സത്യത്തിൽ മലയാളം പാട്ടുകളിൽ ഉള്ളതുപോലെ ഇത്രയും വൈവിദ്ധ്യമുള്ള കിളികൾ (പക്ഷികൾ) വേറെ ഏതെങ്കിലും ഭാഷയിലെ പാട്ടുകളിൽ കാണാൻ കഴിയുമോയെന്ന് എനിക്കു സംശയമാണ്. കാണുന്ന വാക്കുകൾക്കെല്ലാം പിറകിൽ ഒരു കിളിയോ പക്ഷിയോ തിരുകിക്കയറ്റുന്നത് പണ്ടുമുതലേ ഒരു സ്ഥിരം പരിപാടിയായിരുന്നു. പഴയ പാട്ടെഴുത്തുകാരും ഇതിൽ നിന്നും വ്യത്യസ്തരല്ലായിരുന്നു. തുടർന്നു വന്നവരും ആ പാത പിന്തുടർന്നു തങ്ങൾക്കാകാവുന്ന കിളികളെ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇന്നും ഇത് യഥേഷ്ടം നടക്കുന്നു. മലയാള ഗാനങ്ങളിലെ ആ വ്യത്യസ്തങ്ങളായ കിളി വർഗ്ഗങ്ങളെ നമുക്കൊന്നു പരിചയപ്പെടാം. ഇതിൽ എന്റെ കണ്ണിൽ പെടാതെ ഏതെങ്കിലും കിളി പറന്നു പോയിട്ടുണ്ടെങ്കിൽ എറിഞ്ഞിട്ടെങ്കിലും നിങ്ങൾ ഇവിടെ കൊണ്ടുവരണേ..:)
മുകിലിൻ പൂമരക്കൊമ്പിൽ മഴവിൽപ്പക്ഷിയെ പാറിക്കുകയാണ് കൈതപ്രം ഇവിടെ. അതും മേഘമാകുന്ന പൂമരത്തിന്റെ കൊമ്പിൽ! മഴവില്ലു പാറുമോ എന്നു ചോദിക്കരുത് ആരും; പക്ഷേ പക്ഷിപാറും, അതറിഞ്ഞാൽ മതി! തന്മാത്രയിലേതാണ് വരികൾക്ക് പരസ്പരം ബന്ധമില്ലാത്ത ഈ ഗാനം. വിഷുപ്പക്ഷിയുമായെത്തുന്നത് ഓ.എൻ.വിയാണ്. അദ്ദേഹത്തിന്റെ ഗാനങ്ങളിലെ സ്ഥിരം പക്ഷിയാണ് ഈ പക്ഷി. നിശയെ നിലാവു പുണർന്നു എന്ന ഗാനത്തിന്റെ ചരണാന്ത്യത്തിൽ ‘ആരണ്യദേവിതൻ ജാലകച്ഛായയിൽ പാടാൻ വിഷുപ്പക്ഷി വന്നു’ എന്നും കാതോടു കാതോരം എന്ന ഗാനത്തിൽ ‘തേഞ്ചോരുമാമന്ത്രം ഈണത്തിൽ നീ ചൊല്ലി വിഷുപ്പക്ഷിപോലെ’എന്നും കൊന്നമലർ കന്യകമാർ എന്ന ഗാനത്തിൽ ‘വിത്തും കൈക്കോട്ടും വിഷുപ്പക്ഷിയുണർന്നു എന്നും സാഗരമേ ശാന്തമാക എന്ന ഗാനത്തിൽ വിഷുപ്പക്ഷി ഏതോ കൂട്ടിൽ വിഷാദാർദ്രമെന്തേ പാടി എന്നും ഒരു മുത്തം മണിമുത്തത്തിലെ പൂവിട്ടല്ലോ എന്ന ഗാനത്തിൽ ‘മണിവിത്തും കൈക്കോട്ടും വിഷുപ്പക്ഷീ പാടിവാ’ എന്നും സിംഹനാദം എന്ന നാടകത്തിൽ ‘നക്ഷത്രമിഴിചിമ്മിയാകാശം വിഷുപ്പക്ഷിയെ മാടി വിളിക്കുന്നു’ എന്നും മലർത്തിങ്കളേ എന്ന ഗാനത്തിൽ ‘കിളുന്നോർമ്മകൾ തൻ തളിർ തിന്നു പാടും വിഷുപ്പക്ഷിയായ് നീ വിളിക്കുന്നതാരേ’ എന്നും എഴുതിയതു പോരാഞ്ഞ് ഹൃദയത്തിൻ മധുപാത്രത്തിൽ ആ പക്ഷിയുടെ പരിഷ്കരിച്ച പതിപ്പായ ‘കരളിലെ കനൽ പോലും കണിമലരാക്കുന്ന ‘വിഷുനിലാപ്പക്ഷി’യേയും അദ്ദേഹം അവതരിപ്പിച്ചു! കൂടാതെ ലളിതഗാനങ്ങളിലടക്കം അനേകം ‘വിഷുക്കിളി’കളും അദ്ദേഹം പ്രയോഗിച്ചിട്ടുണ്ട്. പി. ഭാസ്കരൻ മാഷും വയലാറും ശ്രീകുമാർ തമ്പിയുമൊന്നും ഈ പക്ഷിയെ പരിഗണിച്ചില്ലെങ്കിലും മധു ആലപ്പുഴയും ഗിരീഷ് പുത്തഞ്ചേരിയുമൊക്കെ വിഷുപ്പക്ഷി എന്നു ഗാനങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.
നീയോ പുഴപോലെന്റെ എന്ന ഗാനത്തിൽ ‘ചമ്മാന നാടിൻ സ്നേഹപ്പൂരം കൂടാൻ പോകുന്ന തൂവൽപക്ഷിയുമായാണ് ശരച്ചന്ദ്രവർമ്മയുടെ വരവ്. അതു കേട്ടാൽ തോന്നും മറ്റു പക്ഷികൾക്കൊന്നും തൂവലില്ലെന്ന്! വെയിൽപക്ഷിയും വെയിൽ കിളിയും വെയിൽപ്രാവും വെയിൽ തുമ്പിയും പാട്ടിൽ ഉപയോഗിച്ചിരിക്കുന്നത് വയലാർ മുതൽ ഇങ്ങോട്ട്. ആലിബാബയും നാൽപ്പത്തൊന്നു കള്ളന്മാരും എന്ന ചിത്രത്തിൽ ‘പച്ചോലപ്പന്തലിൽ പകൽക്കിളി വെയിൽക്കിളി പവൻ വാരിച്ചൊരിയുന്ന നേരത്ത്’ എന്ന് അദ്ദേഹം പാടുന്നു. തീർന്നില്ല തളിർവലയോ എന്ന ഗാനത്തിൽ ‘വേമ്പനാട്ടു കായൽക്കരയിൽ വെയിൽപ്പിറാവു ചിറകുണക്കും ചീനവലക്കരുകിൽ’ എന്നും എഴുതി. കൈതപ്രവും വിട്ടില്ല അതിനെ, മണിക്കിനാവിൻ കൊതുമ്പുവള്ളം എന്ന ഗാനത്തിൽ ‘വെയിൽപ്പിറാക്കൾ വിരുന്നു വന്നു പകൽക്കിനാവിൽ ഇന്നെനിക്കുവേണ്ടി’ എന്ന് കാച്ചി. അപ്പോൾ ഉണ്ട് പുത്തഞ്ചേരി വീണ്ടും വെയിൽക്കിളിയുമായി, തൊട്ടുരുമ്മിയിരിക്കാൻ കൊതിയായി എന്ന ഗാനത്തിൽ ‘മെല്ലെയെന്നെ വിളിച്ചുണർത്തല്ലേ വെയിൽക്കിളീ ഉറങ്ങട്ടെ ഞാൻ’ എന്നും മണിപ്പന്തലിൽ എന്ന ഗാനത്തിൽ മലർത്താലിയും കുളിർക്കൂട്ടും കിളിപ്പാട്ടുമായ് വിളിയ്ക്കുന്നു വെയിൽ പ്രാവുകൾ എന്നും തെക്ക് തെക്ക് തെക്കേപ്പാടം എന്ന ഗാനത്തിൽ തഞ്ചി കൊഞ്ചാൻവായോ വെയിൽപ്രാക്കളെ എന്നും എഴുതിയിട്ടിരിക്കുന്നു. വെയിൽ പക്ഷിയും കിളിയും പ്രാവുമൊക്കെ വന്നിട്ട് തന്റെ വകയായി ഒന്നുമില്ലാതെ പോകേണ്ടാ എന്നു കരുതി റഫീക് അഹമ്മദ് ‘സാനുക്കളിൽ വന്നുപാറും വെയിൽതുമ്പിയായെങ്കിൽ ഞാൻ’ എന്നു പാടുമ്പോൾ പുത്തഞ്ചേരി ‘ഹേ പോക്കുവെയില്ശലഭങ്ങളേ ആഹാ ചില്ലു കൊണ്ടു ചുമരിട്ട കൂട്ടിനുള്ളില് കുറുകുന്ന താമരക്കിളിമകളേ’ എന്നാണ് പാടുന്നത്.
കുളിർ പെയ്ത മാമഴയിൽ എന്ന ഗാനത്തിൽ പാൽപ്പക്ഷിയുമായാണ് പുത്തഞ്ചേരി വരുന്നത്. രാവിലെ പാലുമായി വരുന്ന പെൺകുട്ടിയെ പറ്റിയായിരിക്കില്ല, വെളുത്ത പക്ഷി എന്ന അർത്ഥത്തിലാകും പ്രയോഗം. സീതപ്പക്ഷീ നിന്റെ ശ്രീ വല്ലഭനെന്നു വരും ശ്രീതിലകപ്പക്ഷീ എന്ന് വയലാർ. എല്ലാം പറയും സീതച്ചെറുകിളിയുണ്ടല്ലൊ മച്ചുകൾ തോറും കുറുകി നടക്കും മാടപ്രാവുകളുണ്ടല്ലോ എന്ന് ബിച്ചു. സിന്ദൂരപുഷ്പവന ചകോരം സീതപ്പൈങ്കിളിയോട് ചൊല്ലീ നീ പാടും ഗാനത്തിൻ ആനന്ദലഹരിയിൽ എല്ലാം മറന്നു ഞാൻ ഉറങ്ങട്ടേ എന്ന് ഭരണിക്കാവ് ശിവകുമാർ. സീതയെന്നാൽ ഉഴവുചാൽ എന്നർത്ഥം. അവിടെക്കാണുന്ന കൊക്കോ മുണ്ടിയോ മറ്റോ ആകാം ഇത്.
മഞ്ഞുമാസപ്പക്ഷിയുമായി തന്റെ വൈവിദ്ധ്യം തെളിയിക്കുകയാണ് ഗിരീഷ് പുത്തഞ്ചേരി. ഇത് മഞ്ഞുമാസം (ഡിസംബർ ജനുവരി) മാത്രം കാണപ്പെടുന്ന ഒരിനം പക്ഷിയാണ്! എന്നാൽ ആർ കെ ദാമോദരന് ഇത് ‘മഞ്ഞിൽ ചേക്കേറും മകരപ്പെൺപക്ഷി’യാണ്! മണിമുകിൽപക്ഷി പാടും മയൂരങ്ങളാടും മദാലസയാമം തളിർത്തല്ലോ എന്നും എന്നും ഇനി പാടിയുറക്കുവാൻ ഇരുൾപ്പക്ഷി വന്നാലും എന്നും ഓ.എൻ.വി പാടുമ്പോൾ തകഴി ശങ്കരനാരായണൻ ഋതുസംക്രമപ്പക്ഷി പാടി എന്നാണ് പാടിയത്. പക്ഷേ എന്ന ചിത്രത്തിൽ സൂര്യാംശുവോരോ വയൽപ്പൂവിലും എന്ന ഗാനത്തിൽ കെ ജയകുമാർ അവതരിപ്പിക്കുന്നത് പകൽപ്പക്ഷിയേയാണ്. പുത്തഞ്ചേരിയുടേതാകട്ടേ ‘ഒന്നും പറയാതെ പകൽപ്പക്ഷി സ്വയം പറന്നെങ്ങോ പോയി’! എസ്. രമേശൻ നായരുടെ പക്ഷി സ്വർണ്ണപ്പക്ഷിയാണ്. ശ്രീകുമാരൻ തമ്പിയുടേതാകട്ടേ ‘സ്വര്ഗ്ഗത്തിലുള്ളൊരു പൊന്നമ്പലത്തിലെ സ്വര്ണ്ണച്ചിറകുള്ളപക്ഷി നന്ദനവാടിയില് പാറിപ്പറക്കുന്ന നല്ല ഗുണമുള്ള പക്ഷി’ ആണ്. വയലാറിന്റേത് നീലത്താമരക്കുളത്തിലെ ഓമനത്തിങ്കൾപ്പക്ഷി ആയിരിക്കുമ്പോൾ മുരുകൻ കാട്ടാക്കടയുടേത് കാർമേഘക്കൂട്ടിലെ വെറും ഓ തിങ്കൾപ്പക്ഷിയാണ്!
ഭരണിക്കാവ് ശിവകുമാർ എഴുതി ‘സംവൽസരക്കിളി ചോദിച്ചു സത്യത്തിൽ മനുഷ്യനെ അറിയാമോ’ എന്ന്. അതേതു കിളിയെന്നു ചോദിക്കരുത്. സംവൽസരത്തിൽ ഒരിക്കൽ മാത്രം വരുന്ന ഏതേലും പക്ഷി ആയിരിക്കുമെന്ന് നമുക്കൂഹിക്കാം. അൽപ്പംകൂടെ കടന്ന് വയലാർ സ്വർഗ്ഗവാതിൽപ്പക്ഷി ചോദിച്ചു ഭൂമിയിൽ സത്യത്തിനെത്ര വയസ്സായി എന്നെഴുതി. അതേതു പക്ഷി എന്നതും ചോദിക്കരുത്. അങ്ങനെയൊരു പക്ഷിയുണ്ടെന്ന് വിശ്വസിക്കുക. ‘കൊയ്യാറായപ്പോൾ കതിരുകാണാക്കിളി നീയെങ്ങു പോയ്’ എന്ന് ഭാസ്കരൻ മാഷും ‘തളരുകില്ലേ കതിരുകാണാക്കിളി തൻ കരം പിടിച്ചാൽ ‘എന്ന് ശ്രീകുമാരൻ തമ്പിയും ‘കരളിലുറങ്ങും കതിര്കാണാക്കിളി കാത്തിരിപ്പൂ നിന്നെ’ എന്നു വയലാറും ‘ഗ്രീഷ്മവസന്തങ്ങൾ വീണ മീട്ടുമ്പൊഴും കതിരുകാണാക്കിളി തപസ്സിരുന്നു’ എന്ന് കെ ജയകുമാറും എഴുതിയപ്പോൾ കതിരൊക്കെപ്പോയ വെറും കാണാക്കിളിയെകൊണ്ട് അഡ്ജസ്റ്റ് ചെയ്തു കൈതപ്രം (ഈ കതിരുകാണാക്കിളിതന്നെയാണ് ഉത്തരായനക്കിളിയും വിഷുക്കിളിയുമൊക്കെ. ചക്കയ്ക്കുപ്പുണ്ടോ എന്ന് പാടുന്നതായി നമ്മൾ സങ്കൽപ്പിക്കുന്ന പുള്ളിക്കുയിൽ വർഗ്ഗത്തിൽപെട്ട പക്ഷിയാണ് (Indian Cuckoo) ഇത്. Cuculus micropterus എന്ന് ശാത്രീയ നാമം. കൂക്കൂ കൂക്കൂ എന്ന് നാല് നോട്സുണ്ട് അതിന്റെ പാട്ടിന്.)
‘ഓലവാലൻകിളിയൊന്നെൻ ഓമൽക്കൂട്ടിൽ കണിയായ് ഒരു നെൽക്കതിർമണിയും കൊണ്ടൊരുനാളരികെ വരും’ എന്ന് കെ ജയകുമാർ. ‘ഓണപ്പൂവിളി കേട്ടു പറക്കും ഓലവാലൻകിളിയേ ഉച്ചയൂണുണ്ണുവാൻ വീട്ടിലു വാ എന്റെ കൊച്ചു കളിവീടു കാണാൻ വാ’ എന്നു ശ്രീകുമാരൻ തമ്പിയും. എന്നാൽ ബിച്ചുവിനത് ‘വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ ഓലേഞ്ഞാലിക്കുരുവി’യാണ്. 18 ഇഞ്ചോളം വരുന്ന, കാക്കയുടെ വർഗ്ഗത്തിൽപ്പെട്ട, Dendrocitta vagabunda എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന പക്ഷിയായ ഓലേഞ്ഞാലിയെ കുരുവിയാക്കാൻ സാധാരണ ഭാവനയൊന്നും പോരാ, ഒരു ഒന്നൊന്നര ഭാവന തന്നെ വേണം. ‘നല്ലോലപ്പൈങ്കിളി നാരായണക്കിളി നാളേയ്ക്കൊരുവട്ടി പൂ വേണം’ എന്നും ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് അതിൽ നാരായണക്കിളിക്കൂടുപോലുള്ളൊരു നാലുകാലോലപ്പുരയുണ്ട്’ എന്നും പാടുന്നു ഭാസ്കരൻ മാസ്റ്റർ. വലയാറും മോശമാക്കിയില്ല, ‘നാടൻ പാട്ടിലെ മൈന നാരായണക്കിളി മൈന’ എന്ന് അദ്ദേഹവും ഒപ്പത്തിനൊപ്പം നിന്നു. ‘കല്യാണക്കിളി കാരോലക്കിളി പൊന്നോണത്തിനു വന്നാട്ടേ’ എന്ന് ഭാസ്കരൻ മാസ്റ്റർ വീണ്ടും. വയലാറും ഒപ്പത്തിനൊപ്പം ‘അച്ഛൻ കൊമ്പത്ത് അമ്മവരമ്പത്ത് കന്നിയിളംകിളി, കാരോലക്കിളി കണ്ണീരാറിൻ തീരത്ത്’ എന്ന് അദ്ദേഹം രണ്ട് വ്യത്യസ്ത കിളികളെ അവതരിപ്പിച്ചതു കൂടാതെ ‘കിലുകിലാംകിളി ചിലച്ചൂ ഞാൻ കിളിപ്പാട്ടിൽ അലിഞ്ഞൂ’ എന്നും പാടി പുതിയ ഒരു കിളിയേക്കൂടി സംഭാവന ചെയ്തു.
‘നീർക്കിളി നീന്തി വാ ഈക്കളിപ്പൊയ്കയിൽ സിന്ദൂരം ചാർത്തി താമര കണ്ണാടി കാട്ടി പൂന്തിര അപ്സരസ്സുകൾ പാട്ടു പാടുമെൻ സ്വപ്നഭൂമി തേടി’ എന്ന് ഓ.എൻ.വി. ‘നീർക്കിളി നീന്തും പൊയ്കയും ഇക്കിളി കൊള്ളുകയായീ’ എന്നും ബുൾ ബുൾ മൈനേ എന്ന ഗാനത്തിൽ ‘നീര്കിളി പാടുന്നു മോഹമാം നീര്കിളി പാടുന്നു’ എന്നും എഴുതി നീർക്കിളിയുടെ പേറ്റന്റ് നിലനിർത്തി. പൂവച്ചലും കിട്ടുകൊടുക്കാൻ തയ്യാറായില്ല. ‘മനോമയീ മാനിനീ മധുമാരിയിൽ മുങ്ങും നീർക്കിളി നീ’ എന്ന് അദ്ദേഹം. ഇവരെയെല്ലാം കടത്തിവെട്ടി ‘അത്തിച്ചമനക്കാവിൽ എൻ അത്തച്ചമയ കനവിൽ ഒരു പുല്ലാങ്കുഴൽകിളി’യുമായാണ് കൈതപ്രം രംഗത്തെത്തിയത്. ‘ഉത്രാടക്കിളിപാടും ചിറ്റോളപ്പടികേറി’ എന്ന് പി. കെ. ഗോപി പാടിയപ്പോൾ ഒരു പടികൂടിക്കടന്ന് ‘തിരുവോണക്കിളി’ എന്നൊരു കിളിയുമായാണ് ഷിബു ചക്രവർത്തി എത്തിയത്. ‘തേവാരക്കുളിർ പൂംന്തൊട്ടിലിൽ ഓംകാരം വിരിഞ്ഞേ അമ്മാനംകിളി പൂംചുണ്ടിലോ സംഗീതം കുതിർന്നേ’ എന്ന് പുത്തഞ്ചേരി, താനും മോശമല്ലെന്ന് തെളിയിച്ച് ‘അമ്മാനംകിളിയേ, ഇമ്മാനംകിളിയേ എന്നോമനപൂങ്കിളിയേ’ എന്നു പാടി കുഞ്ഞുണ്ണിമാഷും വന്നു. ‘ഇല്ലിയിളം കിളി, ചില്ലിമുളംകിളി’യെ കണ്ടെത്തിയത് ബിച്ചുവാണ്. ‘ആലോലംകിളിമുത്തേ വാ ആതിരരാവിലൊരമ്പിളിയായ്’ എന്നു പുത്തഞ്ചേരി. ‘ചക്കരക്കിളീ ചക്കിയമ്പിളീ നിന്റെ ചുണ്ടിലോ പുഞ്ചിരി പാല് മുത്തു മുന്തിരീ’ എന്നു രമേശൻ നായർ. ‘നല്ലിക്കിളി പൂക്കളമേ നീറ്റിക്കരെ പൂക്കുലയേ വന്നക്കരെ’ എന്ന് ശരത് ചന്ദ്രവർമ്മ (എന്തരോ എന്തോ?!!). കാവാലത്തിന്റെ വകയായി വരുന്നു അതാ ‘കൂവരംകിളി’യുടെ കൂടും കൊണ്ട്.
‘ഉള്ളിലുറങ്ങുന്ന അമ്പലക്കിളി’യെ ഉണർത്തി വരുന്നു വയലാർ. ‘ആരുമറിയാതെ ഞാനുമറിയാതെ ആരോ വന്നെന്നുള്ളിൽ കൂടുകൂട്ടി കൂടുകൂട്ടി ആരാണാ പൈങ്കിളി ആരാമപ്പൈങ്കിളി ആശാ ആശാ വിപഞ്ചി തന് കമ്പി മീട്ടി കമ്പി മീട്ടു’ന്നത് മറ്റാരുമല്ല, അഭയദേവാണ്. ‘പൊൻപീലി പാകിടുന്നു ഭൂമിയിൽ മുകിൽക്കിളി സംഗീതം പെയ്തിടുന്നു ആരാമപ്പൈങ്കിളി ഈ സന്ധ്യതൻ സൗന്ദര്യം കൂട്ടുവാൻ’ എന്നു പൂവച്ചലും. ‘ഉത്തരായനക്കിളിയെ ഉന്മാദിനിയെപ്പോലെ’ പാടിക്കുന്നു വയലാർ. ബിച്ചുവും ഒട്ടും കുറയ്ക്കുന്നില്ല, കിളി കിളി കിളി കിളി കിളി വേണോ കിളിവാലു കുലുക്കും വണ്ണാത്തിക്കിളി വായാടിക്കിളി പൈങ്കിളി’കളിൽ സർവ്വത്ര കിളിമയം. കണിയാപുരം രാമചന്ദ്രനും വിടുന്നില്ല, ‘കിളി കിളി പൈങ്കിളീ കൃഷ്ണപ്പൈങ്കിളീ ഇവനെ ഞാൻ സ്നേഹിക്കുന്നൂ ഇവനെ മാത്രം സ്നേഹിക്കുന്നൂ’ എന്ന് അദ്ദേഹവും കാച്ചി. ‘ഒരുകിളി ഇരുകിളി മുക്കിളി നാക്കിളി ഓലത്തുമ്പത്താടാൻ വാ’ എന്നു പാടി വൈവിദ്ധ്യമാർന്ന കിളികളെ അവതരിപ്പിച്ചു ഷിബു ചക്രവർത്തി കിളിയെ എണ്ണിപ്പെറുക്കിയപ്പോൾ ബീയാർ പ്രസാദിനുണ്ടോ ഇരിക്കപ്പൊറുതി, പുള്ളി ‘ഒന്നാംകിളി, പൊന്നാൺകിളി വന്നാൺകിളി മാവിന്മേൽ രണ്ടാംകിളി കണ്ടു കൊതി കൊണ്ടു വരവുണ്ടപ്പോൾ മൂന്നാംകിളി, നാലാംകിളി എണ്ണാതതിൽ ഏറെക്കിളി ‘എന്നു പറഞ്ഞ് കിളിക്ക് നമ്പരിട്ടു കളഞ്ഞു!! ;)
ഭാസ്കരൻ മാഷിനു ‘കണ്പീലിക്കിളിവാതിലടച്ചിട്ടുമതില്ക്കൂടി ഉള്ളിൽ ഇളംകിളി കടന്നുവന്ന’പ്പോൾ ശരച്ചന്ദ്രവർമ്മ ‘കുരുന്നിലപോലൊരുതാലിയുമായി ഇളംകിളിയെ മേയാൻ’ വിട്ടു!! കന്നുകാലികളും ആനയുമൊക്കെ മേയുന്നു എന്നു കേട്ടിട്ടുണ്ട്. ഈ കിളികൾ മേയുന്നത് ആദ്യമായറിയുകയാണ്. ‘പൂവാലൻകിളി പൂവാലൻകിളി പൂവുനുള്ളാൻ പോരുന്നോ പുന്നപൂത്ത കടവിലേയ്ക്കെൻ തോണിയേറി പോരുന്നോ’ എന്നു ഓ.എൻ.വി പാടിയപ്പോൾ ‘ഒരിക്കലൊരു പൂവാലൻകിളി കളിക്കുമൊരു കുഞ്ഞിക്കുരുവിയെ കിളിക്കൂട്ടിൽ നിന്നും മെല്ലെ വിളിച്ചിറക്കിയ’ കഥപറയുന്നു ഭർത്താവെന്ന ചിത്രത്തിൽ ഭാസ്കരൻ മാഷ്, അതിനു ‘സിനിക്കി’ന്റെ ‘രചനാ സൗഷ്ഠവം കാണാനുണ്ട്’ എന്ന സർട്ടിഫിക്കേറ്റും കിട്ടി. ‘സ്വർഗ്ഗം ഭൂമിയിൽ പൂത്തു വിടർന്നാടും താഴം പൂവുകൾ പൂമണം നൽകും തണ്ണീർച്ചോലകൾ നൂപുരം നൽകും പൂവാലൻകിളി പാട്ടുകൾ പാടീടും’ എന്ന് ശ്രീകുമാരൻ തമ്പി, നീലക്കരിമ്പിന്റെ നാട്ടിൽ എന്ന ഗാനത്തിലൂടെ. ‘മഴവില് കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളിയോട് കദളീവനങ്ങൾ താണ്ടിവന്നതെന്തിനാണു നീ’ എന്ന് ചോദിക്കുന്നു പുത്തഞ്ചേരി. ‘മാരിമലർ ചൊരിയുന്ന കറുമ്പിപ്പെണ്ണേ മാനത്തെ മട്ടുപ്പാവിലെ കറുമ്പിപ്പെണ്ണേ താലോലംകിളി വായോ’ എന്നു പാടുന്നത് മറ്റാരുമല്ല യൂസഫലി കേച്ചേരി. ‘ഊഞ്ഞാലൂഞ്ഞാലു ഓമനയൂഞ്ഞാല് താലോലം കിളി താലോലം താണിരുന്നാടും പൊന്നൂഞ്ഞാലു’മായി കടലമ്മയിൽ വയലാർ. ‘മുകിലു തൻ ചിറകുമായ് പറന്നണഞ്ഞു കാതോരം പാട്ടായീ താലോലം കിളി’ എന്ന് അനിൽ പനച്ചൂരാൻ. ‘രാജപ്പൈങ്കിളി, രാമായണക്കിളി രാഗം താനം പാടൂ രാവിൻ മടിയിൽ നിലാവിൻ മടിയിൽ രാജകുമാരനെ നീയുറക്കൂ’ എന്ന് വീണ്ടും വയലാർ. പൂവച്ചൽ ഖാദറിന്റെ ‘രാമായണക്കിളി ശാരികപ്പൈങ്കിളി’ ആണ്. ‘ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു’ എന്നു പാടുന്നു പുത്തഞ്ചേരി. ‘കാത്തുകാത്തൊരു കോണിലമ്പിളി ചേർത്തുവച്ച നിലാവുപോൽ നേർത്തുപോയൊരു പാട്ടുമായെന്റെ കാവളംകിളി എങ്ങുപോയ്’ എന്ന് രാജീവ് നായർ. ‘താലിപ്പൂ പീലിപ്പൂതാഴമ്പൂചൂടി വരും തളിരിളം കാവളംകിളിയേ’ എന്ന് മങ്കൊമ്പ് ഗോപാലകൃഷ്ണൻ. ‘ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു പുന്നാരക്കിളി ചോദിച്ചു കൂട്ടിന്നിളം കിളി ചങ്ങാലിപൈങ്കിളി കൂടുംവിട്ടിങ്ങോട്ടു പോരാമോ’ എന്ന് വയലാർ. ‘തെന്നൽ തേരു തരാം പുന്നാരക്കിളി പൂഞ്ചോലക്കിളി എന്നോടൊത്തു വരൂ’ എന്ന് ഓ.എൻ.വി.
‘പാവനംകിളി, പോവനംകിളി, പച്ചപ്പനങ്കിളിയേ നീ തിരയണ പൂവനമിനി ഏതെടി കിളിയേ’ എന്ന് ബിച്ചു തിരുമല. ‘ചെഞ്ചുണ്ടിതളിൽ ചെറുതേനുതിരും ചക്കരയുമ്മയ്ക്ക് ചാഞ്ചക്കംകിളി ചാഞ്ചക്കം’ എന്ന് വയലാർ. ‘പവിഴമണി പാടം തേടും ചെറിയ കുറുവാൽകിളി യോട് ഇതിലെയൊരു തേരിൽ വരുമോ ഇനിയും’ എന്നു ചോദിക്കുന്നത് കൈതപ്രം. തീർന്നില്ല, ‘അമ്പലക്കൊമ്പന്റെ കൊമ്പത്തിരുന്നിട്ട് വമ്പത്തമോതുന്നു അദ്ദേഹത്തിന്റെ ചമ്പക്കിളി’!സമാധാനമായില്ല, കുളിരുകോരുംകിളി, പുലരികാണുമ്പോൾ ഉണരുംകിളി, തിരുതകൃതി അരുളുംകിളി, ചിന്നക്കിളി, വർണ്ണക്കിളി, ഇനിയെന്നുവരും എൻകിളി എന്നു പാടിയിട്ടും തൃപ്തനാകാതെ, രാമായണപ്പൈങ്കിളി, വാതായനപ്പൂങ്കിളി, കതിരണിഞ്ഞെത്തുംകിളി, മുത്തുക്കിളി, ചെല്ലക്കിളി, ദേശാടനപ്പൈങ്കിളി, താരാട്ടുപാടുംകിളി, മാണിക്യവർണ്ണക്കിളി, ആശക്കിളീ, കോലക്കിളി, ആടുംകിളി എന്ന് വിവിധതരം കിളികളെ ഒറ്റപ്പാട്ടിൽ അണിനിരത്തി സകല എഴുത്തുകാരേക്കാളും കിളികളുടെ കാര്യത്തിൽ കേമൻ താൻ തന്നെയെന്ന് അണ്ടർലൈനിട്ട് തെളിയിച്ചു!!! മാത്രമല്ല അദ്ദേഹം കിക്കിളി എന്നൊരു കിളിയേയും അവതരിപ്പിച്ചു..!!!!;) ‘തൊട്ടിരിക്കാൻ മോഹം മുട്ടിനടക്കാൻ ദാഹം അക്കിളി ഇക്കിളി കിക്കിളി കൂട്ടണ് തമ്മിൽ’ എന്നു വരെ എഴുതി വച്ചു.
‘എന്നിൽ നിന്നും പറന്നകന്നൊരു പൈങ്കിളീ മലർത്തേൻകിളീ’ എന്ന് ബിച്ചു. ‘അഞ്ചുമഞ്ചും ചെല്ലുമ്പോൾ എന്റെ പഞ്ചാരക്കിളി പെറും’ എന്നു പറഞ്ഞത് വേറേ ആരുമല്ല, തിരുനയിനാർകുറിച്ചി മാധവൻ നായരാണ്. ‘വാഴപ്പൂങ്കിളികൾ ഒരുപിടിനാരുകൊണ്ട് ചെറുകൂടുകൾ മെനയു’മെന്ന് ബിച്ചു. ‘അമ്മൂമ്മക്കിളി വായാടി’യാണെന്ന് പുത്തഞ്ചേരി. ‘കുളിച്ചുവാ പെൺപക്ഷീ കുളിച്ചുവന്നാൽ കൊക്കുകൊണ്ടൊരു കുംകുമപ്പൂ ചൂടിക്കാം’ എന്ന് കൃഷ്ണപക്ഷക്കിളി ചിലച്ചതായി വയലാർ രേഖപ്പെടുത്തുന്നു (വെസ്റ്റേൺ ബീജിയിട്ട് റീമിക്സ് ചെയ്യാൻ പറ്റിയ ഒരു ഗാനമാണിത്. മര്യാദയ്ക്ക് ചെയ്യണം എന്നുമാത്രം). ‘മീവൽപക്ഷി കൂടെ പോരൂ നേരമായ് തൊട്ടുതൊട്ടാൽപൂക്കും നെഞ്ചിൽ പട്ടംപോലെ പാറും മോഹം’ എന്ന് ഗിരീഷ് പുത്തഞ്ചേരി. അങ്ങനെയങ്ങനെ കൂട്ടിലെപ്പക്ഷി, കിഴക്കുണരുമ്പക്ഷി, അവയൽപ്പക്ഷി, വാലുവിറയൻപക്ഷി, ശരപഞ്ജരത്തിലെപ്പക്ഷി, കുഞ്ഞിപ്പക്ഷി, ക്രൗഞ്ചപ്പക്ഷി, മോഹപ്പക്ഷി, കൂട്ടിലെപ്പക്ഷി, ചക്രവാകപ്പക്ഷി, വാലാട്ടിപ്പെൺപക്ഷി, പൊൻപക്ഷി, മുൻപേപറക്കുന്നപക്ഷി, തിങ്കൾക്കിളി, രാക്കിളി, പകൽക്കിളി, ചെമ്മാനക്കിളി, കണ്ണീർക്കിളി, വെണ്ണീർക്കിളി തുടങ്ങി ഒരായിരം പറവകളാൽ സമ്പന്നമാണ് നമ്മുടെ മലയാള ഗാന സാഹിത്യം.ഇനിയുമിനിയും പുതിയ് പുതിയ കിളികൾ ഉണ്ടാകട്ടേയെന്ന് ഈ അവസരത്തിൽ ഞാൻ ആശംസിക്കുന്നു. വേണമെങ്കിൽ ഒരു റിസർച്ചിനുള്ള സ്കോപ്പുണ്ട് പാട്ടിലെ കിളികൾക്ക്. ഇനി കുരുവികളെയെടുത്താൽ ഇതിവിടെയെങ്ങും തീരില്ല. വിസ്താരഭയത്താൽ തൽക്കാലം താറാവ്, കോഴി, കാക്ക, കുയിൽ, മയിൽ എന്നീ പക്ഷികളെയും ഞാൻ ഒഴിവാക്കുകയാണ്. ഏതെങ്കിലും കിളി/പക്ഷികൾ ഈ ലിസ്റ്റിൽ നിന്നും വിട്ടുപോയിട്ടുണ്ടെങ്കിൽ പാട്ടുസഹിതം ഓർമ്മിപ്പിക്കാൻ മറക്കില്ലല്ലോ.
മലയാളം സിനിമാഗാനങ്ങളിലെ കിളി പോയ വഴികൾ
Tags: