ഗ്രാമി അവാർഡ്സിന്റെ റെഡ് കാർപ്പറ്റ് ഷോസിലാണ് ആദ്യമായി ഗ്ലാംബോട്ട് എന്ന ഹൈ-സ്പീഡ് റോബോട്ടിക് ക്യാമറകളുടെ സ്റ്റൈലൻ സ്ലോമോ വീഡിയോസ് കാണുന്നത്. കനേഡിയൻ ഫിലിം മേക്കർ ‘കോൾ വാലിസർ‘ന്റെ മേൽനോട്ടത്തിൽ നടത്തുന്ന സ്പെഷ്യൽ പരിപാടിയാണ് ഈ ‘സ്ലോ-മോ‘ വീഡിയോ ഷൂട്ട്. ശരിക്കും അതിനു മുന്നിൽ ഒന്ന് പോസ് ചെയ്യാൻ ആഗ്രഹിച്ചുപോകുന്ന തരം കിടിലൻ ഔട്ട്പുട്ട് കണ്ട് ചിന്തിച്ചിട്ടുണ്ട്... “മലയാളസിനിമയിൽ വരുമോ ആവോ ഈ ഐറ്റം...?“
‘ട്രാൻസ്‘ സിനിമയുടെ ഷൂട്ടിനായി ‘ബോൾട്ട് ഹൈ-സ്പീഡ് സിനിബോട്ട് ക്യാമറ റോബോട്ട്‘ ഉപയോഗിക്കുന്നുണ്ട് എന്ന് എവിടെയോ വായിച്ചത്, ‘ട്രാൻസ്‘ തിയറ്ററിൽ കാണാൻ പ്രേരിപ്പിച്ചതിന്റെ പ്രധാന കാരണമായിരുന്നു.
പിന്നീട്, ‘നവരസ‘യുടെ ട്രയിലറിനു വേണ്ടി ബോൾട്ട് ക്യാമറ ഉപയോഗിച്ചു കണ്ടെങ്കിലും സിനിമയിൽ ഉപയോഗിച്ചിരുന്നില്ല.
പിന്നെ ഇതാ വന്നു.... ‘ഭീഷ്മപർവ്വം‘ ത്തിൽ മമ്മൂട്ടിയുടെ ഫൈറ്റ് സീനുകൾ ഒപ്പിയെടുത്തമ്പരപ്പിച്ചുകൊണ്ട് ‘ബോൾട്ട് ഹൈ-സ്പീഡ് സിനിബോട്ട് ക്യാമറ‘ വീണ്ടും മലയാളത്തിൽ...!! സ്ലോ-മോയ്ക്ക് പേരു കേട്ട അമൽ നീരദിന്റെ സിനിമയിലാവുമ്പോ അതിന്റെ ഭംഗി ഒന്ന് വേറേ തന്നെ...!!!
ഇനി.... എന്താണ് ഈ ബോൾട്ട് ക്യാമറ റോബോട്ട്?
ബോൾട്ട്™ സിനിബോട്ട്™ ഒരു ഹൈ-സ്പീഡ് ക്യാമറ റോബോട്ടാണ്. ക്യാമറയെ പ്രവർത്തിപ്പിക്കുന്ന ഒരു റോബോട്ട് അഥവാ റിഗ്. കൈകൾകൊണ്ടോ മറ്റേതെങ്കിലും രീതിയിലോ അസാധ്യമായ രീതിയിൽ, വളരെ മികച്ച ഫോക്കസിൽ ചിത്രങ്ങൾ പകർത്താൻ ബോൾട്ട് ക്യാമറകൾക്ക് കഴിയും. അത് പല ദിശയിൽ കറങ്ങിയും തിരിഞ്ഞും ഫോകസിൽ നിന്ന് മാറാതെ ഗംഭീരചിത്രങ്ങൾ പകർത്തുമെന്നതാണ് പ്രധാനം. സിനിമ അല്ലെങ്കിൽ പരസ്യങ്ങൾക്ക് പുതിയ ഒരു ദൃശ്യഭംഗി നൽകാൻ ഈ റോബോട്ട് ക്യാമറക്ക് കഴിയുന്നുണ്ട്. പരസ്യങ്ങൾ ചിത്രീകരിക്കുന്നതിനാണ് ഈ ഹൈ-സ്പീഡ് ക്യാമറ കൂടുതലായി ഉപയോഗിക്കുന്നത്. പ്രധാനമായും ടേബിൾടോപ്പ് ചിത്രീകരണങ്ങൾക്ക്. ഇതിന്റെ നിയന്ത്രണത്തിനായി റോബോട്ടിക്ക് പാഡുകളും മറ്റ് കമ്പ്യൂട്ടറൈസ്ഡ് ഉപകരണങ്ങളും ഉണ്ട്.
ഇതിൽ ഒരു പ്രധാനകാര്യം: ഒരു ബോൾട്ട് ക്യാമറ എന്നത് കമ്പ്ലീറ്റ് ആവുന്നത് ബോൾട്ട് റോബോട്ട് റിഗിനൊപ്പം ‘ഫാൻ്റം 4K‘ പോലെയുള്ള ഹൈ ലെവൽ ക്യാമറ മൗണ്ട് ചെയ്ത് കൂടിച്ചേരുമ്പോഴാണ്. ആ ക്യാമറയെ കണ്ട്രോൾ ചെയ്യുന്ന റോബോട്ടാവും ബോൾട്ട്. അങ്ങനെയാണ് ബോൾട്ട് ക്യാമറ റോബോട്ട് ആവുന്നത്. അതല്ലാതെ ബോൾട്ടിനൊപ്പം വരുന്ന ക്യാമറ ഉണ്ടെങ്കിലും അത് സ്പോർട്ട്സ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട് എങ്കിലും, ‘ഫാൻ്റം ക്യാമറ‘ പോലെ എഫക്റ്റീവ് അല്ലാത്രെ.
50 ലക്ഷം വിലയുള്ള ‘ബോൾട്ട് മിനി മൂവർ‘ മുതൽ മുകളിലേക്കുയർന്ന പല വിലയുള്ള ബോൾട്ട് ഹൈ-സ്പീഡ് ക്യാമറ റോബോട്ടുകൾ ഇന്ത്യയിൽ വാടകക്ക് നൽകുന്ന ചില കമ്പനികൾ ഉണ്ട്. അതിൽ പ്രധാനിയാണ് 1975 ൽ ‘ഹരീഷ് സംതാനി‘ ആരംഭിച്ച, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സ്റ്റീരിയോവിഷൻ‘ എന്ന ഫിലിം എക്യൂപ്മെൻ്റ് സൊലൂഷൻ കമ്പനി. ഇതേ സ്റ്റീരിയോവിഷനിൽ നിന്ന് തന്നെയാണ് ‘ഭീഷ്മ പർവ്വം‘ത്തിനു വേണ്ടിയും ബോൾട്ട് ക്യാമറ എത്തിയത്.
ഭീഷ്മപർവ്വത്തിനു വേണ്ടി ബോൾട്ട് ക്യാമറ ഓപ്പറേറ്റ് ചെയ്യാൻ എത്തിയതോ, സ്റ്റീരിയോവിഷന്റെ ഉടമസ്ഥനായ ‘ഹരീഷ് സംതാനി‘യുടെ മകൻ ‘അനൂജ് സംതാനി‘യും. ഈ ഒരൊറ്റ കാര്യത്തിൽ നിന്ന് മനസിലാക്കാം ബോൾട്ട് ക്യാമറയുടെ വാല്യൂ...!!!
ഇനി ബോൾട്ട്™ സിനിബോട്ട്™ ഹൈ-സ്പീഡ് ക്യാമറ റോബോട്ട് ഉണ്ടായ കഥ ചുരുക്കിപ്പറയാം.
1966 ൽ ആനിമേഷൻസിനു വേണ്ടീ ഉപയോഗിക്കാവുന്ന XYZ Rig വരച്ചുകൊടുത്തുകൊണ്ട് ആരംഭിച്ച ഒരു കൊച്ച് കമ്പനിയാണ് ‘മാർക് റോബെർട്സ് ഫിലിം സർവീസ്‘. പിന്നീട് 1991 ൽ മാർക് റോബെർട്ടും അദ്ദേഹത്തിന്റെ ടീമും ചേർന്ന് ‘മിലി ക്യാമറ‘ കണ്ടുപിടിച്ചു. അത് സിനിമ - ടെലിവിഷൻ മേഖലകളിൽ വിപ്ലവം സൃഷ്ടിച്ചു. 1999 ൽ Milo Motion-Control Crane അകാഡമി അവാർഡ് പോലും കരസ്ഥമാക്കി.
‘മിലോ‘യുടെ ഗംഭീരവിജയത്തിന്റെ തുടർക്കഥയായി 2012ൽ ലോകത്തിലെ തന്നെ ഏറ്റവും വേഗത കൂടിയ ഹൈ-സ്പീഡ് മോഷൻ കണ്ട്രോൾ റിഗ് ജന്മമെടുത്തു. ‘ബോൾട്ട് ഹൈ സ്പീഡ് മോഷൻ കണ്ട്രോൾ റിഗ്‘.
അതേ വർഷത്തിലെ തന്നെ ഒളിമ്പിക്സ് 2012 ന്റെ ഭാഗമായി ‘നികോൺ‘ കമ്പനിയുമായി നടത്തിയ പങ്കാളിത്തം വിജയിച്ചതിന്റെ ഫലമായി, കമ്പനിയുടെ മാക്സിമം ഷെയറുകളും നികോൺ വാങ്ങിച്ചു. പിന്നീട് അങ്ങോട്ട് MRMC (MARK ROBERTS MOTION CONTROL) ന്റെ ദിനങ്ങൾ മാത്രമായിരുന്നു. ലോകത്തിലെ ഏറ്റവും സ്പീഡുള്ള റിഗ് നിർമ്മാതാക്കളും ബെസ്റ്റ് ക്യാമറ നിർമ്മാതാക്കളും ഒന്നിച്ചപ്പോൾ 'ബോൾട്ട്‘ വേറേ ലെവലിലേക്ക് ഉയർന്നു. ‘ബോൾട്ട് ഹൈ-സ്പീഡ് സിനിബോട്ട് ക്യാമറ റോബോട്ട്‘.
ബോൾട്ട് എക്സ്, ബോൾട്ട് സിനിമ, ബോൾട്ട് ജൂണിയർ പ്ലസ്, ബോൾട്ട് മിനി മൂവർ, ഇങ്ങനെ പല വേരിയൻ്റ്സും ഉണ്ട് ബോൾട്ട് ക്യാമറ റോബോട്ടുകൾക്ക്.
ഇനി തുടക്കത്തിൽ പറഞ്ഞ റെഡ് കാർപെറ്റ് പരിപാടികളിൽ തിളങ്ങുന്ന ‘കോൾ വാലിസർ‘ന്റെ ഗ്ലാംബോട്ട് എന്ന ഹൈ-സ്പീഡ് റോബോട്ടിക് ക്യാമറയുടെ കാര്യം. അതിനുള്ളിലും സംഭവം ‘ബോൾട്ട് ഹൈ-സ്പീഡ് സിനിബോട്ട് ക്യാമറ‘ തന്നെ. റെഡ് കാർപ്പെറ്റ് ഷോകൾക്ക് വേണ്ടി അതിന്റെ ബ്രാൻഡിംഗ് സെറ്റപ്പൊന്ന് മാറ്റിയെന്നേ ഉള്ളുവത്രെ...!!!
Josemon Vazhayil | #m3db | #m3dbjosemon