ഇളയരാജ തമിഴ്-തെലുഗ് പാട്ടുകൾ ചെയ്തിട്ടുള്ള അപൂർവരാഗമാണ് ഋഷിവാണി. ഇതിനെക്കുറിച്ച് അറിയാനിടയായ അന്ന് തുടങ്ങിയതാണ് മലയാളത്തിൽ ഈ രാഗത്തിൽ പാട്ടുകളുണ്ടോ എന്ന അന്വേഷണം. ഒടുവിൽ കണ്ടെത്തിയത് ഇളയരാജ തന്നെ എം.ടി-ഹരിഹരൻ ടീമിന്റെ പഴശ്ശിരാജ സിനിമയിൽ ചെയ്ത പ്രശസ്ത ഗാനമായ "ആദിയുഷസന്ധ്യ പൂത്തതിവിടെ..." ! ( https://m3db.com/lyric/15191 )
ഇളയരാജയുടെ ഫേവറിറ്റ് രാഗമാണ് കീരവാണി എന്ന് പറയാം. കാരണം കീരവാണിയിൽ അത്രയുമധികം പാട്ടുകൾ അദ്ദേഹം കമ്പോസ് ചെയ്തിട്ടുണ്ട് . കീരവാണിയിൽ "ധ" ഒഴിവാക്കിയാൽ ഋഷിവാണി ആയി.
സ രി2 ഗ2 മ1 പ നി3 സ
സ നി3 പ മ1 ഗ2 രി2 സ
ഈ രാഗം ഇളയരാജയുടെ കണ്ടുപിടുത്തം ആണെന്ന് തോന്നുന്നു. കീരവാണി അത്രയും വിപുലമായി ഉപയോഗിച്ച ഇളയരാജ അതിന്റെ ജന്യമായ ഋഷിവാണി കണ്ടെത്തിയതിൽ അത്ഭുതത്തിന് വകയില്ല. കർണാട്ടിക് സൈറ്റുകളിൽ ഒന്നും ഈ രാഗത്തെ കുറിച്ച് കാണുന്നില്ല. ആകെയുള്ള വിവരം ഒരു ഇളയരാജ ഫാൻ ബ്ലോഗാണ്: https://sites.google.com/site/violinvicky/googly2 . ഇളയരാജ തന്റെ ഗീതാഞ്ജലി എന്ന ആൽബത്തിന് വേണ്ടി കമ്പോസ് ചെയ്ത് പാടിയ സംസ്കൃതത്തിലുള്ള കാമാക്ഷി കീർത്തനമാണ് ഈ രാഗത്തിലെ മാതൃകാകൃതി. ( https://youtu.be/BRFzarUPiuY ). ശരിക്കും രാജവാണി എന്ന പേരായിരുന്നു ഈ രാഗത്തിന് കൂടുതൽ യോജിച്ചത്. മൂന്നു സ്വരങ്ങൾ മാത്രം ഉപയോഗിച്ച് ഇളയരാജ ഉണ്ടാക്കിയ രാഗത്തിന് ത്രിരാജം എന്നാണ് കമ്പോസർ ശരത് പേരുനൽകിയത് ( see video ). ഇതുപോലെ നർത്തകി എന്ന രാഗം കമ്പോസർ ദേവരാജൻ കണ്ടുപിടിച്ചതാണെന്നാണ് തോന്നുന്നത്. "നളചരിതത്തിലെ നായകനോ..." നർത്തകി രാഗത്തിലാണ്.
ഇളയരാജയുടെ അനുജൻ ഗംഗൈ അമരൻ 1986ലെ "അയ്യപ്പഗാനങ്ങൾ - Vol6"ൽ ചെയ്ത "മഹാപ്രഭോ മമ.." ( https://m3db.com/lyric/102619 ) എന്ന ഗാനം ഗൗരിമനോഹരി എന്ന് തോന്നിക്കുമെങ്കിലും ഋഷിവാണി ആണ്. ഗൗരിമനോഹരിയിൽ "ധ" ഒഴിവാക്കിയാലും ഋഷിവാണി ആകും; കാരണം മേളകർത്താരാഗങ്ങളായ കീരവാണിയും ഗൗരിമനോഹരിയും വ്യത്യാസപ്പെടുന്നത് ധൈവതത്തിൽ മാത്രമാണ്. ജേഷ്ഠനിൽ നിന്ന് പ്രചോദനം നേടി ഗംഗൈ അമരൻ കമ്പോസ് ചെയ്ത ഗാനമാവാം ഇത്.
Attachment | Size |
---|---|
CollageMaker_20201121_183611621.jpg | 2.93 MB |