മലയാള സിനിമയുടെ പുതിയ പാവം ക്രൂരൻ

Profiles

പണ്ട് അമ്മ പറയുമായിരുന്നു... “നിൻ്റെ തല തെറിച്ച കൂട്ടുകാര് കാരണമാ നീയിങ്ങനെ ആയിപ്പോയത്...!“ എന്ന്. കൂട്ടുകാരുടെ അമ്മമാർ ഇതിലും വലുത് പറഞ്ഞിരുന്നു... “ചെണ്ടപ്പുറത്ത് കോല് വെക്കണയിടത്തെല്ലാം തെണ്ടിനടക്കണ ആ വാഴയുമായിട്ടുള്ള കൂട്ട് വിട്ടാലേ നീയൊക്കെ നന്നാവു..!“ എന്ന്....!!! ചുമ്മാ പറഞ്ഞിരുന്നതാ..!!

‘ജാൻ.എ.മൻ‘ ലെ മോനിച്ചൻ്റെ കൂട്ടുകാരൻ ചാക്കോയെ കണ്ടപ്പോ പണ്ട് കേട്ട മുകളിൽ പറഞ്ഞ ഡയലോഗുകൾ ഓർമ്മ വന്നു. ചാക്കോയെപ്പോലെ ഒരുപാട് ഒന്നും വേണ്ടാ... ഒരെണ്ണം മതി...!! എല്ലാം പറഞ്ഞവസാനിപ്പിച്ച് സ്നേഹത്തോടെ പിരിഞ്ഞ് പോകാൻ തുടങ്ങുമ്പോ കൂട്ടുകാരൻ്റെ ആത്മാർത്ഥതയിൽ പൊതിഞ്ഞ ആ ചവിട്ടുണ്ടല്ലോ... ഹോ...! മോനിച്ചനെന്ന പാവത്തിനെ ഈ പരുവത്തിലെത്തിച്ചതിൻ്റെ മുഴുവൻ ക്രെഡിറ്റും കൊടുക്കാൻ പറ്റുന്ന ഒരേയൊരു കൂട്ടുകാരൻ ചാക്കോ ആണെന്ന് തെളിയിക്കുന്ന സീൻ. മോനിച്ചനെ കുടിപ്പിച്ചും കുളിപ്പിച്ചും കിടത്താൻ ചാക്കോയെന്ന ഒരൊറ്റ കൂട്ടുകാരൻ മാത്രം മതിയെന്ന്, മോനിച്ചനൊപ്പം ചാക്കോ വന്നിറങ്ങുമ്പോ മുതലുള്ള സീനുകളിൽ നിന്ന് വ്യക്തമായിരുന്നു. അത് കൊച്ചാപ്പൻ (ലാൽ) തിരിച്ചറിയുന്നുമുണ്ട്, താക്കീത് കൊടുക്കുന്നുമുണ്ട്. എന്നാലും ചാക്കോയിലെ കൂട്ടുകാരൻ പത്തി താഴ്ത്തുന്നില്ലാ...! ചാക്കോ മോനിച്ചനോട് കുടുംബം, സ്നേഹം, സ്വത്ത്, എന്നിവയെക്കുറിച്ച് പറഞ്ഞ് വക്കുന്നതിൽ ഒരക്ഷരം പോലും സത്യമാവുന്നില്ല എന്നതും ഏറെ ശ്രദ്ദേയമാണ്.

ജാൻ-എ-മനിൽ, മോനിച്ചനെ പരിചയപ്പെടുത്തുന്ന സീൻ മുതലിങ്ങോട്ട്, കൈയിൽ കിട്ടിയാൽ നല്ല നാലു പെട കൊടുക്കണം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ചാക്കോയെന്ന കൂട്ടുകാരനായി പ്രശാന്ത് മുരളി അഴിഞ്ഞാടുകയായിരുന്നു.

പ്രശാന്ത് മുരളി...! - മലയാളസിനിമാലോകത്തിൽ ചുവടുറപ്പിക്കുന്ന മറ്റൊരു പാലാക്കാരൻ... ചുരുക്കത്തിൽ പറഞ്ഞാൽ നാട്ടുകാരൻ...!!! ആഹാ... അതാണ്...!!!

പാലാ, 'കടനാടു'കാരൻ പ്രശാന്ത് മുരളി സ്കൂൾ കാലഘട്ടത്തിൽ ചില നാടകങ്ങളിൽ അഭിനിയിച്ചെങ്കിലും, അഭിനയമാണ് തൻ്റെ മേഖല എന്ന് തിരിച്ചറിയുന്നത്, കുറവിലങ്ങാട് ദേവമാതാ കോളേജിൽ പിജിക്ക് പഠിക്കുമ്പോൾ ചെയ്ത രണ്ട് മൂന്ന് നാടകങ്ങളിലൂടെയാണ്. പിന്നീട് കോട്ടയം കെ. ആർ. നാരായണൻ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്ട്സിൽ നിന്നും അഭിനയം സ്വായത്തമാക്കി.

പ്രശാന്ത് തൻ്റെ സിനിമാജീവിതം ആരംഭിക്കുന്നത് 2017 ലെ ‘ഏദൻ‘ എന്ന സിനിമയിലെ ബിനീഷ് എന്ന കഥാപാത്രത്തിലൂടെയാണ്. ആ വർഷം തന്നെ ഇറങ്ങിയ ‘അങ്കമാലി ഡയറിസ്‘ലെ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ്റെ ചെറിയ വേഷത്തിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് പ്രശാന്ത് 12 ൽ പരം സിനിമകളിൽ ചെറുതും വലുതുമായ റോളുകളിൽ തിളങ്ങി. ‘തൊട്ടപ്പൻ‘ലെ ബോബി, ‘ജനമൈത്രി‘യിലെ കള്ളൻ, ‘ആർക്കറിയാം‘മിലെ റേഷൻകടക്കാരൻ, ‘ജാൻ-എ-മൻ‘ലെ ചാക്കോ വരെ അതിൻ്റെ ഗ്രാഫിങ്ങനെ മുകളിലേക്ക് ഉയർന്ന്കൊണ്ടേയിരിക്കുന്നു.

ഇതിനിടയിൽ ചില മികച്ച ഷോർട്ട് ഫിലിമുകളിൽ പ്രധാനവേഷത്തിൽ എത്തി. കൂടാതെ പല പരസ്യങ്ങളിലും പ്രശാന്ത് മുരളി തൻ്റെ അഭിനയപാടവം തെളിയിച്ചിട്ടുണ്ട്. തമിഴ് ബിഗ് ബോസിൻ്റെ പരസ്യം ഒക്കെ എടുത്ത് പറയാവുന്നവയാണ്. എന്നാൽ എനിക്കേറ്റവും ഇഷ്ടമായത് 2018 ഫിഫാ വേൾഡ് കപ്പ് പരസ്യം ആണ്. ‘ഹൃദയം‘ ഫെയിം ‘ദർശന‘യുടെ ഭർത്താവായി ക്യൂട്ട് ഒരു പരസ്യം. ഹൃദയം സിനിമ കണ്ടതിനു ശേഷം ഇന്ന് ആ പരസ്യം കാണുമ്പോൾ അതിൻ്റെ ക്യൂട്ട്നെസ്സ് കൂടീയിട്ടുണ്ട്. (അദ്ദേഹത്തിൻ്റെ FB പേജിൽ ഉണ്ട് ആ പരസ്യം. ലിങ്ക് കമൻ്റിലിടാം)

ഇതുകൊണ്ടും തീർന്നില്ല... ടോം ഇമ്മട്ടിയുടെ അടുത്ത പടം ‘ദുനിയാവിൻ്റെ ഒരറ്റത്ത്‘ൻ്റെ കഥയും തിരക്കഥയും സംഭാഷണവും ഒക്കെയിൽ പ്രശാന്തിൻ്റെ കൂടീ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.

പ്രശാന്ത് മുരളിയഭിനയിക്കുന്നതും, കാണാൻ കാത്തിരിക്കുന്നതുമായ സിനിമയാണ് ‘അടിയാൻ‘. പോസ്റ്റർ കാണുമ്പോൾ തന്നെ നല്ല പ്രതീക്ഷ നൽകുന്നുണ്ട്. കൂടാതെ, ‘കൂമൻ, പന്ത്രണ്ട്, താറുമാർ, സൂചി,‘ തുടങ്ങി ഇപ്പോൾ ഞങ്ങളുടെ നാട്ടിൽ ഷൂട്ട് ചെയ്തുകൊണ്ടീരിക്കുന്ന സിനിമ വരെ, അങ്ങനെ പ്രശാന്തിൻ്റെ ചുവടുകൾ മുകളിലേക്ക് നീങ്ങുകയാണ്. അത് തുടർന്നുകൊണ്ടേയിരിക്കട്ടെ...!!

ഇനിയും കൂടുതൽ അറിയാൻ: https://m3db.com/prashanth-murali