രവീന്ദ്രൻ പാടിത്തീർത്ത സംഗീതവഴികൾ..

Music

രവീന്ദ്രൻ എന്ന സംഗീതസംവിധായകൻ - മരണാനന്തരം ഇത്രയധികം ആഘോഷിക്കപ്പെട്ട, ഒരു ബ്രാൻഡ് നെയിം ആയി മാറിയ കലാകാരന്മാർ മലയാളത്തിൽ നന്നേ ചുരുക്കമാണ്.

നമ്മൾ ഏവരും ഏറെ ഇഷ്ടപ്പെടുന്ന ആ ഗാനങ്ങൾ അവ അർഹിക്കുന്ന പഠനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ടോ? പലർക്കും പലതരം പ്രത്യേകതകളാണ് രവീന്ദ്രന്റെ ഗാനങ്ങൾ. ചിലർക്ക് അത് ശാസ്ത്രീയതയാണ്, ചിലർക്ക് അത് രാഗഭാവങ്ങളാണ്, ചിലർക്ക് അതിലെ വയലിൻ നാദങ്ങളാണ്, ചിലർക്ക് യേശുദാസിന്റെ ശബ്ദഗാംഭീര്യമാണ്. ചിലർക്ക് അതിലെ സങ്കീർണ്ണതകളാണ്, ചിലർക്ക് അതിലെ ലാളിത്യവുമാണ്. എന്തു കൊണ്ട് നമ്മൾ രവിന്ദ്രന്റെ സംഗീതം ഇഷ്ടപ്പെടുന്നു?

ഒരു കേൾവിക്കാരന്റെ വീക്ഷണകോണിൽ നിന്നും നമുക്ക് ആ ഗാനങ്ങളിൽ നിന്ന് ഗ്രഹിച്ചെടുക്കാൻ കഴിയുന്ന പ്രത്യേകതകൾ എന്തൊക്കെയാണ്?

വോക്കൽസ്

മലയാളത്തിൽ ശൈലി കൊണ്ട് തിരിച്ചറിയാൻ കഴിയുന്ന സംഗീതസംവിധായകർ ഒരുപാടുണ്ട്. പക്ഷെ വോക്കൽസിന്റെ പ്രായണപഥം കൊണ്ടു മാത്രം തിരിച്ചറിയാൻ കഴിയുന്ന സംഗീതസംവിധായകർ, രവീന്ദ്രനോളം വരില്ല മറ്റാരും.

അത്രയ്ക്ക് വ്യക്തിത്വം പ്രകടിപ്പിക്കുന്ന വോക്കൽസാണ്‌ രവീന്ദ്രന്റെ ഗാനങ്ങളിൽ. ഒരു പക്ഷെ ആ ഗാനങ്ങളിൽ ഏറ്റവും ആകർഷകമായ ഘടകവും അതു തന്നെ. ചില ഗാനങ്ങളിൽ, ഈ വോക്കൽസിന്റെ, പ്രത്യേകിച്ച് പല്ലവിയിൽ അനുഭവപ്പെട്ടിട്ടുള്ള, ഒരു പ്രത്യേകത ശ്രദ്ധിച്ചിട്ടുണ്ടോ?

ഇവയുടെ സ്വരങ്ങൾ വിന്യസിച്ചിരിക്കുന്നത് പ്രധാനമായും താഴ്ന്ന സ്ഥായിയിലായിരിക്കും. അതായത് മൂന്ന് സ്വരാഷ്ടകങ്ങളുടെ(Octaves) ഒരു ക്യാൻവാസ് എടുത്താൽ, മിക്കവാറും ആദ്യപകുതിയിൽ ആയിരിക്കും ഇവയുടെ സഞ്ചാരത്തിന്റെ ഏറിയ പങ്കും. ചിലപ്പോൾ ഒരല്പം മദ്ധ്യത്തിൽ നിന്ന് കീഴ്സ്ഥായിയിലേക്കു പൊടുന്നനെയുള്ള ഒരു മൂർച്ചയേറിയ ഒരു നില മാറ്റം, അല്ലെങ്കിൽ കീഴ്സ്ഥായിയിൽ പോകാവുന്നത്രയും താഴെയുള്ള ഒരു സ്വരം സ്പർശിച്ച് വീണ്ടും ഒരല്പം മേലേക്കുള്ള മടങ്ങി വരവ്. 

കീഴ്സ്ഥായിയിലേക്കുള്ള വ്യക്തമായ ഈ സ്വരധ്രുവീകരണം ആ ഗാനത്തിന്റെ മൊത്തതിലുള്ള മൂഡ് തന്നെ പാകപ്പെടുത്തിക്കളയും. ഈ ഒരു ഘടനയിലുള്ള ഗാനങ്ങളാണ്‌ രവീന്ദ്രന്റെ സർഗ്ഗാത്മകതയിൽ ഏറ്റവും സവിശേഷമെന്നു തോന്നിയിട്ടുള്ളത്. “ഭാവഗാംഭീര്യമുള്ള ഗാനങ്ങൾ” എന്നു നാം വിശേഷിപ്പിക്കുന്നതിന്‌ ഒരു കാരണം കീഴ്സ്ഥായിയിലേക്ക് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന ഈ സ്വരസഞ്ചാരമല്ലേ?  

താരകേ, ഒറ്റക്കമ്പി നാദം, പുഴയോരഴകുള്ള പെണ്ണ്‌, ഹൃദയം ഒരു വീണയായ്, മാനം പൊന്മാനം, ആദ്യരതി നീലിമയിൽ, രാഗം അനുരാഗം, പാലാഴിപ്പൂമങ്കേ,ഏതോ നിദ്ര തൻ, മുത്തു പൊഴിയുന്ന പുത്തിലഞ്ഞിച്ചോട്ടിൽ, ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ, വികാരനൗകയുമായ്, ഇരുഹൃദയങ്ങളിലൊന്നായ് വീശി, നീലക്കടമ്പുകളിൽ, മേടമാസപ്പുലരി കായലിൽ, പുലരി വിരിയും മുൻപേ, മനസ്സേ നിന്റെ മണിനൂപുരങ്ങൾ, ഈറൻപീലി കണ്ണുകളിൽ, എന്നിങ്ങനെ ഒരുപാടു ഗാനങ്ങളുണ്ട് ഉദാഹരണങ്ങളായി.. 

ഇതു മാത്രം നല്ലത് എന്ന വിവക്ഷയല്ല, പല വിധത്തിലുള്ള ഗാനങ്ങളും രവീന്ദ്രൻ ചിട്ടപ്പെടുത്തിയിട്ടുണ്ട്, അവയിൽ ഏറിയ പങ്കും അതിമനോഹരങ്ങൾ തന്നെയാണ്‌. പക്ഷെ ഒരു സംഗീതസംവിധായകനെ അടയാളപ്പെടുത്തുന്ന ഏറ്റവും വലിയ പ്രത്യേകത എന്ന് രവീന്ദ്രന്റെ ഗാനങ്ങളിൽ അനുഭവപ്പെട്ടിട്ടുള്ളത് മുകളിൽ വിവരിച്ച ഈ ഒരു ഘടകമാണ്‌. 

രവീന്ദ്രന്റെ ഗാനങ്ങളിൽ യേശുദാസിൻ്റെ ശബ്ദഭംഗിയും ആലാപനമികവുമൊക്കെ വേറിട്ടൊരു അനുഭൂതിയാകാൻ ഒരു കാരണം മേൽപറഞ്ഞ താഴ്ന്ന സ്വരങ്ങളുടെ കയ്യടക്കമാർന്ന വിന്യാസമല്ലേ?

ലെയറിംഗ്

രവീന്ദ്രന്റെ മെലഡിയുടെ സഞ്ചാരവഴികളിലെ മറ്റൊരു പ്രത്യേകതയാണ് “ലെയറിംഗ്“ അഥവാ പല തട്ടുകളിലായി അടുക്കി വച്ച ആരോഹണാവരോഹണ സഞ്ചാരങ്ങൾ.

“മലരും കിളിയും ഒരു കുടുംബം“(ആട്ടക്കലാശം) എന്ന ഗാനത്തിൻ്റെ ചരണം ശ്രദ്ധിക്കൂ:

“മാനത്തെ – കുഞ്ഞുങ്ങൾ - സിന്ദൂരം – ചിന്തുന്ന“ എന്ന ഭാഗം അവരോഹണത്തിൽ തന്നെ നാലോ അഞ്ചോ സ്വരങ്ങൾ വീതമുള്ള നാലു ലെയറുകളാണ്. അവയുടെ പിന്നാലെ വരുന്ന “അച്ഛനും അമ്മയക്കും...“ എന്നു തുടങ്ങുന്ന ഭാഗവും അതു പോലെ തന്നെ.

മറ്റൊരു ഉദാഹരണം – “ഹേമന്ദ ഗീതം സാനന്ദം മൂളും“(താളം തെറ്റിയ താരാട്ട്)..“മാറിൽ - മഞ്ഞിൻ - മുത്തും -ചാർത്തി – മന്ദ – സ്മേര – പൂക്കൾ -‌ചൂടൂ..“ ആരോഹണത്തിൻ്റെ ലെയറിംഗ്.

ഒരു പാട് ഗാനങ്ങളിൽ രവീന്ദ്രൻ ഈ ശൈലി ഉപയോഗിച്ചിട്ടുണ്ട്. ചില ഗാനങ്ങളിൽ ഈ ലെയറുകൾ ഒരു ലീനിയർ പാറ്റേർൺ ആണ് പിന്തുടരുന്നതെങ്കിൽ, മറ്റു ചില ഗാനങ്ങളിൽ ലെയറുകൾക്കുള്ളിൽ തന്നെ ഏറ്റക്കുറച്ചിലുകളുണ്ടാകും.

മറ്റ് ഉദാഹരണങ്ങൾ....

- “പൊൻ-പുലരൊളി-പൂവിതറിയ-കാളിന്ദിയാടുന്ന....“

- “കരളിലമൃതമഴ-ചൊരിയുമളവിലിള-മിഴികളിളകി.......... (ഏഴു സ്വരങ്ങളും...)

- “ദീപം കയ്യിൽ സന്ധ്യാദീപം-ദീപം കയ്യിൽ താരാദീപം-ആകാശപ്പൂമുഖത്താരോ കൊളുത്തിയൊ-രായിരം കണ്ണുള്ള ദീപം..“

- “നീവരു-മീ വഴി-പൂവിത-റുന്നത് തങ്കക്കിനാവോ...

- “കവിയുടെ-ഗാനര-സാമൃത—ലഹരിയിൽ-ഒരുനവ-കനക-കിരീടമി-തണിയുമ്പോൾ.....

പലപ്പോഴും ഇത് ഒരു രാഗാരോഹണമോ അവരോഹണമോ ഒക്കെ ആയി അനുഭവപ്പെടാം. “ഹിമകണമിതറു നീ പവനനിലൊഴുകി വരൂ..“ എന്ന ശകലം അമൃതവർഷിണിയുടെ ആരോഹണമല്ലാതെ മറ്റെന്താണ്?

ഓർക്കസ്ട്രയിലും കേൾക്കാം ലെയറിംഗ് – “രാജീവം വിടരും നിൻ മിഴികൾ“ എന്ന ഗാനത്തിൻ്റെ തുടക്കത്തിലെ ഫ്ളൂട്ട് ബിറ്റുകൾ, “എന്തിനു വേറൊരു സൂര്യോദയ“ ത്തിൻ്റെ തുടക്കത്തിലെ വയലിൻ ബിറ്റുകൾ, “ഇരു ഹൃദയങ്ങളിൽ ഒന്നായ് വീശി“ എന്ന ഗാനത്തിൻ്റെ തുടക്കത്തിലെ സിന്തസൈസർ നോട്ട്സ് എന്നിവ ശ്രദ്ധിക്കുക.

രവീന്ദ്രൻ്റെ ഗാനങ്ങളുടെ വ്യക്തിത്വത്തിലെ ഒരു സുപ്രധാന ഘടകമാണ് ഈ ലെയറിംഗ്/ആരോഹണാവരോഹണ ശൈലി.

 

ഓർക്കെസ്ട്ര

രവീന്ദ്രനെക്കുറിച്ചുള്ള പഠനങ്ങളിലും ചർച്ചകളിലും അദ്ദേഹം ഗാനങ്ങളിൽ കൊണ്ടു വന്നിട്ടുള്ള ശാസ്ത്രീയസംഗീതസ്പർശത്തിനാണ് അധികവും ഊന്നൽ നൽകി കണ്ടിട്ടുള്ളത്. ഓർക്കെസ്ട്രയെക്കുറിച്ച് അത്രയധികം പ്രതിപാദിച്ചു കണ്ടിട്ടില്ല. 

വളരെ സമ്പുഷ്ടമായ, അർഥവത്തായ ഓർകെസ്ട്ര രവീന്ദ്രൻ്റെ ഗാനങ്ങളിലുണ്ട്. മേൽപ്പറഞ്ഞ വോക്കൽസിൻ്റെ ചില പ്രത്യേകതളൊക്കെ ഓർക്കെസ്ട്രയിലും നമുക്ക് കാണാവുന്നതാണ്. 

വയലിൻ്റെ ഉപയോഗം തന്നെയാണ് ഇതിൽ ഏറ്റവും സവിശേഷമായി തോന്നിയിട്ടുള്ളത്. 

ഉപകരണസംഗീതവും മാഷ് പാടിക്കൊടുക്കുകയാണ് ചെയ്യാറ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതു കൊണ്ടു തന്നെയാണെന്നു തോന്നുന്നു ഓർക്കെസ്ട്രയിലും സമ്പുഷ്ടമായൊരു ഭാവതീവ്രത, രാഗഭാവം എന്നതൊക്കെ നമുക്ക് അനുഭവപ്പെടുന്നത്. 

പാശ്ചാത്യശൈലിയുള്ള ഓർക്കെസ്ട്രായാണ് മാഷിൻ്റെ ഗാനങ്ങളിൽ എന്നു പറയുക വയ്യ. എന്നാൽ അതിവിദ്ഗദ്ധമായ ഉപകരണവിന്യാസം കൊണ്ടും കർണ്ണാടകസംഗീതശൈലിയുള്ള സ്വരസഞ്ചാരം കൊണ്ടും താളവാദ്യങ്ങളുടെ കൃത്യവും മനോഹരവുമായ പശ്ചാത്തലം കൊണ്ടുമൊക്കെ രവീന്ദ്രൻ്റെ ഗാനങ്ങൾക്ക് ഈ ഓർക്കെസ്ട്ര വല്ലാത്തൊരു മനോഹാരിതയും ഗാംഭീര്യവുമൊക്കെ പകർന്നു നൽകും. 

ചെല്ലോയും വയലിനും പശ്ചാത്തലത്തിൽ വന്ന് മെലഡിയുടെ ഘനഗാംഭീര്യം മറ്റൊരു തലത്തിലേക്കുയർത്തും ചിലപ്പോൾ. 

ചില ഗാനങ്ങളിൽ ജുഗൽബന്ദിയെ ഓർമ്മിപ്പിക്കുന്ന തരത്തിൽ രണ്ട് ഉപകരണങ്ങൾ തമിലുള്ള ഒരു സംഭാഷണം നമുക്ക് കേൾക്കാം – 

“ഏഴു സ്വരങ്ങളും“, “നീലക്കടമ്പുകളിൽ‌“ എന്നീ ഗാനങ്ങളിൽ വയലിനും താളവാദ്യവും തമ്മിലുള്ള സംഭാഷണങ്ങൾ ഉദാഹരണം,  “പാലാഴിപ്പൂമങ്കെ“ യിലെ ചില പ്രയോഗങ്ങൾ കാലത്തിനു മുന്നേ സഞ്ചരിച്ചവയായിരുന്നു!!!!!! 

മറ്റൊരു പാട്ടിനെ ഓർമ്മിപ്പിക്കുന്നത് 

ഒരു പാട്ടിനിടയിൽ മറ്റൊരു പാട്ടിനെയോ കീർത്തനത്തെയോ ഒക്കെ ഓർമ്മിപ്പിക്കുക – മലയാളത്തിൽ രവീന്ദ്രൻ മാത്രം പ്രയോഗിച്ചിട്ടുള്ള ഒരു സംഗതിയാണത്.(അല്ലേ??) 

ഹൃദയം ഒരു വീണയായ് (ഇത്തിരി നാണം പെണ്ണിൻ കവിളിന്) 

കണ്ണോടു കണ്ണായ സ്വപ്നങ്ങൾ (മനതാരിൽ എന്നും...) 

തേനും വയമ്പും (ഏകഭാവം ഏതോ താളം...) 

മിക്കവാറും ഓർമ്മിപ്പിക്കുന്നത് അതേ ചിത്രത്തിലെ തന്നെ മറ്റൊരു ഗാനത്തെ ആയിരിക്കും. 

കർണ്ണാടകസംഗീതത്തിലെ ചില കീർത്തനങ്ങളും ഈ ഓർമ്മപ്പെടുത്തലിൻ്റെ ഒരു സവിശേഷതയാണ്.. 

കാണാമറയത്ത്(പ്രദക്ഷിണം) – എന്ത നേർച്ചിന 

പത്ത് വെളുപ്പിന്(വെങ്കലം) - നഗുമോമു ഗനലേനി.. 

“രാഗം അനുരാഗം.. ആദ്യത്തെ അനുരാഗം“(ആദ്യത്തെ അനുരാഗം) എന്ന ഗാനത്തിൽ എത്ര വിദഗ്ദ്ധമായാണ് “എന്തരോ മഹാനുഭാവുലു“ ഒളിപ്പിച്ചു വച്ചത്!!!!

ക്ളാസ്സിക്കലിസം

ക്ളാസ്സിക്കൽ ശൈലിയിലുള്ള സ്വരപ്രയോഗങ്ങളുടെ ഒരു പരിച്ഛേദമാണ് രവീന്ദ്രൻ്റെ ഗാനങ്ങൾ എന്നു പറയുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല. എന്നാൽ ഈ ഒരു പ്രത്യേകത നില നിൽക്കുമ്പോൾ തന്നെ മലയാളത്തിൻ്റെ ലളിതസംഗീതത്തിൻ്റെ സ്വഭാവവും ഓർക്കെസ്ട്രയുടെ സമ്പുഷ്ടതയുമൊക്കെ വളരെ അയത്നലളിതമായി ഗാനങ്ങളിൽ സന്നിവേശിപ്പിച്ചു എന്നതാണ് രവീന്ദ്രനെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തുന്നത്.

“ജോഗ്“ എന്ന രാഗത്തെക്കുറിച്ചൊക്കെ സിനിമാസംഗീതസദസ്സുകളിൽ കേട്ടു തുടങ്ങിയത് “പ്രമദവനം“ എന്ന ഗാനത്തിനു ശേഷം ആയിരുന്നിരിക്കില്ലേ?

“സാരമതി“ രാഗത്തിന് മലയാളസിനിമാസംഗീതത്തിൽ റഫറൻസ് വയ്ക്കാൻ രവീന്ദ്രൻ്റെ പാതിരാമയക്കത്തിൽ, പറയൂ ഞാൻ എങ്ങനെ പറയേണ്ടൂ എന്നീ ഗാനങ്ങളല്ലേ പ്രധാനമായും നമുക്ക് കണ്ടെത്താനുള്ളൂ?

“ജയന്തശ്രീ“ രവീന്ദ്രനോളം മികവിൽ മറ്റാരെങ്കിലും മലയാളത്തിൽ ഉപയോഗിച്ചിട്ടുണ്ടോ?

ലളിതസംഗീതം

ഒരു സിനിമാഗാനത്തിനു ലഭിക്കാവുന്നത്രയും തന്നെ, അല്ലെങ്കിൽ അതിനു മുകളിൽ, താരപ്പകിട്ടും ശ്രദ്ധയുമൊക്കെ ലഭിച്ച ഗാനമാണ് “മാമാങ്കം പലകുറി കൊണ്ടാടി...“.

“വസന്തഗീതങ്ങൾ“ മുതൽ “ഋതുഗീതങ്ങൾ“ വരെയുള്ള ഗാനസമാഹാരങ്ങളിൽ രവീന്ദ്രൻ്റെ സർഗ്ഗാത്മകതയുടെ എല്ലാ സവിശേഷതകളും അടങ്ങിയിട്ടുണ്ട്. ഒരു പക്ഷെ മലയാള ലളിതഗാനശാഖയ്ക്ക് ഒരു അളവുകോലും റഫറൻസുമൊക്കെ സൃഷ്ടിച്ചു കളഞ്ഞു രവീന്ദ്രൻ്റെ ആൽബങ്ങൾ.

പ്രചാരവും ജനകീയതയും നിലവാരവും എല്ലാം പരിഗണിക്കുമ്പോൾ, രവീന്ദ്രൻ സംഗീതം നൽകിയ ഗാനസമാഹരങ്ങളുടെ, വിശിഷ്യാ വസന്തഗീതങ്ങളുടെയും ഉൽസവഗാനങ്ങളുടേയും അത്രയും വരില്ല മറ്റൊരു ആൽബവും.(വിദ്യാസാഗറിൻ്റെ തിരുവോണകൈനീട്ടം മറക്കുന്നില്ല, എങ്കിലും).

ശ്രദ്ധിക്കപ്പെടാതെ പോയ ഗാനങ്ങൾ

ഈ ഒരു ശീർഷകത്തിൽ മലയാളത്തിൽ നിന്നുള്ള ഗാനങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുകയാണെങ്കിൽ അതിൽ നല്ലൊരു പങ്കും ചിലപ്പോൾ രവീന്ദ്രന്റെ ഗാനങ്ങൾ ആയിരിക്കും.

ചെയ്യുന്ന സിനിമകളുടെ വലിപ്പച്ചെറുപ്പം നോക്കാതെ ഉയർന്ന നിലവാരമുള്ള ഗാനങ്ങൾ ഉറപ്പു വരുത്തുന്നതിൽ അദ്ദേഹം നന്നേ ശ്രദ്ധ ചെലുത്തിയിരുന്നു.

“ടെലിഫോണിൽ തൊടരുത്“, “മഹസ്സർ“, “ഈഗിൾ“, “എന്റെ റ്റ്യൂഷൻ ടീച്ചർ“ എന്നിങ്ങനെയുള്ള സിനിമകൾ ഇന്ന് ഓർമ്മകളിൽ എവിടെയെങ്കിലുമുണ്ടെങ്കിൽ അത് രവീന്ദ്രന്റെ സംഗീതവുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും.

“നീലക്കടമ്പ്“, “സുവർണ്ണ ക്ഷേത്രം“ പോലെയുള്ള ചിത്രങ്ങൾ റിലീസാകുക പോലും ചെയ്തില്ല.

ഇഷ്ടക്കേടുള്ളത്

രവീന്ദ്രൻ ചെയ്ത ഗാനങ്ങളൊടോ ആ ശൈലിയോടോ ഒന്നും ഇഷ്ടക്കേട് തോന്നിയിട്ടില്ല.

എന്നാൽ ചിലപ്പോളെങ്കിലും ഹരിമുരളീരവത്തോടും വടക്കുന്നാഥനോടും ചില വിയോജിപ്പുകൾ തോന്നിയിട്ടുണ്ട്. രവീന്ദ്രൻ്റെ ഗാനങ്ങളുടെ ആകെത്തുകയെടുക്കുമ്പോൾ നിലവാരം കൊണ്ട് ഒരു ശരാശരി, അല്ലെങ്കിൽ ഒരല്പം മേലെ എന്നതിൽക്കവിഞ്ഞ് ഈ ഗാനങ്ങൾക്ക് വലിയ സവിശേഷതയുള്ളതായി തോന്നിയിട്ടില്ല.

പക്ഷെ ഈ ഗാനങ്ങൾ രവീന്ദ്രൻ എന്ന കമ്പോസറുടെ ഒരു ബ്രാൻഡ് ഔട്ട്പുട്ട് ആയി വിശേഷിപ്പിക്കപ്പെടുന്നതിൽ അങ്ങേയറ്റം വിയോജിപ്പുണ്ട്.

ഈ 2-3 ഗാനങ്ങളുടെ പേരിൽ ആഘോഷിക്കപ്പെടേണ്ട ഒരു കമ്പോസറല്ല അദ്ദേഹം എന്ന് ഉറച്ചു വിശ്വസിക്കുന്നു.

‌മരണാനന്തരം

ജീവിച്ചിരുന്നപ്പോൾ കിട്ടിയതിനേക്കാൾ വലിയ സ്വീകാര്യതയും പോപ്പുലാരിറ്റിയും മരണാനന്തരം അദ്ദേഹത്തിന് ലഭിച്ചതായി തോന്നിയിട്ടുണ്ടോ?

2005 സമയത്ത് രവീന്ദ്രൻ സംഗീതം നൽകിയ അവസാനത്തെ ആൽബം എന്ന പേരിൽ രണ്ടോ മൂന്നോ സമാഹാരങ്ങൾ - ചൊല്ലിയാട്ടം, കളഭം, കളഭം തരാം കണ്ണാ(ഭക്തിഗാനങ്ങൾ) എന്നിവ - വിപണിയിൽ എത്തിയിരുന്നു.

അവസരങ്ങളുടെ പെരുമഴയൊന്നും അദ്ദേഹത്തിന് ഒരു കാലത്തും ലഭിച്ചതായി ഓർക്കുന്നില്ല. പക്ഷെ “ചൂള“ മുതൽ ‌“വടക്കുന്നാഥൻ“ വരെയുള്ള 25 വർഷങ്ങൾ നീണ്ട സംഗീതജീവിതത്തിൽ ഓർത്തു വയ്ക്കാവുന്ന, പഠനവിധേയമാക്കാവുന്ന നിരവധി ഗാനങ്ങൾ അദ്ദേഹം മലയാളത്തിൽ ചെയ്തു.

ഇനി ഒരിക്കൽ കൂടി നിങ്ങൾ രവീന്ദ്രൻ്റെ ഗാനങ്ങൾ കേട്ടു നോക്കൂ.. മുകളിൽ എഴുതിയ ചില കാര്യങ്ങളെങ്കിലും നിങ്ങൾക്കും അനുഭവപ്പെടും. തീർച്ച!!

കടപ്പാട്: രവീന്ദ്രൻ്റെ നിരവധി ഗാനങ്ങൾ കേൾപ്പിച്ചു തന്ന ആകാശവാണിയോടും ചുരുക്കം ചില സംഗീതസുഹൃത്തുക്കളോടും.