വിജിയുടെ പെൺകൂട്ടും സ്വാതന്ത്ര്യസമരവും

“വിജിയേച്ചി.... ഞാ ഒരയിഡിയ പറയട്ടെ...!? നമ്മക്ക് യൂണിയങ്കാരോട് ഒന്നൂടെ സംസാരിച്ച് നോക്കിയാലോ...?“

“വിജിയേച്ചി, എന്നെക്കൊണ്ടാവൂല്ലാ വിജയേച്ചി...!!“

"വിജിയേച്ചി, നമ്മക്കെന്തേലും ചെയ്യണ്ടേ?“

Kunjila Mascillamani സംവിധാനം ചെയ്ത ‘അസംഘടിതർ‘ലെ വിജിയേച്ചിയാണ് മിട്ടായിതെരുവിലെ കടകളിൽ ജോലി ചെയ്യുന്ന പെൺകൂട്ടത്തിൻ്റെ എല്ലാമെല്ലാം. എന്തിനും ഏതിനും ഏതൊരു സ്ത്രീയും ഓടിയെത്തുന്നത് വിജിയേച്ചി എന്ന തയ്യൽക്കാരിയുടെ അടുത്തേക്കാണ്.

ഇത് സിനിമയിലെ മാത്രം കാര്യമല്ലാ... സിനിമക്ക് പുറത്ത് യഥാർത്ഥ ജീവിതത്തിലും കോഴിക്കോട് മിട്ടായിത്തെരുവിലെ സ്ത്രീജോലിക്കാർക്ക് എല്ലാമെല്ലാമാണ് വിജി പെൺകൂട്ട് എന്ന് 'ലോകമറിയുന്ന' യഥാർത്ഥ വിജി പള്ളിത്തൊടി.

ഇൻഡ്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷവും ലഭിക്കാതെപോയ സ്ത്രീകളുടെ ബേസിക് സ്വാതത്ര്യത്തിനു വേണ്ടി സമരം ചെയ്യേണ്ടി വന്ന്, വിജയം നേടിയ ഒരു ഫ്രീഡം ഫൈറ്റർ ആണ് ഈ വിജി പെൺകൂട്ട്. (വിജയം എന്നത് എത്രമാത്രം പൂർണ്ണതയിലെത്തി എന്നതിനുത്തരം, പലയിടത്തും ഇനിയും തുടരേണ്ട സമരവഴികളിലേക്ക് വിരൽ ചൂണ്ടിയേക്കാം.)

മിട്ടായിതെരുവിലെ കടകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങളിൽ ഒന്നായ മൂത്രപ്പുരക്കായിട്ടാണ് വിജിയുടെ നേതൃത്വത്തിൽ പെൺകൂട്ട് എന്നൊരു കൂട്ടായ്മ രൂപപ്പെടുന്നത്. മൂത്രപ്പുര സൗകര്യം ഇല്ലാത്തതിനാല്‍ സ്ത്രീകള്‍ വെള്ളം കുടിക്കാതെ ഇരിക്കാറായിരുന്നു പതിവ്. അല്ലെങ്കിൽ, അതേ വഴിയുണ്ടായിരുന്നുള്ളു. അത് അവരിൽ പലർക്കും പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കി. (സിനിമ കാണുന്നവർക്ക് ഇതൊക്കെ വ്യക്തമായി മനസിലാവുന്ന രീതിയിൽ ഒട്ടും ബോറടിപ്പിക്കാതെ ചിത്രീകരിച്ചിട്ടുണ്ട് എന്നത് അഭിനന്ദനാർഹം തന്നെ...!!)

2009ല്‍ തുടങ്ങിയ പെണ്‍കൂട്ട് എന്ന സംഘടന നടത്തിയ ഐതിഹാസികമായ മൂത്രപ്പുര സമരത്തിനും ഇരിപ്പുസമരത്തിനും ഫലമുണ്ടായി. മിട്ടായിത്തെരുവിലെ കെട്ടിടങ്ങളില്‍ ടോയ്‌ലെറ്റുകള്‍ നിര്‍ബന്ധമാക്കി. വ്യാപാര സ്ഥാപനങ്ങളിൽ സ്ത്രീ തൊഴിലാളികൾക്ക് ഇരിക്കാന്‍ സൗകര്യമേര്‍പ്പെടുത്തണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നു.

മുകളിൽ ‘ലോകമറിയുന്ന വിജി പെൺകൂട്ട്‘ എന്ന് പറയാൻ കാരണം.... തുടർന്ന്, 2018 ൽ ബിബിസി പുറത്തിറക്കിയ ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയിൽ 73 -മതായി വിജി പള്ളിത്തൊടിയും സ്ഥാനം പിടിച്ചു.

കുഞ്ഞിലയുടെ ‘അസംഘടിതർ‘ വെറുമൊരു സിനിമയല്ലാ, അതിനുമപ്പുറം അത് യഥാർത്ഥ സ്വാതന്ത്ര്യ സമരകഥ കൂടിയാണ്. സമയാസമയങ്ങളിൽ മൂത്രം ഒഴിക്കാനായിട്ടുള്ള സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള, - മൂത്രപ്പുരസമരം. വിജി പെൺകൂട്ട് യഥാർത്ഥ സമരനായികയും.... - സിനിമയിലും ജീവിതത്തിലും.

കൂടുതൽ അറിയാൻ m3db പ്രൊഫൈൽ: https://m3db.com/viji-penkoottu

©www.m3db.com