പ്രായത്തിന്റേതായ സകല നിഷ്‌കളങ്കതയും അതേ സമയം ഓർക്കാപ്പുറത്ത് പ്രായത്തിലും കവിഞ്ഞ പക്വതയുമായി കയ്യടി നേടിയ നായികയാണ് 18+ സിനിമയിലെ മീനാക്ഷി ദിനേശ്. ക്യൂട്ട്‌നസ് വാരി വിതറുന്ന നായികമാർക്കിടയിൽ ചില തെളിഞ്ഞ ചിന്തകൾ ഈ സിനിമയിലെ ആതിര എന്ന കഥാപാത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്. അതുവരെ ചില്ലറ പൊട്ടത്തരങ്ങളും എടുത്തുചാട്ടങ്ങളുമായി നടക്കുന്ന നായിക കോടതി മുറിയിൽ മറ്റൊരാളായി മാറുന്നത് രസമുള്ള, കാമ്പുള്ള കാഴ്ച തന്നെയാണ്. ഇരട്ടയിൽ ജോജുവിന്റെ മോളായെത്തി നോവായി മാറിയ മീനാക്ഷി, അതിൽ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രത്തിനാണ് ഈ സിനിമയിൽ ജീവൻ പകർന്നത്.
അഭിനയം എപ്പോഴോ മീനാക്ഷിയുടെ മനസിൽ തോന്നിയ ഒരു കുഞ്ഞുമോഹമായിരുന്നു. അതു നടക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ലെങ്കിലും ഇടയ്ക്കിടെ ആ സ്വപ്നത്തെ ഇടയ്‌ക്കെടുത്ത് ഓമനിക്കും. വരയും നൃത്തവും ഇഷ്ടമായിരുന്നു. ചെറുപ്പം മുതൽ നൃത്തം പഠിച്ചു, സ്‌കൂൾ യുവജനോത്സവങ്ങളിലൊക്കെ മിന്നി തിളങ്ങി. കലാകാരിയാകുന്നതിന് വീട്ടിൽ നിന്നും ഫുൾ സപ്പോർട്ട്. അങ്ങനെ മുന്നോട്ടു പോകുമ്പോഴാണ് നടി സുരഭിലക്ഷ്മി വഴിത്തിരിവായി ജീവിതത്തിലെത്തുന്നത്. മീനാക്ഷിയുടെ വീട്ടിൽ നടന്ന ഒരു പരസ്യഷൂട്ടിംഗിലൂടെ. ബാക്കി കഥ മീനാക്ഷി പറയും.
ചെറുതായി കൊതിച്ചു, സിനിമ കൺമുന്നിൽ
സിനിമയിൽ അഭിനയിക്കണമെന്ന് ചെറിയ ആഗ്രഹം മനസിൽ ഉണ്ടായിരുന്നു. അതേ സമയം സിനിമാപശ്ചാത്തലമൊന്നുമില്ലാത്ത കുടുംബമായിരുന്നു എന്റേത്. ഞാൻ ഹൈസ്‌കൂളിൽ പഠിക്കുമ്പോഴാണ് നടി സുരഭി ചേച്ചി അഭിനയിച്ച ഒരു പരസ്യത്തിന്റെ ഷൂട്ടിംഗ് എന്റെ വീട്ടിൽ നടന്നത്. തൊട്ടടുത്ത് ഒരു സിനിമാനടി വന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. ഫുൾ ടൈം ഞാൻ അവിടെയുണ്ടായിരുന്നു. അവർക്ക് ആവശ്യമുള്ളതൊക്കെ എടുത്തു കൊടുക്കുകയും മറ്റും ചെയ്ത്. സുരഭി ചേച്ചിക്കും എന്നോട് അടുപ്പം തോന്നി കാണണം, എന്നോട് അഭിനയിക്കാൻ താത്പര്യം ഉണ്ടോ എന്ന് ചോദിച്ചു. അങ്ങനെ സുരഭി ചേച്ചി സംവിധാനം ചെയ്ത പെണ്ണാൾ എന്ന ആൽബത്തിൽ ഞാൻ അഭിനയിച്ചു. പിന്നീട് പൊറിഞ്ചു മറിയം ജോസിൽ നൈല ഉഷയുടെ ചെറുപ്പകാലം അഭിനയിച്ചു. തുടർന്ന് ഇരട്ട. പൊറിഞ്ചു കഴിഞ്ഞ് കുറച്ചു കാലം കൂടി കഴിഞ്ഞപ്പോഴാണ് അഭിനയത്തോടുള്ള ഇഷ്ടം ഒന്നുകൂടെ കൂടിയത് എന്നു പറയാം. അതു കഴിഞ്ഞ് ഇരട്ട. ആ സിനിമയിൽ ജോജു ചേട്ടന്റെ മോളായി. സ്‌ക്രീൻ പ്രസൻസ് കുറവായിരുന്നെങ്കിലും നന്നായി ശ്രദ്ധിക്കപ്പെട്ടു. തുടർന്നാണ് പ്ലസ് സംഭവിക്കുന്നത്.
ഫുൾ സപ്പോർട്ട്, ആതിര ജോറായി
എല്ലാവരുടെയും സപ്പോർട്ട് കൊണ്ടാണ് ആതിരയെ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞത്. സംവിധായകൻ അരുണേട്ടനാണെങ്കിലും എല്ലാ കാര്യങ്ങളും സൂക്ഷ്മമായി പറഞ്ഞു തരും. ഇപ്പോൾ പറയുകയാണെങ്കിൽ ഒരു ഐസ്‌ക്രീം കഴിക്കുന്ന സീനാണെങ്കിൽ പോലും അരുണേട്ടൻ പറയും, നീ ഇങ്ങനെയാ ഐസ്‌ക്രീം കഴിക്കുന്നതെങ്കിലും ആതിര ഇങ്ങനെയല്ല എസ്‌ക്രീം കഴിക്കുന്നതെന്ന്. അങ്ങനെ എല്ലാം പറഞ്ഞു തരുമായിരുന്നു. നമ്മൾ ഒരു കാരക്ടർ ചെയ്യണമെങ്കിൽ ആ കഥാപാത്രത്തെക്കുറിച്ച് നന്നായി മനസിലാക്കണമല്ലോ.... ആ രീതിയിൽ ആതിരയെ കുറിച്ച് ആലോചിച്ചിട്ടുണ്ട്, മനസിലാക്കിയിട്ടുണ്ട് എന്നു പറയാം. അങ്ങനെ കുറച്ച് ഹോം വർക്ക് ചെയ്തിരുന്നു. സിനിമയിൽ ഞാനും സാഫ് ബ്രോസും നസ്‌ലിനും ആണല്ലോ ഫ്രണ്ട്‌സായി വരുന്നത്. ഞങ്ങൾക്ക് വേണ്ടി നേരത്തെ ഒരു വർക്ക് ഷോപ്പുണ്ടായിരുന്നു. അത് ഞങ്ങൾക്ക് നന്നായി പ്രയോജനപ്പെട്ടു. എല്ലാവരും പെട്ടെന്ന് ചങ്ക്‌സായി, ആ കെമിസ്ട്രി സിനിമയിലും വർക്കായി എന്നു പറയാം.
സമ്മർദ്ദത്തിലാക്കിയ സീൻ
സിനിമയിൽ ക്‌ളൈമാക്‌സിലെ നീണ്ട കോടതി സീൻ ഒരൽപ്പം ടെൻഷനുണ്ടാക്കിയിരുന്നു. കുറേ ഡയലോഗുകളൊക്കെയുള്ള ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു രംഗമായിരുന്നു അത്. ആതിരയുടെ ഡയലോഗിലൂടെയാണ് സിനിമ വലിയൊരു മെസേജ് പങ്കുവയ്ക്കുന്നത്. ഓഡിയൻസിലേക്ക് ആ മെസേജ് നിഷ്‌കളങ്കമായി അതേ സമയം ഗൗരവത്തോടെ നൽകുന്നത് ഇത്തിരി പാടുള്ളതായിരുന്നു. കോടതിയിൽ എത്തുന്ന ഒരു പതിനെട്ടുകാരിയുടെ അറിവില്ലായ്മയും അതോടൊപ്പം പ്രേക്ഷകരിലേക്കെത്തുന്ന മെസേജും ചേർന്നു വരുന്ന ഒരു സീനാണല്ലോ അത്. നീണ്ട ഡയലോഗുകളുമുണ്ടായിരുന്നു. അത് കൃത്യമായി ചെയ്യേണ്ടതിന്റെ ഒരു പ്രഷർ ഷൂട്ട് ചെയ്യുമ്പോൾ ഉണ്ടായിരുന്നു. എങ്കിലും എല്ലാവരുടെയും സപ്പോർട്ടിൽ ആ ടെൻഷൻ കൈകാര്യം ചെയ്തു. രണ്ടുദിവസമായിട്ടാണ് കോടതി രംഗങ്ങൾ ഷൂട്ട് ചെയ്തത്. നിഖിലേച്ചിയും ആ സീനിലുണ്ട്. എന്നെ ആ സീനുകളിൽ സപ്പോർട്ട് ചെയ്തിട്ടുണ്ട്.
കണ്ണൂർ ഭാഷ വടകര ഭാഷ
അതുവരെ ഞാൻ വിചാരിച്ചിരുന്നത് കണ്ണൂർ ഭാഷയും വടകര ഭാഷയും ഒരേ പോലെയാണെന്നാണ്. ഷൂട്ടിംഗ് തുടങ്ങിയപ്പോഴാണ് ഭാഷാശൈലി രണ്ടും രണ്ടാണെന്നും വലിയ വ്യത്യാസമുണ്ടെന്നും മനസിലായത്. ഞങ്ങളെ സഹായിക്കാൻ ആകാശ് എന്നയാളുണ്ടായിരുന്നു. ഞങ്ങളെല്ലാം ഏതാണ്ട് ഒരേ പ്രായമായിരുന്നു. ആകാശിന്റെ സഹായവും കൂടിയുണ്ടായിരുന്നു സംഭാഷണങ്ങൾ കൃത്യമാക്കാൻ. നസ്‌ലിനുമായി താരതമ്യം ചെയ്യുമ്പോൾ കണ്ണൂരുകാരിയായതിനാൽ എനിക്ക് ഇത്തിരി കൂടി എളുപ്പമായിരുന്നു ഡയലോഗുകൾ എന്നു പറയാം
സിനിമ തന്നെയാണ് മനസിൽ
ഇനിയും ഒരുപാട വേഷങ്ങൾ ചെയ്ത് സിനിമയിൽ തന്നെ തുടരണമെന്നാണ്. അതിനായി ഭാഗ്യവും പരിശ്രമവും ദൈവാനുഗ്രഹവും വേണമെന്ന് വിശ്വസിക്കുന്നു. സമയം കിട്ടുമ്പോഴൊക്കെ പണ്ടേ സിനിമ കാണും. ഇപ്പോഴും അതങ്ങനെ തന്നെയാണ്. എന്നാൽ സിിനിമയോട് ഇഷ്ടം വന്നതിനുശേഷം കാഴ്ചയുടെ ഒരു രീതി മാറി. ഓരോ സീനുകളെപ്പറ്റിയും കുറയേധികം ആലോചിക്കാൻ തുടങ്ങി, ഓരോ കഥാപാത്രത്തിലേക്കും അഭിനേതാക്കൾ ഇടുന്ന ഇമോഷൻസ് മനസിൽ കൊണ്ടു വരും. ഞാൻ ആണെങ്കിൽ എങ്ങനെയാവും ചെയ്യുക എന്നൊക്കെ ചിന്തിക്കും. മംഗലാപുരത്ത് മാസ് കമ്മ്യൂണിക്കേഷൻ ബിരുദം പഠനം കഴിഞ്ഞിരിക്കുകയാണ്. ഇനി എന്തു പഠിക്കണം എന്നതിനെ കുറിച്ച് ഇതുവരെ ആലോച്ചില്ല. അഭിനയത്തിന് വീട്ടിൽ നിന്ന് നല്ല സപ്പോർട്ടാണ്. അച്ഛന്റെ കുറേ സുഹൃത്തുക്കളൊക്കെ സ്വന്തം വീട്ടിലെ കുട്ടി സിനിമയിലെത്തിയ സന്തോഷത്തിലും അഭിമാനത്തോടെയാണ് കൂടെ നിൽക്കുന്നത്. അതു കാണുമ്പോൾ എനിക്കും സന്തോഷമാണ്. കണ്ണൂർ അലവിൽ ആണ് സ്വദേശം. അച്ഛൻ ദിനേശ്, അമ്മ രേഷ്മ. മാളവിക, മൗഷ്മി എന്നിവരാണ് സഹോദരങ്ങൾ... ഞാൻ ഡാൻസറാണ്, നയൻതാരാ മഹാദേവനാണ് ഗുരു. വരയ്ക്കാൻ വലിയ ഇഷ്ടമാണ്. ഇടയ്ക്ക് ബ്രേക്ക് വന്നു.
ആസ്വദിച്ച ലൊക്കേഷൻ
വടകരയായിരുന്നു ഷൂട്ടിംഗ്, നാട്ടിനടുത്തായിരുന്നെങ്കിലും ഞാൻ ആദ്യമായാണ് അവിടെ പോയത്. പിന്നെ തൊട്ടടുത്തെ നാടായതിന്റെ ഹാപ്പിനസ് ഉണ്ടായിരുന്നു. ഞങ്ങളുടെ സിനിമാ ടീം അടിപൊളി ആയിരുന്നു. അതിന്റെ സന്തോഷം എപ്പോഴും ലൊക്കേഷനിലുണ്ടായിരുന്നു. സാഫ് ബോയ്‌സ് പിന്നെ പറയേണ്ടതില്ലല്ലോ.... നല്ല ഫൺ ആയിരുന്നു ഏതുസമയത്തും. നസ്‌ലിനും വന്നതോടെ രസമായി എന്നു പറയാം. എന്നെനന്നായി കളിയാക്കുമായിരുന്നു ഇവരൊക്കെ. പണ്ടൊക്കെ ചെറിയ കാര്യങ്ങൾക്ക് വിഷമിക്കുന്ന എനിക്കിപ്പോൾ ഒന്നും തട്ടാത്ത നിലയിലായി ഈ സിനിമയ്ക്ക് ശേഷം. മനസിന്റെ കട്ടി ഇത്തിരി കൂടി. സിനിമാ പ്രമോഷനും മറ്റുമായി എല്ലായിടത്തും എത്തിയതും മറ്റും രസമുള്ള അനുഭവങ്ങളായിരുന്നു. പ്രേക്ഷകർക്കൊപ്പമിരുന്ന് സിനിമ കാണുമ്പോൾ അവർ ഓരോ രംഗങ്ങളും ആസ്വദിക്കുന്നതും നമ്മുടെ സീൻ വരുമ്പോൾ കയ്യടിക്കുന്നതുമൊക്കെ എനിക്ക്.വലിയ സന്തോഷമായിരുന്നു