മഹേഷ് ഭാവന എന്ന ഫോട്ടോഗ്രാഫറുടെ ജനനം

Cafe Special

മഹേഷ് എങ്ങിനെയുള്ള ആളാണെന്നു തുടക്കം മുതലേ എഴുത്തുകാരനും സംവിധായകനും കൃത്യമായ സൂചന തരുന്നുണ്ട്. പ്രേത്യേകിച്ചു അയാളുടെ വസ്ത്രധാരണത്തിലും ആറ്റിറ്റ്യുഡിലും ഒക്കെ. ഒരു സ്റ്റുഡിയോ ഫോട്ടോഗ്രാഫറായ അയാളുടെ വസ്ത്രധാരണം തന്റെ പ്രൊഫഷന് ചേരുന്ന രീതിയിൽ ആയിരുന്നില്ല. പലപ്പോഴും മുണ്ടും അയഞ്ഞ ഷർട്ടും ഇട്ടാണ് അയാളുടെ നടപ്പ്. ഒട്ടും ഫാഷനബിൾ അല്ലാത്ത, മോഡേൺ അല്ലാത്ത, സ്റ്റൈലിഷ് അല്ലാത്ത, ഒരു സാധാരണക്കാരന് ചേരുന്ന ഉടുപ്പും ഭാവഹാവാദികളും ആണ് മഹേഷിന്. ചാച്ചൻ ദിനവും ഷേവ് ചെയ്തു മിനുക്കിയ കവിളുകളും ചീകി ഒതുക്കിയ മുടിയും ഒക്കെയായി നടക്കുമ്പോൾ (തന്റെ യൗവ്വനത്തിൽ ഓച്ചിറയിൽ കാബറെ കാണാൻ പോയ ടീമാണ് !! ) മഹേഷ് പക്ഷേ ഒരു ദിവസമെങ്കിലും ഷേവ് ചെയ്യാൻ വൈകിയ മുഖത്തോടെയാണ് നടക്കുന്നത്. വീട്ടിലും സിനിമയ്ക്ക് പോകുമ്പോഴുമൊക്കെ ഇടുന്നത് വെറും സാധാരണമായ ടീ ഷർട്ട് ആണ്. കട- ജോലി - വീട് എന്നതിനപ്പുറം അയാളുടെ പ്രൊഫഷനായി ബന്ധപ്പെട്ട ഒന്നും പുതുതായി അയാൾ ചിന്തിക്കുന്നില്ല. ഫോട്ടോഗ്രാഫർ എന്നത് അയാളെ സംബന്ധിച്ചിടത്തോളം ചാച്ചനിൽ/കുടുംബത്തിൽ നിന്നും പകർന്നു കിട്ടിയ സ്റ്റുഡിയോ നടത്തിപ്പ് ആണ്. അത് കൃത്യമായും വ്യക്തമായും മഹേഷിന്റെ മാനറിസങ്ങളിലൂടെയും വേഷങ്ങളിലൂടെയും ഒക്കെ കാണിച്ചിട്ടുണ്ട്.

മഹേഷ്, മഹേഷ് ഭാവന എന്ന ഫോട്ടോഗ്രാഫർ ആകുന്നതിന്റെ വിശദമായൊരു പരിണാമം എഴുത്തുകാരനും സംവിധായകനും ആ സിനിമയിൽ വലിയൊരു സീക്വൻസ് ആയിത്തന്നെ കാണിച്ചിട്ടുണ്ട്. സിനിമയിൽ ഏറ്റവും കൂടുതൽ വിശദീകരിക്കാൻ എടുത്ത ഒരു ഭാഗം അതാണെന്നു തോന്നുന്നു.

അതിനു മുൻപ് മഹേഷ് പ്രകാശ് സിറ്റിയിലെ ഏതൊരു സാധാരണ ചെറുപ്പക്കാരനെയും പോലെ എന്നും 'ഒരു ജോലി' ചെയ്യുന്ന, ഫോട്ടോഗ്രാഫിയോ ആ പ്രൊഫഷനോ ഒന്നും ഒട്ടും ആവേശിച്ചിട്ടും ഉൾക്കൊണ്ടിട്ടുമില്ലാത്ത വെറും മഹേഷ്. ജിംസിയുടെ "ചേട്ടന് ഇതിനെപ്പറ്റി വലിയ ധാരണ ഒന്നും ഇല്ലല്ലേ " എന്നൊരു ഡയലോഗിലൂടെയാണ് അയാൾ ഫോട്ടോഗ്രാഫിയെപ്പറ്റി ഗൗരവമായി ചിന്തിക്കുന്നത്. ജിംസി - മഹേഷ് സംഭവത്തിന് കുറച്ചു മുൻപ് തന്നെ അയാളിൽ ഒരു മികച്ച ഫോട്ടോഗ്രാഫറുടെ ഗർഭധാരണം നടന്നു എന്ന് കാണാം.

സൗമ്യയുടെ വിവാഹത്തിന്റെ അന്ന് അവളെ അവസാനമായി കണ്ട്  വീട്ടിലേക്കെത്തിയ മഹേഷ് തന്റെ മുറിയിലെ കണ്ണാടിയുടെ മുന്നിൽ നിന്ന് തന്നെത്തന്നെ നോക്കി പൊട്ടിക്കരയുകയാണ്. ഒടുക്കം ആ കരച്ചിൽ കഷ്ടപ്പെട്ട് നിർത്തി കണ്ണ് തുടക്കുമ്പോഴാണ് പുറത്തു മഴ ആർത്തലച്ചു പെയ്തു തുടങ്ങുന്നത്. വേർപിരിഞ്ഞ മഹേഷിന്റെ ആർത്തലച്ചു പെയ്യുന്ന കണ്ണീർമഴയിലൂടെയാണ് സൗമ്യ തന്റെ വരനൊപ്പം പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്.

മുഖം തുടച്ചു പുറത്തേയ്ക്ക് പോകാൻ ഒരുങ്ങുന്ന മഹേഷിനോട് ''എവിടേക്കാ?'' എന്നുള്ള ചാച്ചന്റെ ചോദ്യത്തിന് "കടയിലേക്ക്" എന്നാണ്  മഹേഷിന്റെ മറുപടി. "മഴയൊന്നു തോരട്ടെ എന്നിട്ടു പോകാം" എന്ന് ചാച്ചൻ വീണ്ടും. പുറത്തു തകർത്തു പെയ്യുന്ന മഴയല്ല, മറിച്ചു മഹേഷിന്റെ ഉള്ളിൽ നിലക്കാതെ പെയ്യുന്ന മഴയാണ് ചാച്ചൻ ഉദ്ദേശിച്ചത് എന്ന് വ്യക്തം. അത് അല്പമെങ്കിലും ശമിച്ചിട്ടു പുറത്തേക്കിറങ്ങാം എന്നാണു ചാച്ചൻ അവിടെ ഉദ്ദേശിക്കുന്നത്. മഴ കുറയാൻ കാത്തിരിക്കുന്ന മഹേഷ് പറഞ്ഞ ആദ്യത്തെ മറുപടിയോട് "കടയല്ല...സ്റ്റുഡിയോ..." എന്നാണ് ചാച്ചൻ പ്രതികരിക്കുന്നത്. അപ്പോഴാണ് മഹേഷിന്റെ കണ്ണിലൊരു തിളക്കമുണ്ടാകുന്നതും അയാൾ തന്നെത്തന്നെ തിരിച്ചറിയുന്നതും. അതയാൾക്ക് വലിയൊരു തിരിച്ചറിവായിരുന്നു. പുറത്തെ മഴയിലേക്ക് നോക്കിയിരുന്ന് മഹേഷ് കടയുടെയും സ്സ്റ്റുഡിയോയുടെയും വ്യത്യാസം മനസ്സിലാക്കുന്നു. പുതിയൊരു വെളിച്ചം തിളങ്ങുന്ന കണ്ണുകളുമായി ഇരിക്കുന്ന മഹേഷിലേക്ക് ക്യാമറ സൂം ചെയ്യുന്നതോടെ കരുതാം മഹേഷിൽ ഒരു ഫോട്ടോഗ്രാഫറുടെ ഗർഭധാരണം നടന്നുവെന്ന്.

പിന്നീടാണ് ജിംസി ഫോട്ടോ എടുക്കാൻ വരുന്നതും അവൾ വിമർശിക്കുന്നതും. അത് പക്ഷെ മഹേഷിനെ വല്ലാതെ ഉലച്ചു കളഞ്ഞു. ആ വിഷമം പങ്കിടുന്നത് ക്രിസ്പിനോടാണ്. "താൻ എ.കെ.പി.എ യിലൊക്കെ മെമ്പർഷിപ്പുള്ള ഫോട്ടോഗ്രാഫർ അല്ലെ" എന്നാണു മഹേഷിന്റെ ന്യായീകരണം. ഒരു ഫോട്ടോഗ്രാഫർ ആകാൻ അത് മതിയെന്നാണ് അയാളുടെ ധാരണ. അതിന്റെ അടുത്ത ദിവസവും അയാളുടെ ഷോക്ക് മാറുന്നില്ല. ആർട്ടിസ്റ്റ് ബേബിയുടെ കടയുടെ വാതിൽക്കൽ നിന്ന് ഒരുപാട് നേരം ഇതേ കാര്യം ആലോചിച്ചു നിന്ന് മഹേഷ് ബേബിയോടു ചോദിക്കുന്നുണ്ട്, "ഞാൻ അത്രയ്ക്കും മോശം ഫോട്ടോഗ്രാഫർ ആണോ?"  പക്ഷെ ആർട്ടിസ്റ് ബേബിയും ക്രിസ്പിനും ആ ചോദ്യം കേട്ടതായി ഭാവിക്കുന്നു പോലുമില്ല. അവരത് കേൾക്കുന്നില്ല. സ്റ്റുഡിയോ അടച്ചു പോകാൻ ചാച്ചനെ വിളിക്കുമ്പോഴാണ് മഹേഷ് അകത്തെ ഡാർക്ക് റൂമിൽ അരണ്ട ചുവന്ന വെളിച്ചം കാണുന്നത്. അവിടെയാണ് മഹേഷ് ഭാവനയുടെ ജനനം.!

ഒരു ജനനം നടക്കുന്നത് പോലെയാണ് പിന്നീടുള്ള സീൻ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഒരു ആശുപത്രി മുറിയോ, ഓപ്പറേഷൻ തിയറ്ററോ, ലേബർ റൂമോ എന്നൊക്കെ കരുതാനും വ്യാഖ്യാനിക്കാനും കഴിയുന്ന രീതിയിലുള്ള സ്റ്റുഡിയോയുടെ ഡാർക്ക് റൂം. അതിന്റെ ചുവന്ന വെട്ടത്തിൽ ചാച്ചൻ തന്റെ ഒരു മനോഹര സൃഷ്ടിയെ പുറത്തെടുക്കുകയാണ്/ ജീവൻ വയ്പ്പിക്കുകയാണ്. മേശയിലെ പാത്രത്തിൽ, ഡെവലപ്പർ വെള്ളത്തിലേക്ക് ആ ജീവനെ ചാച്ചൻ മുക്കിയെടുത്തു അതുവരെ പുറം വെളിച്ചം കാണാത്ത ആ സൃഷ്ടിക്കു പുതു ജീവൻ കൊടുക്കുന്നതാണ് വിടർന്ന കണ്ണുകളോടെ, അതുവരെ കാണാത്ത അത്ഭുതത്തോടെ മഹേഷ് കാണുന്നത്. ആ സൃഷ്ടിയെയും അതിനു ജീവൻ കൊടുത്ത ചാച്ചനെന്ന ഡോക്ടറെയും വീണ്ടും വീണ്ടും മാറി മാറി നോക്കുമ്പോൾ രണ്ടു ഇന്റർകട്ട് ഷോട്ടുകൾ വരുന്നുണ്ട്. വാഴത്തോട്ടത്തിൽ ചാച്ചനെ അന്വേഷിച്ചു വരുന്ന മഹേഷിന്റേയും ഇരുളിൽ വാഴക്കൂമ്പിന്റെ തേൻ നുകരാനെത്തിയ വവ്വാലിന്റെ ഫോട്ടോ എടുക്കുന്ന ചാച്ചന്റെയും ഷോട്ടുകൾ. അപ്പോഴാണ് മഹേഷ് ചാച്ചനെന്ന വലിയ ഫോട്ടോഗ്രാഫറെ, അദ്ദേഹത്തിന്റെ അർപ്പണത്തെ തിരിച്ചറിയുന്നത്. കാരണം ചാച്ചനെ കാണാതായപ്പോൾ മഹേഷ് അന്വേഷിക്കുന്നതും, വിളിക്കുന്നതും, ബേബി ചേട്ടനെയും മെമ്പർ താഹിറിനെയും കൂട്ടി പോലീസ് സ്റ്റേഷനിൽ പോയി തിരിച്ചു വരുന്നതും പോലെയുള്ള ബഹളമയമായ സംഭവങ്ങൾ തന്റെ വീട്ടിൽ നടന്നിട്ടും താൻ തീരുമാനിച്ചുറപ്പിച്ച ഫ്രെയിം കിട്ടാൻ നിശ്ശബ്ദനായി വാഴത്തോട്ടത്തിലെ ഇരുളിൽ കാത്തിരുന്ന ചാച്ചന്റെ അർപ്പണത്തെ മഹേഷ് അപ്പോൾ മനസ്സിലാക്കുകയാണ്. ഒടുവിൽ തന്റെ ജീവനെ വെള്ളത്തിൽ നിന്നെടുത്ത് ചാച്ചൻ മുന്നിലെ അയയിൽ തലകീഴായി കൊളുത്തിയിടുന്നു. എന്നിട്ട് നിറഞ്ഞ സംതൃപ്തിയോടെ പറയുന്നു "നൈസ് ".

ആ സൃഷ്ടിയിലേക്കും പിന്നെ അത് തന്നിലുണ്ടാക്കിയ തിരിച്ചറിവിലേക്കും അത്ഭുതപരതന്ത്രനായി തരിച്ചു നിൽക്കുകയാണ് മഹേഷ്. അവിടെ, ആ ഡാർക്ക് റൂമിൽ മഹേഷ് ഭാവന എന്ന ഫോട്ടോഗ്രാഫറുടെ ജനനം നടന്നു. ഇനി ആ കുഞ്ഞിന്റെ വളർച്ചയാണ് .

ഒരു കുഞ്ഞിന്റെ വളർച്ച എന്ന പോലെയാണ് പിന്നീടുള്ള സീനുകളും മൊണ്ടാഷുകളും. കമ്പൂട്ടറിൽ താനെടുത്ത ഫോട്ടോകൾ റിവ്യൂ ചെയ്യുകയാണ് മഹേഷ്, അത് കാണുമ്പോഴുള്ള തിരിച്ചറിവും നിരാശയും മഹേഷിന്റെ മുഖത്ത് കാണാം. (ചാച്ചൻ അത് കാണാതെ കാണുന്നുണ്ട്, മനസ്സിലാക്കുന്നുണ്ട്) അപ്പോഴാണ് പണ്ട് ചാച്ചനെടുത്ത ഫോട്ടോകൾ മിനുക്കിയെടുത്തു ഫ്രഷാക്കാം എന്ന് പറഞ്ഞതിന് "അതിലെങ്ങാനും തൊട്ടാൽ നിന്റെ കൈ ഞാൻ വെട്ടും " എന്ന് ചാച്ചൻ പറഞ്ഞതിന്റെ പൊരുൾ മഹേഷ് മനസ്സിലാക്കുന്നത്. 'ചിൻ അപ്പ്', 'ഷോൾഡർ ഡൗൺ', ഫോട്ടോഷോപ്പിലെ 'ലെവൽസ്' , 'സ്മഡ്ജ്', 'ഷാർപ്പൻ" തുടങ്ങിയ സാങ്കേതികത മാത്രമാണ് ഫോട്ടോഗ്രാഫി എന്നായിരുന്നു മഹേഷ് അതുവരെ മനസ്സിലാക്കിയിരുന്നത്. ഈ സംഭവത്തിനു ശേഷമാണ് താൻ ഒന്നുമല്ല, ഒരു നല്ല ഫോട്ടോഗ്രാഫർ എന്ന് പോയിട്ട് ഫോട്ടോഗ്രാഫർ പോലുമല്ല എന്ന ആ വലിയ സ്വയം തിരിച്ചറിയലിൽ മഹേഷ്‌ തല കുമ്പിട്ടു പോകുന്നതും പിന്നീട് ചാച്ചൻ പണ്ട് എടുത്ത തന്റെ കുട്ടിക്കാലത്തെ ചിത്രങ്ങൾ നോക്കുന്നതും. (സ്റ്റുഡിയോയിലെ ജനനം കഴിഞ്ഞിട്ട് ആ കുഞ്ഞിന്റെ വളർച്ച എന്ന രീതിയിൽ ഇനിയുള്ള ഷോട്ടുകൾ കാണണം) മഹേഷിന്റെ കുട്ടിക്കാലത്തെ ഫോട്ടോകൾ! ഒരു കുഞ്ഞിന്റെ ക്രമാനുഗതമായ വളർച്ചാ ഘട്ടങ്ങൾ, കുഞ്ഞ് കമഴ്ന്നു നീന്തുന്നത്, ചിരിക്കുന്നത്, ഇരിക്കുന്നത്, അമ്മയുടെ കൈകളിൽ ഇരിക്കുന്നത്, അമ്മ ഭക്ഷണം കൊടുക്കുന്നത്, അങ്ങനെ തന്റെ തന്നെ കുട്ടിക്കാലത്തെ ചിത്രങ്ങളിലൂടെ മഹേഷ്, ചാച്ചന്റെ ഫോട്ടോഗ്രാഫി കഴിവ് തിരിച്ചറിയുന്നു. എങ്ങനെ ഈ രീതിയിൽ മികച്ച മൊമന്റ് എടുക്കണമെന്ന ചാച്ചന്റെ വിശദീകരണവും മഹേഷിനു മുഴുവനായി മനസ്സിലാവുന്നില്ല. എങ്കിലും അത് സ്പൂൺ ഫീഡ് ചെയ്യാൻ ചാച്ചൻ ഒരുക്കമല്ല. "ഭക്ഷണം വേണമെങ്കിൽ വായിൽ വച്ച് തരാം ചവച്ചരച്ചു തരാൻ പറയരുത്" എന്നൊരു ഫിലോസഫിക്കൽ മറുപടിയാണ് ചാച്ചൻ പറയുന്നത്. അതിലേക്ക് മറ്റൊരു മുൻ നിമിഷവും മഹേഷിന്റെ മനസ്സിൽ വരുന്നുണ്ട്, "മഹേഷേ ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ പറ്റില്ലെടാ പക്ഷെ പഠിക്കാൻ പറ്റും ".

പിന്നീട് മഹേഷ് സ്വയം പഠിക്കാൻ തുനിഞ്ഞിറങ്ങുകയാണ്. തന്നിലൂടെ, തന്റെ മുന്നിലെ പ്രകൃതിയിലൂടെ. അന്നാണ് അയാൾ പ്രകൃതിയെ കാണാൻ ശ്രമിക്കുന്നത്. തന്റെ മുന്നിലൂടെ പോയ തന്റെ വളർത്തു പട്ടി വെളിച്ചത്തിനു എതിരെ നിറഞ്ഞു നിൽക്കുന്ന ഒരു പോസ് അയാൾ ക്യാമറക്കണ്ണിലൂടെ എന്ന വണ്ണം (തല ഒരല്പം ചരിച്ചു തനിക്ക് വേണ്ട ഫ്രെയിം കൃത്യമായി ഫോക്കസ് ചെയ്തു എന്ന മട്ടിൽ) കാണുന്നത്. അത് അയാളിലുണ്ടാക്കിയ അത്ഭുതം ഭയങ്കരമാണ്. പിന്നെയാണ് തന്റെ മുകളിൽ ഇലകൾക്കിടയിലൂടെയുള്ള സൂര്യവെളിച്ചം, വല കെട്ടിയ ചിലന്തി എന്നിങ്ങനെ പ്രകൃതി ഒരുക്കിയ നിരവധി മനോഹര ഫ്രെയിമുകൾ അയാൾ കണ്ടെത്തുന്നത്.

പിന്നീട് സ്വയം പഠിച്ച അയാൾ ആദ്യം എടുക്കുന്നതും ഒരു കുഞ്ഞിന്റെ ഫോട്ടോയാണെന്ന് കാണാം. ചാച്ചൻ പറഞ്ഞ പോലെ "നല്ലൊരു മൊമന്റ് സംഭവയ്ക്കുന്നതിന് തൊട്ടുമുൻപുള്ള നിമിഷം അത് നമ്മൾ തിരിച്ചറിയണം, ക്ലിക്ക് ചെയ്യാൻ തയ്യാറായിരിക്കണം, അത്രേള്ളൂ കാര്യം". ആ കുഞ്ഞിന്റെ ഫോട്ടോ എടുത്തപ്പോൾ മഹേഷ് അത് തിരിച്ചറിയുന്നു. തന്റെ ഫോട്ടോയെ നോക്കി അയാൾ തന്റെ ഫോട്ടോഗ്രാഫി ജീവിതത്തിൽ ആദ്യമായി പറയുന്നു "നൈസ് ". പിന്നെ അയാൾ ഒരു മികച്ച ഫോട്ടോഗ്രാഫർ ആകാനുള്ള അന്വേഷണത്തിലാണ്. നിരന്തരമായ അന്വേഷണങ്ങൾക്കും ക്ലിക്കുകൾക്കും ശേഷം ഒടുവിൽ ഏറെ ഉയരത്തിലുള്ള, കയ്യെത്താത്ത ദൂരത്തിലുള്ള ആ ഫോട്ടോഗ്രാഫി എന്നത് അയാളിലേക്ക് വന്നു ഭവിക്കുകയാണ്.

കൈപ്പിടിയിലൊതുക്കാൻ പ്രയാസമുള്ള ഒരു അപ്പൂപ്പൻ താടി പോലെ അതിങ്ങനെ പാറിപ്പറന്നു അയാളുടെ കൈവെള്ളയിൽ പറന്നിരിക്കുകയാണ്. അയാളിലെ 'മികച്ച ഫോട്ടോഗ്രാഫർ' ആവുക എന്ന ആത്മവിശ്വാസം മഹേഷ് കൈപ്പിടിയിലാക്കുകയാണ്. അതിനു തൊട്ടു മുൻപ് ഫോട്ടോഗ്രാഫി സ്വായത്തമാക്കിയ അയാളുടെ ആത്മവിശ്വാസം നിറഞ്ഞ മുഖം കാണാം.

മഹേഷ് ഒരു നല്ല ഫോട്ടോഗ്രാഫർ ആയി മാറുകയായിരുന്നു. മാറി എന്ന് തന്നെ പറയാം. സ്നേഹം കാരണം ആരും സത്യം പറയാത്തത് കൊണ്ട് മഹേഷിന് വിമർശനങ്ങൾ ഒന്നും കിട്ടിയിരുന്നില്ല. ആദ്യം കിട്ടിയ വിമർശനവും അഭിനന്ദനവും ജിംസിയിൽ നിന്നായിരുന്നു,  "ചേട്ടൻ സൂപ്പറാ". പിന്നെ മഞ്ചാടിയുടെ ഫോട്ടോ ക്രെഡിറ്റ് കണ്ട ചാച്ചൻ മഹേഷിനെ നോക്കി അഭിമാനത്തോടെ മന്ദഹസിക്കുന്ന അഭിനന്ദനവും. പിന്നീടുള്ളത് മഹേഷ് ഭാവനയുടെ ചരിത്രം. ഈയൊരു വലിയ സീക്വൻസിലൂടെയാണ് സാധാരണക്കാരനായ മഹേഷ് മികച്ച ഒരു ഫോട്ടോഗ്രാഫറായ മഹേഷ് ഭാവന ആകുന്നത്.

------------------------------------------

മഹേഷിന്റെ പ്രതികാരം വീണ്ടും വീണ്ടും കണ്ടപ്പോൾ മുൻപ് തോന്നിയ ചില കാഴ്ചപ്പാടുകൾക്ക് കൂടുതൽ വ്യക്തത / ചില ചിന്തകൾ വന്നതാണ് പോസ്റ്റിനു ആധാരം.

------------------------------------------

NB:  'മഹേഷിന്റെ പ്രതികാര'ത്തിൽ മഹേഷ് (ഫഹദ് ) ആണ് നായകനെങ്കിലും ചാച്ചനാണ് യഥാർത്ഥ ഹീറോ!

ചാച്ചനായി അഭിനയിച്ച കെ എൽ ആന്റണി എന്ന നാടക നടന്റെ രണ്ടാം ചരമ വാർഷിക ദിനത്തിൽ എഴുതിയ കുറിപ്പ്..