മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകന്റെ ആരാധികയാണ് ജാൻവി

News

ബോളിവുഡ് നടി ജാൻവി കപൂറിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഗുഡ് ലക്ക് ജെറി’ ജൂലൈ 29 ന് റിലീസിന് ഒരുങ്ങുകയാണ്. സിദ്ധാർഥ് സെൻഗുപ്ത സംവിധാനം ചെയ്ത ‘ഗുഡ് ലക്ക് ജെറി’, നയൻതാര നായികയായ തമിഴ് ചിത്രം ‘കോലമാവ് കോകില’യുടെ റീമേക്കാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അടുത്തിടെ ഒരു എന്റർടൈൻമെന്റ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ, ദക്ഷിണേന്ത്യൻ സംവിധായകരോടുള്ള തന്റെ ആരാധനയെക്കുറിച്ചും, അവരിൽ ചിലരോടപ്പം വർക്ക് ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ചും നടി തുറന്നു പറയുകയുണ്ടായി.

സംവിധായകൻ അൽഫോൺസ് പുത്രനെ ഏറെ പ്രശംസിച്ച ജാൻവി കപൂർ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് പ്രേമം എന്നും നടി കൂട്ടിച്ചേർത്തു. അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ 2015'ൽ പുറത്തിറങ്ങിയ 'പ്രേമം' മലയാളത്തിൽ മാത്രമല്ല തമിഴിലും എക്കാലത്തെയും സൂപ്പർഹിറ്റുകളിലൊന്നായി മാറുകയായിരുന്നു. നിവിൻ പോളി, സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

അഭിമുഖത്തിനിടെ, തമിഴ് സംവിധായകൻ വെട്രിമാരനൊപ്പം പ്രവർത്തിക്കാനുള്ള ആഗ്രഹവും ജാൻവി കപൂർ പങ്കുവച്ചു.