m3dbcafe ലോഗോ - ഒരു വിശകലനം

Design/Art

ഓരോ ലോഗോയുടെയും പിന്നിൽ ഒരാശയം ഉണ്ടാവാറുണ്ട്. അത് പ്രതിനിധാനം ചെയ്യുന്ന കമ്പനിയുടെ പേരിൻ്റെ ആദ്യ അക്ഷരങ്ങൾ തുടങ്ങി പ്രവർത്തിമേഖലകൾ വരെ വളരെ സിമ്പോളിക് ആയി ഒളിപ്പിച്ചുവച്ചിട്ടുണ്ടാവും. പെട്ടന്ന് ഉദാഹരണമായി പറയാൻ ആണെങ്കിൽ ലാൽ ജോസിൻ്റെ LJ Films ൻ്റെ ലോഗോയാണ്. ഡയറക്ടർ തൻ്റെ രണ്ട് കൈകളിലേയും തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് ഫ്രെയിം സെറ്റ് ചെയ്യുന്നതാണ് LJ Films ൻ്റെ ലോഗോയിൽ കാണിച്ചിരിക്കുന്നത്. ഒപ്പം L J അക്ഷരങ്ങളും. ഇതുപോലെ എല്ലാ ലോഗോക്കും പിന്നിൽ ഓരോ ആശയങ്ങൾ ഉണ്ടായേക്കാം.

അങ്ങനെ നോക്കുമ്പോൾ, നമ്മുടെ പുതിയ സംരംഭമായ m3db cafe യുടെ ലോഗോയുടെ അർത്ഥമെന്താണാവോ...? ഞാനൊന്ന് ചിന്തിച്ച് നോക്കി...

കാണാൻ സിമ്പിൾ പക്ഷെ പവർഫുൾ. എങ്ങനെയെന്നോ...? ഇതിനൊപ്പം ചേർത്തിരിക്കുന്ന ചിത്രത്തിൽ നിന്ന് കാര്യങ്ങൾ എളുപ്പത്തിൽ വ്യക്തമാവും. എന്നാലും പറയാം.

ഫിലിം റീൽ: ലോഗോയിൽ ആ വൃത്താകൃതി ഫിലിം റീലായും വലത് വശത്ത് കോർണറിലായി കാണുന്നത് അതിൽ നിന്നും പുറത്തേക്ക് നിൽക്കുന്ന ഫിലിമായും പ്രതിപാദിക്കുന്നു. സിനിമയെ സംബന്ധിക്കുന്ന എല്ലാ വിശേഷങ്ങളും ഇതിലൂടെ കടന്ന് വരികയാണ്.

മൂസിക് ഡിസ്ക്: ലോഗോയുടെ വൃത്താകൃതിയിലുള്ള ഉള്ളിലെ ഭാഗം ഒരു മ്യൂസിക് ഡിസ്ക് ആയി ചിത്രീകരിച്ചുകൊണ്ട് സംഗീതമേഖലയെയും പോർട്ടലിൻ്റെ ഭാഗമായി കാണിച്ചിരിക്കുന്നു. സംഗീതവിശേഷങ്ങളും അറിവുകളും അങ്ങനെ ഈ പോർട്ടലിൻ്റെ മറ്റൊരു മർമ്മപ്രധാനവിഷയമാണെന്ന് വിളിച്ചോതുന്നു.

മാഗ്നിഫൈയിംഗ് ഗ്ലാസ്: സിനിമ-സംഗീതമേഖലയിലെ രസകരവും അറിവു പ്രധാനം ചെയ്യുന്നതുമായ, ചെറിയതും വലുതുമായ ഒരുപാട് കാര്യങ്ങൾ ഒരു ഭൂതക്കണ്ണാടിയിലൂടെ എന്നപോലെ തിരഞ്ഞ് പിടിച്ച് ഈ പോർട്ടൽ വഴി കൊണ്ടുവരിക എന്ന വലിയ ആശയമാണ് മാഗ്നിഫൈയിംഗ് ഗ്ലാസ് കൊണ്ട് അർത്ഥമാക്കുന്നത്.

കോഫീ മഗ്: ഡാറ്റാബേസ് പോർട്ടലായ m3db.com വളരെ ആധികാരികതയോടു കൂടിയും അതുപോലെ സീരിയസ്സ് ആയും ആണ് വർക്ക് ചെയ്യുന്നത്. അതിൽ ഫൺ എലമെൻ്റ് വളരെ കുറച്ച് മാത്രമേ വായിക്കാൻ ലഭിക്കൂ. എന്നാൽ ഈ പോർട്ടൽ വളരെ ലൈറ്റ് ആയതും ഫൺ നിറഞ്ഞതും ഒരു കോഫി കുടിക്കുന്ന ലാഘവത്തോടെ വായിച്ചനുഭവിക്കാൻ കഴിയുന്നതുമാണ് എന്നതാണ് കറക്റ്റ് പോയിൻ്റ്. ഒപ്പം തന്നെ പഴയ നാട്ടിൻപുറത്തെ ചായക്കടകളിൽ ആയിരുന്നു നാട്ടിലെ വിശേഷങ്ങൾ ചർച്ചകൾ വാർത്തകൾ ഒക്കെ പങ്കുവയ്ക്കപ്പെട്ടിരുന്നത്. അത് തന്നെയാവും ഇവിടെ ഈ മോഡേൺ café യിലും. വിഷയം സിനിമയും സംഗീതവും ആവുമെന്ന വ്യത്യാസം മാത്രം.

പിന്നെ ടാഗ് ലൈൻ - MOVIES, MUSIC & MORE: Malayalam Movies and Music - m3യിൽ നിന്ന് Movies, Music and More എന്ന m3 യിലേക്ക് മാറിയിരിക്കുന്നു...! കാര്യം വ്യക്തമാണ്... ആദ്യത്തെ മലയാളം എന്നത് മാറിയിട്ട് അവസാനം More എന്നായിരിക്കുന്നു...! ഈ പോർട്ടലിൽ മലയാളത്തിൻ്റെ അതിർവരമ്പുകൾ കടന്നുള്ള യാത്രയുണ്ടെന്നത് തന്നെയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.

ഇവയെല്ലാം കൂടി ഒന്നിക്കുന്നിടത്താണ് m3db cafe യുടെ ലോഗോ തെളിയുന്നത്. ഗംഭീരമായിരിക്കുന്നു Kumar Neelakandan കുമാറേട്ടാ...!!!

Comment