എന്റെ മുഖമെന്താ ഇങ്ങനെ...?

“ഇതെന്താ ഇങ്ങനെ...?“

“എങ്ങനെ...?“

“അല്ലാ, എൻ്റെ മുഖമെന്താ ഇങ്ങനെയിരിക്കുന്നത്...??“

അന്ന് തൻ്റെ ഫോട്ടോ കണ്ട് തളത്തിൽ ദിനേശൻ ചോദിച്ച ഈ ചോദ്യത്തിന് അന്നത്തെ ഫോട്ടോഗ്രാഫർക്ക് കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞില്ലാ എന്നതാണ് സത്യം.

തളത്തിൽ ദിനേശന് Facial Asymmetry അഥാവാ മുഖവശങ്ങളുടെ അനുപാതവ്യത്യാസങ്ങളെക്കുറിച്ച് പറഞ്ഞ് കൊടൂക്കാൻ ഫോട്ടോഗ്രാഫർക്ക് കഴിഞ്ഞില്ലന്നേ..!!

ങ്ഹേ...?? എന്തോന്ന്...??

ങ്ഹാ... ഇതിപ്പൊ നിങ്ങക്കും മനസിലയില്ലാല്ലേ...!! പറയാം...!!!

ലോകത്തുള്ള മാക്സിമം മനുഷ്യരുടേയും മുഖത്തിൻ്റെ രണ്ട് വശങ്ങളും തമ്മിൽ ചെറുതല്ലാത്ത വ്യത്യാസങ്ങൾ ഉണ്ട്. ഇങ്ങനെയുള്ള വ്യത്യാസത്തെയാണ് Facial Asymmetry എന്ന് പറയുന്നത്. ഇവിടെ പ്രശ്നം എന്താന്ന് വച്ചാൽ നമ്മൾ എന്നും കണ്ണാടിയിൽ കാണുന്ന മുഖമല്ലാ നമ്മൾ ഒരു ഫോട്ടോഗ്രാഫറെ കൊണ്ട് ഫോട്ടോ എടുത്ത് കാണുമ്പോൾ കാണുന്നത്. കാരണം, നമ്മൾ ജനിച്ച നാൾ മുതൽ എന്നും കണ്ട് ഇഷ്ടപ്പെട്ട മുഖം, കണ്ണാടിയിൽ കാണുന്ന നമ്മുടെ മുഖമാണ്. എന്നാൽ ഫോട്ടോയിൽ കിട്ടുന്നത് നേരെ വശം തിരിഞ്ഞതും. ഇതിൽ തമാശയെന്തെന്ന് വച്ചാൽ ശരിയായത് ഫോട്ടോയിലെ ആണെന്നുള്ളതാണെന്നിരിക്കെ, നമ്മൾ സ്വയം ഇഷ്ടപ്പെടുന്നത് മിഥ്യയായ കണ്ണാടിയിലെ മുഖവും.

ഇതിനുദ്ദാഹരണമായിട്ട് ഒരു സംഭവം പറയാം... മുംബയിൽ ഒരു പ്രീ-വെഡ്ഡിംഗ് ഷൂട്ട് ചെയ്യാൻ പോയതായിരുന്നു. ഓരോ ഷൂട്ടും കഴിഞ്ഞ് ക്യാമറയിലെ ചെറിയ ഡിസ്പ്ലേയിൽ കാണിക്കുമ്പോ പെൺകുട്ടിക്ക് ഫോട്ടോസ് ഒക്കെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നു എങ്കിലും, കുറച്ച് ടച്ചപ്പൊക്കെ ചെയ്ത് ഫോട്ടോ കൊടുത്തപ്പോ പെൺകുട്ടിക്ക് ഫോട്ടോസൊന്നും അങ്ങട് ഇഷ്ടപ്പെടുന്നില്ലാ. അവസാനം കക്ഷി ചെക്കനോട് പറഞ്ഞത്, അവൻ രഹസ്യമായിട്ട് എന്നോട് പറഞ്ഞു... “അവളു പറയുന്നത്, കണ്ണാടിയിൽ കാണുമ്പോ ഇത്ര സുന്ദരി ആയി ഞാൻ മേയ്ക്കപ്പ് എല്ലാം ഇട്ടിട്ട്, ഫോട്ടോയിൽ എന്തോ ഒരു വല്ലായ്മ..!! ആ ഫോട്ടോഗ്രാഫർ തീരെ പോരാ...!!“ എന്ന്.

കണ്ണാടിയിൽ സ്വയം കണ്ടിഷ്ടപ്പെട്ട ഫോട്ടോഷോപ്പിലെ ചിത്തരോഗിയെ ഞാൻ തിരിച്ചറിഞ്ഞു... ജീവൻ പണയം വച്ചൊരു പരീക്ഷണം... ഒരു ഫോട്ടോ ഒന്ന് ഫ്ലിപ്പ് ചെയ്ത് കക്ഷിക്ക് വാട്ട്സാപ്പ് ചെയ്തു. ഹെൻ്റെ പൊന്നോ, തിരിച്ച് ലൗ ഇമോജി തൊട്ട്, കിസ്സ് ഇമോജി വരെയെത്തി.

അപ്പോൾ ഞാൻ കക്ഷിയേം ചെക്കനേം ഒന്നിച്ച് ഗ്രൂപ്പ്കോൾ വിളിച്ച് കാര്യങ്ങൾ വിശദമാക്കാൻ ഒരു ശ്രമം നടത്തി. ഒരു പരിധിവരെ ആള് മനസിലാക്കി. അങ്ങനെ മനസിലാക്കാൻ പ്രധാനകാരണം, ചെക്കൻ ഇടക്ക് കയറി പറഞ്ഞു, എനിക്ക് ഇഷ്ടപ്പെട്ടത് ആദ്യം കാണിച്ച ഫോട്ടോസ് ആയിരുന്നു. ഇപ്പോൾ ഫ്ലിപ്പ് ചെയ്ത് അയച്ചതിൽ ഇത്തിരി ആൾ മാറിയോന്ന് ഒരു ഡൗട്ട് എന്ന്. പിന്നെ അവർക്കിടയിൽ നടന്നത് സ്ക്രീനിൽ കാണിക്കുന്നില്ലാ.

ചിലർക്ക് അങ്ങനെയൊന്നുമില്ലാ എന്നുണ്ടാവാം... എന്നാലും കൂടുതലും ആളുകൾക്ക് ഇങ്ങനെ അനുഭവം ഉണ്ട്. അതുകൊണ്ട് തന്നെയാണ് പലർക്കും മൊബൈലിൻ്റെ മുൻ വശത്തെ സെൽഫി ക്യാമറ ഫോട്ടോസിനോട് കൂടുതൽ ഇഷ്ടക്കൂടുതൽ തോന്നാൻ കാരണവും.

ഇതിനൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നമ്മുടെ ചില ഇഷ്ടനടന്മാരുടെ ഫോട്ടോ ആണെങ്കിലും ഫോട്ടോകൾക്ക് എന്തോ ഒരു വല്ലായ്മ അനുഭവപ്പെടുന്നുണ്ടാവാം. കാരണം ആ ചിത്രങ്ങളെല്ലാം ഫ്ലിപ്പ് ചെയ്തവയാണ് എന്നതുകൊണ്ടാണ്. എന്നാൽ എന്നും ഇവരൊക്കെ കണ്ണാടിയിൽ കാണുന്ന മുഖം ഇങ്ങനെയാണ് എന്നുള്ളതാണ് സത്യം.

എത്രമാത്രം മുഖത്തിൻ്റെ വശങ്ങളുടെ അനുപാതത്തിൽ സമാനതകൾ ഉണ്ടോ, അത്രയും ആൾ സുമുഖനാണ് എന്നാണ് പറയുന്നത്. (മുഖത്തിൻ്റെ ഗോൾഡൻ റേഷ്യോ ഒക്കെ നോക്കിയാണ് കൂടുതലും ഇത് കണക്കാക്കുന്നത്). പ്രായം കൂടുംതോറും ഈ അനുപാതസമാനതകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. ചിലപ്പോൾ ചില അസുഖങ്ങൾ കാരണം, അല്ലെങ്കിൽ പല്ലുകൾക്കും മോണക്കും ഉണ്ടാവുന്ന പ്രശ്നങ്ങൾ മൂലവും ഇങ്ങനെ രണ്ട് വശങ്ങളും തമ്മിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം.

*

മുഖത്തിൻ്റെ രണ്ട് വശങ്ങളേയും സിനിമയേയും ബന്ധിപ്പിക്കുന്ന ഒരു കാര്യം കൂടി ഇതിനൊപ്പം പറയട്ടെ...!!! മുഖത്തിൻ്റെ രണ്ട് വശങ്ങളേയും നിയന്ത്രിക്കുന്നത് തലച്ചോറിൻ്റെ രണ്ട് വശങ്ങൾ ആണെല്ലോ. അതായത് തലച്ചോറിന്റെ വലതുഭാഗം മുഖത്തിന്റെ ഇടതുവശത്തെ നിയന്ത്രിക്കുന്നു, തിരിച്ച് ഇടതുവശത്തെ തലച്ചോർ മുഖത്തിൻ്റെ വലത് വശത്തേയും. മുഖത്തിന്റെ ഇടത് വശത്ത് കൂടുതൽ ഭാവനാത്മകവും കലാപരവും വികാരഭരിതവുമായ കാര്യങ്ങൾ പ്രത്യക്ഷപ്പെടാം, അതേസമയം വലതുവശത്ത് കൂടുതൽ കാര്യഗൗരവമുള്ളതും വിശകലനപരവുമായ കാര്യങ്ങൾ പ്രതിഫലിക്കുന്നു എന്നാണ് ഞാൻ വായിച്ചിട്ടുള്ളത്. ഇവ രണ്ടും മാനേജ് ചെയ്യുന്നത് നേരെ എതിർ വശത്തുള്ള തലച്ചോറും. ഈ രണ്ട് വശങ്ങളിലേയും തലച്ചോറുകൾ കൃത്യമായി അനുപാതത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ആൾ ഉറപ്പായും ഒരു നല്ല നടനോ നടിയോ ഒക്കെയാവാം. (സിനിമയേയും അഭിനയത്തെയും ബന്ധിപ്പിച്ച് പറഞ്ഞു എന്ന് മാത്രം / അല്ലെങ്കിൽ വിജയം നേടാൻ കഴിയുന്ന, നവരസങ്ങൾ കൃത്യമായി മുഖത്ത് തെളിയിക്കാൻ കഴിയുന്ന പ്രതിഭ എന്നും പറയാം.).

*

മലയാളത്തിലെ നടീനടന്മാരിൽ ഈ Facial Asymmetry ഏറ്റവും കുറവുള്ളത് ആര് എന്ന് നോക്കുകയാണെങ്കിൽ, നിമിഷ സജയനും പാർവതി തിരുവോത്ത് ഒക്കെ ഒരുപരിധി വരെ തോന്നിയേക്കാം. ഇവരുടെ ഫോട്ടോസ് ഫ്ലിപ്പ് ചെയ്ത് നോക്കിയാലും കാര്യമായ മാറ്റം തോന്നാറില്ല. (എനിക്ക് തോന്നിയില്ല) പിന്നെ മുഖത്ത് ചില മെഡികൽ ക്രിയകൾ ചെയ്തവരെ ഒന്നും ഇങ്ങനെ നോക്കുന്നതിൽ പരിഗണിക്കാനും ആവില്ലാ.

എന്തായാലും, ഇങ്ങനെ ചില സിനിമാപ്രമുഖരുടെ ഒക്കെ കണ്ണാടികാഴ്ച്ചകൾ എങ്ങനെ ആവും എന്ന ചിന്തയിൽ നിന്ന് ഉരിത്തിരിഞ്ഞ ഈ കുറിപ്പിന് കാരണഭൂതയായ,

സാരിയുടൂത്ത് മിറർവ്യൂ (ഫ്ലിപ്പ് ആയ) സെൽഫിയെടുക്കുമ്പോൾ ഗുജറാത്തി ഫീൽ ആവുമെന്ന് ഞാൻ പറഞ്ഞപ്പോൾ, അത് ‘ആർഷ‘ഭാരത സംസ്കാരത്തെകാണിക്കാൻ ആണെന്ന് പറഞ്ഞ്, ഒപ്പം ‘മിററിൽ കാണുന്ന ഞാനാണ് യഥാർത്ഥ ഞാൻ‘ എന്ന് വാദിച്ച Aarsha Abhilash ന് നന്ദി പറഞ്ഞുകൊണ്ട് നിറുത്തുന്നു...!!

Comment