഉദ്ദേശിച്ച തലത്തിൽ എത്തിച്ചു?

അതേ... മാസ്റ്റർ തന്നെ വേണമെന്നത് ആഗ്രഹവും ആവശ്യവുമായിരുന്നു. അദ്ദേഹത്തിന്റെ തമിഴ്‌സിനിമകൾ ഒരുപാട് കണ്ടിട്ടുണ്ട് ഞാൻ. 'കൺകൾ  ഇരണ്ടാൽ' സിനിമയൊക്കെ ഫേവറിറ്റുകളിലൊന്നാണ്. അതിലെ ആക്ഷൻ സീനുകളൊക്കെ ഇന്നും മറന്നിട്ടില്ല. അതുകൊണ്ടു തന്നെയാണ് മാസ്റ്റർ വേണമെന്ന്  തീരുമാനിച്ചത്. ഞങ്ങൾ സിനിമയ്‌ക്ക് വേണ്ടി പത്തിലേറെ തവണ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഞാൻ നേരത്തെ തന്നെ ഒരു ആക്ഷൻ കൊറിയോഗ്രാഫി എഴുതി വച്ചിരുന്നു. പിന്നീട് അതിൽ ചർച്ച ചെയ്‌തു. ഒരു മലയാള സിനിമയ്‌ക്ക് വേണ്ടിയും ഇത്രയും എഫർട്ട് എടുത്തിട്ടില്ലെന്ന് മാസ്റ്റർ പറഞ്ഞിരുന്നു. ചെന്നൈയിൽ നിന്ന് മാസ്റ്റർ എപ്പോഴൊക്കെ കൊച്ചിയിൽ വന്നിട്ടുണ്ടോ അപ്പോഴൊക്കെ വിളിക്കണം എന്ന് ഞാൻ പറഞ്ഞിരുന്നു. കുറേയേറെ ചർച്ച ചെയ്‌താണ്  ഓരോ രംഗവും ഫൈനലാക്കിയത്. 

ആഗ്രഹിച്ച താരങ്ങളൊക്കെ ഇതിലുണ്ടായിരുന്നോ?

ഓരോ കഥാപാത്രങ്ങൾക്കും  മനസിൽ വിചാരിച്ച ആക്ടേഴ്‌സിനെ തന്നെ കിട്ടി. കഥ  വായിച്ചപ്പോൾ അവരും ഹാപ്പിയായി. രണ്ടാമതൊരു ചോയ്സിലേക്ക്  പോകേണ്ടി വന്നില്ല. 

മലയാളത്തിൽ ഇത്രയും അതിഭീകരമായ സിനിമകൾ കുറവാണ് അല്ലേ, മറ്റു ഭാഷകളെ അപേക്ഷിച്ച്?

അതേ. അതേ. അത്തരം ജോർണലിലുള്ള സിനിമകൾ മലയാളത്തിൽ അത്ര കണ്ടിട്ടില്ല. അങ്ങനെയുള്ള സിനിമ കൊണ്ടു വരണമെന്ന ഉള്ളിലുണ്ടായിരുന്ന ആഗ്രഹത്തിന്റെ പുറത്ത്  സംഭവിച്ചതാണിത്.

കുറേ കഥകളുണ്ടായിരുന്നു എന്നു പറഞ്ഞു. ഇതു തന്നെ ആദ്യം വേണമെന്ന് തീരുമാനിച്ചു ചെയ്‌തതാണോ?

അങ്ങനെയല്ല. സിനിമ ഒരിക്കലും നേരത്തെ വിചാരിച്ചതു പോലെ ആകണമെന്നില്ല, അതങ്ങ്  സംഭവിച്ചു പോകുന്നതാണ്. വേറൊരു സിനിമയായിരുന്നു സംവിധാനം ചെയ്യാനിരുന്നത്. അത് മാറി പെട്ടെന്ന് ഈ കഥയിലേക്ക് വരേണ്ട സാഹചര്യമുണ്ടായി. 

മനുഷ്യന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന വന്യതയിലേക്ക് തന്നെയാണോ സിനിമ നോക്കുന്നത്?

തീർച്ചയായും. അതിൽ രണ്ടു മൂന്നു കാര്യങ്ങളുണ്ട്. ഒരു മനുഷ്യനെ നാം ആദ്യം കാണുമ്പോൾ അയാളുടെ സ്വഭാവമല്ല നമ്മൾ കാണുന്നത്,  പെരുമാറ്റ രീതികളാണ്. അതേ സമയം കൂടെ യാത്ര ചെയ്യുകയാണെങ്കിൽ  അയാളുടെ സ്വഭാവം കുറേക്കൂടി  മനസിലാകും. അത് ഈ സിനിമയിൽ  പറയാതെ പറയുന്നുണ്ട്. കാരണം അങ്ങനെ ഒരു  യാത്രയാണിത്. യാത്രയ്‌ക്കൊടുവിൽ അവർ ചെന്നെത്തുന്ന ഇടത്താണ് ഈ പറയുന്ന കാര്യങ്ങളൊക്കെ സംഭവിക്കുന്നത്. ഇവർക്കെല്ലാം ലക്ഷ്യങ്ങളുണ്ട്, അസൂയയുണ്ട്, പണത്തോടുള്ള ആർത്തിയുണ്ട്. ഇങ്ങനെ മനുഷ്യരുടെ കുറേ സ്വഭാവങ്ങൾ പതിയെ പതിയെ പുറത്തേക്ക് വരികയാണ്. ചില സാഹചര്യങ്ങളിലാണ്  ഓരോ മനുഷ്യനും പൊതിഞ്ഞു വച്ച സ്വഭാവം മാറി അവരുടെ യഥാർത്ഥ സ്വഭാവം വെളിയിൽ വരുന്നത്. 

ഒരു പാർട്ട്ണർഷിപ്പ് ബിസിനസ് തുടങ്ങിയാൽ തീരാവുന്ന സൗഹൃദമേ ലോകത്തുള്ളൂ. പ്രത്യേകിച്ചും ലാഭം വന്നു തുടങ്ങിയാൽ. കാച്ചിംഗ് ആയ ഡയലോഗായിരുന്നല്ലോ ട്രെയ്‌ലറിൽ?

അത് വളരെ സത്യമാണ്. അത്യാവശ്യം എല്ലാവർക്കും ജീവിതത്തിൽ ഇങ്ങനെ ഒരു എക്‌സ്‌പീരിയൻസ് ഉണ്ടാകും. ട്രെയ്‌ലറിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഡയലോഗായിരുന്നു. 

ഏതുതരം പ്രേക്ഷകരെയാണ് പ്രതീക്ഷിക്കുന്നത്?

ഈ സിനിമ  കുടുംബപ്രേക്ഷകരെയല്ല ടാർഗറ്റ് ചെയ്യുന്നത്, ഒറ്റയ്‌ക്ക് സിനിമ ആഘോഷിക്കുന്നവർക്കും കൂട്ടമായി സിനിമയ്‌ക്ക് പോകുന്ന, കുടുംബമല്ലാത്ത ആളുകളെയുമാണ്. ഇതിൽ ആക്ഷനുണ്ട്, വയലൻസുണ്ട്, ത്രില്ലിംഗ് എലമെന്റ്‌സ് ധാരാളമുണ്ട്. അതെല്ലാം സ്വീകരിക്കാൻ പറ്റുന്ന  ആളുകളെയാണ് ഞാൻ കൂടുതലായും പ്രതീക്ഷിക്കുന്നത്. 

നായകൻ, വില്ലൻ എന്നൊന്നും വേർതിരിവില്ലാതെ, ഇതൊക്കെ മാറിയും തിരിഞ്ഞും വരുന്ന രീതിയാണല്ലോ സിനിമയിൽ പരീക്ഷിച്ചിരിക്കുന്നത്?

അതേ. ചില സമയത്ത് ഒരാളായിരിക്കും നായകൻ, മറ്റൊരിടത്ത് വേറെ ഒരാളായിരിക്കും നായകന്റെ സ്ഥാനത്ത്. ഇങ്ങനെ നമുക്ക് തോന്നിക്കൊണ്ടേയിരിക്കും, അല്ലെങ്കിൽ അവർ മാറിക്കൊണ്ടേയിരിക്കും. ഇതേ പോലെ തന്നെയാണ്  വില്ലന്റെ കാര്യവും. 

ഷൂട്ടിംഗ് സമയത്ത് തിരക്കഥയിൽ മാറ്റങ്ങളുണ്ടായോ?

പിന്നീട് തിരുത്തലുകൾ വരുത്താൻ പറ്റുന്ന സിനിമയല്ല ഇത്. കാരണം ഈ സിനിമയിൽ ചില കണക്ഷനുകളുണ്ട്. ഇതൊരു ചെയ്‌ൻ ആണ്. ഒരു ഡയലോഗ് മാറിയാൽ തന്നെ അത് വലിയ പ്രശ്‌നമാകും. ഒരു കൃത്യമായ പ്ളാനിംഗിൽ തന്നെയാണ് ഞങ്ങൾ മുന്നോട്ട് പോയത്. 

കഥയുടെ പശ്ചാത്തലമാണല്ലോ കാട്. വന്യത ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്ന രീതിയിലാണോ കാട്ടിലോട്ട് പോയത്?

അതുകൊണ്ടല്ല. സിനിമയുടെ കഥ ആവശ്യപ്പെടുന്ന കാര്യമായതിനാലാണ്. ഇവർ വലിയ ഓർഗാനിക്ക് ഫാം നടത്തുകയാണ്. ഫാമിന് പറ്റിയ സ്ഥലം എന്നു പറയുമ്പോൾ ഇത്രയും വിശാലമായ പ്രദേശം വേണം. കർണാടകയിൽ അതേ പോലെയുള്ള സ്ഥലങ്ങളേറെയുണ്ടല്ലോ. കഥയുടെ  തീം തയ്യാറായി വന്നപ്പോഴാണ് കാടും വന്നത്.

Murphy Devasy 3.jpg

മർഫി ദേവസ്സിയും സാന്ദ്ര തോമസും
മർഫി ദേവസ്സിയും സാന്ദ്ര തോമസും

നിർമ്മാതാവെന്ന നിലയിൽ സാന്ദ്രാ തോമസിന്റെ പിന്തുണ?

സാന്ദ്ര  എന്റെ സുഹൃത്താണ്. ചെന്നൈയിൽ ബാച്ച് മാറ്റായിരുന്നു. പല കഥകളും സാന്ദ്രയോട് ചർച്ച ചെയ്യാറുണ്ട്. ആ സമയത്ത് സാന്ദ്ര സിനിമ ചെയ്യുന്നില്ല. കഴിഞ്ഞ പുതുവത്സരത്തിനാണ് എന്താണ് പ്ളാൻ എന്ന് സാന്ദ്ര ചോദിച്ചത്. സിനിമയുടെ കാര്യം ഞാൻ പറഞ്ഞു. അന്നാണ് ഒന്നിച്ച്  സിനിമ ചെയ്യാമെന്ന് തീരുമാനിച്ചത്. ഈ കഥ പറഞ്ഞപ്പോൾ സാന്ദ്രയ്‌ക്കിഷ്‌ടപ്പെടുകയും ചെയ്‌തു. 

പുരുഷൻമാരുടെ കഥ ആയതിനാലാണോ സ്ത്രീ കഥാപാത്രങ്ങൾ ഇല്ലാതെ പോയത്?

മനപ്പൂർവം അങ്ങനെ വന്നതല്ല. ഇത് പുരുഷൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു കഥയാണ്. സിനിമ ആവശ്യപ്പെടുന്ന സാഹചര്യവും അങ്ങനെയുള്ളതാണ്. എട്ടുപേരാണ് പ്രധാനകഥാപാത്രങ്ങൾ. അവർ ഒരു പ്രത്യേക സാഹചര്യത്തിൽ എത്തിപ്പെടുന്നതാണ്  കഥ. 

Nalla Nilavulla Raathri Official Trailer | Murphy Devassy | Sandra Thomas Productions

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment