നന്ദു കൃഷ്ണമൂർത്തി - ഒരു നോൺ ലീനിയർ കഥ

Trivia

മലയാള സിനിമയിലെ മുൻനിര സ്വഭാവ നടന്മാരിൽ ഒരാളാണ് നന്ദു എന്ന നന്ദു കൃഷ്ണമൂർത്തി. 1983-ൽ ആലപ്പി അഷറഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു മാട പ്രാവിന്റെ കഥ എന്ന സിനിമയിൽ ആൾക്കൂട്ടത്തിൽ ഒരാളായി ഒരു രംഗത്ത് മിന്നി മാഞ്ഞു പോകുന്ന സാന്നിധ്യത്തിലൂടെ സിനിമയിൽ തുടക്കം കുറിച്ച നന്ദു വേണു നാഗവള്ളിയുടെ സർവ്വകലാശാലയിലൂടെയാണ് തന്റെ അഭിനയ ജീവിതം ശരിക്കും ആരംഭിക്കുന്നത്. ഇടക്കാലത്ത് വേണു നാഗവള്ളിയുടെ സംവിധാന സഹായി ആയും പ്രവർത്തിച്ച നന്ദു ചെറിയൊരു ഇടവേളയ്ക്ക് ശേഷം രഞ്ജിത്തിന്റെ "തിരക്കഥ" എന്ന സിനിമയിലൂടെ ആണ് കാമ്പുള്ള കഥാപാത്രങ്ങളിലേക്ക് ചേക്കേറിയത്. തുടർന്ന് ബ്യൂട്ടിഫുൾ, ആമേൻ, സ്പിരിറ്റ്, ഒറ്റമന്ദാരം തുടങ്ങിയ സിനിമകളിലൂടെ ഒരു മികച്ച സ്വഭാവ നടനായി തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. നല്ലൊരു ഗായകൻ കൂടിയായ നന്ദുവിന് അഭിനയവും സംഗീതവും പകർന്ന് കിട്ടിയ വഴികളിലേക്ക് ഒന്ന് പോകാം.

 ഇന്ത്യൻ സിനിമയിലെ തന്നെ മുന്‍നിര സ്റ്റുഡിയോകളിലൊന്നായ ജെമിനി സ്റ്റുഡിയോ‌ ആദ്യമായി നിര്‍മ്മിച്ച 'മദനകാമരാജന്‍' എന്ന തമിഴ് ചിത്രം റിലീസായത് 1941-ലാണ്. അതേ പേരില്‍ പ്രശസ്തമായിരുന്ന ഒരു നാടോടിക്കഥയുടെ സിനിമാവിഷ്കാരമായിരുന്നു ആ ചിത്രം. കര്‍ണ്ണാടക സംഗീതജ്ഞനായ വി വി സടഗോപന്‍ ചെയ്ത നായക കഥാപാത്രത്തിന്റെ തോഴനായ‌ി ഗുണശീലന്‍ എന്ന പ്രാധാന്യമേറിയ കഥാപാത്രമുണ്ട് സിനിമയില്‍. ആ വേഷം ചെയ്തത് 1940-കളില്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യനായിരുന്ന എന്‍ കൃഷ്ണമൂര്‍ത്തി എന്ന യുവാവായിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് തന്നെ മദ്രാസിലെ 'ഷൈനിങ് സ്റ്റാര്‍ സൊസൈറ്റി' എന്ന നാടക സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു കൃഷ്ണമൂര്‍ത്തി.‌ സ്റ്റേജ് നാടകങ്ങള്‍ക്ക് പുറമേ 78rpm ഗ്രാമഫോണ്‍ റെക്കോഡുകളില്‍ നാടകം റെക്കോഡ് ചെയ്ത് 'ഡ്രാമ സെറ്റ്' എന്ന പേരില്‍ വിതരണവും ചെയ്തിരുന്ന ഈ സൊസൈറ്റിയില്‍ സജീവ പങ്കാളിത്തമുണ്ടായിരുന്നു കൃഷ്ണമൂര്‍ത്തിക്ക്. 'മദനകാമരാജന്‍' വിജയിച്ചതോടെ കൃഷ്ണമൂര്‍ത്തി സിനിമാ രംഗത്തും ശ്രദ്ധിക്കപ്പെട്ടു. ഒരു നല്ല ഗായകൻ.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഒരാഴ്ച കഴിഞ്ഞപ്പോള്‍, 1947 ആഗസ്റ്റ് 22-ന്, റിലീസായ തമിഴ് സിനിമയാണ് 'ത്യാഗി'. ദലിതരുടെ ഉന്നമനവും അവരുടെ ക്ഷേത്ര പ്രവേശനവും മുഖ്യ പ്രമേയമായി വന്ന സാമൂഹ്യ പ്രസക്തിയുള്ള ‌ഈ ചിത്രത്തിലെ പ്രധാന വേഷം ചെയ്തത് വി എന്‍ ജാനകിയാണ്. പിന്നീട് എം ജി ആറിന്റെ ഭാര്യയും‌ തമിഴ് നാടിന്റെ മുഖ്യമന്ത്രിയുമൊക്കയായി മാറിയ വി എന്‍ ജാനകിയുടെ ജോഡിയായി 'ത്യാഗി'യില്‍ എന്‍ കൃഷ്ണമൂര്‍ത്തി അഭിനയിച്ചു. ഈ ചിത്രത്തിന് മുമ്പ് 1945-ലിറങ്ങിയ "എന്‍ മകന്‍" എന്ന സിനിമയിലും കൃഷ്ണമൂര്‍ത്തി നായക വേഷം ചെയ്തിരുന്നു.‌

'ത്യാഗി' സംവിധാനം ചെയ്ത റാംജിഭായ് ആര്യ, S R കൃഷ്ണ അയ്യങ്കാർ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത "വിനോദിനി" എന്ന തമിഴ് സിനിമയിലും എന്‍ കൃഷ്ണമൂര്‍ത്തി നായക വേഷം ചെയ്തു. ലളിത - പത്മിനിമാരുടെ നൃത്തരംഗവൂം ഈ സിനിമയിലുണ്ടായിരുന്നു. ഈ സിനിമയ്ക്ക് ശേഷം കൃഷ്ണമൂര്‍ത്തി അഭിനയത്തോട് വിട പറഞ്ഞ് ഇന്ത്യൻ ആര്‍മിയില്‍ ചേര്‍ന്നു.

ഇന്ത്യൻ ആര്‍മിയില്‍ കുറച്ച് കാലം പ്രവര്‍ത്തിച്ച ശേഷം തിരിച്ചെത്തിയ കൃഷ്ണമൂർത്തി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സിന് കീഴിൽ‌ ടേബിൾ ടെന്നീസ് കോച്ചായി പ്രവര്‍ത്തിച്ചു. സ്വാതിതിരുനാള്‍ സംഗീത കോളേജിലെ അദ്ധ്യാപികയായ സുകുമാരിയുമായി വിവാഹം കഴിഞ്ഞ‌ ശേഷം തിരുവനന്തപുരത്ത് താമസമാക്കി. തിക്കുറിശ്ശി സുകുമാരൻ നായര്‍ കഥ, തിരക്കഥ, സംഭാഷണം എഴുതി പ്രധാന വേഷത്തിലഭിനയിച്ച് ആര്‍ വേലപ്പൻ നായര്‍ സംവിധാനം ചെയ്ത " സ്ത്രീ" എന്ന സിനിമ‌ (1950) -യിൽ  ബി എ ചിദംബരനാഥ് ഈണം നല്‍കിയ നാല് ഗാനങ്ങള്‍ ആലപിച്ച് ഗായിക എന്ന നിലയിലും പ്രശസ്ത ആയിരുന്നു സുകുമാരി. ആലപ്പുഴ മേടയില്‍ തറവാട്ടംഗമായ സുകുമാരിക്കും കൃഷ്ണമൂർത്തിക്കും ഒരു  ആണ്‍ കുഞ്ഞ് ജനിച്ചു. പക്ഷേ പ്രസവം കഴിഞ്ഞ് രണ്ട് മാസമായപ്പോള്‍ സുകുമാരി അന്തരിച്ചു. പിന്നീടങ്ങോട്ട് വിഭാര്യനായി തന്നെ നിലകൊണ്ട കൃഷ്ണമൂർത്തി വര്‍ഷങ്ങള്‍ക്ക് ശേഷം ടേബിള്‍ ടെന്നീസ് കോച്ചിങ്ങിനിടെ തന്നെ മരണപ്പെട്ടു.

കൃഷ്ണമൂർത്തിയുടെയും സുകുമാരിയുടെയും മകൻ മലയാള സിനിമയിലെ പ്രധാന നടന്മാരിൽ ഒരാൾ ആയി തിളങ്ങി നിൽക്കുന്നതിൽ അത്ഭുതം ഉണ്ടോ ?...

നന്ദുവെന്ന ഗായകൻ

ഗോപുര കിളിവാതിലിൽ ... നന്ദു പാടിയത് ...ഒപ്പം എം 'ആർ .രാജാകൃഷ്ണനും

 

 

Tags: