രാജാവിന്റെ മകൻ - മറ്റൊരു ജൂലൈ പതിനേഴ്

Memoirs

"രാജാവിന്റെ മകൻ" 36 വർഷം!!

ഞാൻ സ്‌കൂളിൽ പഠിക്കുമ്പോഴാണ് രാജാവിന്റെ മകന്റെ വരവ്. എല്ലാ ആഴ്ചയും വീട്ടുകാരറിഞ്ഞോ അറിയാതെയോ ആണ് സിനിമ കാണാൻ ലോക്കൽ തിയറ്ററിലേക്ക് പോകുന്നത് (അന്ന് മൂന്നു തിയറ്ററുകൾ ഉണ്ടായിരുന്നു ഞങ്ങളുടെ പഞ്ചായത്തിൽ) "രാജാവിന്റെ മകൻ" ഇറങ്ങി വിശേഷങ്ങളറിഞ്ഞതിനു ശേഷം ഒരു ഇരിക്കപ്പൊറുതിയില്ല. അമ്മാതിരി വിശേഷങ്ങളാണ് കേൾക്കുന്നത്. മോഹൻലാലിന്റെ സ്റ്റണ്ട് , കിടിലം ഡയലോഗ്സ് , ലാസ്റ് സീനിലെ മെഷീൻ ഗൺ വെടിവെപ്പ്. ഓരോ ആഴ്ച പിന്നിടുമ്പോൾ സൗകര്യമുള്ള കൂട്ടുകാരൊക്ക ടൗണിൽ വീട്ടുകാർക്കൊപ്പം പോയി പടം കണ്ടു വന്നു ഗമ കാണിക്കാൻ തുടങ്ങി. ഇവന്മാരോട് എന്തേലും മിണ്ടിയാൽ " ക്ഷമ ചോദിക്കാൻ നന്ദു എന്ത് തെറ്റാ ചെയ്തത്? മൈ ഫോൺ നമ്പർ ഈസ് ഡബിൾ ടു ഡബ്ബിൾ ഫൈവ് " കണ്ണിലേക്ക് പെന്സില് ചൂണ്ടിയിട്ടു ചെലര് പറഞ്ഞു കളയും "കണ്ണിനു കണ്ണ് പല്ലിനു പല്ല് " പുല്ല് ! ഒരു തൊയിരവുമില്ല!! പടം കണ്ടില്ലെങ്കിൽ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നു വരെ തോന്നി. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ സിനിമയുടെ ശബ്ദരേഖ ഇറങ്ങി. ടേപ്പ് റെക്കോർഡർ ഉള്ള ഏത് വീട്ടിലും രാജാവിന്റെ മകൻ! ലോട്ടറികാരൻ ചേട്ടൻ ഭാഗ്യക്കുറി അനൗൺസിമെന്റിന്റെ ഇടയിൽ രാജാവിന്റെ മകന്റെ ശബ്ദരേഖ. അത് കേൾക്കാൻ തന്നെ ലോക്കറിക്കാരന്റെ സൈക്കിളിനു പിന്നാലെ ഒന്ന് ഒന്നര കിലോമീറ്ററോളം ഓടിയിട്ടുണ്ട്.

കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങളുടെ നാട്ടില് എത്തി രാജാവിന്റെ മകൻ. വീട്ടിൽ നിന്നും അടിച്ചു മാറ്റി പെറുക്കിയെടുത്ത ഒന്നര രൂപയും കൊണ്ട് ശനിയാഴ്ച തന്നെ തീയ്യറ്ററിലേക്ക് ഓടി.മോഹൻലാൽ വിൻസന്റ് ഗോമസ് ആണെന്നറിയാം കള്ളക്കടത്തുകാരൻ ആണെന്ന് അറിയാം, പക്ഷെ വിൻസന്റ് ഗോമസ് എന്ന നായകൻറെ "പവർ" അറിഞ്ഞത് ആദ്യസീനിൽ നായകൻ കോടതിലേക്ക് വരുന്ന സീനിലാണ് ഫോട്ടോ എടുത്ത ന്യൂസ് ഫോട്ടോഗ്രാഫറെ രൂക്ഷമായി നോക്കി അയാളെക്കൊണ്ട് തന്നെ ആ ഫിലിം റോൾ നശിപ്പിക്കുന്ന, കോടതിയുടെ ചവിട്ടുപടിയിൽ സ്യൂട്ട് അണിഞ്ഞു നിൽക്കുന്ന മോഹൻലാലിൽ വിൻസന്റ് ഗോമസ് എത്രമാത്രം ശക്തൻ എന്ന് തിരിച്ചറിഞ്ഞു. അടിപൊളി, പിന്നീടങ്ങോട്ട് വിൻസന്റ് ഗോമസിന്റെ സഹായികളായി കുമാറും പീറ്ററും മാത്രമായിരുന്നില്ല ഞാനും ഒപ്പമുണ്ടായിരുന്നു, അല്ല, സിനിമ കണ്ട ഓരോരുത്തരും വിൻസന്റ് ഗോമസിനു സഹായിയായി കൂടെയുണ്ടായിരുന്നു.

അങ്ങിനെ, പേറൊഴിഞ്ഞ പെണ്ണിന്റെ ആശ്വാസം പോലെ, കാത്തുകാത്തിരുന്ന ആ സിനിമ കണ്ടപ്പോഴുള്ള ആശ്വാസം ചില്ലറയായിരുന്നില്ല. പടം എന്തായാലും രണ്ടാം വാരം ഓടും, പറ്റിയാൽ അടുത്താഴ്ച ഒന്നുകൂടി കാണണം. പിറ്റേ ദിവസം സ്‌കൂളിൽ പോയത് ഞാനായിട്ടായിരുന്നില്ല , നടത്തവും നോട്ടവും വർത്തമാനവും വിൻസന്റ് ഗോമസ് ആയിട്ടായിരുന്നു, ഞാൻ മാത്രമല്ല ആ ആഴ്ച സിനിമ കണ്ട പല യവന്മാരും വിൻസെന്റ് ഗോമസ്‌കളായിരുന്നു . ക്ലാസ്സിൽ നമ്മുടെ പുസ്തകമോ പേനയോ തൊട്ടടുത്ത ബെഞ്ചുകാരൻ എടുക്കാൻ കൈ നീട്ടിയാൽ ചാടി അവന്റെ കൈപിടിച്ച് തിരിച്ചു ഒരു ഡയലോഗുണ്ട് "കൈ പോയാലും തലയ്ക്കു വേദനിക്കും ..... ആ കൈയങ്ങു വെട്ടിക്കളഞ്ഞേക്ക് ". ഉച്ചയ്ക്ക് ലഞ്ച് ബ്രെക്കിനു സ്‌കൂളിനടുത്ത പീടികയിൽ പോയി മിഠായിയും ബബ്ബിൽഗവും പാക്കറ്റ് അച്ചാറും തിന്നുന്നവരുണ്ടായിരുന്നു, അടുത്ത ദിവസം മുതൽ അവർ സോഡാ വാങ്ങി കുടിക്കാൻ തുടങ്ങി, എന്തിനാ ? ഒരൊറ്റ ഡയലോഗ് പറയാൻ " ഓപ്പണറില്ലേ സോഡ പൊട്ടിക്കാൻ ? " 

സിനിമയുടെ ഹാങ്ങോവറിൽ പിന്നീട് കുറേക്കാലം സ്‌കൂളിൽ നിന്ന് തിരിച്ചു വീട്ടിലേക്കു മടങ്ങും വഴിയിൽ വെച്ച് ബട്ടൻസ് പൊട്ടിയ ട്രൗസർ വലിച്ചു കുത്തി തോളൊന്നു ചെരിച്ചു ഇല്ലാത്ത മീശ പിരിച്ചു, പറയുമായിരുന്നു :

YES!

I am a Prince, An underworld Prince..

അധോലോകങ്ങളുടെ രാജകുമാരൻ

Relates to: 
രാജാവിന്റെ മകൻ
Comment