താരപദവിയുടെ രാജവീഥി - ഒരു നടന്‍ താരമായ കഥ - മുകേഷ് കുമാർ

"മേം ഭീംസിങ് കാ ബേട്ടാ രാംസിങ് ഹൂം..ഹെ..ഹൈന്‍"... നടന്റെ പ്രകടനം കണ്ട് തിയേറ്ററില്‍ പ്രേക്ഷകര്‍ ഇളകി മറിയുകയാണ്. നിസ്സഹായവസ്ഥയില്‍ ഗൂര്‍ഖ രാംസിങ് ആയി വേഷം കെട്ടേണ്ടി വന്ന സേതുവിനെ പ്രേക്ഷകര്‍ അപ്പോഴേക്കും നെഞ്ചേറ്റിക്കഴിഞ്ഞിരുന്നു. കണ്ണുനീരിന്റെ നനവുള്ള ഹാസ്യം അഭിനയിപ്പിച്ചു ഫലിപ്പിച്ച ആ നടനെയും... ആ ചിത്രം റിലീസായി രണ്ട് ആഴ്ചയ്ക്കുള്ളില്‍ അതേ നടന്റെ പുതിയ സിനിമ അടുത്ത തിയേറ്ററില്‍ റിലീസാകുന്നു. ഇത്തവണ ചിത്രം തുടങ്ങി കൃത്യം 20 മിനിറ്റാകുമ്പോഴാണ് നടന്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു മറൂണ്‍ നിറത്തിലുള്ള ബെന്‍സ് കാര്‍ കോടതി വാതിലിലൂടെ അകത്തേക്ക് കടക്കുന്നു.. പോര്‍ട്ടിക്കോയില്‍ നിര്‍ത്തിയ കാറില്‍ നിന്നും ഇറങ്ങുന്ന അയാള്‍ കോടതിയുടെ പടവുകള്‍ കയറുന്നു. ക്യാമറയില്‍ അത് പകര്‍ത്തുന്ന ഫോട്ടോഗ്രാഫരുടെ നേര്‍ക്ക് രൂക്ഷമായ ഒരു നോട്ടം. ആ നോട്ടത്തില്‍ പതറിയ ഫോട്ടോഗ്രാഫര്‍ ക്യാമറ തുറന്ന് ഫിലിം പുറത്തെടുത്ത് നശിപ്പിക്കുന്നു. ചെറിയൊരു തലയാട്ടലുമായി കോടതിയുടെ പടവുകള്‍ വീണ്ടും കയറിപ്പോകുന്നു അയാള്‍. അന്ന് അയാള്‍ കയറിയത് മലയാള സിനിമയിലെ താരസിംഹാസനത്തിലേക്കുള്ള പടവുകളായിരുന്നു... 26 വയസ്സുള്ള ചെറുപ്പക്കാരന്‍ കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളായി തിരശ്ശീലയില്‍ പകര്‍ന്നാടുന്നത് കണ്ട് വിസ്മയം കൊണ്ട പ്രേക്ഷകര്‍ ഈ ചിത്രത്തോടെ ഉറപ്പിച്ചു..'ഇതാ പുതിയ സൂപ്പര്‍ സ്റ്റാര്‍'...അതെ...മോഹന്‍ലാല്‍ എന്ന നടന്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് തോള്‍ ചരിച്ച് നടന്നു കയറിയ ചിത്രമായിരുന്നു. അത്...29 വര്‍ഷങ്ങള്‍ക്കു മുമ്പ് 1986-ല്‍ ഇത് പോലൊരു ജൂലൈ പതിനേഴിന് റിലീസായ "രാജാവിന്റെ മകന്‍"

കട്ട് റ്റു ഫ്ളാഷ്ബാക്ക്....

കാഞ്ഞിരപ്പള്ളിയില്‍ നിന്നും ചെന്നൈയിലേക്ക് വണ്ടി കയറിയ ഇരുപത്തഞ്ചുകാരന്‍ തമ്പി കണ്ണന്താനത്തിന്റെ മനസ്സ് നിറയെ സിനിമയായിരുന്നു. ചെന്നൈയിലെത്തി സംവിധായകന്‍ ശശികുമാറിനെ പരിചയപ്പെട്ടു. അസിസ്റ്റന്റായി കൂടി. ശശികുമാര്‍ അന്ന് ഒരു വര്‍ഷം 15 സിനിമ വരെ ചെയ്തു കൊണ്ടിരുന്ന സമയമാണ്. സംവിധാനം അഭ്യസിക്കാന്‍ ഏറ്റവും മികച്ച കളരി. ഇതേ കാലയളവില്‍ ക്രോസ് ബെല്‍റ്റ് മണിയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ജോഷിയുമായി തമ്പിയ്ക്ക്  നല്ലൊരു സൗഹൃദ ബന്ധമുണ്ടായി. സ്വതന്ത്ര സംവിധായക മോഹം മനസ്സില്‍ പേറുന്ന ഒരേ തൂവല്‍ പക്ഷികള്‍. ജോഷിയ്ക്കാണ് ആദ്യം ആ അവസരം കിട്ടിയത്. ടൈഗര്‍ സലീമിലൂടെ ജോഷി സ്വതന്ത്ര സംവിധായകനായി. 'മിനിമോള്‍ വത്തിക്കാനില്‍' എന്ന സിനിമ മുതല്‍ ജോഷി തമ്പിയെ തന്നോടൊപ്പം കൂട്ടി. 1983-ല്‍ തമ്പി കണ്ണന്താനം "പാസ്പോര്‍ട്ട്" എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറി. ആ സിനിമയും തുടര്‍ന്നു സംവിധാനം ചെയ്ത "താവളം", "ആ നേരം അല്പ ദൂരം" എന്നീ സിനിമകളും പരാജയപ്പെട്ടതോടെ തമ്പിയുടെ മുന്നോട്ടുള്ള സിനിമാ പ്രയാണം പ്രതിസന്ധിയിലായി. അപ്പോള്‍ രക്ഷകനായി വന്നത് ജോഷി. "ശ്യാമ" എന്ന തന്റെ ഹിറ്റ് സിനിമയുടെ തിരക്കഥാകൃത്തായ ഡെന്നീസ് ജോസഫിനോട് തന്റെ സുഹൃത്ത് തമ്പിക്കു വേണ്ടി ഒരു തിരക്കഥ നല്കാന്‍ ജോഷി ശുപാര്‍ശ ചെയ്തു. അതിന്‍ പ്രകാരം എറണാകുളത്ത് വച്ച് തമ്പിയും ഡെന്നീസ് ജോസഫും കണ്ടു മുട്ടി. മൂന്നു കഥകള്‍ പറഞ്ഞതില്‍ തമ്പിക്കിഷ്ടമായത് ഒരു അധോലോക നായകന്‍ കേന്ദ്ര കഥാപാത്രമായ കഥയാണ്. അന്ന് മുന്‍നിരയില്‍ തിളങ്ങി നില്ക്കുന്ന മമ്മൂട്ടിയെ ഹീറോ ആക്കാം എന്നും തീരുമാനിച്ചു. പരാജയ സിനിമകളുടെ സംവിധായകന്‍ എന്ന ലേബലും കൊണ്ട് ഇനിയൊരു നിര്‍മ്മാതാവിനെ സമീപിക്കുന്നതില്‍ കാര്യമില്ല എന്ന് മനസ്സിലാക്കിയ തമ്പി തന്റെ ഭൂരിഭാഗം സ്വത്തും വിറ്റ് ആ സിനിമ സ്വയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഷാരോണ്‍ പിക്ചേഴ്സ് എന്ന നിര്‍മ്മാണ കമ്പനിയും തുടങ്ങി. തീരുമാനിച്ചതു പോലെ മമ്മൂട്ടിയെ മനസ്സില്‍ കണ്ട് ഡെന്നീസ് ജോസഫ് എഴുത്തും തുടങ്ങി. സഹസംവിധായകനായിരുന്ന കാലം മുതലേ മമ്മൂട്ടിയെ തമ്പിക്ക് നേരിട്ട് അറിയാം. ആ പരിചയത്തിന്റെ പുറത്ത് ഡെന്നീസിനോടൊപ്പം മമ്മൂട്ടിയെ കാണാന്‍ പോയി. കഥയില്‍ ഇഷ്ടക്കേടൊന്നും തോന്നാത്ത മമ്മൂട്ടി തമ്പിയാണ് സംവിധാനം ചെയ്യുന്നത് എന്നു പറഞ്ഞപ്പോള്‍ ഡേറ്റ് നല്കാനാവില്ല എന്ന് തുറന്നടിച്ചു. നിര്‍മ്മാണം കൂടി ഏറ്റെടുത്ത് ഈ സിനിമയില്‍ സര്‍വ്വ പ്രതീക്ഷയും അര്‍പ്പിച്ചു നില്ക്കുന്ന തമ്പിക്ക് അത് താങ്ങാവുന്നതിനപ്പുറത്തായിരുന്നു. ഡെന്നീസിന് മുമ്പില്‍ വച്ച് തന്നെ തമ്പി പൊട്ടിത്തെറിച്ചു.. "നീ കണ്ടോ..ഇത് ഞാന്‍ മറ്റവനെക്കൊണ്ട് ചെയ്യിക്കും. ഇത് റിലീസ് ചെയ്യുന്ന ദിവസം നിന്റെ സ്റ്റാര്‍ഡത്തിന്റെ അവസാനമായിരിക്കും"..ഇതും പറഞ്ഞ് തമ്പി പുറത്തിറങ്ങി. ഇനി ആലോചിക്കാനൊന്നുമില്ല..മോഹന്‍ലാല്‍ തന്നെ ഹീറോ എന്ന് തമ്പി ഉറപ്പിച്ചു. പക്ഷേ കോമഡി റോളുകളില്‍ തിളങ്ങുന്ന മോഹന്‍ലാലിന് മുഴുനീള ആക്ഷന്‍ ചിത്രം ചേരുമോ എന്ന് ഡെന്നീസിന് ഒരു സംശയം. പക്ഷേ തമ്പി തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു.

സിഡ്നി ഷെല്‍ഡന്റെ "റേജ് ഒാഫ് ഏഞ്ചല്‍സ്" എന്ന നോവലാണ് ഡെന്നീസ് ജോസഫിന്റെ കഥയുടെ അടിസ്ഥാനമെങ്കിലും അമിതാഭ് ബച്ചന്റെ 'ദീവാര്‍', മമ്മൂട്ടിയുടെ ഐ വി ശശി ചിത്രം 'അതിരാത്രം', ടി ദാമോദരന്റെ രാഷ്ട്രീയ സിനിമകള്‍ എന്നിവയുടെ പാറ്റേണ്‍ അനുകരിച്ചാണ് ഡെന്നീസ് "രാജാവിന്റെ മകന്‍" എഴുതിയത്. ഫോര്‍ട്ട് കൊച്ചിയിലെ കോമണ്‍ പേരുകളായ വിന്‍സെന്റും ഗോമസും യോജിപ്പിച്ച് പ്രധാന കഥാപാത്രത്തിന്റെ പേര് 'വിന്‍സന്റ് ഗോമസ്' എന്നാക്കി. ചിത്രം പൂര്‍ത്തിയായപ്പോള്‍ വിതരണം ഏറ്റെടുക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല. അവിടെയും ജോഷി രക്ഷക്കെത്തി. 'ജൂബിലി' പിക്ചേഴ്സ് ജോയിയെക്കൊണ്ട് ചിത്രത്തിന്റെ വിതരണം നടത്തിച്ചു. 1986 ജൂലൈ 17-ന് 'രാജാവിന്റെ മകന്‍' റിലീസായി. "ഇന്‍സ്റ്റന്റ് ഹിറ്റ്" ആയി മാറിയ സിനിമ തമ്പി കണ്ണന്താനത്തിന് നല്കിയത് ഒരു രണ്ടാം ജന്മമായിരുന്നു (മമ്മൂട്ടി നിരസിച്ച കഥാപാത്രങ്ങള്‍ മോഹന്‍ലാലിന് ഭാഗ്യവും പെരുമയും കൊണ്ടു വരുന്ന പതിവ് ഇപ്പോള്‍ 'ദൃശ്യം' വരെ തുടര്‍ന്നു കൊണ്ടിരിക്കുന്നു എന്നത് മലയാള സിനിമയിലെ കറുത്ത ഫലിതമായി തുടരുന്നു)

വിന്‍സന്റ് ഗോമസ് എന്ന പ്രതിനായകനെ പ്രേക്ഷകര്‍ ആദ്യ ദിനം മുതല്‍ക്കേ ഏറ്റെടുത്തു. ചിത്രത്തിലെ സംഭാഷണങ്ങള്‍ അവര്‍ ഏറ്റു പറഞ്ഞു തുടങ്ങി. "ക്ഷമ ചോദിക്കാന്‍ എന്താ തെറ്റ് നാന്‍സി ചെയ്തത്? മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും".... "ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു.അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്.. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്..കിരീടവും ചെങ്കോലും സിംഹാസനവുമൊക്കെയുള്ള ഒരു രാജാവ്..പിന്നീടെന്നെ കാണുമ്പോള്‍ അവന്‍ കളിയാക്കി വിളിക്കുമായിരുന്നു..പ്രിന്‍സ്..രാജകുമാരന്‍..രാജാവിന്റെ മകന്‍..യെസ്..അയാം എ പ്രിന്‍സ്..ആന്‍ അണ്ടര്‍വേള്‍ഡ് പ്രിന്‍സ്"..."മൈ ഫോണ്‍ നമ്പര്‍ ഈസ് 2255"..."വിന്‍സന്റ് ഗോമസിനെ ചതിച്ചവരാരും ഇന്ന് ജീവിച്ചിരിപ്പില്ല"... "കൈവിട്ടു കളിക്കാന്‍ ഇന്ന് നമുക്ക് കൈകളെങ്കിലുമുണ്ട്. ഇനിയും താമസിച്ചാല്‍ അതും നഷ്ടപ്പെടും..കൈക്ക് കൈ..പല്ലിനു പല്ല്"... തുടങ്ങിയ സംഭാഷണങ്ങള്‍ മലയാള സിനിമാ ചരിത്രത്തിന്റെ തന്നെ ഭാഗമായി. റേഡിയോയിലൂടെ ഈ സംഭാഷണങ്ങള്‍ ഉള്‍പ്പെട്ട പരസ്യം പ്രചരിപ്പിച്ചത് അവയുടെ ജനപ്രിയത വര്‍ദ്ധിക്കാന്‍ കാരണമായി. രാഷ്ട്രീയം, അധോലോകം, ആക്ഷന്‍, സെന്റിമെന്റ്സ് എന്നിവയുടെ ശരിയായ മിശ്രിതമായിരുന്നു രാജാവിന്റെ മകന്‍. അത് വരെ കണ്ടിട്ടുള്ള പ്രതിനായകന്‍മാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായിരുന്നു വിന്‍സന്റ് ഗോമസ്.. അട്ടഹാസങ്ങളോ, ആക്രോഷങ്ങളോ ഇല്ല.. Cool and composed. പ്രക്ഷുബ്ധ സാഹചര്യങ്ങളില്‍ പോലും തന്റെ വികാര വിചാരങ്ങള്‍ക്കു മേല്‍ നിയന്ത്രണമുള്ള വ്യക്തി. ആദ്യ രംഗത്തില്‍ ഒരു തീക്ഷ്ണ നോട്ടത്തിലൂടെ തന്റെ സ്വഭാവം വ്യക്തമാക്കുന്ന അയാള്‍ അവസാന രംഗത്തില്‍ തന്റെ മനസ്സിലുള്ള പകയും ചതിക്കപ്പെട്ടതിന്റെ വേദനയും കൃഷ്ണദാസിനെ കൊല്ലാന്‍ കഴിയാത്തതിലുള്ള സങ്കടവും എല്ലാം കൂടിച്ചേര്‍ന്ന ഒരു നോട്ടം മാത്രം ബാക്കി വച്ച് വെടിയേറ്റു വീഴുകയാണ്. അന്നത്തെ കമേഴ്ഷ്യല്‍ സിനിമാ ചിട്ടവട്ടമനുസരിച്ചുള്ള അന്ത്യശ്വാസത്തിന് മുമ്പായി നടത്തുന്ന ദീര്‍ഘപ്രസംഗം ഒന്നും അയാള്‍ നടത്തുന്നില്ല. ഒന്നും മിണ്ടാതെ ഒരു കടലോളം വികാരങ്ങള്‍ കണ്ണിലൊതുക്കി അയാള്‍ വീഴുകയാണ്. നൂറ് മടങ്ങ് ശക്തിയോടെ പ്രേക്ഷക മനസ്സില്‍ മോഹന്‍ലാല്‍ എന്ന നടന്‍ താരമായി ഉയിര്‍ത്തെഴുന്നേറ്റ നിമിഷമായിരുന്നു അത്. 'റാംബോ' എന്ന സില്‍വസ്റ്റര്‍ സ്റ്റാലണ്‍ ചിത്രം കേരളത്തിലും ഹിറ്റായത് ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ്. മെഷീന്‍ ഗണ്‍ എന്ന അദ്ഭുത വസ്തുവിനെ പ്രേക്ഷകര്‍ അമ്പരപ്പോടെ കണ്ടിരുന്ന ആ കാലത്താണ് താനിത് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി എന്ന് വിശ്വസിപ്പിക്കുന്ന വിധത്തില്‍ തികച്ചും അനായാസമായി മോഹന്‍ലാല്‍ ഈ സിനിമയില്‍ മെഷീന്‍ ഗണ്‍ കൈകാര്യം ചെയ്തത് എന്നത് ഒരു രസകരമായ വസ്തുത... 'രാജാവിന്റെ മകന്‍' വന്‍വിജയമായതോടെ മോഹന്‍ലാല്‍ ഒൗദ്യോഗികമായി 'സൂപ്പര്‍ സ്റ്റാര്‍' പദവിയിലെത്തി..മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്പര്‍ സ്റ്റാര്‍.

എസ് പി വെങ്കടേഷ് എന്ന സംഗീതസംവിധായകന്‍  സിനിമയുടെ മുഖ്യധാരയിലെത്തിയ സിനിമ കൂടിയായിരുന്നു രാജാവിന്റെ മകന്‍. ശ്യാം, രവീന്ദ്രന്‍ എന്നിവരോടൊപ്പം സംഗീത സഹായിയായി പ്രവര്‍ത്തിച്ചിരുന്ന വെങ്കിടേഷ് ഈ സിനിമയിലെ "പാടാം ഞാനാ ഗാനം", "വിണ്ണിലെ ഗന്ധര്‍വ്വ വീണകള്‍ പാടുന്ന സംഗീതമേ"..എന്നീ ഗാനങ്ങള്‍ ഹിറ്റായതോടെ മലയാളത്തിലെ തിരക്കേറിയ സംഗീത സംവിധായകനായി. ഈ സിനിമയിലെ പശ്ചാത്തല സംഗീതം, പ്രത്യേകിച്ചും ആക്ഷന്‍ രംഗങ്ങളില്‍, എസ് പി വെങ്കിടേഷിന്റെ പ്രതിഭ വിളിച്ചോതുന്നതായിരുന്നു.

വിന്‍സന്റ് ഗോമസിന്റെ ലെഫ്റ്റനന്റ്മാരായ കുമാര്‍, സലീം എന്നീ റോളുകളില്‍ സുരേഷ് ഗോപിയും മോഹന്‍ ജോസും തിളങ്ങി. ഡെന്നീസ് ജോസഫിനോട് സംവിധായകന്‍ കെ ജി ജോര്‍ജ് സ്വന്തം ഭാര്യയുടെ അനുജനായ മോഹന്‍ജോസിനെ നേരിട്ട് റെക്കമന്റ് ചെയ്യുകയായിരുന്നുവെങ്കില്‍ പരസ്യകലാകാരന്‍ ഗായത്രി അശോകന്റെ ഒാഫീസിലെ ആല്‍ബത്തില്‍ കണ്ട ഒരു ഫോട്ടോയിലൂടെയാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ വരുന്നത്. താരതമേന്യ പുതുമുഖമായ സുരേഷ് ഗോപിയെ ഈ സിനിമയുടെ ഷൂട്ടിംഗ് കഴിയുന്നത് വരെ മോഹന്‍ലാല്‍ തന്നോടൊപ്പം തന്റെ മുറിയില്‍ കഴിയാനനുവദിച്ചത് സുരേഷ് ഗോപി പല അഭിമുഖങ്ങളിലും നന്ദിയോടെ പരാമര്‍ശിച്ചിട്ടുണ്ട്.

ഒരു ബക്കറ്റിലെ വെള്ളം നിറഞ്ഞു കവിയുന്നതിന് കാരണമാകുന്ന അവസാനത്തെ തുള്ളി പോലെയാണ് "രാജാവിന്റെ മകന്‍" മോഹന്‍ലാലിന്റെ സൂപ്പര്‍ സ്റ്റാര്‍ പദവിക്ക് കാരണമാകുന്നത്. അതിനെ immediate reason ആയി കണക്കാക്കാം. അത് വരെ ബക്കറ്റ് നിറയാന്‍ കാരണമായ നീര്‍ത്തുള്ളികളായിരുന്നു 1985-86 കാലഘട്ടത്തിലെ മോഹന്‍ലാലിന്റെ മറ്റനവധി കഥാപാത്രങ്ങള്‍. 86-ലെ കാര്യം മാത്രമെടുത്താല്‍ മുപ്പത്തി അഞ്ചോളം ലാല്‍ സിനിമകള്‍ റിലീസായി. അതൊരു അദ്ഭുതമാണെങ്കില്‍ ആ കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തവും മികവേറിയവയുമായിരുന്നുമെന്നത് അത്യദ്ഭുതം. അതിനെക്കുറിച്ച് വിശദമായി പിന്നീടൊരവസരത്തില്‍ എഴുതണമെന്നുണ്ട്.

മലയാള സിനിമയിലെ ആക്ഷന്‍ സിനിമകളുടെ ശ്രേണിയില്‍ 'രാജാവിന്റെ മകന്' ഒരു പ്രത്യേക സ്ഥാനമുണ്ടാവും.. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലും. 

Relates to: 
രാജാവിന്റെ മകൻ
Contributors: