ഉത്തര മലബാർ ഭാഷയിൽ മൊഴിയുന്ന വ്യത്യസ്ഥ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂടിന്റെ ചിത്രം, “പേടിത്തൊണ്ടൻ” ഉടൻ തീയറ്ററുകളിലേക്ക്.
മലയാള സിനിമയിൽ തിരുവനന്തപുരം സ്ലാങ്ങുമായി വന്ന് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സുരാജ് വെഞ്ഞാറമൂട് ആദ്യമായി ഉത്തര കേരളത്തിലെ കണ്ണൂർ സ്ലാങ്ങ് സംസാരിക്കുന്ന നായകനായെത്തുന്നു.
അനശ്വര സിനിമാസിന്റെ ബാനറിൽ അനശ്വര നിർമ്മിച്ച് ‘പ്രദക്ഷിണം’, മേൽ വിലാസം, ഇംഗ്ലീഷ് മീഡിയം” എന്നീ സിനിമകൾ സംവിധാനം ചെയ്ത കണ്ണുർ സ്വദേശിയായ പ്രദീപാണ് (പ്രദീപ് ചൊക്ലി) സംവിധാനം. കണ്ണൂരിന്റെ പ്രാദേശിക ഭാഷയും, ഗ്രാമീണതയും തെയ്യവുമൊക്കെ പശ്ചാത്തലമാകുന്ന ഈ സിനിമക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് കണ്ണൂർ സ്വദേശിയും നവാഗതനുമായ യു. പ്രസന്ന കുമാർ ആണ്.
പേടിത്തൊണ്ടനായ രാജീവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഹാസ്യ താരം സുരാജ് വെഞ്ഞാറമൂടാണ്. സുരാജിന്റെ സ്ഥിരം ഹാസ്യവേഷങ്ങളിൽ നിന്നുള്ള മാറ്റമായിരിക്കും പേടിത്തൊണ്ടനും നിഷ്കളങ്കനുമായ രാജീവൻ എന്ന ഗ്രാമീണ വേഷം. പേടിത്തൊണ്ടനായ രാജീവന്റെ മാനസിക പ്രശ്നങ്ങളും അതുമൂലം ജീവിതത്തിലുണ്ടാകുന്ന താളപ്പിഴകളും ഒടുവിൽ അതിനെ മറികടക്കുന്നതുമാണ് മുഖ്യപ്രമേയം. സുരാജിന്റെ നായികയായെത്തുന്നത് ഡയമണ്ട് നെക്ലേസിലെ ‘കലാമണ്ഡലം രാജശ്രീ” യായെത്തി പ്രേക്ഷകരുടെ മനം കവർന്ന “അനു ശ്രീ“യാണ്. മധുപാൽ, ശിവജി ഗുരുവായൂർ, ശ്രീഹരി, നിലമ്പൂർ അയിഷ, കണ്ണൂർ ശ്രീലത, ശ്രീജിത്ത് കൈവേലി, നൂറിയ എന്നിവരോടൊപ്പം ഏഷ്യാനെറ്റിലെ വോഡഫോൺ കോമഡീ സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തരായ ഉല്ലാസ് പന്തളം, ബിനു അടിമാലി എന്നിവരും കലാഭവൻ സിനാജ്, റോസ് ലിൻ, റോജി, അനൂപ് എന്നിവരും വേഷമിടുന്നു.
കണ്ണൂരിന്റെ ഗ്രാമീണ പശ്ചാത്തലത്തോടൊപ്പം തെയ്യം അടക്കമുള്ള അനുഷ്ഠാന കലകളും പ്രാദേശികതയും കണ്ണൂരിന്റെ പ്രാദേശിക ഭാഷയും ഈ സിനിമയുടെ പശ്ചാത്തലമാകുന്നു. നിരവധി നർമ്മ മുഹൂർത്തങ്ങളുള്ള ഗ്രാമീണ കഥയായിരിക്കും പേടിത്തൊണ്ടൻ.
പേടിത്തൊണ്ടൻ സിനിമയുടെ കൂടുതൽ വിവരങ്ങൾ ഇവിടെ.