1935-ൽ തമിഴ്നാട്ടിലെ അദ്ധ്യാപക ദമ്പതികളുടെ പുത്രനായാണ് ശ്യാം എന്ന സാമുവൽ ജോസഫ് പിറന്നത്. 1954-ൽ എം എസ് വിശ്വനാഥനിലൂടെ അദ്ദേഹം സിനിമാലോകത്ത് എത്തി. എം എസ് വിശ്വനാഥന്റെ സംഘത്തിൽ വയലിനിസ്റ്റായിട്ടാണ് അദ്ദേഹം സിനിമാജീവിതത്തിന് തുടക്കം കുറിക്കുന്നത്. തുടർന്ന് നിരവധി സംഗീത സംവിധായകർക്കൊപ്പം വയലിനിസ്റ്റായും സഹ സംഗീതസംവിധായകനായും പ്രവർത്തിച്ചു. അപ്പ അമ്മ എന്ന തമിഴ് ചിത്രമാണ് അദ്ദേഹം സ്വതന്ത്രമായി സംഗീതസംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രം. മലയാളത്തിൽ ചലച്ചിത്രനടൻ മധു സംവിധാനം നിർവ്വഹിച്ച “മാന്യശ്രീ വിശ്വാമിത്രൻ” എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം രംഗപ്രവേശം ചെയ്യുന്നത്. “കേട്ടില്ലെ കോട്ടയത്തൊരു മൂത്ത പിള്ളേച്ചൻ“ എന്ന ഗാനം ഈ ചിത്രത്തിലേതാണ്. 1981-ൽ പുറത്തിറങ്ങിയ “അങ്ങാടി” എന്ന ചിത്രത്തിലെ “പാവാടവേണം മേലാട വേണം പഞ്ചാരപ്പനംകിളിയ്ക്ക്” എന്ന ഗാനം സാമാന്യ ജനങ്ങൾക്കിടയിൽ അദ്ദേഹത്തെ സ്വീകാര്യനാക്കി. 1983-ൽ “ആരൂഢം” എന്ന ചിത്രത്തിനും 1984-ൽ “കാണാമറയത്ത്“ എന്ന ചിത്രത്തിനും സംഗീതസംവിധാനം നിർവ്വഹിക്കുക വഴി മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരത്തിന് അദ്ദേഹം അർഹനായി.
1983-ൽ ഇറങ്ങിയ “എങ്ങനെ നീ മറക്കും“ എന്ന ചിത്രത്തിലെ “ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്വരയിൽ“ എന്ന ഗാനത്തിന്റെ സംഗീതസംവിധാനം അല്പം ഭീതിയോടെയാണ് നിർവ്വഹിച്ചതെന്ന് അദ്ദേഹം പറയുന്നു. ചിത്രത്തിന്റെ അവസാനരംഗത്ത് ഇങ്ങനെ ഒരു ഗാനം വരുന്നത് ചിത്രം പരാജയപ്പെടാൻ കാരണമാകും എന്ന് അദ്ദേഹം ഭയന്നു. എന്നാൽ സംവിധായകന്റെ നിർബന്ധത്തിന് അദ്ദേഹം വഴങ്ങുകയായിരുന്നു. ഈ പാട്ടിന്റെ ഒരു വെർഷൻ സുശീലയും അവസാനരംഗത്ത് വരുന്ന ദുഃഖഛായയിലുള്ള ഗാനം യേശുദാസും ആലപിച്ചതാണ്.
ശ്രീകുമാരൻ തമ്പിയോടൊപ്പം ചെയ്ത പാട്ടുകളിൽ 1977-ൽ ഇറങ്ങിയ അധിനിവേശം എന്ന ഐ വി ശശി ചിത്രത്തിനു വേണ്ടി ഈണം പകർന്ന സന്ധ്യതൻ അമ്പലത്തിൽ എന്ന ഗാനം ഇപ്പോഴും ഓർമ്മയിൽ തങ്ങിനിൽക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
1987-ൽ പുറത്തിറങ്ങിയ “നാടോടിക്കാറ്റ്“ എന്ന ചിത്രത്തിനു വേണ്ടി യൂസഫലി കേച്ചേരിയുടെ വരികൾക്ക് ഈണം പകർന്ന “വൈശാഖസന്ധ്യേ നിൻ ചുണ്ടിലെന്തേ“ എന്ന ഗാനവും അദ്ദേഹം അനുസ്മരിച്ചു.
അക്ഷരങ്ങൾ (1984) എന്ന ചിത്രത്തിനു വേണ്ടി ഓ എൻ വി കുറുപ്പിന്റെ വരികൾക്ക് സംഗീതം നൽകിയത് ശ്യാം ആണ്. ഇതിലെ “തൊഴുതുമടങ്ങും സന്ധ്യയുമേതോ” എന്ന ഗാനം പാടാൻ നിശ്ചയിച്ചത് യേശുദാസിനെ ആയിരുന്നു. ഇതിന്റെ ട്രാക്ക് പാടിയത് ഉണ്ണിമേനോൻ ആണ്. അദ്ദേഹം പാടിയത് എല്ലാവർക്കും ഇഷ്ടപ്പെടുകയും അതുതന്നെ സിനിമയിൽ ഉപയോഗിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഉണ്ണിമേനോന്റെ ഹിറ്റ് ഗാനങ്ങളിൽ ഒന്നാണ് ഈ ഗാനം.
നിറക്കൂട്ട് എന്ന ചിത്രത്തിൽ പൂവച്ചൽ ഖാദറിന്റെ വരികൾക്ക് സംഗീതം നൽകി. ഈ ചിത്രത്തിലെ പൂമാനമേ ഒരു രാഗമേഘം താ എന്ന ഗാനം കേവലം ഒരു മണിക്കൂർ കൊണ്ടാണ് പൂവച്ചൽ ഖാദർ എഴുതിയതത്രെ.
സംഗീതസംവിധാനത്തിനു പുറമെ ഒരു ചിത്രത്തിലെ തീം മ്യൂസിക്കിന്റെ പേരിലും അദ്ദേഹം ശ്രദ്ധേയനായി, ഒരു സി ബി ഐ ഡയറിക്കുറിപ്പ് എന്നചിത്രത്തിലെ പശ്ചാത്തല സംഗീതമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.
അവലംബം 30/04/2011-ൽ മനോരമ വിഷനിൽ സംപ്രേക്ഷണം ചെയ്ത് പാട്ടിന്റെ വഴി.
ശ്യാം - പാട്ടിന്റെ വഴിയിൽ
Forums: