മലയാളി എന്നെന്നും താലോലിക്കുന്ന കുറെയേറെ ഗാനങ്ങള്‍ രചിച്ച മണ്മറഞ്ഞ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയ്ക്ക്, വിടപറഞ്ഞിട്ട് ഒരുപതിട്ടാണ്ടിലേറെയായിട്ടും അദ്ദേഹത്തിന്‍റെ ജന്മനാട്ടില്‍ ഒരു സ്മാരകമില്ല എന്നത് ഗാനാസ്വാദകാര്‍ക്ക് വേദന സമ്മാനിക്കുന്ന കാര്യമാണ്. ഇപ്പോള്‍ ഈ വിഷയത്തില്‍ അഭിനന്ദനാര്‍ഹമായ ഇടപെടലുകള്‍ നടത്തിയിര്‍ക്കുകയാണ് ബാലുശ്ശേരി എംഎല്‍എ ആയ കെ എം സച്ചിന്‍ദേവ്. മാസങ്ങള്‍ക്ക് മുന്‍പേ തന്നെ സ്മാരകം നിര്‍മ്മിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കിയ എംഎല്‍എ അതിന്‍റെ തുടര്‍ച്ചയായി നടപ്പ് നിയമസഭാ സമ്മേളനത്തില്‍ മന്ത്രിയോട് പുരോഗതി എന്തെന്ന് ആരാഞ്ഞിരിക്കുന്നു. മന്ത്രി നല്‍കിയ മറുപടിയില്‍ സ്മാരകം നിര്‍മ്മിക്കാന്‍ വേണ്ടി സ്ഥലം, പ്ലാന്‍, എസ്റ്റിമേറ്റ് തുടങ്ങിയ വിവരങ്ങള്‍ കൈമാറാന്‍ സാംസ്കാരികവകുപ്പ് മെധാവി മുഖേന ഉള്ള്യേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കിയതായും അവ കിട്ടുന്ന മുറയ്ക്ക് തുടര്‍നടപടി ക്രമങ്ങള്‍ നടത്തുന്നതായിരിക്കും എന്ന് നിയമസഭയെ അറിയിച്ചു.
കോഴിക്കോട് ഉള്ള്യേരി പുത്തഞ്ചേരി സ്വദേശിയായ ഗിരീഷ് ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറുകളുടെ തുടക്കത്തില്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചുവെങ്കിലും 1992 -93 വര്‍ഷങ്ങളില്‍ പുറത്തുവന്ന ജയരാജ് സംവിധാനം ചെയ്ത ജോണിവാക്കര്‍ (സംഗീതം: എസ് പി വെങ്കടേഷ്), സിബി മലയില്‍ സംവിധാനം ചെയ്ത മായാമയൂരം (സംഗീതം: രഘുകുമാര്‍), ഐ വി ശശി സംവിധാനം ചെയ്ത ദേവാസുരം (സംഗീതം: എംജി രാധാകൃഷ്ണന്‍) എന്നീ ചിത്രങ്ങളിലെ ഗാനങ്ങളുടെ വന്‍ ജനപ്രീതിയിലൂടെയാണ് മുന്‍നിരയിലേക്ക് വന്നത്. തുടര്‍ന്ന് അവസരങ്ങള്‍ ധാരാളം കൈവന്ന അദ്ദേഹം 1995ല്‍ വേണു നാഗവള്ളി സംവിധാനം ചെയ്ത അഗ്നിദേവന്‍ (സംഗീതം: എംജി രാധാകൃഷ്ണന്‍) എന്ന ചിത്രത്തിലൂടെ ആദ്യമായി മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന പുരസ്ക്കാരം നേടുകയും പിന്നീട് മരണം വന്ന് കൂട്ടിക്കൊണ്ടുപോകുന്നവരെയുള്ള ഒന്നര ദശാബ്ദക്കാലം മലയാളത്തിലെ ഏറ്റവും തിരക്കേറിയ ഗാനരചയിതാവായി വാഴുകയും ചെയ്തു.
രവീന്ദ്രന്‍, എം ജി രാധാകൃഷ്ണന്‍, വിദ്യാസാഗര്‍, എം ജയചന്ദ്രന്‍ എന്നീ സംഗീതസംവിധായകരുടെ കൂടെച്ചേര്‍ന്നാണ് കൂടുതല്‍ ഹിറ്റുകള്‍ക്ക് അദ്ദേഹം ജന്മം നല്‍കിയത് എങ്കിലും അക്കാലത്തെ എല്ലാ സംഗീത സംവിധായകര്‍ക്കൊപ്പവും മികച്ച ഗാനങ്ങള്‍ക്ക് വേണ്ടി കൂട്ടുചേരാന്‍ ഈ ഹിറ്റ്‌മേക്കര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആസ്വാദകമാനസ്സിനെ ഒറ്റക്കേള്‍വിയില്‍ തന്നെ കീഴടക്കാന്‍ കഴിയുന്ന പദസമ്പത്ത്, വളരെ വേഗത്തില്‍ ഈണത്തിന് അനുസരിച്ച് വരികള്‍ എഴുതാന്‍ ഉള്ള കഴിവ് എന്നിവയാണ് പുത്തഞ്ചേരിക്കവിയെ സിനിമയ്ക്ക് പ്രിയപെട്ടവനാക്കിയത്. 7 തവണയാണ് സംസ്ഥാന ബഹുമതിയാല്‍ ആ തൂലിക ഔദ്യോഗികമായി ആദരിക്കപെട്ടത്. പാട്ടെഴുത്തിന്റെ കൂടെ സിനിമയിലെ കഥാകൃത്തും തിരകഥാകൃത്തുമായൊക്കെ അദേഹത്തിന്റെ പേര് ശീര്‍ഷകത്തില്‍ ചേര്‍ക്കപെട്ടിട്ടുണ്ട്. സര്‍ഗസപര്യയുടെ ഉയരങ്ങളില്‍ നില്‍ക്കെ 2010 ഫെബ്രുവരി 10-ന് അദ്ദേഹം മരണത്തിന് കീഴടങ്ങി.
ആയിരത്തില്‍ പരം ഗാനങ്ങള്‍ക്കൊണ്ട് മലയാളിയുടെ മനസ്സില്‍ എന്നെന്നും കുടിയിരിക്കുന്ന അദ്ദേഹത്തിന് ജന്മദേശത്ത് വൈകിയ വേളയിലും ഒരു സ്മാരകം ഉണ്ടാകുന്നു എന്നത് ഗാനാസ്വാദകാര്‍ക്ക് ആഹ്ളാദം നല്‍കുന്ന വാര്‍ത്തയാണ്.