ആളുകളെ ചിരിപ്പിച്ച് ചിരിപ്പിച്ച് 'സാഫ് ബോയ്‌സ്' യൂട്യൂബിൽ സ്വന്തമാക്കിയത് 1.35 മില്യൺ സബ്സ്‌ക്രൈബേഴ്സിനെയാണ്. അബൂക്ക, സൈനാത്ത, കമറു അങ്ങനെ ചിരി വാരി വിതറിയ കഥാപാത്രങ്ങളെ സൂപ്പർഹിറ്റാക്കിയത് രണ്ടു മിടുക്കരാണ്. അരുൺ ഡി. ജോസ് സംവിധാനം ചെയ്ത് തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന '18+' സിനിമയുടെ ചിരി ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്യുന്നത് ഇതേ മുഖങ്ങളാണ്.
രസകരമായ വീഡിയോകളിലൂടെ മില്യൺ കണക്കിന് കാഴ്ചക്കാരെ ചിരിപ്പിക്കുന്ന ഇവരുടെ കയ്യിൽ സിനിമയിലെ കോമഡികൾ ഭദ്രമായിരിക്കുമെന്ന ഉറപ്പിലാണ് സംവിധായകൻ സിനിമയിലേക്ക് ക്ഷണിച്ചത്. ലൊക്കേഷനിലെത്തിയപ്പോഴാണ് സിനിമാ ക്രൂ മുഴുവൻ സർപ്രൈസായത്. പെരിന്തൽമണ്ണക്കാരായ ചേട്ടനും അനിയനുമാണ് ഈ യൂ ട്യൂബ് താരങ്ങളെന്ന സത്യം ആ നിമിഷമാണ് അവരും അറിഞ്ഞത്. '18+' സിനിമ തിയേറ്ററുകളിൽ ചിരി പടർത്തുമ്പോൾ കാഴ്ചക്കാരും അറിഞ്ഞിരിക്കില്ല, തമാശയുടെ വമ്പ് കാട്ടി തങ്ങളെ രസിപ്പിക്കുന്നത് ഒരു ചേട്ടൻ ബാവയും അനിയൻ ബാവയുമാണെന്ന്.
''25 വർഷം മുമ്പാണ് ഉപ്പ അസ്‌ലം തിയേറ്ററിൽ നിന്നും പടം കണ്ടത്. ആറാം തമ്പുരാൻ. പിന്നെ കണ്ടത് ദാ ഇപ്പോഴാണ്. വീട്ടുകാരും കൂട്ടുകാരുമെല്ലാം സന്തോഷത്തിലാണ്.'' സിനിമയിലെ നായകൻ നസ്ലന് കട്ട സപ്പോർട്ട് നൽകുന്ന കൂട്ടുകാരിൽ ഒരാളായ രഞ്ജുവിനെ അടിപൊളിയാക്കിയ സഫാൻ മുഹമ്മദ് സംസാരിച്ചു തുടങ്ങി. പട്ടര് എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയ അനു എന്ന് വിളിക്കുന്ന മുഹമ്മദ് അൻഷിദും തൊട്ടടുത്തുണ്ട്. ''ഞങ്ങൾ രണ്ടാളുടെയും ആദ്യത്തെ സിനിമയല്ല ഇത്. രോഹിത്തേട്ടൻ സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയെന്ന സിനിമയാണ് ആദ്യം ചെയ്തത്. രണ്ടാമത് ചെയ്ത സിനിമയാണ് ആദ്യം റിലീസായത്. സിനിമ അത്രയും റീച്ചായതിൽ വലിയ സന്തോഷമുണ്ട്. ഒരുപാട് പേർ വിളിക്കുന്നുണ്ട്, മെസേജ് അയക്കുന്നുണ്ട്. ഞങ്ങൾക്കിത് ആദ്യത്തെ അനുഭവമാണ്.''
അറിയപ്പെടുന്ന യൂട്യൂബേഴ്സാണ്. സിനിമയിൽ കയ്യിൽ നിന്നെങ്കിലും ഇട്ടോ?
സഫാൻ: ഞാൻ അരുൺ ചേട്ടനോട് ആദ്യമേ പറഞ്ഞിരുന്നു, കയ്യിൽ നിന്നും ഒന്നും ഇടത്തില്ല. കാരണം സിനിമയിൽ പരിചയം കുറവാണ്. ചേട്ടൻ പറയുന്ന മീറ്ററിൽ നിന്നും അങ്ങോട്ടും ഇങ്ങോട്ടും മാറി ചെയ്യില്ലാന്നു തന്നെ പറഞ്ഞു. പുള്ളി എനിക്ക് കറക്റ്റായി എത്ര ലെവലാണോ ചെയ്യേണ്ടത് അത്രയും തന്നെ പറഞ്ഞു തന്നു, ഞാനത് ചെയ്തു... അത്രയുമേ ഉണ്ടായിട്ടുള്ളൂ. ഫൺ എലമെന്റ് നൽകേണ്ടതും കൗണ്ടർ അടിച്ച് പടത്തെ വർക്കാക്കാനുമുള്ള ഡ്യൂട്ടി അൻഷിദിനാണ് കിട്ടിയത്. അവനായിരുന്നു കുറച്ചൂടെ റിസ്‌ക്ക്. അവന്റെ കൗണ്ടറും കാര്യങ്ങളും വർക്ക് ആയിട്ടില്ലെങ്കിലായിരുന്നു കുറച്ചൂടെ പാട്.
സിനിമയിൽ നസ്ലൻ അവതരിപ്പിക്കുന്ന അഖിലിനും എന്റെ രഞ്ജുവിനും ഒരേ മൈന്റ് സെറ്റാണ്. എപ്പോഴും ഒന്നിച്ചാണ് അവരുടെ യാത്ര. രണ്ടുപേരുടെയും മീറ്റർ ഏതാണ്ട് ഒരേ പോലെയാണ്. കുറച്ചൂടെ ആലോചിച്ച് കാര്യങ്ങൾ ചെയ്യുന്ന ആൾക്കാരാണ് ഞങ്ങൾ രണ്ടാളും. പട്ടരും മീനാക്ഷിയും ഇവരിൽ നിന്നു വേറിട്ട് നിൽക്കുന്ന, പടം മുന്നോട്ടു കൊണ്ടു പോകുന്നവരാണ്. അൻഷിദിന് കുറച്ചൂടെ എളുപ്പമായിട്ട് കയ്യിൽ നിന്നും ഇടാൻ പറ്റിയിരുന്നു.
അൻഷിദ്: സോഷ്യൽ മീഡിയയിലെ റീൽസും വീഡിയോകളും ചെയ്യുന്നതും സിനിമയും തമ്മിൽ നല്ല വ്യത്യാസമുണ്ട്. അഭിനയത്തിലും അല്ലാതെയും. രണ്ടും വെവ്വേറെ മീറ്ററുകളാണ്. പ്രൊഡക്ഷനിലും അത് കാണും. വീഡിയോയുടെ പിന്നിൽ ഞാനും ഇവനും മാത്രേയുള്ളൂ. പക്ഷേ, സിനിമയുടെ മേടെ പിന്നിൽ പത്ത് എൺപതുപേരുണ്ട്. ഒരു ക്രൂവിന്റെ ഒന്നിച്ചുള്ള വർക്കാണ്. അതിന്റെ വ്യത്യാസം എന്തായാലും ഉണ്ട്.
സഹോദരങ്ങളാണെന്ന് അറിയാതെ രണ്ടുപേരെയും അഭിനയിക്കാൻ വിളിച്ച സംഭവം കളറായിട്ടുണ്ടല്ലോ?
സഫാൻ: അത് രസമായിരുന്നു. അതിലൊരു തമാശ എന്താണെന്ന് വച്ചാൽ നീയും നിന്റെ കൂടെ വീഡിയോ ചെയ്യുന്ന ആളും വരണമെന്നാണ് പറഞ്ഞത്. ലൊക്കേഷനിലെത്തിയപ്പോഴാണ് ഞങ്ങൾ സഹോദരങ്ങളാണെന്ന് അവർക്ക് മനസിലായത്.
അൻഷിദ്: ഓഡിഷൻ ഇല്ലാതെയാണ് ഞങ്ങളെ സെലക്ട് ചെയ്തത്. അവിടെ ചെന്നപ്പോൾ ഞങ്ങളെ കുറിച്ച് ശരിക്കുമറിഞ്ഞപ്പോൾ സർപ്രൈസായി. കസിൻസോ, ഫ്രണ്ട്‌സോ ആണെന്നായിരുന്നു അവർ വിചാരിച്ചതെന്ന് തോന്നുന്നു. ഇപ്പോ ഓർക്കുമ്പോൾ സിനിമയിലെ പോലെ അടിപൊളിയായ ഒരു സീൻ എന്നു തോന്നും.
ഇത്രയും ചിരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
സഫാൻ: സ്‌ക്രിപ്റ്റ് വായിക്കുമ്പോഴോ അല്ലെങ്കിൽ കഥ കേൾക്കുമ്പോഴോ നമുക്ക് മനസിലാകും ഏതു ഭാഗങ്ങളിലാണ് ആളുകൾ ചിരിക്കുക എന്നൊരു എഡിയ ഉണ്ടാകും. എന്നാൽ ആശ്ചര്യപ്പെടുത്തിയ കാര്യം അങ്ങനെ ഞങ്ങൾ വിചാരിക്കാത്ത സ്ഥലത്തും ആളുകൾ ചിരിച്ചിട്ടുണ്ട് എന്നാണ്. ചിലപ്പോൾ യൂട്യൂബ് കണ്ടവർക്ക് ഒരു ഫൺ ഫീൽ ചെയ്തതു കൊണ്ടാവാം. വിചാരിച്ചിടത്തും വിചാരിക്കാത്തിടത്തും ഫൺ വർക്കൗട്ട് ആയിട്ടുണ്ട്. പട്ടര് എങ്ങനെയുള്ള ആളാണെന്ന് ആദ്യത്തെ സീൻ കാണുമ്പോൾ തന്നെ അറിയാം. സീരിയസായ ഒരു വിഷയം പറയുമ്പോൾ അവനത് കളിയായി മറുപടി പറയുകയാണ് ആളുകൾക്ക് അപ്പോൾ തന്നെ ആളുകൾക്ക് കാരക്ടർ കിട്ടി. പണി കുറവാണ്. അങ്ങനെയേ ആളുകൾ പ്രതീക്ഷിക്കുകയുള്ളൂ.
അൻഷിദ്: ഞങ്ങളുടെ ആദ്യത്തെ സിനിമയാണ് എന്നതുകൊണ്ടു തന്നെ ഈ സിനിമയോടു അത്ര ഇഷ്ടമാണ്. എല്ലാ സീനും ആസ്വദിച്ചാണ് ചെയ്തത്. ട്രാവലറിൽ ഞങ്ങളെല്ലാവരും ഓടിക്കയറുന്ന സീൻ ഉണ്ട്. അത് വലിയ ഇഷ്ടമുള്ള സീനാണ്. ഫോർ ഡബിൾ സീറ്റൊക്കെയാണ്. ഷൂട്ടിംഗിന്റെ സമയത്ത് ഓടിക്കയറിയിട്ട് വണ്ടി എടുക്കുമ്പോൾ സീറ്റ് അടഞ്ഞ് കാലൊക്കെ കുടുങ്ങിപ്പോയിട്ടുണ്ട്. അങ്ങനെ ഒരു വേദനയുടെ ഓർമ്മ ഉള്ളതു കൊണ്ടാണോ എന്നറിയില്ല, ആ സീൻ വലിയ ഇഷ്ടമാണ്.
saaf boy 4.jpg
മണ്ടത്തരം പറയുമെങ്കിലും സത്യത്തിൽ പട്ടർക്കല്ലേ ടെന്നീസ് ബോൾ എന്ന സൂപ്പർ ബുദ്ധി ഉദിച്ചത്?
സഫാൻ: അതേ. ആ സീൻ എടുക്കുമ്പോഴും രസമായിരുന്നു. ഞങ്ങളത് നന്നായി ആസ്വദിച്ച് ചെയ്തു. വെളുപ്പിന് മൂന്ന് മൂന്നരയ്ക്കാണ് എടുക്കുന്നത്. ഞാൻ ഒത്തിരി കഷ്ടപ്പെട്ട സീൻ കൂടിയായിരുന്നു. ആ സമയത്ത് എന്റെ ക്രിക്കറ്റ് കമന്ററി ഡയലോഗുണ്ടല്ലോ അത് കെ.ജി.എഫ് സ്റ്റൈലിൽ പറയണം എന്നായിരുന്നു നിർദ്ദേശം. അതേ സമയം കെ.ജി.എഫ് അനുകരണം ആവുകയും ചെയ്യരുത്. അങ്ങനത്തെ ഒരു സാധനം ഡയലോഗിൽ വരുത്തുന്നത് ഇത്തിരി ടഫായിരുന്നു. ഉറക്കെ പറഞ്ഞ് നായികയുടെ വീട്ടുകാർ കേട്ട് ഉണരാനും പാടില്ലല്ലോ. അങ്ങനെ കുറച്ച് ബുദ്ധിമുട്ടി. സിനിമയുടെ കഥ നടക്കുന്നത് 2009 കാലത്തേതാണ്. ആ സമയത്ത് കെ.ജി.എഫ് സിനിമ ഇറങ്ങിയില്ലല്ലോ. പക്ഷേ തിയേറ്ററിൽ ആളുകൾ നന്നായി ചിരിച്ചു.
റജ്മാൻ അബ്ദുൾ ബഷീർ എന്ന പട്ടര്... ഷോർട്ട് ഫിലിമാണെന്ന് വിചാരിച്ച് കല്യാണസീനിലേക്ക് കേറി വരുന്ന കമ്മ്യൂണിസ്റ്റുകാരൻ. അടിപൊളിയായിരുന്നല്ലോ?
സഫാൻ: വെജിറ്റേറിയനായതുകൊണ്ടാണ് അൻഷിദ് ചെയ്ത റജ്മാൻ അഷ്ദുൾ ബഷീറിനെ പട്ടര് എന്ന് കളിയാക്കി വിളിക്കുന്നത്. ആ സീനൊക്കെ ആളുകൾ നന്നായി ആസ്വദിച്ചു.റജ്മാൻ അബ്ദുൾ ബഷീർ ഞങ്ങളുടെ സിനിമയുടെ ചീഫ് അസോസിയേറ്റാണ്. ആ പേരാണ് പട്ടർക്കിട്ടത്. പിന്നെ മറ്റൊരു രഹസ്യം കൂടി ഉണ്ട്. അഖിലിന്റെ അമ്മായിയുടെ മക്കളിൽ ഒരാളായി അഭിനയിച്ചതും റജ്മാൻ ചേട്ടനാണ്.
അൻഷിദ്: രാജേഷേട്ടൻ വിവാഹഫോട്ടോയിൽ കുടുങ്ങിയ സീനുകളിൽ തിയേറ്ററുകളിൽ ചിരി ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. കാരണം ആൾറെഡി ഞങ്ങൾ ട്രാപ്പിലായി. ഇനി ആരെ ഒക്കെ കുടുക്കാമെന്നാവും ചിന്ത. അപ്പോൾ നാട്ടുകാരനായ ഒരു കമ്മ്യൂണിസ്റ്റ് അമ്പലത്തിൽ വരികയാണ്. ആ സീനിൽ ചിരി പ്രതീക്ഷിച്ചിരുന്നില്ല സത്യത്തിൽ. ചെയ്യുമ്പോൾ കോമഡി സീൻ ആണെന്ന് ഓർത്തിട്ട് പോലുമില്ല. പക്ഷേ, ആളുകൾക്കത് വർക്കായി.
മലപ്പുറംകാരെ വടകര ഭാഷ ബുദ്ധിമുട്ടിച്ചോ?
സഫാൻ: ഞങ്ങളുടെ ടാസ്‌ക് മലപ്പുറം ഭാഷ കേറി വരാതെ കണ്ണൂർ സ്ളാംഗ് ചെയ്യലായിരുന്നു. കുഴപ്പമില്ലായിരുന്നു. സഹായിക്കാനും ഡബിംഗ് സമയത്ത് സഹായിക്കാൻ ഒരാളുണ്ടായിരുന്നു. പിന്നെ സ്ളാംഗിൽ ഞങ്ങൾ അത്രയധികം ഫോക്കസ് ചെയ്തിട്ടില്ല. അശ്വിൻ കോക്കിന്രെ റിവ്യൂവിൽ കണ്ടു, വടകര ഭാഗത്താണ് കഥ നടക്കുന്നതെങ്കിലും കോഴിക്കോട് ഭാഷയാണ് പറയുന്നതെന്ന്.
അൻഷിദ്: അൻഷിദ്: എല്ലാവരും മാക്‌സിമം ശ്രദ്ധിച്ചത് 2009 മുതലുള്ള ബാക്ക് ഗ്രൗണ്ട് സിനിമയിൽ
കൊണ്ടു വരാനാണ്. ഡയറക്ടർ ആ റിസ്‌ക്കാണ് ഏറ്റെടുത്തത്. പുള്ളിക്കാരന് വേണമെങ്കിൽ ഈ കഥ പുതിയ കാലത്ത് കാണിക്കാം. അതാണ് കുറച്ചൂടെ എളുപ്പം. പക്ഷേ, അങ്ങനെ കാണുമ്പോൾ ആളുകൾക്കുള്ള ഫീലിംഗ് തന്നെ മാറിപ്പോകും.
പതിവുകഥ പോലെ കൊവിഡ് ആണോ റീൽസിലും വീഡിയോകളിലും എത്തിച്ചത്?
സഫാൻ: ആദ്യം ഞങ്ങൾ കസിൻസൊക്കെ ചേർന്ന് സോഷ്യൽ മീഡിയയിൽ വാൻബ്രോസ് എന്ന പേരിൽ വീഡിയോകൾ ചെയ്തിരുന്നു. ലോക്ക്ഡൗൺ ആയപ്പോൾ എല്ലാവരും പല വഴിക്ക് പോയി. അതോടെ വീഡിയോ ഇടൽ നിന്നു. അങ്ങനെ ലോക്ക് ഡൗൺ ഒക്കെ കഴിഞ്ഞായിരുന്നു പുതിയ വീഡിയോകളിലേക്കുള്ള വരവ്. നാട്ടിൽ തെരുവ് നാടകങ്ങളിൽ അഭിനയിച്ചതായിരുന്നു ആകെയുള്ള പരിചയം. സിനിമകകൾ ധാരാളമായി കാണുമായിരുന്നു. വീഡിയോ ചെയ്യുമ്പോൾ ആദ്യമൊക്കെ ഇച്ചിരി ഷൈ ആയിരുന്നു. കൂടുതൽ വീഡിയോകൾ ചെയ്യാൻ തുടങ്ങിയപ്പോൾ അതൊക്കെ മാറി ഉഷാറായി.
അൻഷിദ്: കൊവിഡ് തീർന്നപ്പോഴാണ് തുടർച്ചയായി വീഡിയോകൾ ഇട്ടത്. കൊവിഡിന് മുമ്പുള്ള വീഡിയോകൾ ശരിയാവാത്തതു കൊണ്ട് ഞങ്ങൾ ഒരു ബ്രേക്കെടുത്തു. ലോക്ക്ഡൗൺ കടുത്തപ്പോഴാണ് വീട്ടിലൊക്കെ നടക്കുന്ന രസകരമായ കാര്യങ്ങളും ഉൾപ്പെടുത്തി വീഡിയോകളുടെ സ്‌റ്റൈൽ മാറ്റിയത്. അതിന് നല്ല റിസൽട്ട് കിട്ടി, കൂടുതൽ റീച്ചായി. പുറത്തുള്ള ആൾക്കാരോട് പെട്ടെന്ന് അടുക്കാൻ ഇത്തിരി സമയമെടുക്കുമായിരുന്നു. അതേ സമയം കംഫർട്ട് സോണിലൊന്നും ഞങ്ങൾ അത്ര ഷൈ ഒന്നും അല്ല.
സിനിമയിൽ പറയുന്നതു പോലെ സഫാൻ ക്രിക്കറ്റ് കളിക്കാരനാണ് അല്ലേ?
സഫാൻ: അതേ. ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധിക്കാനായി യു.കെയിൽ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് കൊവിഡ് വന്ന് യാത്ര മുടങ്ങിയത്. ആ സമയത്ത് കയ്യിലുള്ളത് ഫോൺ ആണാണ്. അങ്ങനെ ക്രിക്കറ്റ് ഫീൽഡിൽ നിന്നും ഇടവേള വന്നു. ഇവിടെ ക്രിക്കറ്റ് എല്ലാ ജില്ലകളിലും ഇല്ല. ഇവിടെ ലഭിക്കുന്ന അവസരങ്ങൾക്കും പരിമിതിയുണ്ട്. തമിഴ്നാട്, കർണാടകയിലൊക്കെ സ്റ്റേറ്റ് ക്രിക്കറ്റ് മത്സരങ്ങൾ കളിക്കാൻ പോകുമ്പോഴാണ് ഇവിടെ എന്തൊക്കെ കുറവുകളാണുള്ളതെന്ന് മനസിലായത്. അതും മാറി ചിന്തിക്കാൻ കാരണമായത്. വിദേശത്ത് പോകാനുള്ള തീരുമാനം അങ്ങനെ വന്നതാണ്. ഇപ്പോൾ ക്രിക്കറ്റ് കളിച്ചിട്ട് കുറച്ചു നാളായി. വിപിൻദാസ് സംവിധാനം ചെയ്യുന്ന ഗുരൂവായൂരമ്പല നടയിൽ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ലാസ്റ്റ് ക്രിക്കറ്റ് കളിച്ചത്. അതിൽ ബേസിലിന്റെ സഹോദരന്റെ വേഷമാണ്. ഒരു ഫുൾ എന്റർടെയ്ൻമെന്റ് ചിത്രമാണത്.
അൻഷിദ്: ക്രിക്കറ്റ് ഒരു വഴി പോയപ്പോൾ സിനിമ വേറെ വഴി വന്നു എന്നും പറയാം.
സിനിമയിലേക്ക് വന്നപ്പോൾ അവിടെ പെട്ടെന്ന് ഇണങ്ങാൻ പറ്റിയോ?
സഫാൻ: നസ്ലനെ ആദ്യമായി കാണുന്നത് തന്നെ ഷൂട്ടിംഗിനെത്തിയപ്പോഴാണ് റീൽസിലെയും യൂ ട്യൂബിലെയും മീറ്റർ അല്ല, സിനിമയുടേതെന്ന് ആദ്യമേ മനസിലായിരുന്നു. മീനാക്ഷി, നസ്ലൻ, ഞങ്ങൾ എന്നിവരാണല്ലോ എപ്പോഴും ഒന്നിച്ചുള്ളത്. ഞങ്ങൾ തമ്മിൽ പരിചയമുണ്ടാവാൻ ഒരു വർക്ക് ഷോപ്പ് നടത്തിയത് പ്രയോജനപ്പെട്ടു. കാളിയൻ സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടറൊക്കെ ആയ രാജേഷ് വർക്ക് ഷോപ്പിൽ ഏറെ സഹായിച്ചു. ഞങ്ങൾ തമ്മിൽ അടുപ്പമുണ്ടെങ്കിലേ സ്‌ക്രീനിലും അത് കാണൂ. അങ്ങനെ ഒരു സൗഹൃദം നേരത്തെ ഉണ്ടായത് അഭിനയത്തെയും മെച്ചപ്പെടുത്തി.
അൻഷിദ്: ഷൂട്ടിംഗിന് ഒരു നാലു ദിവസം മുമ്പായിരുന്നു അത്. നസ്ലിൻ പെട്ടെന്ന് കൂട്ടാവുന്ന ഒരാളാണ്. ആ ഫ്രണ്ട്ഷിപ്പ് സിനിമയിലും പ്രതിഫലിച്ചു എന്നാണ് തോന്നുന്നത്. പരിചയക്കുറവ് തോന്നില്ല എന്ന് ഞങ്ങൾക്ക് കുറേ കമന്റ്സ് കിട്ടിയിരുന്നു. അതും വർക്ക് ഷോപ്പ് ആദ്യമേ സപ്പോർട്ട് തന്നത് കൊണ്ടുണ്ടായതാണ്.
സിനിമയിലേതു പോലെ നിങ്ങൾ നല്ല ബോണ്ടാണല്ലോ?
സഫാൻ: ഞങ്ങൾക്ക് ഫ്രണ്ട്‌സ് കുറേ പേരുണ്ടെങ്കിലും പൊതുവേ ഹാങ്ങ് ഔട്ട് ഒക്കെ കുറവാണ്. കസിൻസും ബ്രദേഴ്സുമാണ് എപ്പോഴും ഒന്നിച്ചു പുറത്തേക്കൊക്കെ പോകുക. അങ്ങനെ എല്ലായ്പ്പോഴും ഒന്നിച്ചുള്ളതു കൊണ്ട് തന്നെ ഞങ്ങൾ തമ്മിൽ ഒരു സിങ്കുണ്ട്.
അൻഷിദ്: വീഡിയോ ചെയ്യുമ്പോഴൊക്കെ ഞങ്ങൾ പരസ്പരം അഭിപ്രായം പറയാറുണ്ടെങ്കിലും ഈ സിനിമയിൽ അങ്ങനെ ചെയ്തിട്ടില്ല. കാരണം ഇത് ഞങ്ങളുടെ ആദ്യത്തെ എക്സ്പീരിയൻസല്ലേ. അതുകൊണ്ട് പരസ്പരം വിലയിരുത്തിയിട്ടില്ല. വീഡിയോകളിലൊക്കെ ഞങ്ങളെ കണ്ട് പരിചയമുള്ളവർക്ക് പെട്ടെന്ന് കണക്റ്റ് ആയിട്ടുണ്ടാവും. അതും ആൾക്കാരിലെത്താൻ കാരണമായിട്ടുണ്ടാവാം. ഇപ്പോഴത്തെ സന്തോഷം ഈ സിനിമയ്ക്ക് ലഭിക്കുന്ന നല്ല വാക്കുകളാണ്.
ഫാമിലിയും സുഹൃത്തുക്കളുമൊക്കെ സിനിമ കണ്ടു. അവർ വളരെ ഹാപ്പിയാണ്. റജീനയാണ് ഉമ്മ, ഞങ്ങൾ നാലുമക്കളാണ്. ഷർഹാൻ, മൂന്നുവയസുകാരി എവ എന്നിവരാണ് സഹോദരങ്ങൾ.
രണ്ടുപേരുടെയും ഫ്യൂച്വർ പ്ലാൻ എന്താണ്?
സഫാൻ: സിനിമ തന്നെയാണ്. അവിടെ നിൽക്കുമ്പോൾ വല്ലാത്ത സന്തോഷമുണ്ട്. പിന്നെ സിനിമയല്ലേ.... ഒന്നും നേരത്തെ വിചാരിക്കുന്നതു പോലെയാവണമെന്നുമില്ല. വരുന്നതു പോലെ മുന്നോട്ടു പോകാമെന്ന് വിചാരിക്കുന്നു.
അൻഷിദ്: ഇപ്പോൾ ചോദിക്കുമ്പോൾ മറ്റൊന്നും തന്നെ മുന്നിലില്ല. മാക്‌സിമം ചെയ്യാൻ കഴിയുന്നിടത്തോളം ചെയ്യുക, കിട്ടുന്ന അവസരങ്ങളിൽ പൊലിപ്പിക്കുക എന്നൊക്കെയാണ് മനസിൽ.