മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം വീണ്ടും മലയാളമണ്ണിലേക്ക് വരുമ്പോൾ

Info

68 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരം (2020 ലെ സിനിമകൾക്ക്) പ്രഖ്യാപിക്കപ്പെട്ടപ്പോൾ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത് അയ്യപ്പനും കോശിയും എന്ന ചിത്രം സംവിധാനം ചെയ്ത സച്ചി ആണ്. അഭിമാനാർഹമായ ഈ നേട്ടം ആഘോഷിക്കാൻ അദ്ദേഹം നമ്മുടെ കൂടെയില്ല എന്ന യാഥാർത്ഥ്യം വലിയ വേദനയോടെയാണ് ചലച്ചിത്രപ്രേമികൾ ഈ പ്രഖ്യാപനവേളയിൽ ഓർക്കുന്നത്.

ചലച്ചിത്ര അവാർഡിലെ വ്യക്തിഗത അവാർഡുകളിൽ ഏറ്റവും ഉയർന്നതാണ് മികച്ച സംവിധായകനുള്ള പുരസ്കാരം. അതിലെ മലയാളത്തിൻ്റെ നേട്ടങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം.

14 ആം തവണയാണ് ഈ പുരസ്കാരം മലയാള ഭാഷാചിത്രങ്ങൾക്ക് ലഭിയ്ക്കുന്നത്. 16 തവണ ലഭിച്ച ബംഗാളി ഭാഷ മാത്രമാണ് നമ്മുടെ മുന്നിലുള്ളത്. അഭിമാനിക്കാവുന്ന നേട്ടം. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഡസ്ട്രികളായ ഹിന്ദിയും (11 തവണ), തമിഴും (4 തവണ) ഇക്കാര്യത്തിൽ നമുക്ക് പിന്നിലാണ്.

ഈ വിഭാഗത്തിൽ അടൂർ ഗോപാലകൃഷ്ണൻ്റെ 5 തവണത്തെ നേട്ടം 6 തവണ നേടിയ ബംഗാളി സംവിധായകൻ സത്യജിത് റേയുടെ നേട്ടത്തിൻ്റെ തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ്. 3 തവണ നേടിയ ജി അരവിന്ദൻ ഇക്കാര്യത്തിൽ നാലാം സ്ഥാനത്തും ഉണ്ട്.

adoor.jpg

അടൂർ ഗോപാലകൃഷ്ണൻ

 

1. 1972 - അടൂർ ഗോപാലകൃഷ്ണൻ.

സ്വയംവരം എന്ന ചിത്രത്തിലൂടെ അടൂർ ഗോപാലകൃഷ്ണൻ ആണ് ഈ പുരസ്കാരം ആദ്യം കേരളക്കരയിൽ എത്തിച്ചത്. മലയാള സിനിമയെ ലോകോത്തര വേദികളിൽ എത്തിച്ച അദ്ദേഹത്തിൻ്റെ ആദ്യ സംവിധാന സംരംഭമാണ് സ്വയംവരം എന്ന പ്രത്യേകതയും ഉണ്ട്.

2,3) 1977, 1978 : ജി അരവിന്ദൻ
1977 ൽ കാഞ്ചനസീത സംവിധാനം ചെയ്ത ജി അരവിന്ദനിലൂടെ പുരസ്കാരം വീണ്ടും മലയാളത്തിന്. 1978ൽ തമ്പ് എന്ന ചിത്രത്തിലൂടെ ജി അരവിന്ദൻ തൊട്ടടുത്ത വര്ഷം തന്നെ പുരസ്കാരനേട്ടം ആവർത്തിച്ചു. മലയാളത്തിൻ്റെ സമ്പന്നമായ സമാന്തരസിനിമയുടെ പതാകവാഹകരിൽ ഒരാളായിരുന്ന അരവിന്ദൻ്റെ രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങളായിരുന്നു ഇവ.

g aravinda.jpg

ജി അരവിന്ദൻ

 

4) 1984 - അടൂർ ഗോപാലകൃഷ്ണൻ
മുഖാമുഖം ആയിരുന്നു അടൂരിന് അദ്ദേഹത്തിൻ്റെ രണ്ടാമത്തെ പുരസ്കാരം നേടിക്കൊടുത്തത്.

1986 മുതൽ 1989 വരെ ഈ വിഭാഗത്തിലെ ഒരു റെക്കോർഡ് ആണ് മലയാള സിനിമ സ്ഥാപിച്ചത്. തുടർച്ചയായി നാല് തവണ അവാർഡ് നമ്മുടെ ഭാഷയ്ക്ക് കിട്ടി. മറ്റൊരു ഭാഷയ്ക്കും അടുപ്പിച്ചു രണ്ട് വർഷത്തിൽ കൂടുതൽ പുരസ്കാരനേട്ടം ആവർത്തിക്കാൻ കഴിഞ്ഞില്ല.

5, 6) 1986ൽ ഒരിടത്ത് എന്ന ചിത്രത്തിലൂടെ അരവിന്ദനും 1987ൽ അനന്തരം എന്ന ചിത്രത്തിലൂടെ അടൂരും തങ്ങളുടെ 3 ആമത്തെ പുരസ്കാരം കരസ്ഥമാക്കി.

7) 1988ൽ പിറവി എന്ന തൻ്റെ ആദ്യ ചിത്രത്തിലൂടെ ഷാജി എൻ കരുൺ പുരസ്കാരവേദിയിലേക്ക് നടന്നുകയറി.

shaji-n-karun.jpg

ഷാജി എൻ കരുൺ

 

8) 1989ൽ മതിലുകളിലൂടെ അടൂർ ഗോപാലകൃഷ്ണൻ തൻ്റെ പുരസ്കാരനേട്ടം 4 ആയി ഉയർത്തിയ വാർത്തയാണ് നാം കേട്ടത്.

9) 1993ൽ പൊന്തൻമാട സംവിധാനം ചെയ്ത ടിവി ചന്ദ്രൻ മലയാളത്തിൻ്റെ അഭിമാനം വീണ്ടും ഉയർത്തിപ്പിടിച്ചു.

tv.jpg

ടിവി ചന്ദ്രൻ

 

1997, 98 വർഷങ്ങളിലും തുടർച്ചയായി ഈ അവാർഡ് മലയാളത്തെ വീണ്ടും തേടിയെത്തി.

10) 1997 - ജയരാജ്. കളിയാട്ടം എന്ന ചിത്രമാണ് ജയരാജനെ അവാർഡിന് അർഹനാക്കിയത്.

jayaraj.jpg

ജയരാജ്

 

11). 1998 - രാജീവ്നാഥ്. ജനനി എന്ന ചിത്രത്തിലൂടെയാണ് രാജീവ്നാഥ് പുരസ്കാരം നേടിയത്.

rajeevnath.jpg

രാജീവ്നാഥ്

 

12). 11 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ 2007ൽ തൻ്റെ 5 ആം പുരസ്കാരത്തിലൂടെയാണ് അടൂര്‍ മലയാളത്തിലേക്ക് വീണ്ടും അവാർഡ് എത്തിച്ചത്. ചിത്രം: നാല് പെണ്ണുങ്ങൾ.

13). 10 വർഷങ്ങൾക്ക് ശേഷം 2017ൽ ജയരാജ് വീണ്ടും അവാർഡ് നേടിയത് മലയാളത്തിന് മുതൽക്കൂട്ടായി. ചിത്രം: ഭയാനകം

14). 2020ലെ പുരസ്ക്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ സച്ചിയ്ക്ക്.

sachi.jpg

സച്ചി

 

മൂലധനം കൊണ്ട് ചെറുതെങ്കിലും ഉള്ളടക്കം കൊണ്ട് മികച്ചു നിൽക്കുന്ന മലയാള സിനിമയുടെ ദേശീയ അവാർഡിലെ ഈ മേഖലയിലെ പ്രകടനം നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.

സച്ചിയ്ക്ക് പ്രണാമങ്ങൾ!

Comment